അത്യന്തം നടകീയവും രഹസ്യാത്മകവുമായിരുന്നു നീക്കങ്ങൾ. ജമ്മു-കശ്മീരിനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. കുറച്ചു ദിവസങ്ങളായി കശ്മീരിൽ വൻ സൈനീക നീക്കങ്ങൾ നടക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സൈനീക വിന്യാസസാന്ദ്രത ഉള്ള പ്രദേശമാണ് കശ്മീർ. 10 പേർക്ക് ഒരു സൈനികൻ. അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ തടവിലാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്ത വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഇതാ ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തിരിക്കുന്നു. (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു.
ഈ മാറ്റങ്ങൾ കൊണ്ടു വന്ന രീതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം സുപ്രധാനമായ ഒരു ബില്ല് അവതരിപ്പിക്കുന്ന വിവരം ആഗസ്ത് 5-ലെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അവസാന നിമിഷം ലിസ്റ്റ് മാറ്റി, ഇതുകൂടി ചേർക്കുകയായിരുന്നു. ബില്ല് പൊതുജനങ്ങൾക്കോ, പാര്ലമെന്റങ്ങൾക്കോ പരിശോധനക്കായി നൽകിയിരുന്നില്ല. കേരളത്തിലെയോ, തമിഴ്നാട്ടിലെയോ ഒക്കെ എല്ലാ രാഷ്ട്രീയക്കാരെയും തടവിലാക്കി, നാട്ടിലെ എല്ലാ വാർത്ത വിനിമയ മാർഗങ്ങളും ഇല്ലാതാക്കി, പെട്ടെന്നൊരു ദിവസം സംസ്ഥാനങ്ങൾ ഇല്ലാതാക്കി ചെറു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നുണ്ടോ?
ലോകത്തിൽ ഒരു രാജ്യവും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിച്ചിട്ടില്ല. കശ്‌മീർ മറ്റൊരു കൊസോവോയോ, കിഴക്കൻ തിമോറോ, തെക്കൻ സുഡാനോ ആയി തീരരുത് എന്നാണ് നമ്മുടെ ആഗ്രഹം. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കാതെ എന്തു പ്രശ്നപരിഹാരമാണ് നിങ്ങൾ ഉണ്ടാക്കുക?
കാശ്മീരിനെക്കുറിച്ച് പറയുമ്പോൾ അൽപ്പം ചരിത്രം പറയാതെ വയ്യ. 1947 ആഗസ്ത് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലെ മറ്റനേകം നാട്ടു രാജ്യങ്ങൾക്കൊപ്പം ഒരു നാട്ടുരാജ്യം മാത്രമായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ഏതെങ്കിലും ഒരു യൂണിയനിൽ ലയിക്കുവാനോ, സ്വതന്ത്ര രാജ്യമായി നിലനിൽക്കുവാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കശ്മീരിലെ രാജാവ് ഹരി സിംഗ് സ്വതന്ത്ര രാജ്യമാണ് ആഗ്രഹിച്ചത്. എന്നാൽ നിനച്ചിരിക്കാതെ ഉണ്ടായ പാകിസ്താനി അധിനിവേശം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. പഠാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യൻ സഹായം തേടി. അങ്ങനെ 1947 ഒക്ടോബർ 27-ന് ലയന ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കാശ്മീരിന് സ്വന്തമായി പതാകയും ഭരണഘടനയും ഉണ്ടായിരിക്കും. പ്രതിരോധം, വിദേശകാര്യം, വർത്താവിനിമയം എന്നീ മേഖലകളിൽ മാത്രമേ ഇന്ത്യൻ പാർലമെന്റിന് കശ്മീരിനെ സംബന്ധിച്ച നിയനിര്മാണം നടത്താനാകൂ. മാത്രവുമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യൻ ഭരണഘടന ഏതെങ്കിലും തരത്തിൽ അംഗീകരിക്കാൻ കശ്മീർ നിര്ബന്ധിതമാവുകയുമില്ല.
