ബുൾഡോസർ നീതിക്ക് കടിഞ്ഞാൺ?

കുറ്റാരോപിതരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന, സംസ്ഥാന ഗവൺമെന്റുളുടെ പ്രതികാര നടപടികൾക്ക്, ബുൾഡോസർ നീതിക്ക്, ഒരു ഇടക്കാല ഉത്തരവിലൂടെ കടിഞ്ഞാണിട്ടിരിക്കുകയാണ് സുപ്രീം കോടതി. ഭൂരിപക്ഷ വർഗീയതയുടെ മർദ്ദകദർശനം പേറുന്ന ഭരണകർത്താക്കളുടെ പിന്തുണയോടെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപകമായ പൗരാവകാശ ലംഘനങ്ങൾ നടക്കുന്നത് സംബന്ധിച്ച ആശങ്കകൾ അന്തർദേശീയ തലത്തിൽ ചർച്ചയാകുന്ന ഒരു ഘട്ടത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇടക്കാല ഉത്തരവെങ്കിലും, കോടതി ഇടപെടൽ, ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ, രാഷ്ട്രീയ-നൈയാമിക ഫലങ്ങൾ ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. 

പശ്ചാത്തലം 

2022 മുതൽ, കുറ്റാരോപിതരായ വ്യക്തികളുടെ വീടും വസ്തുവകകളും, വ്യവസ്ഥാപിതമായ നിയമപ്രക്രിയകൾ ഒന്നും കൂടാതെ,  ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത്, ഭരണകൂടത്തിന്റെ അധികാരസൂചികയായി മാറിയിരുന്നു. ഡൽഹിയിലെ ജഹാംഗീർ പൂരിൽ, വർഗീയ സംഘർഷത്തെ തുടർന്ന്, ഒരു പ്രദേശത്തെ മുഴുവൻ വീടുകളും പൊളിച്ചു നീക്കുന്ന സമീപനമാണ് ദേശീയ ശ്രദ്ധയാകർഷിച്ച ആദ്യ സംഭവം. സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ വൃന്ദ കാരാട്ട് സംഭവസ്ഥലത്ത് നേരിട്ടെത്തി ജെസിബി-ക്ക് മുന്നിൽ നിന്ന് ഇടിച്ചുനിരത്തൽ തടയുന്ന ദൃശ്യങ്ങൾ  വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ കോടതിയിൽ നടക്കുന്ന കേസിലും അവർ കക്ഷിയാണ്. ശോഭായാത്രയെ തുടർന്ന് മുസ്ലിം വിഭാഗത്തെ ലക്ഷ്യം വച്ചാണ് കുടിയൊഴിപ്പിക്കലുകൾ മുഴുവൻ ഉണ്ടായതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നു. 

തുടർന്ന് ഇങ്ങോട്ട് ബുൾഡോസർ നീതി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ വ്യാപിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഭൂരിപക്ഷ വർഗീയതയ്ക്ക് അധികാരമുള്ള സംസ്ഥാനങ്ങളിൽ, അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നു എന്ന വ്യാജേന, ഏകാധിപത്യത്തിന്റെ പ്രതീകമെന്ന പോലെ, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് ബുൾഡോസറുകൾ ഉരുളുന്നു എന്ന ആശങ്ക സുപ്രീം കോടതിയിലും പങ്കുവെച്ചിട്ടുണ്ട്. ആരെയും കൂസാതെ, നൊടിയിടയിൽ നീതി നടപ്പിലാക്കുന്നതിന്റെ രാഷ്ട്രീയരൂപകമായി, ബുൾഡോസറിനെ, തീവ്രദേശീയതയ്ക്ക് കുടപിടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തു.  ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു മുഖ്യമന്ത്രിയെ ബുൾഡോസർ ബാബ എന്ന് വിളിച്ച് അനുയായികൾ ആഘോഷിച്ചു.  തെരഞ്ഞെടുപ്പിൽ പോലും അതൊരു പ്രചരണ വിഷയമാക്കാൻ ഭൂരിപക്ഷ വർഗീയവാദികൾക്ക് കഴിഞ്ഞു. അധികാരം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന് അവർ പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. അപ്പോഴും നമ്മുടെ കോടതികൾ അനധികൃത കുടിയൊഴിപ്പിക്കലുകൾക്കെതിരെ നൽകിയ ഹർജികളിൽ നടപടിയെടുക്കാതെ എക്സിക്യൂട്ടീവിനു വഴിയൊരുക്കി കൊടുക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്ഥർ തന്നെ വിധികർത്താക്കളും വിധി നടപ്പിലാക്കുന്നവരും ആകുന്ന സ്ഥിതി വിശേഷം തുടർന്നു. ഈ സാഹചര്യത്തിലാണ്, ജസ്റ്റിസ് ഗവായിയുടെയും ജസ്റ്റിസ് വിശ്വനാഥന്റെയും സുപ്രീംകോടതി ബഞ്ച് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്.

