പോലീസ് രാജിന് വഴിയൊരുക്കുന്ന ക്രിമിനൽ നിയമപരിഷ്കരണം

പാർലമെന്റിനെ ഏകദേശം ‘പ്രതിപക്ഷ മുക്ത’മാക്കിയതിനു ശേഷം രാജ്യത്തിൻറെ നിയമവ്യവഹാരങ്ങളെ അടിമുടി മാറ്റിമറിക്കുന്ന ക്രിമിനൽ നിയമപരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്രസർക്കാർ.  ഇന്ത്യൻ പീനൽ കോഡ് , ക്രിമിനൽ പ്രൊസീജർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്  എന്നിവയ്ക്ക് പകരം ‘ഭാരതീയ ന്യായ സംഹിത (II)’, ‘ഭാരതീയ നാഗരിക് ശിക്ഷാ സംഹിത(II)’, ‘ഭാരതീയ സാക്ഷ്യ ബില്ല്(II)’ എന്നിങ്ങനെ മൂന്ന് കരട് നിയമങ്ങൾ ലോക്സഭ പാസ്സാക്കിയിരിക്കുന്നു. “ബ്രിട്ടീഷ് അടയാളങ്ങൾ സമ്പൂർണമായും മായ്ച്ചു കളയുന്ന സംശുദ്ധമായ ഇന്ത്യൻ നിയമമാണിത്” എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവിച്ചത്. “നിയമത്തിന്റെ ലക്‌ഷ്യം ശിക്ഷിക്കുക എന്നതല്ല, നീതി നടപ്പിലാക്കുക എന്നതായിരിക്കും….ഈ ഗവൺമെന്റിന് കീഴിൽ ഇന്ത്യ ഒരു പോലീസ് സ്റ്റേറ്റ് ആയി മാറില്ല.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ ബില്ലുകളുടെ ആദ്യരൂപം, 2023 ഓഗസ്റ്റ് 15ന് പാർലമെൻറിൽ അവതരിപ്പിച്ചിരുന്നു. അന്ന് പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ട് ബില്ലുകൾ ചില മാറ്റങ്ങളോടെയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. 

ചരിത്രം 

ഇന്ത്യയിലെ ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. 1860-ൽ മക്കാളെ രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം ആ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനാത്മകമായ നിയമസംഹിത ആയിരുന്നു എന്നതും തർക്കത്തിനിടയില്ലാത്ത കാര്യമാണ്.  ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ തർക്കം ഉന്നയിക്കുന്ന ദേശദ്രോഹ കുറ്റവും (124എ) ദൈവനിന്ദാ കുറ്റവും (295എ) 1860-ലെ നിയമത്തിന്റെ ഭാഗമായിരുന്നില്ല. 1898-ലും 1927-ലും കൂട്ടിച്ചേർത്തതാണ്. പിന്നീട് വന്ന പല ക്രിമിനൽ നിയമസംഹിതകൾക്കും മാതൃകയായതും ഐ.പി.സി.യാണ്. എന്നിരുന്നാലും ഭരണഘടനക്കും മുൻപുള്ള നിയമം എന്ന നിലയ്ക്ക് ഐപിസിയുടെ അടിസ്ഥാന ദർശനം പുന പരിശോധിക്കണമെന്ന ആവശ്യം ന്യായമാണ്. നമ്മൾ നിരവധി തവണ ഐപിസി ഭേദഗതിചെയ്തെങ്കിലും, കാതലായ പ്രശ്നങ്ങളെ  ഒന്നും തന്നെ അഭിസംബോധന ചെയ്തിട്ടില്ല. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരു നിയമം  ഭേദഗതി ചെയ്തു കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  