ഈ ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. ഭരണഘടനയുടെ 11-ആം ഭാഗത്ത് ‘താത്കാലിക’ വകുപ്പുകൾക്കൊപ്പം ആണ് ആർട്ടിക്കിൾ 370 ചേർത്തിരിക്കുന്നത്. എന്നിരുന്നാലും മേൽ വകുപ്പ് താത്കാലികമല്ല എന്നും ഒരു സ്ഥിര വകുപ്പ് ആണെന്നും സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബഞ്ച് 1959-ൽ വിധിച്ചിട്ടുണ്ട്. (പ്രേം നാഥ് കൗൾ vs സ്റ്റേറ്റ് ഓഫ് ജമ്മു-കശ്മീർ, 1959). ആർട്ടിക്കിൾ 370 വഴി ലയന ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെ സംബന്ധിച്ച ഏതൊക്കെ ഇന്ത്യൻ നിയമങ്ങളാണ് കാശ്മീരിന് ബാധകമാവുക എന്ന് കശ്മീർ ഗവണ്മെന്റിന്റെ/ ഭരണഘടനാ നിര്മാണസഭയുടെ അനുമതിയോടെ പ്രസിഡന്റിന് ഒരു ഉത്തരവ് പുറപ്പെടുവിക്കാം.
കശ്മീരിനെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്താം.
ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇന്ത്യൻ പ്രസഡന്റിന് ഒരു ഉത്തരവ് വഴി ആർട്ടിക്കിൾ 370 റദ്ദാക്കാൻ കഴിയും. പക്ഷെ അതിന് കശ്മീർ ഗവണ്മെന്റിന്റെ സമ്മതം പോരാ, കോൻസ്റിറ്റുവൻറ് അസ്സംബ്ലി അഥവാ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി വേണം. എന്നാൽ ഭരണഘടനാ നിർമാണ സഭയാകട്ടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർദ്ദേശങ്ങൾ ഒന്നും നൽകാതെ 1957 ഫെബ്രുവരി 26-ന് പിരിച്ചു വിടുകയും ചെയ്തു. അതായത് ഇനി ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കാനാകില്ല എന്നു സാരം. അതുകൊണ്ടാണ് 1959-ൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചു ഈ വകുപ്പ് താത്കാലികമല്ല, സ്ഥിരസ്വഭാവമുള്ളതാണ് എന്നു വിധി എഴുതിയത്.
ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ആർട്ടിക്കിൾ 370-ന്റെ കരട് അവതരിപ്പിച്ച ഗോപാലസ്വാമി അയ്യങ്കാർ 1949 ഒക്ടോബർ 17-ന് ഇക്കാര്യം സഭയിൽ വ്യക്തമാക്കുന്നുണ്ട്. “370(3) പ്രകാരം ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശം ഉണ്ടാകണം. ആർട്ടിക്കിൾ 368 വഴി, ഭരണഘടനാ ഭേദഗതിയിലൂടെയും ഇതു സാധിക്കില്ല. കാരണം ഇന്ത്യൻ ഭരണഘടനയിലെ ഭേദഗതികൾ കാശ്മീരിന് ബാധകമാകണമെങ്കിൽ ആർട്ടിക്കിൾ 370 അനുസരിച്ച് പ്രസിഡൻഷ്യൽ ഉത്തരവുണ്ടാകണം. അത് സംസ്ഥാന ഭരണഘടന നിർമാണ സഭയുടെ അംഗീകാരവും വേണം”. സർദാർ വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്റു, ഗോപാല സ്വാമി അയ്യങ്കാർ എന്നിവരാണ് 370ന്റെ ശിൽപികൾ.
ആഗസ്ത് 5-ന് ഇറക്കിയ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഈ കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഗവണ്മെന്റ് നടത്തിയത്. പ്രസിഡൻഷ്യൽ ഉത്തരവ് നം. 272 യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370 റദ്ദു ചെയ്യുന്നതല്ല. അതിന് 370(3) പ്രകാരം ഉത്തരവ് ഉണ്ടാകണം. എന്നാൽ ഉത്തരവ് 272 ആർട്ടിക്കിൾ 370(1) അനുസരിച്ചാണ് ഇറക്കിയിരിക്കുന്നത്. കശ്മീരിനെ സംബന്ധിച്ച ഭരണഘടനാ വകുപ്പുകൾ കശ്മീർ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കുന്നതാണ് ഈ വകുപ്പ്.
