ജനാധിപത്യ ഇന്ത്യ മതേതരത്വത്തിനും സോഷ്യലിസത്തിനുമൊപ്പം

ഇന്ത്യയുടേത് ജീവിക്കുന്ന ഭരണഘടനയാണ്. മുൻപില്ലാതിരുന്നൊരു ആധുനിക ദേശരാഷ്ട്രത്തിന്റെ ഗതി നിർണയിക്കുന്ന ദാർശനിക രൂപരേഖയാണ്. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി, ഭരണഘടനയുടെ അവസാന രൂപം അംഗീകരിച്ച 1949 നവംബർ 26, ഒരു യാത്രയുടെ ആരംഭമാണ്, അവസാനമല്ല. മാനവികതയുടെയും ജനാധിപത്യത്തിന്റെയും അവസരസമത്വത്തിന്റെയും അടിസ്ഥാന തത്വങ്ങൾ മുറുകെ പിടിക്കുമ്പോഴും, കാലികമായ മാറ്റങ്ങൾക്കും സാമൂഹികമായ ആവശ്യങ്ങൾക്കും അനുസൃതമായി, സ്വയം പരിവർത്തനപ്പെടാനും പരിവർത്തനങ്ങൾക്ക് നിദാനമാകാനും കഴിയുന്ന ചലനാത്മകത ഭരണഘടനയ്ക്കുണ്ട്. കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി മുന്നോട്ടുവച്ച അടിസ്ഥാനഘടനാതത്വത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നവീകരിക്കപ്പെടുക എന്നുള്ളത് ഭരണഘടനാ പദ്ധതിയുടെ ഭാഗമാണ്. ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത ഭേദഗതിക്കെതിരെ വന്ന ഹർജികൾ തള്ളിക്കളഞ്ഞുകൊണ്ട്, നമ്മുടെ സുപ്രീംകോടതി, ഒരിക്കൽ കൂടി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നൊരു വിധിയെഴുതിയിരിക്കുന്നു.  

1976-ലെ 42 ആം  ഭേദഗതിയിലൂടെ, ആമുഖത്തിന്റെ ഭാഗമായ ഈ തത്വങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻറെ അടിസ്ഥാനശിലകളായി നിലകൊള്ളുന്നവയാണ്. ഇതിനെതിരെ ഉയർന്നുവന്ന വികട വാദങ്ങളെ തള്ളിക്കളഞ്ഞ സുപ്രീംകോടതി, ഈ മൂല്യങ്ങളുടെ പ്രാധാന്യം  ഒരിക്കൽ കൂടി അടിവരയിട്ട് പറയുകയാണ്.

 ഭരണഘടനയ്ക്ക് കാലികമായ മാറ്റങ്ങൾ  ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം നമ്മുടെ ഭരണഘടനാ ശില്പികൾ മനസ്സിലാക്കിയിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരം നൽകുന്ന അനുഛേദം 368, അവർ വിഭാവനം ചെയ്ത ഭരണഘടനയുടെ പരിവർത്തനാത്മക സ്വഭാവം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഹർജിക്കാർ അവകാശപ്പെട്ടതുപോലെ, 1949 നവംബർ 26- ഭരണഘടനയുടെ അവസാന രൂപം അംഗീകരിക്കപ്പെട്ട ദിവസം- ഭരണഘടനാഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നില്ല എന്ന് കോടതി വിലയിരുത്തി. പകരം ജനാഭിലാഷവും ജനാധിപത്യമൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന മാറ്റങ്ങൾ ഭരണഘടനയിൽ അനിവാര്യമാണെന്ന കാര്യവും വിധി ഉയർത്തിക്കാട്ടുന്നു.  

ഭരണഘടനയുടെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്നതാണ് 1976-ൽ കൂട്ടിച്ചേർത്ത വാക്കുകൾ എന്ന വാദം കോടതിക്ക് സ്വീകാര്യമായില്ല. ഭരണഘടനയുടെ വിശാലദർശനങ്ങൾക്ക് അനുപൂരകമാണ് ഈ വാക്കുകൾ എന്ന സമീപനമാണ് കോടതി സ്വീകരിച്ചത്. മതേതരത്വം എന്ന വാക്ക് 1949-ൽ  ഉണ്ടായിരുന്നില്ലെങ്കിലും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം,  നിയമത്തിനു മുന്നിലെ തുല്യത, വിവേചനങ്ങൾക്കെതിരായ അവകാശം, എന്നിവയിലൂടെ ‘മതേതരത്വം’ എന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമായിരുന്നു. അനുഛേദം 14, 15, 16, 19, 25, 26 എന്നിവയൊക്കെ മേൽപ്പറഞ്ഞ അവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യൻ സാഹചര്യത്തിൽ, സോഷ്യലിസം എന്ന വാക്കിന് ഏതെങ്കിലും പ്രത്യേക വരട്ടു തത്വവാദത്തിന്റെ പരിമിതമായ അർത്ഥമല്ല ഉള്ളത്. സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളുടെ ഭാരമല്ല, സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ പ്രതിഫലനമാണ് ആ വാക്ക്. വ്യവസ്ഥാപിതമായ അസമത്വങ്ങളുടെ ഫലമായി ഒരു ഇന്ത്യൻ പൗരൻ പോലും പിന്തള്ളപ്പെടരുത് എന്ന നീതിബോധത്തിന്റെ ഭാഗമാണത്. 

ഇത് മറ്റു പലകാര്യങ്ങളിലുമെന്നപോലെ ഇന്ത്യയ്ക്ക് മാത്രം സാധിക്കുന്ന അനന്യമായൊരു ആശയ പന്ഥാവിൻറെ വെളിച്ചമാണ്. “ഭരണഘടനയുടെ ആമുഖം അതിൻറെ ആദ്യ രൂപത്തിൽ, ‘അവസരസമത്വം, സാഹോദര്യം, വ്യക്തിപരമായ അന്തസ്സ്’ ഒപ്പം ‘സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്നീ സൂചകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നത് മതേതരത്വ മൂല്യങ്ങളെയാണ്.” കോടതി പറയുന്നു. ഇന്ത്യൻ സാഹചര്യത്തിൽ മതേതരത്വം എന്നത് ഏറ്റവും വിശാലമായ അർത്ഥതലമുള്ള  വാക്കാണെന്നാണ് വിധിയിൽ വിശദമാക്കുന്നത്. അത് വ്യക്തിസ്വാതന്ത്ര്യത്തെയും, മനസാക്ഷിക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും, നാനാത്വത്തിൽ ഏകത്വത്തെയും സൂചിപ്പിക്കുന്നു. അങ്ങനെ വളരെ ധ്രുവീകൃതമായൊരു ലോകത്ത്, ഇന്ത്യയെ വൈവിധ്യങ്ങളിൽ ഒരുമ തേടുന്ന പ്രതീക്ഷയുടെ പ്രതീകമായി ഉയർത്തി കാണിക്കുന്നു.

സോഷ്യലിസത്തെക്കുറിച്ച് കോടതി  പറയുന്നത് ഇങ്ങനെയാണ്: “സാമൂഹ്യവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കൊണ്ട്, ഒരു പൗരനും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സാമ്പത്തിക-സാമൂഹ്യ നീതിയുടെ ആശയത്തെയാണ് സോഷ്യലിസം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.” ഇത് ഒരുതരത്തിലും സാമ്പത്തിക നയങ്ങളെ പരിമിതപ്പെടുത്തുന്നില്ല എന്ന് വ്യക്തമാണ്. പകരം തുല്യനീതി ഉറപ്പുവരുത്തുന്ന ക്ഷേമ രാഷ്ട്ര സങ്കല്പത്തോടുള്ള പ്രതിബദ്ധതയാണത്. ഈ വാക്ക് ആമുഖത്തിൽ നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യ ഒരു മിശ്ര സമ്പദ് വ്യവസ്ഥയാണ് പിന്തുടരുന്നത്. പൊതുമേഖലയും സ്വകാര്യ മൂലധനവും ഒരുപോലെ പ്രവർത്തിച്ചുവരുന്ന  രാജ്യമാണിത്. ഇവിടെ, ഉള്ളവനും ഇല്ലാത്തവനും ഇടയിൽ ഒരു പാലമാകേണ്ട  ധാർമിക ദിശാസൂചികയാണ് ഭരണഘടനയിൽ സോഷ്യലിസം എന്ന തത്വം.

