ഗ്യാൻ വാപി: ആരാധനാലയ നിയമം അപ്രസക്തമാകുന്നു. 

“1991-ലെ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്. ആ നിയമം നമ്മുടെ ചരിത്രത്തോടും രാജ്യത്തിൻറെ ഭാവിയോടും സംവദിക്കുന്നു. നമ്മുടെ ചരിത്രത്തെക്കുറിച്ചും അതിനെ അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ചും നമ്മൾ പൂർണ്ണ ബോധവാന്മാരാണ്. പോയ കാലത്തിൻറെ മുറിവുകളെ ഉണക്കുവാനുള്ള മഹത്തായ  മുഹൂർത്തമായിരുന്നു സ്വാതന്ത്ര്യലബ്ധി. നിയമം കയ്യിലെടുക്കുന്ന മനുഷ്യരെക്കൊണ്ട് ചരിത്രപരമായ തെറ്റുകളെ തിരുത്താൻ കഴിയില്ല. ആരാധനാലയ നിയമം പാസാക്കിയതിലൂടെ, ചരിത്രവും ചരിത്രത്തിലെ പിഴവുകളും, വർത്തമാന കാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപകരണങ്ങളാക്കി മാറ്റിക്കൂടാ, എന്ന സന്ദേശം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് പാർലമെൻറ് ചെയ്തത്.” ആരാധനാലയ നിയമത്തെക്കുറിച്ച് അയോധ്യ വിധിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് കുറിച്ചതിങ്ങനെയാണ്. ആരാധനാലയങ്ങളുടെ 1947, ആഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവം മാറ്റണമെന്ന് അവശ്യമുന്നയിക്കുന്ന ഒരു തർക്കവും പരിഗണിക്കേണ്ടതില്ല എന്നതാണ് നിയമത്തിൻറെ അന്തസത്ത. ഈ നിയമം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നായ മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കോടതി പ്രസ്താവിച്ചു.  നിയമത്തിന്റെ പരിധിയിൽ പെടാതിരുന്ന രാമജന്മഭൂമി തർക്കത്തെ ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് പുറപ്പെടുവിക്കുന്നത് എന്ന് തോന്നുന്ന തരത്തിലാണ് അയോദ്ധ്യായ കേസിലെ സുപ്രീംകോടതിയുടെ വിധി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം തർക്കങ്ങൾ തീർപ്പാക്കുന്നതിനെ കുറിച്ച് തികച്ചും ശരിയായ നിരീക്ഷണങ്ങൾ  സുപ്രീംകോടതി നടത്തിയിട്ടുണ്ട്.

1 ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

 6. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. 

07 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 

08. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

കോടതിയുടെ നിലപാട് വളരെ കൃത്യമാണ്. ഇന്ത്യൻ മതേതരത്വത്തിന്റെ പക്ഷം നിൽക്കുന്ന ആർക്കും മേൽപ്പറഞ്ഞ കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായമുണ്ടാവാനിടയില്ല. എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഈ നിരീക്ഷണങ്ങളെ നോക്കി കണ്ടത്. എന്നാൽ അയോധ്യ വിധി, പ്രശ്നങ്ങൾ അവസാനിപ്പിക്കുകയല്ല ഒരു 100 ഭൂതങ്ങളെ തുറന്നു വിടുകയാണ് ചെയ്തതെന്ന് ഗ്യാൻ വാപി പള്ളിയുമായി ബന്ധപ്പെട്ട കേസിന്റെ വികാസഗതികൾ കാണുമ്പോൾ നാം തിരിച്ചറിയുകയാണ്.

 “കാശി മധുര ബാക്കി ഹേ” എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ നിലപാടിന് ശക്തി പകരുന്ന രീതിയിൽ ഈ കേസുകളും മുന്നോട്ടു പോകുന്നു. ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ പൂജ ചെയ്യുവാൻ ഹിന്ദു വിഭാഗത്തെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായിരിക്കുന്നു. തർക്ക പ്രദേശത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനം നടത്തുവാൻ വിധി വന്നിരിക്കുന്നു. 1991-ലെ ആരാധനാലയ നിയമം, കേസ് പരിഗണിക്കുന്നതിൽ നിന്നും കോടതിയെ തടയുന്നില്ലെന്ന നിലപാട് അലഹബാദ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നു. ചുരുക്കത്തിൽ അയോധ്യ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് എന്തൊക്കെ പ്രതീക്ഷകളാണ് മുന്നോട്ടുവച്ചിരുന്നത്, ആ വിധി വായിച്ച മതേതര ജനാധിപത്യ വിശ്വാസികൾ എന്തൊക്കെയാണോ ആഗ്രഹിച്ചിരുന്നത്, അതിനൊക്കെ വിപരീതമായി കാര്യങ്ങൾ മുന്നോട്ട് പോകുന്നതിന്റെ സൂചനകളാണ് കാണുന്നത്.