പ്രസിഡൻഷ്യൽ ഉത്തരവ് 272, ആർട്ടിക്കിൾ 370(1) പ്രകാരം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്യുന്നതായിരുന്നു. 370(1) അനുസരിച്ച് ആർട്ടിക്കിൾ ഒന്നും ആർട്ടിക്കിൾ 370ഉം ഒഴികെ മറ്റെല്ലാ വകുപ്പുകളും ഭേദഗതി ചെയ്യാം. ആ അധികാരം ഉപയോഗിച്ചുകൊണ്ട് ആർട്ടിക്കിൾ 367 (വ്യാഖ്യാനങ്ങളെ സംബന്ധിക്കുന്ന വകുപ്പ്) ഭേദഗതി ചെയ്ത് 367 (4)എ, ബി, സി , ഡി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു.
1. ഭരണ ഘടനയിൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സദർ-ഇ-റിസായത് എന്നു പറയുന്നതിന്റെ അർത്ഥം ഇനി മുതൽ ജമ്മു-കശ്മീർ ഗവർണർ എന്നായിരിക്കും
2. സംസ്ഥാന ഗവണ്മെന്റ് എന്നു പറഞ്ഞാൽ അത് സംസ്ഥാനത്തിന്റെ ഗവർണർ എന്നായിരിക്കും അര്ഥമാക്കുക.
3. ആർട്ടിക്കിൾ 370(3)-ലെ “കോൻസ്റിറ്റുവൻറ് അസംബ്ലി’ എന്നത് ഇനി മുതൽ ‘ലെജിസ്ളേറ്റീവ് അസംബ്ലി’ എന്നായിരിക്കും.
ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 370 ഇല്ലാതാക്കാനാകില്ല. 370(3) വഴിയേ അതു സാധ്യമാകൂ. അതിനു പക്ഷെ constituent assembly (സംസ്ഥാന ഭരണഘടനാ നിർമാണ സമിതി) യുടെ അനുമതി വേണം. ഭരണ ഘടന നിർമാണ സമിതി 1950-ൽ പിരിച്ചു വിട്ടതാണ്. അതുകൊണ്ടു തന്നെ ഇനി അതിന്റെ അനുമതി ലഭ്യമാകില്ല. അതുകൊണ്ട് 370 ഒരു സ്ഥിര വകുപ്പ് ആണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതു മറികടക്കാനാണ് അവിടെ legislative assembly (നിയമനിർമാണ സഭ) എന്നു തിരുത്തിയത്.
പക്ഷേ, ഇവിടെ ഗുരുതരമായ മറ്റു നിയമപ്രശ്നങ്ങൾ ഉണ്ട്. ആദ്യമായി ഉത്തരവ് തുടങ്ങുന്നത് തന്നെ ‘സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടെ പ്രസിഡന്റ് ഇറക്കുന്ന ഉത്തരവ്’ എന്നാണ്. അങ്ങനെയേ പ്രസിഡന്റിന് ഉത്തരവിടാൻ കഴിയൂ. പക്ഷെ, ഇവിടെ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതം എവിടെയാണ്? മാസങ്ങളായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. ഭരണഘടനാപ്രകാരം മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണറാണ് സമ്മതം നൽകേണ്ടത്. ഇത് ഒഴിവാക്കാൻ വേണ്ടി മാത്രം കശ്മീരിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരുന്നു എന്നല്ലേ നാം കരുതേണ്ടത്? കേന്ദ്ര ഗവണ്മെന്റിന്റെ ഇച്ഛ നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ സമ്മതം വാങ്ങിയെന്നാണോ ഇതിന്റെ അർത്ഥം? അങ്ങനെ തന്നെ ആവണമെങ്കിൽ പോലും ഈ പ്രസിഡൻഷ്യൽ ഉത്തരവ് വഴി നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർട്ടിക്കിൾ 367 ലെ ഭേദഗതി വഴി മാത്രമേ സാധിക്കൂ. ഉത്തരവ് ഇറക്കുമ്പോൾ ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തിട്ടില്ല, അപ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തിനു പകരം ഗവർണറുടെ സമ്മതം മതിയാകില്ല. ഉത്തരവ് ഇറക്കാതെ 367 ഭേദഗതി ചെയ്യാനും കഴിയില്ല.
