പ്രൊ. ജി എൻ സായിബാബയുടെ മരണത്തോടെ, ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി ഉയർന്നുകൊണ്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്ന് നിലച്ചു പോയിരിക്കുന്നു. വിയോജിപ്പുകളെ ചവിട്ടിയരയ്ക്കുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിൽ, അദ്ദേഹത്തിന്റെ ജീവിതം മർദ്ദക ഭരണകൂടത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ നേർസാക്ഷ്യമാണ്. അദ്ദേഹത്തിൻറെ മരണം, ചിന്താതീതമായ ഭരണകൂട ഭീകരതയെ ഹൃദയഭേദകമായ ഭാഷയിൽ അടയാളപ്പെടുത്തുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ എന്ന മർദ്ദക നിയമത്തിന് കീഴിൽ, ഭരണകൂടം അദ്ദേഹത്തെ തടവിലാക്കി. ഏകദേശം ഒരു പതിറ്റാണ്ടാണ്, തൊണ്ണൂറ് ശതമാനം ശാരീരിക അവശതകളുള്ള ആ മനുഷ്യൻ, നാഗ്പൂർ സെൻട്രൽ ജയിലിലെ, കുപ്രസിദ്ധമായ ആൻഡ സെല്ലിൽ, ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമായിയാണ് കഴിഞ്ഞത്. അവിടെ അദ്ദേഹം കൂടുതൽ സമയവും കൊടും ക്രിമിനലുകൾക്ക് നിർദ്ദേശിച്ചിട്ടുള്ള ഏകാന്ത തടവിലായിരുന്നു. ആന്ധ്രപ്രദേശിലെ ഒരു പാവപ്പെട്ട കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം, അഞ്ചാം വയസിൽ പോളിയോ പിടിപെട്ട് തളർന്നു പോയതാണ്. ബാല്യത്തിൽ, അമ്മ, എന്നും എടുത്ത് സ്കൂളിൽ കൊണ്ടുപോയി ആക്കുകയായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം ഓർമിക്കുന്നുണ്ട്. അമ്മ മരണപ്പെട്ടപ്പോൾ, ഒന്നു കാണാനുള്ള അവസരം പോലും അധികൃതർ അദ്ദേഹത്തിന് നൽകിയില്ല. സ്ഫോടന കേസിലെയും, വർഗീയ കലാപ കേസിലെയും, ബലാത്സംഗ കേസിലെയും പ്രതികൾക്ക് പരോൾ ലഭിക്കുകയും, അവരെ മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടിൽ, സായിബാബയ്ക്ക് തന്റെ അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പരോൾ അനുവദിച്ചില്ല. ജയിലിലാകട്ടെ മാനസികവും ശാരീരികവും രാഷ്ട്രീയവുമായ വലിയ പീഡയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. കൃത്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കാതെ വരിക കൂടി ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യം ഗുരുതരമായ തരത്തിൽ ക്ഷയിച്ചു.
സാമൂഹ്യപ്രവർത്തനത്തോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു സായിബാബയുടെ അക്കാദമിക ലോകവും. ഇന്ത്യൻ നിയമസംവിധാനത്തിന്റെ കൊളോണിയൽ സ്വഭാവത്തെ വിമർശിക്കുകയും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു. “തടവുപുള്ളികളോട് എങ്ങനെ പെരുമാറുന്നു എന്നത് നമ്മുടെ സമൂഹത്തിൻ്റെ പ്രതിഫലനമാണ്” എന്ന ഡോസ്തയോവസ്ക്കിയുടെ വാചകം അദ്ദേഹം ഒരു അഭിമുഖത്തിൽ ആവർത്തിക്കുന്നുണ്ട്. ഏറ്റവും ദുർബലരായ മനുഷ്യരെ അനീതിയുടെ പരകോടിയിൽ ഉപേക്ഷിക്കുന്ന കാരുണ്യരഹിതമായ നമ്മുടെ വ്യവസ്ഥിതിയെ തുറന്നു കാണിക്കുകയായിരുന്നു അദ്ദേഹം. എല്ലാറ്റിനും ഇടയിലും, “മരിക്കാത്ത പ്രതീക്ഷകളും, പ്രത്യാശയുമാണ് മനുഷ്യാവകാശ പ്രവർത്തകരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ വസന്ത കുമാരി പ്രസ്താവിച്ചതുപോലെ “അദ്ദേഹം ശിക്ഷിക്കപ്പെട്ടത്, അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ പേരിലല്ല, അദ്ദേഹത്തിന്റെ ആശയങ്ങളുടെ പേരിലാണ്.”
