സ്‌കൂൾ തുറന്നു പക്ഷേ, കണ്ടീഷൻസ് അപ്ലൈ
ജൂൺ ഒന്നിന് തന്നെ ഈ കൃത്യമായി സ്അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. ഒന്നാം തിയ്യതി ഫസ്റ്റ് ബെൽ ആണ്. നാടാകെ മാധ്യമങ്ങളും സർക്കാർ സംവിധാനവും ഉയർത്തിയ പ്രതീതി അങ്ങനെയായിരുന്നു. ശരിയാണ്, യഥാർത്ഥത്തിൽ ക്ലാസ്സ് തുടങ്ങിയിട്ടില്ല പരിശീലനമാണ്ഇപ്പോൾനടക്കുന്നത്. അക്കാര്യം ജനങ്ങളോട് പറഞ്ഞില്ല എന്നല്ല, പക്ഷെ അത് ഓഫറുകളുമായി വരുന്ന പരസ്യ ചിത്രങ്ങളിലേതുപോലെ ആയിപ്പോയി. കണ്ടീഷൻസ് അപ്ലൈ എന്ന് പരസ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ട്രയൽ ആണെന്ന് അടിയിൽ കുഞ്ഞ് അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.ഞാൻ കണ്ടിരുന്നു അത്. മറ്റു പലരും കണ്ടിട്ടുണ്ടാവും. പക്ഷേ, അതിന് ഇവിടെ നമ്മൾ കണ്ടതുപോലെയുള്ള ആഘോഷങ്ങളും സമ്മർദ്ദങ്ങളും വേണ്ടിയിരുന്നോ? എട്ടാം തീയതിയാണ് ശരിക്ക് ക്‌ളാസ് തുടങ്ങുന്നത്. ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണ്. ശരിക്കും ക്ലാസ് തുടങ്ങുമ്പോഴേക്കും എല്ലാവർക്കും സൗകര്യങ്ങൾ ഒരുക്കും എന്ന ഉറപ്പു നൽകാൻ, ആ ഉറപ്പ് അതു വേണ്ട കുഞ്ഞുങ്ങളിലേക്കും ആശങ്കാകുലരായ രക്ഷിതാക്കളിലേക്കും എത്തിക്കാൻ കഴിഞ്ഞിരുന്നോ? വീടുകളിലേക്ക് കുട്ടികളെ വിളിച്ചു ചാനൽ നമ്പറും ക്ലാസ്സും അറിയിച്ചi, ഹോംവർക്ക് എഴുതി വാട്‌സ്ആപ്പ് ചെയ്യണം എന്ന നിർദ്ദേശവും പറഞ്ഞ, അധ്യാപകരോ മറ്റാരെങ്കിലുമോ ഇത് ട്രയൽ ആണ്, കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല, ശരിക്കും ക്‌ളാസ് തുടങ്ങുമ്പോൾ നമുക്ക് പഠിക്കാം, അപ്പോഴേക്കും വേണ്ട സംവിധാനങ്ങൾ ഗവണ്മെന്റ് ഒരുക്കും എന്നു പറഞ്ഞിരുന്നോ?