1971-ലെ നാല്പത്തിരണ്ടാം ലോ കമ്മീഷൻ റിപ്പോർട്ടാണ് ഐ.പി.സി.യുടെ സമഗ്ര പരിഷകരണത്തെക്കുറിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് 1971-ലും 1978-ലും കൊണ്ടുവരാൻ ശ്രമിച്ച ഭേദഗതികൾ ഗവൺമെന്റുകൾ മാറിയതിനെത്തുടർന്ന് നടക്കാതെ പോയി. അതിനു ശേഷം 2003-ൽ കേരള, കർണാടക  ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ്. വി എസ് മാലിമത് നേതൃത്വം നൽകിയ കമ്മറ്റി ക്രിമിനൽ നീതിനിർവാഹനാ സംവിധാനത്തിൽ സമഗ്ര പരിഷ്കരണം നിർദ്ദേശിച്ചു. കുറ്റകൃത്യങ്ങളെ പുതിയ രീതിയിൽ വർഗീകരിക്കണം. നാം പിന്തുടർന്ന് വരുന്നത് ഇരുഭാഗങ്ങളും കോടതിയ്ക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിച്ച്, കോടതി സത്യമേതെന്നു നിർണയിക്കുന്ന  അഡ്വേഴ്സെറിയൽ സംവിധാനമാണ്. അത് മാറ്റി കോടതിയുടെ സത്യാന്വേഷണത്തിന്റെ ഭാഗമാകുന്ന ‘ഇൻക്വിസിറ്ററി’ സംവിധാനം കൊണ്ടുവരണം. അനുമാനിക നിരപരാധിത്വം എന്ന സങ്കൽപ്പത്തിൽ വിട്ടുവീഴ്ച ചെയ്ത്, ന്യായമായ തെളിവുകൾ ഉണ്ടെങ്കിൽ ഒരാളെ കുറ്റക്കാരനായി കാണാൻ കോടതികൾക്ക് കഴിയണം. ഭരണഘടനയുടെ അനുച്ഛേദം 20(3) അനുവദിച്ചിട്ടുള്ള ‘മൗനം പാലിക്കാനുള്ള അവകാശം’ ഭേദഗതി ചെയ്ത് കോടതിയ്ക്ക് നിർബന്ധമായും വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന രൂപത്തിൽ ആക്കണം. കുറ്റപത്രം ഫയൽ ചെയ്യാനുള്ള കാലാവധി 90-ൽ നിന്നും 180 ആക്കി ഉയർത്തണം.  റിമാൻഡ് കാലാവധി 15-ൽ നിന്ന് 30 ആക്കണം. അങ്ങനെ ഭരണകൂടത്തിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ ഏറെയും. ഗവണ്മെന്റ് പക്ഷെ, ആ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചില്ല. പിന്നീട് നടപടി ക്രമങ്ങളിൽ ഒരു മാറ്റം വന്നത് 2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീംകോടതി  വിധിയിലൂടെയാണ്. അന്വേഷണ സംവിധാനങ്ങളെ സ്വതന്ത്രമാക്കുന്നതിനും പൗരാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും നിർണായകമായ, സ്റ്റേറ്റ്‌ സെക്യൂരിറ്റി കമ്മീഷൻ മുതൽ പോലീസ് കമ്പ്ലൈന്റ്സ് അതോറിറ്റി വരെയുള്ള നിരവധി കാര്യങ്ങൾ ആ വിധിയുടെ ഭാഗമായി വന്നതാണ്. ദൗർഭാഗ്യവശാൽ ഒരു സംസ്ഥാനവും വിധി പൂർണമായി നടപ്പിലാക്കിയിട്ടില്ല.  പിന്നീട് 2020-ലാണ് ഡൽഹിയിലെ, നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പ്രൊഫ. ജി എസ് ബാജ്പായുടെ നേതൃത്വത്തിൽ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ പുതിയ കമ്മിറ്റി വരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് നിയമങ്ങൾ.

അവധാനതയില്ലാത്ത പരിഷ്‌കാരങ്ങൾ 

ബില്ലുകളുടെ പേരുകൾ തന്നെ വിവാദവിഷയമാണ്. ഭരണഘടനയുടെ അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ഇംഗ്ളീഷിൽ ആയിരിക്കണം. എന്നാൽ ഇവിടെ ബില്ലുകൾക്ക് ഹിന്ദി/സംസ്കൃത നാമം നല്കുകവഴി പ്രസ്തുത അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നത്. ഇത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എന്ന നിലയ്ക്കുള്ള പ്രതിഷേധങ്ങളും ഉയർന്നു കഴിഞ്ഞു. ഇക്കാര്യം സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിയോജനക്കുറിപ്പുകൾ ആയി പ്രതിപക്ഷ നേതാക്കൾ രേഖപ്പെടുത്തിയിരുന്നെങ്കിലും അത് അംഗീകരിക്കുവാൻ ഗവൺമെൻറ് തയ്യാറായില്ല. സമിതിയുടെ ശുപാർശത്തോടെ ഡിസംബർ 12ആം തീയതി മുൻപ് അവതരിപ്പിച്ച ബില്ലുകൾ നിന്ന് പിൻവലിക്കുകയും വളരെ പെട്ടെന്ന് തന്നെ ബില്ലുകളുടെ പുതിയ രൂപം കൊണ്ടുവരികയുമായിരുന്നു.