തടവുകാലത്ത് സായിബാബ എഴുതിയ കവിതകൾ നിലക്കാത്ത ജീവിത സമരത്തെയും, തളരാത്ത മനസ്സിനെയും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ സാർവ്വലൗകികതയെയും അടയാളപ്പെടുത്തുന്നു. “ഈ തടവുമുറിയിലെ രാത്രികൾ നിശബ്ദമെങ്കിലും നിശൂന്യമല്ല- അവ അടക്കിപ്പിടിച്ച നിലവിളികളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്.” ജയിലിലേറ്റ കൊടിയ പീഡനത്തെ അദ്ദേഹം കവിതയിൽ ഓർത്തെടുക്കുന്നുണ്ട്. “എല്ലുകളിൽ ഇരുമ്പഴികളുടെ ഭാരം ഞാൻ ചുമക്കുന്നു” എന്ന് തുടങ്ങിയ വരി അവസാനിക്കുന്നത് “എങ്കിലും എൻ്റെ സ്വപ്നങ്ങൾ തടസമേതുമില്ലാതെ പറന്നുയരുന്നു” എന്നയിടത്താണ്. “എത്ര ഇരുളിലും പ്രത്യാശയുടെ തിരി തെളിയും, വിലങ്ങുകൾക്കുള്ളിലും ആത്മാവ് നൃത്തം ചെയ്യും” എന്ന് വായിക്കുമ്പോൾ തടവറയ്ക്ക് തകർക്കാൻ കഴിയാത്ത ഉൾക്കരുത്ത് നമ്മൾ തിരിച്ചറിയുകയാണ്. ഭരണകൂടം അദ്ദേഹത്തെ ഒരു ‘ഭീകരവാദി’യാക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം പണ്ഡിതനും, കവിയും, അവകാശ പോരാളിയും, അനുകമ്പയുടെ മനുഷ്യരൂപവുമായിരുന്നു.
അവസാന ദിനങ്ങളിൽ, തനിക്കെതിരെ ഗവൺമെൻറ് കൊണ്ടുവന്ന കള്ളക്കേസുകൾ ഓരോന്നോരോന്നായി പൊളിയുന്ന കാഴ്ച അദ്ദേഹം കണ്ടു. എന്നാൽ നമ്മുടെ നീതിന്യായ സംവിധാനം അദ്ദേഹത്തോട് നീതിപുലർത്തിയെന്ന് പറയാനാവില്ല. 2014-ലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ കുറ്റങ്ങളാണ് ഡോ. ജി എൻ സായിബാബയ്ക്ക് മേൽ ചാർത്തിയിരുന്നത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചന, നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലും അതിൻ്റെ മുന്നണിയായ റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ടിലും അംഗത്വം, ഭീകര പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവ നടപ്പിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.. തുടങ്ങി നിരവധി ആരോപണങ്ങൾ.
വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്; 2014-ൽ. ഏതെങ്കിലും ഭീകര പ്രവർത്തനവുമായി അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. രാജ്യത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും മറ്റും വിശദീകരിച്ചുകൊണ്ട് അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ, ഗവൺമെന്റിനെ നിശിതമായി വിമർശിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്ത ഒരു മീറ്റിങ്ങിലെ സാന്നിധ്യം, ഗവൺമെൻ്റിനും മാവോയിസ്റ്റുകൾക്കുമിടയിൽ ചർച്ചയ്ക്ക് താൻ മധ്യസ്ഥനായി നിൽക്കാം എന്ന് അറിയിച്ച അദ്ദേഹത്തിൻ്റെ നടപടി, നിരവധിയായ വീഡിയോ ദൃശ്യങ്ങളും കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും, സ്വീകരിച്ചിട്ടുള്ള വിവിധ തൂലികാനാമങ്ങൾ എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരായ തെളിവുകളായി കോടതിയിൽ എത്തിയത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപന ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
2017-ൽ സെഷൻസ് കോടതി അദ്ദേഹത്തെയും മറ്റ് അഞ്ചുപേരെയും മാവോയിസ്റ്റ് ബന്ധങ്ങളുടെ പേരിൽ ശിക്ഷിച്ചു. എന്നാൽ, 2022-ൽ, യു എ പി എ നിയമത്തിന്റെ വകുപ്പ് 45 (1) പ്രകാരം പ്രതികൾക്ക് എതിരെ കേസെടുത്തു വിചാരണ ചെയ്യുന്നതിന്, അനിവാര്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും പ്രോസിക്യൂഷന് ലഭിച്ചിരുന്നില്ല എന്ന കാരണം കൊണ്ട്, വിചാരണ നടപടികൾ ബോംബേ ഹൈക്കോടതി റദ്ദ് ചെയ്യുകയായിരുന്നു. ആ സമയം, അസ്വാഭാവികമായ രീതിയിൽ വളരെ ധൃതിപ്പെട്ട് സുപ്രീംകോടതി ഇടപെടുകയും, ശനിയാഴ്ച ആയിരുന്നിട്ട് പോലും, ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിൽ പ്രത്യേക ബഞ്ച് രൂപീകരിച്ച്, കാര്യകാരണസഹിതം ഉള്ള ഹൈക്കോടതി വിധി ലഭ്യമായിരുന്നിട്ടും അത് പരിശോധിക്കുക പോലും ചെയ്യാതെ, വിധി ‘സസ്പെൻഡ്’ ചെയ്യുക എന്ന, ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി, കേസ് അതിൻ്റെ മെറിറ്റിൽ വീണ്ടും പരിഗണിക്കുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് 2024 മാർച്ച് മാസത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഉത്തരവുണ്ടാകുന്നത്. സായിബാബയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നിയമപരമല്ല. മാത്രമല്ല ഇന്ത്യൻ തെളിവ് നിയമത്തിന്റെയും ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി ബോധ്യപ്പെടുന്ന യാതൊരു ഇലക്ട്രോണിക് എവിഡൻസും പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.