മാത്രവുമല്ല 367(4)ഡി യിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭ എന്നാൽ സംസ്ഥാന നിയമസഭാ എന്ന് അര്ഥമാക്കണം എന്നു ചേർത്തിരിക്കുന്നു. ഇത് ഫലത്തിൽ ആർട്ടിക്കിൾ 370 (3) വകുപ്പ് ഭേദഗതി ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 1-ഉം ആർട്ടിക്കിൾ 370-ഉം ഭേദഗതി ചെയ്യാൻ കഴിയില്ല എന്ന് 370(1) വായിച്ചു നോക്കിയാൽ ആർക്കും ബോധ്യപ്പെടും. ഇവിടെ പിൻവാതിലിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ്. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പരോക്ഷമായി ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെ പ്രസിഡൻഷ്യൽ ഉത്തരവ് 272 നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുമെന്ന് നമുക്ക് കരുതാം.
യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370(1) അനുസരിച്ചുള്ള ഉത്തരവുകൾക്കുപോലും ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി ആവശ്യമാണ് എന്ന് എ. ജി. നൂറാണിയെപ്പോലെ ഉള്ള വിദഗ്ധർ പറയുന്നു. ഗവണ്മെന്റിന്റെ സമ്മതം എന്നത് ഭരണഘടനാ നിർമാണ സമിതി രൂപീകരിക്കുന്നതുവരെയുള്ള ഒരു താത്ക്കാലിക ആനുകൂല്യം മാത്രമായിരുന്നു. അതായത് ഭരണഘടന നിർമാണ സമിതി പിരിച്ചു വിട്ടതിനു ശേഷം ആർട്ടിക്കിൾ 370 പ്രകാരം പ്രസിഡൻഷ്യൽ ഉത്തരവുകൾ നിയമപരമല്ല. 1957 വരെ ഈ തത്വം പാലിക്കപ്പെട്ടിരുന്നു. 1950, 1952, 1954 പ്രസിഡൻഷ്യൽ ഉത്തരവുകൾ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതിപ്രകാരമാണ് ഇറങ്ങിയത്. ഇതിൽ 1954-ലെ ഉത്തരവ് പ്രകാരമാണ് ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായത്.
അതിനു ശേഷം ഏകദേശം നാൽപ്പതോളം ഉത്തരവുകൾ ഇറങ്ങി. 1968-ൽ സുപ്രീംകോടതി ആ ഉത്തരവുകൾ ശരിവച്ചു. എന്നാൽ ആ കേസിൽ 1959ലെ ഭരണഘന ബഞ്ചിന്റെ വിധിയുൾപ്പടെ പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിരുന്നില്ല. ഏതായാലും ഇന്ന് കേന്ദ്ര ലിസ്റ്റിലെ 97-ൽ 96 കാര്യങ്ങളും, കണ്കറന്റ് ലിസ്റ്റിലെ 47-ൽ 26-ഉം ഭരണഘടനയുടെ 395 ആർട്ടിക്കിലുകളിൽ 260-ഉം കാശ്മീരിനും ബാധകമാണ്. അതായത് ഫലത്തിൽ കശ്മീരിന്റെ ലയനകാലത്ത് വിഭാവനം ചെയ്ത സ്വയം ഭരണാവകാശത്തെ ക്രമേണ ദുര്ബലപ്പെടുത്താനാണ് ആർട്ടിക്കിൾ 370 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയും കാശ്മീരും തമ്മിലുള്ള തുരങ്കം ആയിരുന്നു. ഇന്ത്യൻ യൂണിയനെ നിർവചിക്കുന്ന ആർട്ടിക്കിൾ (1)-ൽ കാശ്മീരും വരുമെങ്കിലും ആർട്ടിക്കിൾ 370(1)സി ശ്രദ്ധിക്കുക, ആർട്ടിക്കിൾ ഒന്ന് കാശ്മീരിന് ബാധകമാകുന്നത് തന്നെ ഈ വകുപ്പ് വഴിയാണ് എന്നു കാണാം. [370(1)(c) the provisions of Article 1 and of this article shall apply in relation to that State;]. അതുകൊണ്ടാണ്, കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തുടരണം എന്നതുകൊണ്ടാണ് കശ്മീർ നിയമനിർമാണ സമിതി ആർട്ടിക്കിൾ 370 റദ്ദു ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ പിരിച്ചു വിട്ടത്. അതില്ലാതാവുകയെന്നാൽ കശ്മീർ ഇന്ത്യയ്ക്ക് അന്യമാവുകയെന്നാണ്. ഒരുപക്ഷേ കശ്മീർ നമുക്ക് എന്നന്നേക്കുമായി നഷ്ടമാകാൻ ആയിരിക്കാം ഈ നീക്കം വഴിവയ്ക്കുക.