സുപ്രീം കോടതിയിൽ നടന്നത് 

ഈ കേസിന്റെ കഴിഞ്ഞ ഹിയറിങ്ങിൽ, ബുൾഡോസർ നീതി സംബന്ധിച്ച്  ഗൈഡ്ലൈനുകൾ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. അതിനു വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. വളരെ വിചിത്രമായ ഒരു നടപടിയായിരുന്നു അത്. സമീപകാലത്ത് നമ്മുടെ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ പൊതുസ്വഭാവുമായി ചേർത്തുവയ്ക്കാവുന്ന ഒന്ന്. കാരണം, നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത്, യാതൊരു നിയമ പിൻബലവും ഇല്ലാതെ ഒരു വിഭാഗം മനുഷ്യരുടെ വീടുകൾ ഇടിച്ചു നിരത്തുന്ന സംഭവമുണ്ടായാൽ, അതിന് പിന്നിലുള്ള അധികൃതർക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണ് ആദ്യം ഉണ്ടാവേണ്ടത്. എന്നാൽ അത്തരം കാര്യങ്ങളിലേക്ക് കടക്കാതെ ഗൈഡ് ലൈനുകൾ രൂപീകരിക്കുകയാണ് കോടതി ചെയ്തത്. 

മാർഗനിർദേശങ്ങൾ സംബന്ധിച്ച ഉത്തരത്തിനു ശേഷവും രാജ്യത്ത് ബുൾഡോസർ നീതി നിർബാധം തുടർന്നു എന്നു മാത്രമല്ല, പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ അതിനെ ന്യായീകരിക്കുന്ന സാഹചര്യവും ഉണ്ടായി. മക്കൾ കുറ്റം ചെയ്തതിന് മാതാപിതാക്കളുടെ പേരിലുള്ള വസ്തു നശിപ്പിക്കുക. വീട് ഇടിച്ചു നിരത്തുക, ഒരു പ്രദേശത്താകെ ജെസിബികൾ കൊണ്ടുവന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, തുടങ്ങിയ നടപടികൾ ന്യായീകരിക്കുന്ന തരത്തിലേക്ക് നമ്മുടെ ജനാധിപത്യ സംവാദ സാഹചര്യവും മാറിയിരിക്കുന്നു. ഇതേ തുടർന്നാണ് പുതിയ ഉത്തരവുണ്ടായത്.

പുതിയ ഇടക്കാല ഉത്തരവ് 

കോടതിയുടെ അനുമതിയില്ലാതെ ഇടിച്ചുനിരത്തൽ പരിപാടികളൊന്നും ഇനി പാടില്ല എന്ന് സുപ്രീംകോടതി വ്യക്തമായി പ്രസ്താവിച്ചു. എന്നാൽ പൊതുനിരത്തുകൾ, ഫുട്പാത്തുകൾ, റെയിൽവേ ലൈനുകൾ, പൊതു കുളങ്ങൾ പോലെയുള്ള ഇടങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് തടസ്സമില്ല താനും. അനധികൃത കയ്യേറ്റങ്ങളെ കുറിച്ചുള്ള ആശങ്കകൾ സുപ്രീംകോടതിയും പങ്കുവെക്കുന്നുണ്ടെങ്കിലും, കുറ്റാരോപിതരുടെയും ബന്ധുക്കളുടെയും വീടുകൾ ഇടിച്ചു തകർക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് കോടതി പറഞ്ഞു.