ആദ്യത്തെ കാര്യം, ചരിത്രപരമായ അനീതികൾക്ക് പരിഹാരം കാണുന്നതിനുള്ള വേദിയാക്കി ജനാധിപത്യ രാജ്യത്തെ നിയമവ്യവഹാരത്തെ മാറ്റാൻ കഴിയില്ല എന്ന നിരീക്ഷണം അപ്രസക്തമായി കഴിഞ്ഞു. കാരണം, ഗ്യാൻ വാപിയിൽ മസ്ജിദിന് കീഴെ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പരിശോധിക്കുവാൻ കോടതി എ. എസ്. ഐ-യെ ചുമതലപ്പെടുത്തിയിരിക്കുന്നു. രണ്ട്, ബാബറി പള്ളിയുടെ കാര്യത്തിൽ അത് മസ്ജിദ് ആണോ എന്ന തർക്കമേ ഉദിക്കുന്നില്ല എന്നും, അത് സംബന്ധിച്ച് ഹൈന്ദവ വിഭാഗം മുന്നോട്ടുവച്ച മതപരമായ ആശങ്കകൾ പരിശോധിക്കാനുള്ള വേദിയല്ല കോടതിയെന്നും, പ്രാഥമികമായ അർത്ഥത്തിൽ പള്ളിയായി ഉപയോഗിച്ചുവന്നിരുന്ന ആ കെട്ടിടം പള്ളി തന്നെ എന്ന് വസ്തുതാപരമായി അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ശരിയായ നിലപാടെടുത്ത പരമോന്നത നീതിപീഠത്തിന്റെ നിലപാടിന് വിരുദ്ധമായി, ഇവിടെ  ഗ്യാൻവാപി പള്ളി തന്നെയാണോ എന്ന സംശയം കോടതികൾ ഉന്നയിക്കുന്നു. മൂന്ന്, പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല എന്ന നിലപാടും ലംഘിക്കപ്പെടുകയാണ്. എന്നാൽ നിയമപരമായ നൈരാന്തര്യമുള്ള ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഈ പള്ളിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് മുസ്ലിങ്ങൾക്ക് അനുകൂലമായി തീർപ്പ് നൽകിയ 1936-ലെ ‘ദീൻ മുഹമ്മദ്’ കേസിലെ വിധി, പ്രശ്നത്തിലെ അവസാന തീര്‍പ്പല്ല എന്ന തരത്തിലാണ് കോടതിയുടെ വിലയിരുത്തൽ.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആരാധനാലയ നിയമം നിലനിൽക്കുന്നത് കൊണ്ട് സിവിൽ പ്രൊസീജിയർ കോഡിലെ ഓർഡർ (6) റൂൾ 11 അനുസരിച്ച്, പള്ളിയിൽ ആരാധനാസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഹൈന്ദവ വിഭാഗം നൽകിയിരിക്കുന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന വാദം കോടതി അംഗീകരിച്ചില്ല എന്നുള്ളതാണ്. ഒരു ഹർജിയിലെ ആവശ്യം, രാജ്യത്ത് നിലനിൽക്കുന്ന ഏതെങ്കിലും നിയമത്തിന് വിരുദ്ധമായ ആവശ്യമാണെങ്കിൽ, അത് പ്രാഥമിക ഘട്ടത്തിൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന വകുപ്പാണ് ‘ഓർഡർ (6) റൂൾ 11’. ഇവിടെ ആരാധനാലയ നിയമപ്രകാരം ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം, 1947 ഓഗസ്റ്റ് 15-ന് എന്തായിരുന്നുവോ, അതുതന്നെ നിലനിർത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടും എന്നായിരുന്നു ആക്ഷേപം. എന്നാൽ കൗതുകകരമായൊരു യുക്തിയിലൂടെ ഈ വാദത്തെ ഖണ്ഡിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ട ജില്ലാ ജഡ്ജിയുടെ വിരമിക്കലിന് മുൻപുള്ള അവസാന വിധി ന്യായമായിരുന്നു ഇത് എന്ന പ്രത്യേകതയുമുണ്ട്.