അതിപ്രധാനമായ ബില്ലായിരുന്നിട്ടും യാതൊരു അവധാനതയും കൂടാതെയാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് ആദ്യം അവതരിപ്പിച്ച ബില്ലിന്റെ ആദ്യ വായനയിൽ തന്നെ വ്യക്തമായിരുന്നു. അക്ഷരത്തെറ്റുകളും, വ്യാകരണപിശകുകളും മാത്രമല്ല, പല വകുപ്പുകളും ഐ.പി.സിയിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വാചകങ്ങൾ പൂർത്തിയായിട്ടുകൂടിയില്ല. വകുപ്പ് 23 വായിച്ചാൽ ആരും തലപുകഞ്ഞ് ഇരുന്നുപോകും. കുറ്റകൃത്യങ്ങൾക്കുള്ള ഒഴിവാക്കലുകൾ വിവരിക്കുന്നിടത്ത് “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതല്ലാത്തിടത്തോളം, ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്ന് കാണാം! യഥാർത്ഥത്തിൽ, “സ്വന്തം ഇച്ഛയ്ക്ക് എതിരായി,  മറ്റുള്ളവർ നിർബന്ധിച്ചു ലഹരി നല്കിയതാണെങ്കിൽ,  ലഹരിക്ക് അടിപ്പെട്ട് ചെയ്യുന്ന പ്രവർത്തികൾ ഒരു കുറ്റമല്ല” എന്നായിരുന്നു വരേണ്ടിയിരുന്നത്. ഇതിപ്പോൾ സ്വയം ലഹരിക്കടിപ്പെട്ട് ഒരാൾ ചെയ്യുന്ന കാര്യങ്ങൾ കുറ്റമല്ല എന്ന അവസ്ഥ വരുന്നു. ഐ.പി.സി. സെക്ഷൻ 85 എടുത്തെഴുതിയപ്പോൾ ഒരു വാക്ക് മാറിപ്പോയതാണ് കാര്യം!

സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശങ്ങൾ 

തെറ്റുകൾ ധാരാളമായിരുന്നതുകൊണ്ടുതന്നെ പാർലമെൻറ് സമിതിക്ക് ഒരു എഡിറ്ററുടെ റോളാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിനപ്പുറത്തേക്ക് ബില്ലിന്റെ സ്വഭാവത്തെ മാറ്റുന്ന നിർദ്ദേശങ്ങൾ ഒന്നും സമിതിക്കുണ്ടായിരുന്നില്ല. അതിലും ചൂണ്ടിക്കാണിച്ച പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ഗവൺമെൻറ് അംഗീകരിച്ചിട്ടില്ലെന്ന് കാണാം. ഉദാഹരണത്തിന്, ജീവപര്യന്തം ശിക്ഷ “ഒരു വ്യക്തിയുടെ സ്വാഭാവിക മരണം വരെയുള്ള കാലഘട്ടം” എന്നാണ് സെക്ഷൻ 102-ൽ വ്യക്തമാക്കുന്നത്. മറ്റു ചിലയിടങ്ങളിൽ അത് “ജീവപര്യന്തം” എന്നു മാത്രമാണ്. സെക്ഷൻ 109(6)-ലും 53-ലുമെല്ലാം അങ്ങനെയാണ്. എന്നാൽ, ശിഷ്ട ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തടവ് സാധാരണ ജീവപര്യന്തം ശിക്ഷയേക്കാൾ കൂടിയ ഒരു ശിക്ഷയായിട്ടാണ് സാധാരണഗതിയിൽ മനസ്സിലാക്കി പോരുന്നത്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കത്തക്ക രീതിയിൽ നിയമത്തിൽ വിശദീകരണം ആവശ്യമാണെന്നും, പുതിയ നിയമത്തിൻറെ സെക്ഷൻ 4(ബി)-യിൽ “പ്രത്യേകിച്ച് എടുത്തു പറയാത്ത സന്ദർഭങ്ങളിൽ എല്ലാം ജീവപര്യന്തം എന്നാൽ സ്വാഭാവിക മരണം വരെ അവശേഷിക്കുന്ന ജീവിതകാലം എന്നായിരിക്കും അർഥമാക്കുക” എന്നു ചേർക്കണം എന്നും പാർലമെൻററി സമിതി നിർദ്ദേശിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടില്ല. അതുപോലെതന്നെ ആദ്യ ബില്ലിൽ, ശിക്ഷകൾ ചെയ്യുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനുള്ള ഗവൺമെന്റിന്റെ അധികാരത്തെ പരാമർശിക്കുന്ന വകുപ്പിൽ ജീവപര്യന്തം ശിക്ഷകൾ പരമാവധി 14 വർഷം വരെ തടവ് എന്ന ഏഴ് വർഷം വരെ എന്നാക്കി മാറ്റിയിട്ടുണ്ട് പുതിയ ബില്ല്. ഐപിസിയിലും ഇത് 14 വർഷം വരെ ആയിരുന്നു.