ഇത്തരം ഒരു ഉത്തരവ്, എക്സിക്യൂട്ടീവിന്റെ  കൈ കെട്ടിയിടുന്ന സാഹചര്യത്തിലേക്കാണ് നയിക്കുക എന്ന ആക്ഷേപമാണ് ഗവൺമെന്റിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചത്. മുനിസിപ്പൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്  കെട്ടിടങ്ങൾ നീക്കം ചെയ്തിട്ടുള്ളത്. നിയമലംഘനത്തിന് നേരത്തെ നോട്ടീസ് ലഭിച്ചിട്ടുള്ള കെട്ടിടങ്ങളാണ് അവ. എന്നിങ്ങനെയായിരുന്നു സർക്കാരിൻറെ ന്യായീകരണം. എന്തായാലും അതു മുഖവിലയ്ക്കെടുക്കാൻ സുപ്രീംകോടതി തയ്യാറായില്ല. 15 ദിവസം ഇത് സ്റ്റേ ചെയ്തതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല എന്ന് ജസ്റ്റിസ് ഗവായി പ്രതികരിച്ചു. നിയമാനുസൃതമല്ലാതെ ഒരു വീടെങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്. ഒരാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും മതിയായ നിയമ നടപടിക്രമങ്ങൾ പാലിക്കാതെ വീടുകൾ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വ്യക്തമാക്കി. 

ഈ കേസിൽ രാജ്യത്തിനാകെ പൊതുവായൊരു നിർദ്ദേശം നൽകാൻ കഴിയില്ലെന്ന സാങ്കേതിക പ്രശ്നം ഗവൺമെൻറ് ഉന്നയിച്ചപ്പോൾ, ഉത്തരവ് ഭരണഘടനയുടെ അനുഛേദം 142 പ്രകാരം ആവട്ടെ എന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒരു കേസിൽ സമ്പൂർണ്ണ നീതി നടപ്പിലാക്കുന്നതിനായി ഉത്തരവുകൾ ഇടുന്നതിന് സുപ്രീംകോടതിക്ക് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേദമാണ് 142. ഭരണഘടനാ ധാർമികതയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടാൽ കോടതിക്ക് ഇടപെടാനുള്ള പഴുതു കൂടിയാണിത്. അപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ രാജ്യമാകെ ബാധകമാകുന്ന നിയമമാണ്. 

ഇനിയെന്ത്? 

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്, രാജ്യത്താകെ നടപ്പിലാക്കുന്ന തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുവാനാണ് സുപ്രീം കോടതി തീരുമാനിച്ചിട്ടുള്ളത്. അതിനുവേണ്ടി വിവിധ കക്ഷികളോട് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാര ദുർവിനിയോഗത്തിനും , പൗരാവകാശ ലംഘനത്തിനും, ഇട നൽകാത്ത വിധം ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന ഉറപ്പാണ് കോടതി നൽകിയിരിക്കുന്നത്. 

പാർപ്പിടം, മനുഷ്യൻറെ മൗലികാവകാശമാണ്. ജീവിക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഭരണഘടനയുടെ അനുഛേദം 21-ന്റെ  ഭാഗമാണ്. ജീവിക്കാനുള്ള അവകാശം എന്നത് മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് പരമോന്നത നീതിപീഠം  പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പാർപ്പിടത്തിനുള്ള അവകാശം അനുഛേദം 19 യും ഭാഗമാണ്.  1985-ലെ ഓൾഗ ടെലിസ് കേസിൽ, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇത് വ്യക്തമാക്കിയിട്ടുണ്ട്. പാർപ്പിടത്തിനും, ജീവനോപാധിക്കും ഉള്ള അവകാശം മൗലിക അവകാശമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലുകൾക്ക് മുൻപ് മുൻകൂർ നോട്ടീസും, പുനരാധിവാസ പദ്ധതിയും വേണമെന്ന് പറഞ്ഞിട്ടുണ്ട്. 2019-ലെ സുധാമ സിംഗ് കേസിൽ ഡൽഹി ഹൈക്കോടതി പുനരാധിവാസത്തെയും  അതിനുവേണ്ട നടപടിക്രമങ്ങളെയും കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 