ഇവിടെ കേസ് വളരെ ലളിതമായിരുന്നു. 1991 ജൂലൈ 11-നാണ് ആരാധനാലയ നിയമം നിലവിൽ വരുന്നത്. അതിനുശേഷം, 1991 ഒക്ടോബർ 15-നാണ് ഗ്യാൻവാപി പള്ളി സംബന്ധിച്ച ആദ്യത്തെ കേസ് കോടതിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത നിയമം ഈ കേസിൽ ബാധകമാണ് എന്ന കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ, അലഹബാദ് ഹൈക്കോടതിയിൽ ജസ്റ്റിസ് ആർ ആർ അഗർവാൾ എഴുതിയ വിധിന്യായം നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നു. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റരുത് എന്നാണ് നിയമം നിഷ്കർഷിക്കുന്നത്.  നിയമത്തിലെ ‘ആരാധനാലയം’ എന്ന  വാക്കും ‘മതപരമായ സ്വഭാവം’ എന്ന വാക്കും രണ്ടായി കാണണം. ആരാധനാലയം എന്നാൽ മന്ദിരമാണ്, എന്നാൽ മതപരമായ സ്വഭാവം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് അതിന്റെ ഉപയോഗവും. ഇവിടെ കെട്ടിടത്തിന്റെ രൂപമല്ല (പള്ളിയുടെ രൂപം എന്നു കരുതുക) അത് എന്തിനുവേണ്ടി ഉയഅയോഗിച്ചു എന്നതിനാണ് പ്രസക്തി (അവിടെ ഹൈന്ദവർ പ്രാർഥിച്ചിരുന്നു എന്ന വാദം ശ്രദ്ധിക്കുക). അതുകൊണ്ടുതന്നെ 1947 ആഗസ്ത് 15-ന് പ്രസ്തുത മന്ദിരത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന് ‘തെളിവുകളുടെ അടിസ്ഥാനത്തിൽ’ സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്നാണ് ഹൈക്കോടതിയുടെ അഭിപ്രായം. ആരാധനാലായ നിയമപ്രകാരം മന്ദിരത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതിനാണ് വിലക്കുള്ളത്, മതപരമായ സ്വഭാവം എന്തെന്ന് പരിശോധിക്കുന്നതിന് തടസ്സമില്ല എന്നത്രെ വ്യാഖ്യാനം! മതപരമായ സ്വഭാവം മാറ്റാനുള്ള ഉദ്ദേശ്യം ഇല്ലെങ്കിൽ, ഒരു മതവിഭാഗം ആരാധന നടത്തുന്ന മന്ദിരത്തിൽ മറ്റൊരു വിഭാഗം അവകാശവാദം ഉന്നയിക്കുന്നത് എന്തിനെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. 

 തർക്കങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുവാനും നാട്ടിൽ ശാന്തിയും സമാധാനവും പുലരാനുമാണ് ആരാധനാലയ നിയമം നിർമ്മിച്ചത്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കോടതികൾ നിലപാടെടുക്കുന്നത് ദൗര്ഭാഗ്യകരമെന്നെ പറയേണ്ടു. അതിലും സങ്കടകരമാണ് ഇത്തരം സന്ദർഭങ്ങളിൽ പരമോന്നത നീതിപീഠം കാണിക്കുന്ന നിസ്സംഗത. യഥാർത്ഥത്തിൽ ‘ആരാധനാലയ നിയമം’ ചൂണ്ടിക്കാണിച്ചുകൊണ്ടു മസ്ജിദ് അധികൃതരുടെ ഹർജി പരിഗണിക്കവേ, “മന്ദിരത്തിന്റെ സ്വഭാവം നിർണയിക്കുന്നതിന് നിയമം തടസമാവില്ലെ”ന്ന ന്യായീകരണം ആദ്യം മുന്നോട്ടു ചീഫ് ജസ്റ്റിസ് ഡി വൈ. ചന്ദ്രചൂഡ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് ആരാധനാലയനിയമം എന്ന് അയോദ്ധ്യ വിധിയിൽ കുറിച്ചത്. ആ വിധിയുടെ അന്തസത്തയോട് അല്പമെങ്കിലും ആത്മാര്ഥതയുണ്ടായിരുന്നെങ്കിൽ സുപ്രീംകോടതി ഈ കേസിൽ ഇടപെടാതിരിക്കില്ലായിരുന്നു. അത് പക്ഷേ, ഉണ്ടായില്ല. ഇക്കാലത്ത് അതുണ്ടാവുമെന്നു കരുതുന്നത് അതിമോഹവുമാണ്. 

originally Published in Suprabhatham Daily on 13 February 2024

LEAVE A REPLY

Please enter your comment!
Please enter your name here