സര്‍വെയിലന്‍സ് കാപ്പിറ്റലിസം അഥവാ നിരീക്ഷണ മുതലാളിത്തം എന്നൊരു വാക്കുണ്ട്. 2015-ല്‍ ഹാര്‍വാര്‍ഡ് അക്കാഡമിക്ക് ആയ ശോശന്ന സുബോഫ് ആണ് ആ പദം ആദ്യമായി ഉപയോഗിച്ചത്. ഉപഭോക്താക്കളെ അവരറിയാതെ നിരീക്ഷിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, ആ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന, വ്യക്തിത്വങ്ങളെ വിവരസൂചകങ്ങളായി ക്രോഡീകരിച്ച് മുതലാളിത്തച്ചന്തയില്‍ വില്പ്പനക്കുപയോഗിക്കുന്ന, സംവിധാനത്തെ സൂചിപ്പിക്കുന്നതാണ് ഈ പദം. നാം ഫേയ്‌സ്ബുക്ക് തുറക്കുമ്പോള്‍, ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ അലോചിച്ചുകൊണ്ടിരുന്ന, അല്ലെങ്കില്‍ അല്പ്പം മുന്‍പ് തെരഞ്ഞുകൊണ്ടിരുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വളരെ കൃത്യമായി കയറി വരുന്നത്, നമുക്ക് താത്പര്യമുള്ള വസ്തുക്കളുടെ മാത്രം പരസ്യങ്ങള്‍ ഇ-മെയിലുകളായും, മെസേജുകളായും, ഓട്ടൊമേറ്റഡ് ടെലി-കോളുകളായും ഒക്കെ വന്നെത്തുന്നത് എല്ലാം ഈ വ്യ്വസ്ഥിതികൊണ്ടാണ്. ഇന്റര്‍നെറ്റില്‍ നമ്മള്‍ തിരയുന്ന വാക്കുകള്‍, ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ നടത്തുന്ന ഇടപാടുകള്‍,യൂ-ടൂബില്‍ കണ്ട വിഡിയോ… അങ്ങനെ എല്ലാം ഓരോ നിരീക്ഷിക്കപ്പെടൂന്നു, സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നാം കയറുന്ന മാത്രയില്‍ അല്പ്പം മുന്‍പ് നാം ഫ്‌ളിപ്പ്കാര്‍ട്ടില്‍ തെരഞ്ഞ ഉത്പന്നങ്ങളുടെ പരസ്യം നമുക്കായി തുറക്കപ്പെടൂന്നത്, രാവിലെ ജോലിക്കായി നമ്മള്‍ഇറങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ ഓഫീസിലെത്താന്‍ ഇത്രസമയം എടുക്കും എന്ന് നമ്മുടെ സ്മാര്‍ട്ട് ഫോണ്‍വിളിച്ചു പറയുന്നത്.ഫേയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിങ്ങനെയുള്ള എല്ലാ സംരംഭങ്ങളുടെയും ബിസിനസ് മോഡല്‍ സര്‍വെയിലന്‍സ് കാപ്പിറ്റലിസത്തില്‍ അധിഷ്ഠിതമാണ്.
കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ (<ആശഴ ഉമമേ അിമഹ്യശേര>െ) വ്യാപകമായതോടെ, എല്ലാ വ്യാപാരമേഖലകളിലും ഇത് ധാരാളമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങി. ക്രമേണ വിവരം അഥവ ഡാറ്റ വലിയ വിപണി മൂല്യമുള്ള ഒരു ചരക്കായി മാറി. അഗോള കുത്തകകളുടെ ലാഭാര്‍ത്തിയില്‍ എല്ലാ ധാര്‍മിക മൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് വ്യക്തി വിവരങ്ങള്‍ അനധികൃതമായും കബളിപ്പിക്കലുകളിലൂടെയും സ്വന്തമാക്കി സാമ്പത്തിക ചൂഷണത്തിന്റെ ഉപാധിയാക്കി മാറ്റി. വിവര സഞ്ചയങ്ങള്‍ മാര്‍ക്കറ്റിന് ഏറ്റവും പ്രിയപ്പെട്ടതായി. ‘വിവരമാണ് പുതിയ കാലഘട്ടത്തിലെ എണ്ണ’ എന്ന് ലാഭക്കൊതിയന്മാര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സര്‍വെയിലന്‍സ് ക്യാപിറ്റലിസം മാര്‍ക്കറ്റിന്റെ അതിരുകള്‍ ഭേദിച്ചുകൊണ്ട്, നമ്മുടെ സമൂഹത്തിന്റെ സമഗ്രബോധധാരയെ വഴിതിരിച്ചു വിടുന്ന, ഹൈജാക്ക് ചെയ്യുന്ന, മനശാസ്ത്രപരമായ ഉപചാപങ്ങള്‍കൊണ്ട് രാഷ്ട്രീയാധികാര വ്യവസ്തിഥിയെ, തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒക്കെ സ്വാധീനിക്കുന്ന ഒരു സാംസ്‌കാരിക ആയുധമായി മാറുന്ന ഭീതീജനകമായ കാഴ്ച്ചയാണ് ‘ഫേയ്‌സ്ബുക്ക്-കേംബ്രിഡ്ജ് അനലിറ്റിക്ക’ കേസില്‍ നമ്മള്‍ കാണുന്നത്.