“കോടതിമുറിയിൽ നിരവധി വീഡിയോ ദൃശ്യങ്ങൾ വെറുതെ പ്രദർശിപ്പിച്ചതുകൊണ്ടോ, കോടതിയെ കൊണ്ട് ആയിരക്കണക്കിന് പേജുകൾ വരുന്ന ലേഖനങ്ങൾ വായിപ്പിച്ചത് കൊണ്ടോ തെളിവുകൾ ആവില്ല.” എന്ന് വിധിന്യായത്തിൽ രേഖപ്പെടുത്തി. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനായി യു എ പി എ പോലുള്ള മർദ്ദക നിയമങ്ങളെ ആയുധമാക്കുന്ന ഇന്ത്യൻ വ്യവസ്ഥിതിയുടെ നിശിത വിമർശനം കൂടിയായിരുന്നു ഈ വിധി. പക്ഷേ അപ്പോഴേക്കും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പത്തുവർഷങ്ങൾ സായിബാബയ്ക്ക് നഷ്ടമായിരുന്നു.
എന്നിരുന്നാലും നഷ്ടങ്ങളെക്കുറിച്ചുള്ള ആകുലതകളല്ല, പോരാട്ടത്തിനുള്ള പ്രചോദനമാണ് അദ്ദേഹം ബാക്കിയാക്കുന്നത്. അദ്ദേഹത്തിൻ്റെ ആശയപ്രപഞ്ചവും ജീവിത സമരവും, നമ്മളെ ഓർമ്മപ്പെടുത്തുന്നത് പ്രതിരോധങ്ങൾ അവസാനിച്ചിട്ടില്ല എന്ന വസ്തുതയാണ്. ഡോ. മീന കന്തസ്വാമി ‘എക്സി’ൽ കുറിച്ചതുപോലെ, “നിങ്ങൾ ഒരു ജീവിക്കുന്ന അഗ്നി ജ്വാലയാണ്. ഭരണകൂടത്തിന്റെ കിരാത പീഡകൾക്ക് മുന്നിൽ തകരാത്ത സമരാവേശവും നിശ്ചയദാർഢ്യവുമായിരിക്കും നിങ്ങളുടെ മായ്ക്കാനാകാത്ത പൈതൃകം.”
ദു:ഖാർത്തമായ ഈ നിമിഷത്തിൽ, നമ്മുടെ സങ്കടങ്ങളെ, അദ്ദേഹത്തിൻ്റെ ദുരിതങ്ങൾക്ക് കാരണമായ അനീതിക്കെതിരെയുള്ള ഉറച്ച നിലപാടാക്കി മാറ്റുവാൻ നമുക്ക് കഴിയണം. വിയോജിപ്പുകളെ, അസഹിഷ്ണുതയോടെ കാണുന്ന ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾക്കെതിരെയുള്ള സാമൂഹിക മുന്നേറ്റമായി അത് മാറണം. വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവർത്തികൊണ്ടും അദ്ദേഹത്തോട് നീതിപുലർത്താൻ നമുക്ക് കഴിയണം. കൂടുതൽ മികച്ചൊരു ലോകം സ്വപ്നം കാണുന്ന എല്ലാവരുടെയും അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനാവണം. സഖാവേ, നിങ്ങളുടെ ഓർമ്മ നീതിക്കുവേണ്ടിയുള്ള പോർമുഖങ്ങളിൽ എന്നും അണയാത്ത ആവേശമായിരിക്കുക തന്നെ ചെയ്യും.
First Published in Suprabhatham Daily on 14/10/2025