ഈ വിധികളുടെയൊക്കെ ലംഘനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന്. എന്നാൽ അതിനെതിരായ നടപടി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് നിരാശജനകവുമാണ്. അധികാര ദുർവിനിയോഗം നടത്തിയ ആളുകൾക്കെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശമായിരുന്നു ആദ്യം  ഉണ്ടാവേണ്ടത്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിട്ടില്ലാത്ത യാതൊരു ശിക്ഷയും നടപ്പിലാക്കാനുള്ള അധികാരം ഭരണകൂടങ്ങൾ ക്കില്ല. മറ്റുള്ളവരുടെ മണ്ണിൽ ബുൾഡോസർ ഉരുളുമ്പോൾ ചിരിച്ചുകൊണ്ടിരുന്നവരിൽ പലരും, സ്വയം ഇതിനെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ആവലാതിപ്പെടുന്ന കാഴ്ചയും നമ്മൾ കണ്ടു. ഈ പ്രാകൃത ശിക്ഷാവിധി നിർത്തലാക്കേണ്ടത്, ഇത് നടപ്പിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത്, കാലഘട്ടത്തിൻറെ അനിവാര്യതയാണ്. 

എന്തായാലും,  സുപ്രീംകോടതി ഇടപെടൽ, രാജ്യത്ത് പുലരുന്ന ഏകാധിപത്യ പ്രവണതകൾക്ക്  തിരിച്ചടിയാണ്. ഈ പ്രതികാര നീതിയുടെ വർഗീയ സ്വഭാവത്തിലേക്ക് കോടതി കടന്നില്ലെങ്കിലും, ബുൾഡോസർ നീതി ആരംഭിച്ചതിന്റെ സാഹചര്യം മനസ്സിലാക്കാതിരുന്നിട്ടില്ല. “ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു” എന്ന സോളിസിറ്റർ ജനറലിന്റെ പരാമർശം, ഈ നടപടികളുടെ രാഷ്ട്രീയ ഉള്ളടക്കം വെളിപ്പെടുത്തുന്നതാണ്.  രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം, ഭരണകൂട പിന്തുണയോടെയുള്ള മർദ്ദക നീതിയിൽ നിന്ന് ഒരിടക്കാല ആശ്വാസമാണിത്. വ്യക്തിപരമായ കുറ്റത്തിന് കുടുംബത്തെയോ, സമൂഹത്തെ തന്നെയോ, ഒറ്റയടിക്ക് ശിക്ഷിക്കുന്ന പ്രാകൃത രീതി ഇല്ലാതാവണമെങ്കിൽ, ജുഡീഷ്യറിയുടെ നിതാന്ത ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. ഏതുതരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വന്നാലും, അതിനെയൊക്കെ മറികടക്കാൻ പഴുതുകൾ തേടുന്ന, ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മാനിക്കാത്ത അധികാര കേന്ദ്രങ്ങളുള്ള രാജ്യമാണിതെന്ന കാര്യം മറന്നു കൂടാ. 

ഒക്ടോബർ ഒന്നിനാണ്, കേസ് വീണ്ടും പരിഗണിക്കുന്നത്. നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് കോടതി ഏതറ്റം വരെ പോകുമെന്ന് അന്നറിയാം. നിയമവിരുദ്ധമായ ഇടിച്ചുനിരത്തലുകൾക്ക് ഉത്തരവാദികളായവരെക്കൊണ്ട് സമാധാനം പറയിപ്പിക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമീപനവുമായി കോടതി മുന്നോട്ടു പോവുകയാണെങ്കിൽ, ഭൂരിപക്ഷ പിന്തുണയുള്ള ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയും ഭരണഘടനാധിഷ്ഠിത ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തിലെ നിർണായക വഴിത്തിരിവായിരിക്കുമത്.

First published in Suprabhatham Daily on 23/09/2024

ReplyForwardAdd reaction

LEAVE A REPLY

Please enter your comment!
Please enter your name here