രാഷ്ട്രീയ അധികാര വ്യവസ്ഥിതിയെ സ്വാധീനിക്കാന്‍ ആദ്യം വേണ്ടത് സംസ്‌കാരത്തെ സ്വാധീനിക്കുകയാണ്. സംസ്‌കാരത്തെ സ്വാധീനിക്കാനോ, അതിന്റെ അടിസ്ഥാന ഘടകമായ മനുഷ്യരെ സ്വാധീനിക്കുക എന്നതും. അതിനായി സൂക്ഷ്മ ലക്ഷ്യ വേധികളായ പ്രചാരണ തന്ത്രങ്ങളാണ് ഉപയോഗികുന്നത്. ഉദാഹരണത്തിന്, ഒരു രാജ്യത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാനായി ഒരു പാട് മാര്‍ഗങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിക്കാറുണ്ട്. പ്രചാരണ രേഖകള്‍ പുറത്തിറക്കുക, മൈതാന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക, അടിത്തട്ടില്‍ സൂക്ഷ്മ തലത്തില്‍ ഓരോ വോട്ടറേയും അഭിസംബോധനചെയ്യുക എന്നിങ്ങനെ. എന്നാലിവിടെ സൂക്ഷ്മ പ്രചാരണത്തിന്റെ രീതിയില്‍ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നു. ഒരു വോട്ടര്‍ എന്നതിലുപരി, ഓരോ മനുഷ്യരെയും ഒരോ വ്യക്തി എന്ന നിലയില്‍ സമീപിക്കുവാനും സ്വാധീനിക്കുവാനും കഴിയുന്ന തരത്തിലേക്ക് വന്‍-വിവര-വിശകലന സംവിധാനങ്ങള്‍ വന്നെത്തിയിരിക്കുന്നു. ഇവിടെ കേംബ്രിഡ്ജ് അനലിറ്റിക്ക ഒരു ഫെയ്‌സ്ബുക്ക് ആപ്പ്‌ളിക്കേഷന്‍ ഉണ്ടാക്കി ഉപഭോക്താക്കളുടെ രാഷ്ട്രീയ-സാമൂഹ്യ-മനശാസ്ത്ര വിശകലനം സാധ്യമാകുന്ന കുറെയധികം ചോദ്യങ്ങള്‍ക്ക് അവരേക്കൊണ്ട് ഉത്തരം പറയിക്കുകയുമാണ് ചെയ്തത്. കൂടാതെ നിരവധി ആളുകളുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു എന്നും പറയപ്പെടുന്നു. അങ്ങനെ ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓരോ വ്യക്തിയുടേയും അഭിരുചികള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും അനുസൃതമായി പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടൂത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി അതിനെ മാനസികമായി പരുവപ്പെടുത്താന്‍, സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്‌സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായ്യൂം, വിഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാന പ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധനചെയ്യുകയാണ് രാഷ്ട്രീയക്കാരന്‍ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കിക്കൊണ്ട് ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണ് ഇന്ന് നിരീക്ഷണ മുതലാളിത്തം.
