രാഷ്ട്രീയ ആയുധമായി പരിണമിച്ച കള്ളപ്പണ നിരോധന നിയമത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെയും സംബന്ധിച്ച സുപ്രധാനമായ ഒരു വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നു. ആരെയും എപ്പോഴും അറസ്റ്റ് ചെയ്യുവാനുള്ള അന്വേഷണ ഏജൻസിയുടെ അനിയന്ത്രിതമായ അധികാരത്തിന് കടിഞ്ഞാണിടുന്ന ഒരു വിധിയാണിത്. ഒരാൾക്കെതിരെ കേസെടുത്ത്, പ്രത്യേകകോടതിയിൽ കംപ്ലൈൻറ് ഫയൽ ചെയ്തു കഴിഞ്ഞാൽ, പി.എം.എൽ. നിയമത്തിന്റെ വകുപ്പ് 19 അനുസരിച്ച് പ്രതിയെ അറസ്റ്റു ചെയ്യാൻ ഇ.ഡി.യ്ക്ക് അധികാരമില്ലെന്നാണ് വിധി. ജസ്റ്റിസ്. എ. എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് വിധിയെഴുതിയത്.
കള്ളപ്പണ നിയമപ്രകാരം സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്ന വകുപ്പാണ് 19. നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം, കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കള്ളപ്പണം വെളുപ്പിക്കൽ. പ്രസ്തുത കുറ്റം പ്രതിയ്ക്കുമേൽ ചാർത്തി, കേസ് കോടതി സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ, സെക്ഷൻ 19 അനുസരിച്ചുള്ള അറസ്റ്റ് സാധ്യമല്ല. അങ്ങനെ പ്രതിപട്ടികയിലുള്ള ഒരാളെ കസ്റ്റഡിയിൽ വേണമെങ്കിൽ, സ്‌പെഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ച് അനുമതി തേടണം. കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടാൽ മാത്രം, കാര്യകാരണസഹിതമുള്ള ഉത്തരവിലൂടെ, കോടതിക്ക് അറസ്റ്റിന് അനുമതി നൽകാവുന്നതാണ്. എന്നാൽ നിലവിൽ പ്രതി പട്ടികയിലില്ലാത്ത ആളുകളെ അറസ്റ്റ് ചെയ്യുകയുമാവാം.
കള്ളപ്പണനിയമം സെക്ഷൻ 44 പ്രകാരം പ്രത്യേക കോടതികളിണ് കേസുകൾ പരിഗണിക്കേണ്ടത്. അങ്ങനെ കംപ്ലൈന്റ്റ് ഫയൽ ചെയ്തു കഴിഞ്ഞാൽ, ഇന്ത്യൻ ക്രിമിനൽ നടപടിക്രമമനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. 44 ഉപവകുപ്പ് ഡി അത് വ്യക്തമാക്കുന്നുണ്ട്. സി.ആർ.പി.സി. 200 മുതൽ 205 വരെയുള്ള വകുപ്പുകളാണ് ബാധകമാവുക. ആളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ, ആദ്യഘട്ടത്തിൽ തന്നെ ‘വാറണ്ട’ല്ല, കോടതി സമൻസ് അയക്കുകയാണ് വേണ്ടത്. അതും ബെയിലബിൾ ആയിരിക്കണം. സി.ആർ.പി.സി. സെക്ഷൻ 88 അനുസരിച്ച് ബോണ്ട് വയ്ക്കുവാൻ ആവശ്യപ്പെടാം. ഈ ബോണ്ട്, കള്ളപ്പണ നിയമപ്രകാരം ജാമ്യമെടുക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇ.ഡി.യുടെ നിലപാട്. അതുകൊണ്ടുതന്നെ ജാമ്യത്തിനുള്ള ഇരട്ട നിബന്ധനകൾ ബാധകമാണെന്നും. കള്ളപ്പണം നിരോധന നിയമത്തിന്റെ 45 ആം വകുപ്പ് അനുസരിച്ച്, പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയ്ക്ക് ബോധ്യം വരണം. ജാമ്യത്തിൽ അയച്ചാൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നുള്ള ഉറപ്പും ഉണ്ടാവണം. എന്നിവയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ജാമ്യം ലഭിക്കാനുള്ള ‘ഇരട്ട നിബന്ധനകൾ.
എന്നാൽ, സിആർപിസി 88 അനുസരിച്ചുള്ള ബോണ്ട് കള്ളപ്പണനിരോധന നിയമത്തിലെ സെക്ഷൻ 45 പ്രകാരമുള്ള ജാമ്യത്തിന് തുല്യമല്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ‘ഇരട്ട നിബന്ധനകൾ’ ഇവിടെ ബാധകമാവില്ല. ഈ വിധി പി.എം.എൽ. ആക്റ്റിന് അല്പമെങ്കിലും മാനുഷികമുഖം പകരുന്നുണ്ട്. മാത്രവുമല്ല, മർദ്ദക നിയമങ്ങളുടെ കാര്യത്തിൽ, കഴിഞ്ഞ കുറേ കാലങ്ങളായി പരമോന്നത നീതിപീഠം പിന്തുടർന്നു പോന്ന, ഭരണകൂടാനുകൂല നിലപാടിൽ നിന്നുള്ള മാറ്റവും ഇവിടെ കാണാം. കള്ളപ്പണനിരോധന നിയമം സംബന്ധിച്ച സുപ്രീംകോടതിയിലെ വ്യവഹാരങ്ങളുടെ ചരിത്രം മുഴുവൻ എക്സിക്യൂട്ടീവിന്റെ താല്പര്യങ്ങൾക്കൊപ്പം നിയമ തത്വങ്ങളെ ചേർത്തുവയ്ക്കുന്നതിന്റെ ചരിത്രമായിരുന്നു.