വ്യഭിചാരം ഒരു കുറ്റമായി നിലനിർത്തി കൊണ്ടുതന്നെ അതിന് ലിംഗസമത്വം കൊണ്ടുവരിക . ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ  ക്രിമിനൽ കുറ്റമാക്കുക. ഒരാളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാവുന്ന  കാലഘട്ടം സംബന്ധിച്ച്  വ്യക്തത ഉണ്ടാക്കുക. ശിക്ഷാവിധികൾ റദ്ദ് ചെയ്യുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് അധികാരത്തിന് കൃത്യമായ കാരണം ബോധിപ്പിക്കണം എന്നു വ്യവസ്ഥ ചെയ്യുക. ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗം തടയുക. സാമൂഹ്യ സേവനം, സംഘടിത കുറ്റകൃത്യം, ഭീഷണി, ജീവപര്യന്തം, തുടങ്ങിയ നിർവചനങ്ങൾക്ക് വ്യക്തത വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.

സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം ഭീകരതയുമായി ബന്ധപ്പെട്ടതായിരുന്നു. ഭാരതീയ ന്യായസംഹിതയുടെ ആദ്യ രൂപത്തിൽ യുഎപിഎ അനുശാസിക്കുന്നതിനപ്പുറം വിശാലമായ വ്യാഖ്യാനം ഭീകരതയ്ക്ക് നൽകുകയും പൊതു നിയമത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.  വകുപ്പ് 111 ഭീകരതയെ നിർവചിച്ചിരുന്നത് ഇപ്രകാരമാണ്: “രാജ്യത്തിൻറെ അഖണ്ഡത, ഐക്യം, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാവുന്നതും പൊതുജനത്തെയോ അതിലൊരു വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്നതും, പൊതു അടിയന്തരാവസ്ഥ ഉണ്ടാക്കുന്നതും,  പൊതു സമാധാനത്തെ അലോസരപ്പെടുത്തുന്നതും” ആയ പ്രവർത്തികൾ എല്ലാം എന്നാണ്. 111(iv)-ൽ ‘രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക ഘടനയെ അസ്ഥിരപ്പെടുത്തുന്നതോ, പൊതുസുരക്ഷയ്ക്ക് വിഘാതമാകുന്നതോ ആയ പ്രവർത്തികൾ’ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. യുഎപിഎ ആക്ടിൽ പോലും ഇല്ലാതിരുന്നത്ര വിശാലമായ നിർവചനമാണ് ഭാരതീയ ശിക്ഷാസംഹിതയിൽ ഭീകര പ്രവർത്തനത്തിന് നൽകിയിരുന്നത്. ‘പൊതു സമാധാനത്തിന് അലോസരമാവുക’ തുടങ്ങിയ പ്രയോഗങ്ങൾ ഏതുവിധേനയും വ്യാഖ്യാനിക്കാവുന്നവയാണ്. രാജ്യത്തിൻറെ ജനാധിപത്യ പ്രക്രിയയിലെ ന്യായമായ ഇടപെടലുകളെ പോലും ഭീകരവാദമായി ചിത്രീകരിക്കാൻ കഴിയുന്ന സ്വഭാവം ബില്ലിനു ഉണ്ട് എന്ന വിമർശനം ഉയർന്നുവന്നിരുന്നു. ഇത് നീക്കം ചെയ്യുവാനാണ് പാർലമെന്ററി സമിതി നിർദേശിച്ചത്. പുതിയ നിയമത്തിൽ ഈ വാക്കുകൾ നീക്കം ചെയ്ത്, യുഎപിഎ-യുടേതിനു സമാനമായ നിർവചനമാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഭീകരവാദത്തെ കൈകാര്യം ചെയ്യാൻ പ്രത്യേകമായൊരു നിയമം നിലനിൽക്കേ, എന്തിനാണ് ഇത് ബി.എൻ.എസിന്റെ ഭാഗമാക്കിയത് എന്ന കാര്യം വ്യക്തമല്ല. ഏത് നിയമനുസരിച്ചാണ് കേസ് ചാർജ്ജ് ചെയ്യുന്നത് എന്ന് പൊലീസിന് തീരുമാനിക്കാം എന്നാണ് വ്യവസ്ഥ. 