സമകാലിക സാഹചര്യത്തില്‍, വിവരം പലരും പറയുന്നതുപോലെ ലാഭത്തിന് കച്ചവടം ചെയ്യപ്പെടുന്ന കേവലം എണ്ണയല്ല, അധികാരമാണ്. ഇതു മനസിലാക്കിക്കൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്കു പുറമേ, സര്‍ക്കാരുകളും വിവരശേഖരണത്തിനായി വന്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിവര സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും വിവരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും സമൂഹികാവബോധമുള്ള പക്വത വന്ന ജനാധിപത്യ രാജ്യങ്ങളൊക്കെയും ഇത്തരം പദ്ധതികളില്‍ നിന്ന് പിന്മാറുമ്പോഴും പാകിസ്താന്‍, ബാംഗ്ലാദേശ്, ഇന്ത്യ ഉള്‍പ്പടെ ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രജ്യങ്ങളില്‍ അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങളുടെ സഹായത്തോടെയും അല്ലാതെയും ആധാര്‍ പോലുള്ള അപകടകരമായ വിവര ശേഖരങ്ങള്‍ നിര്‍മിക്കപ്പെടുകയാണ്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ വിവര സാങ്കേതിക-ബയൊമെട്രിക്ക് കമ്പനികള്‍ തങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ ഒരുകാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെടില്ലാത്ത യന്ത്ര സാമഗ്രികളും സാങ്കേതിക വിദ്യയും മൂന്നാം ലോക രാജ്യങ്ങളില്‍ നിക്ഷേപിച്ച് ലാഭം കൊയ്യുകയാണ്.
പ്രത്യക്ഷത്തില്‍ തന്നെ ജാനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണിത്. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികലുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയുമെന്നു വന്നാല്‍ അതിനര്‍ത്ഥം ജനാധിപത്യം പരാജയപ്പെട്ടു എന്നാണ്. കേന്ദ്രീകൃത വിവര ശേഖരങ്ങളില്‍ ക്രോഡീകരിക്കപ്പെടൂന്ന ആധാര്‍ പോലുള്ള ഏകീകൃത ഐഡന്റിഫയറുകള്‍ വോട്ടേഴ്‌സ് ലിസ്റ്റുമായും മറ്റും ബന്ധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. ബാലറ്റിന്റെ രഹസ്യ സ്വഭാവവും സമൂഹത്തിന്റെ ജനായത്ത അധികാരവും സാങ്കേതികതയ്ക്ക് അടിയറവ് വയ്ക്കുന്നത് ഒരിക്കലും ഭൂഷണമല്ല.
നിരീക്ഷണ മുതലാളിത്തം ലോകം കീഴടക്കുന്ന കാലഘട്ടത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. ഗവണ്മെന്റുകള്‍ക്ക് എന്തു ചെയ്യനാകും? നമുക്ക് എന്തു ചെയ്യാനാകും?
ഫേസ്ബുക്ക് തലവന്‍ സൂക്കര്‍ ബര്‍ഗിനെ വേണമെങ്കില്‍ നേരിട്ട് വിളിച്ചു വരുത്തി നടപടിയെടുക്കും എന്നൊക്കെ കെന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനം നടത്തി പറഞ്ഞത് ഒരു തമാശയായി കണക്കാക്കിയാല്‍ മതി. കാരണം ഇത്തരത്തിലുള്ള വിവര ചോരണങ്ങളെ, ദുരുപയോഗങ്ങളെ നേരിടാനുള്ള നിയമ സംവിധാനം രജ്യത്തു നിലവിലില്ല. ലോകത്തെ ഏറ്റവും വലിയ വിവര ശേഖരണ പദ്ധതി നടപ്പിലാക്കുന്നു എന്നു മേനി നടിക്കുമ്പോഴും അതിന് സുരക്ഷയോ സുതാര്യതയോ ഉറപ്പു വരുത്തുന്ന വിവരസംരക്ഷണ/സ്വകാര്യതാ നിയമങ്ങള്‍ നമുക്കില്ല. ആകെ ഉള്ളത് 2000-ത്തിലെ വിവര സാങ്കേതികതാ നിയമമാണ്. അതാകട്ടെ പല്ലും, സ്വനനാളവും ഇല്ലാത്ത ഒരു കാവല്‍ നായയെപ്പോലെയാണ്. കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലുമാകില്ല.