നിയമത്തിന്റെ ചരിത്രം
കള്ളപ്പണ നിരോധന നിയമം വളരെ സങ്കീർണ്ണമായ ആഗോള സാഹചര്യത്തിൽ രൂപം കൊണ്ടതാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവടം അതിഭീമമായ തോതിൽ കള്ളപ്പണ രൂപീകരണത്തിലേക്ക് നയിക്കുകയും, രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ അപകടപ്പെടുത്തും വിധം മയക്കുമരുന്ന് മാഫിയ ശക്തി പ്രാപിച്ചു വരികയും ചെയ്ത സാഹചര്യത്തിൽ, രാഷ്ട്ര സഭാ ജനറൽ അസംബ്ലി 1990-ല്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട നിയമമാണിത്. നിരോധിത ലഹരിവസ്തുക്കളുടെ വിപണത്തിൽ നിന്നും ഉണ്ടാവുന്ന അനധികൃത സമ്പദ്ഘടനയെ തകർക്കുക എന്നതായിരുന്നു നിയമത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ കഠിനമായ വ്യവസ്ഥകളാണ് നിയമത്തിലുണ്ടായിരുന്നത്. 2005 നിലവിൽ വരുമ്പോൾ, സാധാരണഗതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ നിയമത്തിന്റെ ഭാഗമായിരുന്നുമില്ല. പ്രത്യേക കുറ്റകൃത്യങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ഒരു നിയമം എന്ന നിലയ്ക്ക്, അതിൽ നീതിരാഹിത്യമോ ജനാധിപത്യവിരുദ്ധയോ ആരും ഉന്നയിച്ചില്ല. എന്നാൽ പലപ്പോഴായി കൊണ്ടുവന്ന ഭേദഗതികളിലൂടെ, കള്ളപ്പണനിയമം ആർക്കെതിരെയും പ്രതികാരബുദ്ധിയോടെ ഉപയോഗിക്കാവുന്ന ആയുധമായി മാറുകയായിരുന്നു.
ജനാധിപത്യവിരുദ്ധമായ ഉള്ളടക്കം
പലതരത്തിലും ജനാധിപത്യ വിരുദ്ധമാണ് കള്ളപ്പണനിരോധന നിയമം. എന്നാൽ ഇവയെല്ലാം ഭരണഘടനാപരമാണെന്ന് ജസ്റ്റിസ് ഖാൻവിൽക്കറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിയെഴുതിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, കള്ളപ്പണനിരോധന നിയമത്തിൽ ‘ആനുമാനിക നിരപരാധിത്വം’ (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) ലംഘിക്കപ്പെടുന്നു എന്നതാണ്.
കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാൽ കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്.
യു.എ.പി.എ.നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റ സമ്മതം തെളിവായി സ്വീകരിക്കുന്നില്ല. എന്നാൽ, കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്.
ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമല്ല. ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കും. അനുച്ഛേദം 20(3)-ലെ ഭാഷാ പ്രയോഗത്തിലെ സാങ്കേതികത്വം പറഞ്ഞ് സുപ്രീംകോടതി ഇതിനെയും അംഗീകരിക്കുകയാണുണ്ടായത്.
ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങൾ പലതും പി എം എൽ എ നിയമത്തിന്റെ കാര്യത്തിൽ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണ ഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ.-ന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭിക്കും. എന്നാൽ ഇ.ഡി.-യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ ഇ.സി.ഐ.ആർ. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ല എന്നാണ് കോടതി നിലപാട്. ഇ.ഡി.-യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ. ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തിലൂന്നി കോടതി ശരിയാക്കുകയും ചെയ്തു.
കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ലെന്നുറപ്പു വരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന ‘ഇരട്ട നിബന്ധനകൾ’. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, ‘എ’, ‘ബി’ എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. ‘ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല’ എന്ന അടിസ്ഥാന നിയമ തത്വം പോലും മറന്നുകൊണ്ടാണ് ഇരട്ടഉപാധികൾ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്.
രാജ്യത്തിൻറെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏതു സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്ന് വരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതൽ ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.-യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു ‘ശിക്ഷാനിയമം’ അല്ല എന്ന് വരെ സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ!
ഈ നിയമ ഭേദഗതികളെല്ലാം, രാജ്യസഭയെ മറികടക്കുന്നതിന് വേണ്ടി ധന ബില്ലുകളായാണ് അവതരിപ്പിച്ചു പാസാക്കിയത്. ആ നടപടി പോലും സുപ്രീംകോടതി ശരി വയ്ക്കുകയാണുണ്ടായത്. അങ്ങനെ, ഗവൺമെൻറ് കൊണ്ടുവരുന്ന മർദ്ദക നിയമങ്ങളെല്ലാം ശരി വയ്ക്കുന്ന പൊതുപ്രവണതയിൽ നിന്ന് ചില മാറ്റങ്ങൾ സംഭവിക്കുന്നതിൻറെ ചില സൂചനകൾ ദൃശ്യമാകുന്നുണ്ട്. ഇലക്ടറൽ ബോണ്ട് കേസിൽ വൈകിയെങ്കിലും, സുപ്രീംകോടതി സ്വീകരിച്ച നിലപാട്, ഭീമ കൊറേഗാവ് യു എ പി എ കേസിലെ പുതിയ സംഭവവികാസങ്ങൾ, അങ്ങനെ പ്രതീക്ഷയുടെ ചില നാളങ്ങൾ. ഈ വിധയും അതിനോട് ചേർത്തുവയ്ക്കാവുന്നതാണ്. എന്നിരുന്നാലും, വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ്. ഖാൻവിൽക്കർ പ്രസ്താവിച്ച വിധി കൂടി പുനപരിശോധിക്കാതെ നിയമത്തിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവം മാറുകയില്ല.