പോലീസ് രാജിലേക്ക്

ഡ്രാക്കോണിയൻ എന്ന് വിശേഷിപ്പിക്കുന്ന യു.എ.പി.എ. നിയമത്തിൽ പോലും, നിരപരാധികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സുരക്ഷാവകുപ്പുകൾ പോലും പുതിയ നിയമത്തിൽ ഇല്ലെന്നത് ഭീതിദമാണ്.  യുഎപിഎ ക്ക് കീഴിൽ കേസ് ചാർജ് ചെയ്യുന്നതിന് ഗവൺമെന്റിന്റെ അനുമതി ആവശ്യമുണ്ട്, എന്നാൽ പുതിയ നിയമത്തിൽ അത്തരം അനുമതികളൊന്നും അനിവാര്യമല്ല. നിയമപ്രകാരം പോലീസ് ശേഖരിച്ച തെളിവുകൾ പരിശോധിച്ചു ചാർജ് ഷീറ്റ് സമർപ്പിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും അധികാരികളാണ് ഈ സംരക്ഷണവും ബി എൻ എസിൽ ഇല്ല. ഭീകരവാദം നിയമത്തിൽ മാത്രമല്ല മറ്റു മേഖലകളിലും പോലീസിന്റെ അധികാര ദുർവിനിയോഗത്തിന് സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

എഫ്ഐആർ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട ലളിതാ കുമാരി കേസിലെ സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ സാധാരണ പൗരന്മാർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നതായിരുന്നു. ഒരാൾ പരാതിയുമായി എത്തിയാൽ ഉടനടി എഫ്ഐആർ ഇടണമെന്ന് നിർദ്ദേശം കോടതി നൽകിയിരുന്നു. എന്നാൽ പുതിയ നിയമ സംവിധാനത്തിന് കീഴിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മതി എന്ന് വരുന്നു.