ഐ ടി ആക്ടിന്റെ റൂള്‍ 3 പ്രകാരം സെന്‍സിറ്റീവ് പേഴ്‌സണല്‍ ഡേറ്റയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത് പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, ലൈംഗീകാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളാണ്. ദുരുപയോഗത്തിന് ഏറെ സാധ്യതകളുള്ള മൊെബെല്‍ ബിഗ് ഡേറ്റ, ഇമെയില്‍, ചാറ്റ് ലോഗ്, ഇന്റര്‍നെറ്റ് ശീലങ്ങള്‍, സര്‍ച്ച് ഹിസ്റ്ററി, ലോഗുകള്‍, ലൊക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ പെടുത്തേണ്ടതുണ്ട്. സെക്ഷന്‍ 43 എ യുടെ കീഴില്‍ ഇപ്പോള്‍ വാണിജ്യ/പ്രഫഷണല്‍ സ്ഥാപനങ്ങള്‍ മാത്രമാണുള്ളത്. അതായത് ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ അതിപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന യു.ഐ.ഡി.എ.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ നിയമത്തിന് പുറത്താണ്. സെക്ഷന്‍ 72 എ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഏതൊരു ഏജന്‍സിയില്‍നിന്നു നഷ്ടപ്പെടുകയോ ചോരുകയോ ചെയ്താല്‍, അതുകൊണ്ട് അയാള്‍ക്ക് എത്രതന്നെ നഷ്ടം വന്നാലും, വിവരങ്ങള്‍ ആ വ്യക്തിക്ക് ദോഷമുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ ചോര്‍ത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഏജന്‍സി നിയമ നടപടികള്‍ക്ക് വിധേയമാകൂ. ഈ പഴുതുപയോഗിച്ച് ഏതു തരത്തിലുള്ള അനാസ്ഥയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും.
നിരന്തരം ചോര്‍ച്ചകളും സുരക്ഷാ ഭീഷണിയും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആധാറിനെ സംബന്ധിച്ചാകട്ടെ സാധാരണക്കര്‍ക്ക്, ഇരകള്‍ക്ക് പരാതി ബോധിപ്പിക്കാന്‍ ഒരു ഇടം പോലും ഇല്ല. 29 സംസ്ഥാനങ്ങള്‍ക്കും 7 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ആകെ 8 റീജിയണല്‍ ഓഫീസുകള്‍ മാത്രമാണുള്ളത്. വിവരം ദുരുപയോഗം ചെയ്യപ്പെട്ടാല്‍, (ഉദാഹരണത്തിന് അനുമതിയില്ലാതെ ഉപഭോക്താവിന്റെ വിരലടയാള വിവരം ഉപയോഗിച്ച് പേയ്‌മെന്റ് ബാങ്ക് അക്കൗൂണ്ട് ഓപ്പണ്‍ ചെയ്യുകയും അതുമൂലം സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും അക്കൗണ്ടില്‍ എത്താതിരിക്കുകയും ചെയ്ത എയര്‍ടല്‍ വിവാദം പോലെ), വിവരം മോഷ്ടിക്കപ്പെട്ടാല്‍ (500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ വില്ക്കപ്പെടുന്നതു പോലെ) ഒക്കെ ഇരകള്‍ക്ക് കോടതിയെപ്പോലും സമീപിക്കാനാകില്ല. കാരണം അധാര്‍ ആക്ട് 2016, സെക്ഷന്‍ 47 പ്രകാരം ആധാര്‍ അഥോറിറ്റി (<ഡകഉഅക>)യ്ക്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടു പോകാന്‍ കഴിയുക. അവര്‍ കൂടി പ്രതിയായേക്കാവുന്ന കേസില്‍ അവര്‍ നടപടികള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുക്കില്ല എന്നത് പകല്‍ പോലെ വ്യക്തമാണല്ലൊ.