ഒരു ഭരണഘടന ഭേദഗതിയ്ക്ക്, പതിറ്റാണ്ടുകൾക്ക് ശേഷം അതിനെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ അവസരവാദത്തെയും കോടതി വിമർശിക്കുന്നുണ്ട്. 44 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ഹർജിയുമായി കോടതിയിൽ എത്തുന്നത്. ഇത്രയും കാലം  ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു എന്നത് തന്നെ വലിയ തോതിലുള്ള പൊതു സ്വീകാര്യത അതിലുണ്ടായിരുന്നു എന്നതിൻറെ സൂചനയാണ്.

അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ ഭേദഗതി ആയതുകൊണ്ട് ഇതിന് ജനകീയ അംഗീകാരം ഇല്ല എന്ന വാദവും കോടതി തള്ളുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയ്ക്ക് സ്വാഭാവികമായും ഉണ്ടായിരുന്ന കാലാവധി കഴിഞ്ഞ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമാണ് 42 ആം ഭേദഗതി നടപ്പിലാക്കിയത് എന്നതൊരു വസ്തുതയാണെങ്കിലും, 44 ആം ഭേദഗതിയിലൂടെ നമ്മുടെ പാർലമെൻറ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതാണ്. വളരെ ഗൗരവമാർന്ന ചർച്ചകൾക്കു ശേഷം അടിയന്തരാവസ്ഥക്കാലത്തെ പല ഭേദഗതികളും പിൻവലിക്കപ്പെട്ടുവെങ്കിലും, സോഷ്യലിസവും സെക്യുലറിസവും ഭരണഘടനയുടെ ഭാഗമായി തുടരട്ടെയെന്നു തീരുമാനിച്ചത് പാർലമെൻറും വിവിധ സംസ്ഥാന നിയമസഭകളും തന്നെയാണ്.

വൈവിധ്യങ്ങളെ ചേർത്തുപിടിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനദർശനത്തിനെതിരായ അക്രമങ്ങളെ നേരിടുന്നതിൽ നീതിന്യായ സംവിധാനത്തിന്റെ പങ്ക് വ്യക്തമാക്കുന്ന വിധിയാണ് ഈ ഭരണഘടനാദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേശവാനന്ദ ഭാരതി, എസ് ആർ ബൊമ്മേ, ആർ സി പൗഡ്യാൽ, ഇസ്മായിൽ ഫാറൂഖി തുടങ്ങിയ സുപ്രധാന കേസുകളിൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച അടിസ്ഥാന മൂല്യങ്ങളെ പിന്തുടരുന്നതാണ് ഈ വിധിയും.

കേവലം ഒരു നിയമ പോരാട്ടത്തിന്റെ സ്വാഭാവിക പരിണിതിക്കപ്പുറം, നീതി, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം തുടങ്ങിയ ഭരണഘടന മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്ന രാഷ്ട്രീയ വിജയം കൂടിയാണിത്. വൈവിധ്യങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന ആശയധാരയുടെ ജീവസുറ്റ രേഖയായി ഭരണഘടന നിലകൊള്ളേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ആവശ്യമാണ്. ഭരണഘടനയുടെ ആമുഖം, നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പുരോഗതിയുടെയും പ്രതീകമാണ്. മതേതരത്വവും സോഷ്യലിസവും അതിൻറെ മുറിച്ചു മാറ്റാനാകാത്ത ഘടകങ്ങളാണ്.  ഈ ഘട്ടത്തിൽ സുപ്രീംകോടതി നമുക്കൊപ്പം നിന്നു എന്നത് അഭിനന്ദനീയമാണ്, ആശ്വാസകരമാണ്, പ്രത്യാശ നൽകുന്നതാണ്.

First published in Suprabhatham Daily 27/11/2024

LEAVE A REPLY

Please enter your comment!
Please enter your name here