ബി കെ ബസു കേസിൽ പോലീസ് പീഡനങ്ങൾ തടയുന്നതിന് വേണ്ടി സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളും അട്ടിമറിക്കുന്ന നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കേസന്വേഷണത്തിന്റെ ചാർജുള്ള പോലീസ് ഓഫീസറുടെ വിവരങ്ങൾ വ്യക്തമാക്കുകയും രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യണം എന്ന് നിബന്ധന ഒഴിവാക്കിയിരിക്കുന്നു. പോലീസ്  അറസ്റ്റ് ചെയ്തു നിശ്ചിത സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാകാതെ, അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറസ്റ്റ് ചെയ്യുന്ന സമയവും സ്ഥലവും ഉൾപ്പെടുത്തിയ അറസ്റ്റ് മെമ്മോ പ്രതി ഒപ്പിട്ടത് സൂക്ഷിക്കണം എന്ന നിബന്ധന വച്ചത്. അക്കാര്യവും പുതിയ നിയമത്തിൽ കാണുന്നില്ല. തടവിലായ ആളുടെ വൈദ്യ പരിശോധന ഓരോ 24 മണിക്കൂറിലും നടത്തി റിപ്പോർട്ട് മജിസ്ട്രേറ്റിന് അയക്കണം എന്ന വ്യവസ്ഥയും നിയമത്തിൽ ഇടം നേടിയിട്ടില്ല. കസ്റ്റഡിയിൽ ഒരു പൗരൻ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ വ്യവസ്ഥ ഉണ്ടായിരുന്നത്. സാധാരണ പൗരനെ പോലീസിന്റെ അധികാര ദുർവിനിയോഗത്തിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഈ മാർഗനിർദേശങ്ങളിൽ പോലീസ് സ്റ്റേഷനുകളിൽ  പ്രദർശിപ്പിക്കേണ്ടതുണ്ട് എന്ന കാര്യവും നിയമത്തിന്റെ ഭാഗമായിട്ടില്ല. പോലീസ് കസ്റ്റഡി 15 ദിവസത്തിൽ നിന്ന് 30 ദിവസം വരെയാക്കി ഉയർത്തിയതും ഇതുപോലൊരു മാറ്റമാണ്. കൈവിലങ്ങ് വയ്ക്കുന്നതിന് ഉൾപ്പെടെ പോലീസിനുള്ള അധികാരങ്ങൾ വർദ്ധിപ്പിക്കുന്ന ഈ നിയമം ആഭ്യന്തരമന്ത്രി അവകാശപ്പെട്ടതുപോലെ നിയമ വ്യവഹാരിക മേഖലയിൽ പുരോഗമനപരമായ യാതൊരു മാറ്റവും മുന്നോട്ടു വയ്ക്കുന്നില്ല. ഈ ഗവൺമെന്റിന് കീഴിൽ നമ്മുടെ നാട് പോലീസ് രാജായി മാറുകയില്ല എന്നവകാശപ്പെടുന്ന ഭരണകൂടം, പിന്നെന്തിനാണ് പൊലീസിന്റെ അധികാരങ്ങൾ ജനാധിപത്യ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

ക്രിമിനൽ നിയമഭേദഗതിയിൽ ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്, ഏതു തരത്തിലാണ് ഈ നിയമം ഐ.ഐ.പി.സിയുടെ കൊളോണിയൽ പാരമ്പര്യത്തെ മറികടക്കുന്നതെന്നാണ്. ഐ.പി.സി.യിലെ പല കുറ്റങ്ങളും പുതിയകാലത്ത് നടപ്പിലാക്കാൻ കഴിയാത്തതോ കാലഹരണപ്പെട്ടതോ ആണ്. കുറ്റകൃത്യങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്നത്, ചില നിർവചനങ്ങൾ (ഉദാഹരണത്തിന് കൽപ്പബിൾ ഹോമിസൈഡും മർഡറും), ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ, വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമം, ഗൂഢാലോചന.. അങ്ങനെ നിരവധി വിഷയങ്ങൾ പലപ്പോഴായി വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ ബില്ലുകൾ ഏകദേശം പൂർണമായും പഴയ നിയമങ്ങൾ അതേപടി പകർത്തിയതാണ്. നിർവചനങ്ങൾ ഒക്കെ ഉപവകുപ്പുകൾ ആക്കി ആകെ വകുപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വകുപ്പുകളുടെയും ചാപ്റ്ററുകളുടെയും ക്രമം മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ഐ.പി.സി.യിലെ, കൊലപാതകം സംബന്ധിച്ച വകുപ്പ് 300, ബി.എൻ.എസിൽ 99 ആണ്. 