2011-ല്‍ ആധാര്‍ പദ്ധതിയെക്കുറിച്ച് പഠിച്ച പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ആധാര്‍ ലക്ഷ്യബോധമില്ലാത്തതും അരക്ഷിതവും അപകടകരവും ധനനഷ്ടവും ദേശീയ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാവുന്നതുമായ ഒരു പദ്ധതിയാണ് എന്നു കണ്ടെത്തിക്കൊണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം രാജ്യത്ത് സ്വകാര്യത സംരക്ഷണ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചാണ്. എന്നിട്ടും സ്വകാര്യത ഒരു മൗലീകാവകാശമല്ല എന്നു വരെയുള്ള പ്രാകൃത വാദങ്ങള്‍ വരെ ഉന്നയിച്ച ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഒടുവില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ജമ്പോ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേനസ്വകാര്യത ഒരു മൗലീകാവകാശമണെന്ന് വിധിക്കുകയുണ്ടായി. കോടതി വിധിയില്‍ സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട് എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തന്മായ സ്വകാര്യതാ നിയമം സര്‍ക്കാര്‍ കൊണ്ടു വരേണ്ടതുണ്ട്്. ഇതേക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ശ്രീ കൃഷ്ണ കമ്മീഷന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതൊക്കെ എന്നു നടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വ്യക്തിപരമായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ വ്യക്തി വിവരങ്ങളും ചിത്രങ്ങളും ഇഷ്ടാനിഷ്ടങ്ങളും ലൊക്കേഷനുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വലിച്ചു വാരിയിടുന്നത് അവസാനിപ്പിക്കണം. വെബ്‌സൈറ്റുകളുടെ പ്രൈവസി സെറ്റിംഗ്‌സ് പരമാവധി ഫലപ്രദമായി ഉപയോഗിക്കണം. അതോടൊപ്പം വിവിധ ആപ്പ്‌ളിക്കേഷനുകള്‍ക്ക് നമ്മുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ശേഖരിക്കനുള്ള അനുമതി കൊടുക്കാതിരിക്കുക. ”ആരാണ് നിങ്ങളെ പ്രേമിക്കുന്നത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി എത്തുന്ന ഒരു ആപ്പിന് നിങ്ങള്‍ നല്കുന്ന അനുമതി വച്ച് നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുടെയാകെ വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയാണ് കൊടുക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിറ്റ് ഈ കമ്പനികള്‍ ശതകോടികള്‍ ഉണ്ടാക്കുന്നു്. നമ്മുടെ തെരഞ്ഞെടുപ്പ് ഫലം വരെ തീരുമാനിക്കുന്നു. ഇത്തരം അനാവശ്യ കളികളില്‍ ഏര്‍പ്പെടാതിരിക്കുക. ഫേയ്‌സ്ബുക്കിലാണെങ്കില്‍ സെറ്റിംഗ്‌സില്‍ ആപ്പ് സെട്ടിംഗ്‌സില്‍ പോയി അനാവശ്യ ആപ്പ്‌ളിക്കേഷനുകള്‍ നീക്കം ചെയ്യുക. മറ്റുള്ളവയ്ക്കു നല്കിയിട്ടുള്ള അനുമതികള്‍ പരിശോധിച്ച് ആവശ്യമുള്ളതു മാത്രം നല്കുക. പ്ലഗ്ഗിനുകള്‍ പരമാവധി ഒഴിവാക്കുക. ഏതൊരു വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും ”ലോഗിന്‍ വിത്ത് ഫെയ്‌സ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍” എന്ന എളുപ്പ വഴി ഉപയോഗിച്ചാല്‍ ഈ വെബ്‌സൈറ്റുകള്‍ക്കെല്ലാം നമ്മുടെ ക്കൗണ്ട് വിവരങ്ങളും, ഫെയ്‌സ്ബുക്കിനും ഗൂഗിളിനും നമ്മുടെ പുതിയ ലോഗിന്‍ വിവരങ്ങളും ലഭിക്കും. ഇതൊഴിവാക്കാന്‍ അല്പ്പം സമയമെടുത്തിട്ടാണെങ്കിലും പുതിയ വെബ്‌സൈറ്റുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുക. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അതത്ര ചെറിയ കാര്യമല്ല താനും.
ഇനിയും നാം മനസിലാവര്‍ത്തിക്കേണ്ടതായ, മനസിലാക്കേണ്ടതായ കാര്യംഫേയ്‌സ്ബുക്കും ആധാറുമൊക്കെ കേവലം സുരക്ഷാ പ്രശ്‌നമല്ല, മറിച്ച് നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരിക-അധികാര ആയുധങ്ങളാണ് എന്നതാണ്. അതിന് കടിഞ്ഞാണിടാന്‍ തിരിച്ചറിവും ഇച്ഛാ ശക്തിയുമുള്ള ഒരു രാഷ്ട്രീയം ഉയര്‍ന്നു വരേണ്ടതുണ്ട്. ഈ ലേഖനം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ വായിക്കാവുന്നതാണ് (on 01/04/2018)