ആഗസ്ത് 6-ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡൻഷ്യൽ ഉത്തരവും ഇറങ്ങിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇറങ്ങിയ ഉത്തരവ് നം.273.
ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യമായ ഉത്തരവ് ആണ് ഇത്. ആർട്ടിക്കിൾ 370(3) ന്റെ ടെക്സ്റ്റ് നോക്കുക:
(3) Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify: Provided that the recommendation of the Constituent Assembly of the State referred to in clause ( 2 ) shall be necessary before the President issues such a notification.
അതായത് ജമ്മു-കശ്മീർ ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശാനുസരണം മാത്രമേ 370 റദ്ദാക്കാൻ കഴിയൂ. അതു മറികടക്കാനാണ് കഴിഞ്ഞ ദിവസം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് ആർട്ടിക്കിൾ 370(1) ഉപയോഗിച്ചുകൊണ്ട് ഇറക്കിയത്. (പ്രസിഡൻഷ്യൽ ഉത്തരവ് നം. 272). അതിൻപ്രകാരം 370(3)-ലെ സംസ്ഥാന ഭരണഘടനാ നിർമാണ സമിതി എന്നുള്ളത് നിയമസഭാ എന്നു വായിക്കണമെന്ന് വന്നു (മുകളിൽ സൂചിപ്പിച്ചിരുന്നതുപോലെ പരോക്ഷമായി ആർട്ടിക്കിൾ 367 മാറ്റുക വഴി). അതു തെറ്റായ നടപടിയാണ്. വാദത്തിനു വേണ്ടി അതു ശരി എന്ന് കരുതുക, എങ്കിൽ പോലും ചുരുങ്ങിയ പക്ഷം സംസ്ഥാന നിയമസഭയുടെ നിർദ്ദേശമെങ്കിലും ആവശ്യമായിരുന്നു. ഇവിടെ പകരം പാർലമെന്റിന്റെ നിര്ദേശനുസരണമാണ് ഉത്തരവ്. അത് ഏത് നിയമം വഴിയാണ്?
പോരാത്തതിന്, കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് നം.272 ഇന്ത്യയിൽ ബാധകവുമല്ല. 370(1) വഴി കാശ്മീരിന് ബാധകമായ ഇന്ത്യൻ ഭരണഘടന മാത്രമാണ് ഒരു ഉത്തരവ് വഴി പ്രസിഡന്റിന് ഭേദഗതി ചെയ്യാൻ കഴിയുക. ആ ഭേദഗതി കാശ്മീരിന് മാത്രമാണ് ബാധകമാവുക. ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367 ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഭേദഗതി വരുത്താനുള്ള അധികാരം ഒന്നും പ്രസിഡന്റിനില്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാര്ലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367-ൽ ഒരു മാറ്റവും ഇല്ല. പിന്നെങ്ങനെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് നം. 272 അനുസരിച്ച് ഇന്ന് ഉത്തരവ് നം.273 ഇറക്കാൻ കഴിയും?
ഇനി അഥവാ ആർട്ടിക്കിൾ 368 മുഖേന ഭരണഘടനഭേദഗതി വരുത്തിയാൽ തന്നെ അത് ജമ്മു-കാശ്മീരിന് ബാധകമാകുകയുമില്ല. അങ്ങനെ ബാധകമകണമെങ്കിൽ സെക്‌ഷൻ 370(1) അനുസരിച്ച് കശ്മീർ ഭരണഘടനാനിര്മാണ സഭയുടെ അനുമതിയോടുകൂടി പ്രസിഡൻഷ്യൽ ഉത്തരവ് ഉണ്ടാകണം!