ദേശദ്രോഹ കുറ്റം ഇല്ലാതാക്കി എന്നായിരുന്നു പുതിയ ശിക്ഷാനിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ ഭാരതീയ ന്യായസംഹിതയിൽ വകുപ്പ് 150 ആട്ടിൻതോലിട്ട ചെന്നായയാണ്. ഐപിസി 124 (എ) ഇല്ലെങ്കിലും അതിനെ കീഴിൽ ഗവൺമെന്റുകൾ ചാർജ് ചെയ്തു കൊണ്ടിരുന്ന ഏതാണ്ട് എല്ലാ കുറ്റങ്ങളും, സത്യത്തിൽ അതിലേറെ കാര്യങ്ങൾ ചാർത്തി ആരെ വേണമെങ്കിലും അകത്തിടാവുന്ന തരത്തിലാണ് വകുപ്പ് 150. സുപ്രീം കോടതി കേദാർനാഥ് വിധിയിൽ രാജ്യദ്രോഹക്കുറ്റം അക്രമാഹ്വാനവുമായി മാത്രം ബന്ധപ്പെടുത്തി പരിമിതപ്പെടുത്തിയിരുന്നു.  ബി എൻ എസ് വന്നാൽ ആ നിയന്ത്രണമൊക്കെ ഇല്ലാതാകും. ‘വിഭാഗീയ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന’, ‘രാജ്യത്തിൻറെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന’, എഴുത്തും സംസാരവും ദൃശ്യവും സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ശിക്ഷയോ, ജീവപര്യന്തം അല്ലെങ്കിൽ മൂന്നുവർഷം വരെ തടവും പിഴയും എന്നത്, ജീവപര്യന്തം അല്ലെങ്കിൽ ഏഴുവർഷം വരെ തടവും പിഴയും എന്ന നിലയ്ക്ക് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഈ വകുപ്പ് നിയമമായാൽ ദേശദ്രോഹ നിയമത്തെക്കാൾ മാരകമായ രീതിയിൽ ദുരുപയോഗം ചെയ്യാൻ കഴിയും. 

മറ്റു പ്രധാനപ്പെട്ട കാര്യങ്ങളിലും ഇതേ പ്രവണത തുടരുകയാണ്. 295(എ) അത്തരമൊരു വകുപ്പാണ്. മതവികാരം വ്രണപ്പെടുത്തലാണ് കുറ്റകൃത്യം. ഒരു മതേതര ജനാധിപത്യ സമൂഹത്തിൽ ‘ദൈവനിന്ദ’ എന്ന പ്രാകൃത വകുപ്പ് നിലനിർത്തിക്കൊണ്ടുപോകുന്ന അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ ബില്ലിൽ 297-ആം വകുപ്പായി ഇത് തുടരുന്നു. ഒരു ക്രൈം ചെയ്യാതെ തന്നെ, അത്തരമൊരു ആലോചന നടത്തിയെന്ന പേരിൽ ആളുകളെ ശിക്ഷിക്കുന്ന  ‘ഗൂഢാലോചനാക്കുറ്റം’-വകുപ്പ് 120 (എ), ഐ.പി.സി.-സെക്ഷൻ 61 ആയി വേഷം മാറി വരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ ഭാഗമായി ഒരു കുറ്റകൃത്യം നടന്നാൽ, അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരേപോലെ പ്രതികളാക്കുന്ന 149, ഇപ്പോൾ 188 ആണ്.  ആധുനിക സമൂഹം വേണ്ടെന്നു വച്ച വധശിക്ഷ, ഇപ്പോഴും തുടരുന്നുമുണ്ട്.