ഈ ചോദ്യങ്ങളുടെ ഉത്തരം ഇല്ലാ എന്നാണ് എങ്കിൽ ദേവികയുടേത് ഒരു കൊലപാതകമാണ്. . അവൾ പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് പറയുന്നു അധ്യാപകർ. ഉണ്ടായിരുന്ന ഒരു ടി.വി. കൂടി കേടുവരികയും അതു നന്നാക്കാൻ രോഗബാധിതനായ അച്ഛന്റെ കൈവശം പണം ഇല്ലാതെ വരികയും ചെയ്തപ്പോഴാണ്, പഠനം നടക്കില്ല എന്ന ആശങ്കയിൽ ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതത്രേ. അവൾ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. “ഞാൻ പോകുന്നു” എന്ന് മാത്രമാണ് അവസാനമായി കുറിച്ചത്. എന്റെ മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന് രോഹിത് വെമുലയും എഴുതിയിരുന്നു. ഇരുവരുടെയും ദുരിത കാരണം അന്ന് രോഹിത് കൂട്ടിച്ചേർത്ത വാക്കുകൾ തന്നെയാണ്; ജനനം. ഇന്ത്യയിലെ സാമൂഹിക സൂചികകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഇന്റർനെറ്റ് മൗലീക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള, കേരളത്തിൽ പോലും സ്മാർടഫോണുകളും കമ്പ്യൂട്ടറും വേഗതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്രശമാനം ആളുകൾക്ക് ഉണ്ട്. കോവിഡ് കാലത്ത് സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട ആളുകളുടെ കാര്യത്തിൽ വരെ കരുതൽ കൊണ്ട് മാതൃകയായി വന്ന സംസ്ഥാനമാണ് നമ്മുടേത്. ആ കരുതൽ എന്തേ, വിദ്യാഭ്യാസ രംഗത്ത് ഉണ്ടായില്ല എന്ന ചോദ്യം ഉയരുമ്പോൾ അതിനെ അസഹിഷ്ണുതയോടെയല്ല കാണേണ്ടത്. ഡിജിറ്റൽ വേർതിരിവ് എന്നത് ഇതിൽ മാത്രമൊതുങ്ങുന്നതല്ല. ആധാർ നിര്ബന്ധമാക്കിയപ്പോൾ, നോട്ടു നിരോധനം വന്നപ്പോൾ, പണരഹിത ഇടപാടുകൾ വ്യാപകമായപ്പോൾ, ലോക്ക്ഡൗണിൽ ഒക്കെ ഇത് നമ്മൾ കണ്ടതാണ്. അതിന് വർഗ്ഗവും ജാതിയും ഉണ്ട്.
ജൂൺ 1 എന്നത് ലോകം അവസാനിക്കുകയോ തുടങ്ങുകയോ ചെയ്യുന്ന ദിവസമൊന്നുമല്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞ്, ആവശ്യമായ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ (കോവിഡ് പ്രതിരോധത്തിൽ എന്നപോലെ) സൗകര്യങ്ങൾ ഒരുക്കിയതിനു ശേഷം ക്‌ളാസ് തുടങ്ങിയാൽ മതിയായിരുന്നു. കമ്മ്യൂണിറ്റി കിച്ചൻസ് മാത്രമല്ല കമ്മ്യൂണിറ്റി ക്ളാസുകളും മതിയായ സൗകര്യങ്ങളോടെ എല്ലായിടത്തും ഒരുക്കാമായിരുന്നു. ഇതൊക്കെ കഴിയാത്ത കാര്യമല്ല. ഓരോ പഞ്ചായത്തിലെയും ഓരോ വാർഡിലെയും അവസാനത്തെ വിദ്യാർത്ഥിക്കും പഠിക്കാനുള്ള സൗകര്യമുണ്ട് എന്ന് ഉറപ്പു വരുത്താൻ കഴിയുന്ന വികേന്ദ്രീകൃത ഭരണ സംവിധാനം നമുക്കുണ്ട്. ഒരു വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ വേണ്ടി മാത്രമായി ഒരു ബോട്ട് ഓടിച്ചിട്ടുണ്ട് നമ്മൾ. ഇപ്പോൾ സാധാരണ സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്കു ഓണലൈൻ ക്‌ളാസ് മുറിക്ക് പുറത്തു നിൽക്കേണ്ട അനുഭവവും ഒരു കുട്ടിക്കുപോലും ഉണ്ടാകാത്ത സാഹചര്യത്തിൽ തുടങ്ങിയാൽ മതി ഓണലൈൻ ക്‌ളാസ്. പഞ്ചമി, ബജറ്റിന്റെ പുറത്തെ ഛായാചിത്രം മാത്രമല്ല, അവളിപ്പോഴും നിൽക്കുന്നുണ്ട് സ്‌കൂളിന് വെളിയിൽ, അവളിപ്പോഴും മഴനനയുന്നുണ്ട്. എത്രനാൾ നമ്മൾ അവളെ മഴയത്തും നിർത്തും?