ആഗസ്ത് 5-ലെ പ്രസിഡൻഷ്യൽ ഉത്തരവ് നാം. 272 വഴി ‘ജമ്മുകശ്മീറിന് ബാധകമായ ഭരണഘടനയിൽ’ (സാങ്കേതികമായി അങ്ങനെ 2 ഭരണഘടന ഉണ്ട് ഇവിടെ: Constitution of India യും Constitution of India as applicable to J&K യും) വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഭരണഘടനയിലും വരുത്തി എന്നു കരുതുക. അപ്പോൾ സംസ്ഥാന ഗവണ്മെന്റ് എന്നാൽ ഗവർണർ എന്നായി മാറും. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണർ എന്നാൽ വെറുതെ ‘ഗവർണർ’ എന്നാവും. അതായത് കേന്ദ്രത്തിന്റെ നോമിനിയ്ക്ക് ജനഹിതമോ മന്ത്രിസഭയുടെ ഹിതമോ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം എന്തും നിർദ്ദേശിക്കാം എന്ന അവസ്ഥ വരും. ഫെഡറൽ സംവിധാനം ഇല്ലാതാകും. അങ്ങനെ നിയമപരമായും സാങ്കേതികമായും ധാര്മികമായും രാഷ്ട്രീയമായും ഒരു വലിയ തെറ്റിലേക്കാണ് രാജ്യം നീങ്ങുന്നത്…
കശ്മീർ എന്നാൽ ഒരു ശിരസ്സുപോലെ ഇന്ത്യൻ ഭൂപടത്തിന് ആകാര ഭംഗി ഉറപ്പുവരുത്തുന്ന വെറും ചിത്രമല്ല എന്നും, അവിടെ ജീവിക്കുന്ന മനുഷ്യർ കൂടി ആണെന്നും തിരിച്ചറിയാതെയുള്ള ഒരു മാർഗവും പ്രശ്നപരിഹാരത്തിലേക്ക് നയിക്കില്ല. ഈ ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ഇന്നലെ പ്രധാനപ്പെട്ട കശ്മീരി ദിനപത്രങ്ങളുടെ വെബ്‌സൈറ്റ് ഞാൻ പരതിയിരുന്നു. ഇന്നലെ രാവിലെ വരെ പുതിയ വർത്തകളൊന്നും ഇല്ല. ഞായറാഴ്ചയാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തിരുന്നത്. അപ്പോൾ മുതൽ അവിടെ ഇന്റർനെറ്റ്, ലൻഡ്‌ലൈൻ, വൈദ്യുതി ഒക്കെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ കാശ്മീരിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചാബിലും, ബംഗാളിലും കേരളത്തിലും ടെലിവിഷൻ സ്റ്റുഡിയോകളിൽ കശ്മീർ ആണ് ചർച്ചാ വിഷയം. കാശ്മീരികളാകട്ടെ, മൗനത്തിലാണ്. അവരുടെ കണ്ണും കാതും വായും മറക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ച് മറ്റുള്ളവർ തർക്കിക്കുമ്പോൾ, തീരുമാനമെടുക്കുമ്പോൾ, നിസ്സഹായരായി ഒന്നു ശബ്ദമുയർത്താൻ പോലുമാകാതെ അവർ ജീവിക്കുകയാണ്. ഇത്രകാലം അഖണ്ഡ ഭാരതത്തിനൊപ്പം നിന്ന, സമാധാനത്തിനുവേണ്ടി നിലകൊണ്ട, മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പോലും തടങ്കലിൽ ആണ്. ലോകത്തെ ഏറ്റവും ‘വലിയ’ ജനാധിപത്യരാജ്യം എന്താണ് സ്വന്തം ജനതയോട് ചെയ്യുന്നത് എന്നു ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നുകയാണ്. ജനാധിപത്യം ഈ താഴ്‌വരയിൽ ചോരവാർന്നു കിടക്കുന്നു.
(ഈ ലേഖനം മംഗലം ദിനപ്പത്രത്തിൽ ർണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.)