ഫലത്തിൽ, ഈ ബില്ലുകളിലൂടെ കൊളോണിയൽ ഭൂതകാലത്തെ അറുത്തുകളയുന്നില്ല എന്ന് മാത്രമല്ല   ജനാധിപത്യപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടുമില്ല. നിലവിലുള്ള നീതി നിർവഹണ സംവിധാനത്തെ സങ്കീർണമാക്കാനാണ് ഇത് ഉപകരിക്കുക എന്നു തോന്നുന്നു. കുറ്റകൃത്യത്തിൽ മാത്രം ശ്രദ്ധ വയ്ക്കാതെ കുറ്റവാളിയിലും ഇരയിലും ഊന്നുന്ന നീതി നിർവഹണ സംവിധാനം കാലഘട്ടത്തിൻറെ അനിവാര്യതയാണ്.  മാറിയ സാമൂഹ്യബോധങ്ങളുടെ അടിസ്ഥാനത്തിൽ, പുരോഗമനപരമായ, ജനാധിപത്യപരമായ, മനുഷ്യ സ്വാതന്ത്ര്യത്തെ വിപുലമാക്കുന്ന തരത്തിലുള്ള, മാറ്റങ്ങൾ ഉണ്ടാവേണ്ടതാണ്. ലിബറൽ ജനാധിപത്യം എന്ന നിലയിൽ സ്കാൻഡിനേവിയൻ മാതൃകയാണ് നമുക്ക് സ്വീകാര്യമാവുക എന്ന് തോന്നുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ലുകൾ അക്കാര്യം നിറവേറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സമീപനത്തിലോ, ദർശനത്തിലോ, ജനാധിപത്യപരമായ മാറ്റങ്ങൾ ഒന്നും തന്നെ കാണുന്നില്ലെന്ന് മാത്രമല്ല കൂടുതൽ ഏകാധിപത്യപരമായ പ്രവണതകളിലേക്ക് ഭരണകൂടവും എക്സിക്യൂട്ടീവും സഞ്ചരിക്കുന്നതിന് സൂചനയാണു താനും.

രണ്ടാം ഡീമോനിറ്റൈസേഷൻ?

ഉള്ളടക്കത്തിലും, അന്തർലീനമായ ദർശനത്തിലും കൊളോണിയലിൽ കാഴ്ചപ്പാടിൽ നിന്ന് തെല്ലിട വ്യതിചലിക്കാതെ ഇത്തരത്തിൽ ഒരു നിയമപരിഷ്കരണത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് നമ്മൾ ഉത്തരം തേടേണ്ട ഘട്ടം കൂടിയാണിത്. സ്ഥലങ്ങളുടെ പേര് മാറ്റുന്നതുപോലെ, സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നതുപോലെ ലളിതമല്ല നിയമങ്ങളുടെ പേരു മാറ്റുന്നത്. പതിറ്റാണ്ടുകളായി തുടർന്ന് പോന്നിരുന്ന ഒരു നിയമം, വകുപ്പുകളും വാക്കുകളും അങ്ങോട്ടുമിങ്ങോട്ടും മാറ്റി എഴുതി മറ്റൊന്നാക്കുന്നത് ഇപ്പോഴേ ഒച്ചിഴയും വേഗത്തിൽ പോകുന്ന നമ്മുടെ നിയമവ്യാവഹാരിക വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കാനേ ഉപകരിക്കുകയുള്ളൂ. ഇത്രനാളും നമ്മൾ പിന്തുടർന്നുപോകുന്ന നിയമങ്ങളും വകുപ്പുകളും നിർവചനങ്ങളും മാറ്റി വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. അഭിഭാഷകരും ന്യായാധിപരും ഐപിസിയും, സിആർപിസിയും, തെളിവു നിയമവും അതിന്റെ മന:പാഠമാക്കിയ വകുപ്പുകളും സമ്പൂർണ്ണമായി മാറ്റി പുതിയ നിയമങ്ങളും വകുപ്പുകളും പഠിക്കേണ്ടിവരും. നിയമ വിദ്യാഭ്യാസ മേഖലയാകെ സമഗ്രമായി പൊളിച്ചെഴുതേണ്ടിവരും. ഒരുപക്ഷേ കോടതി തീർപ്പു കൽപ്പിച്ചിട്ടുള്ള നിയമ വ്യാഖ്യാനങ്ങളെല്ലാം പുതിയ ക്രിമിനൽ നിയമസംഹിതയ്ക്ക് അനുസൃതമായി വീണ്ടും പരിശോധിക്കേണ്ടി വന്നേക്കാം. ഇതൊക്കെ ഉണ്ടാക്കുന്ന കാലതാമസവും, നടപടിക്രമങ്ങളിലെ സങ്കീർണതയും, എത്രമാത്രം വലിയ പ്രത്യാഘാതങ്ങളാണ് നീതിന്യായ മേഖലയിൽ ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ വേണം. ഈ പരിഷ്കരണം നീതിന്യായ മേഖലയിലെ ‘ഡീമോണിറ്റൈസേഷനാ’യി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

First Published in TrueCopyThink Webzene on 22 Dec 2023

LEAVE A REPLY

Please enter your comment!
Please enter your name here