ഉമർ ഖാലിദ്: നീതിയെ തടവിലാക്കുന്ന നിയമവ്യവസ്ഥ

കൂട്ട ബലാൽസംഗത്തിൽ ശിക്ഷിക്കപ്പെട്ടവരെ മാലയിട്ട് സ്വീകരിക്കുന്ന  നാട്ടിൽ, ബോംബ് സ്ഫോടന കേസിലെ പ്രതിയെ പാർലമെൻറ് എത്തിക്കുന്ന രാജ്യത്ത്, ഏറ്റവും മികച്ച സർവ്വകലാശാലകളിൽ ഒന്നിലെ വിദ്യാർത്ഥിയായിരുന്ന യുവാവ് നാലുവർഷമായി വിചാരണ പോലുമില്ലാതെ തടവറയിൽ കഴിയുകയാണ്; ഒരു പ്രസംഗത്തിന്റെ പേരിൽ.   നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും, ജുഡീഷ്യറിയെക്കുറിച്ചും, മർദ്ദക നിയമങ്ങളെക്കുറിച്ചൂം ഗൗരവതരമായ പുനരാലോചനകൾക്ക് കാരണമാകേണ്ടുന്ന കാര്യമാണിത്. കോടതികളിലെല്ലാം, കേസ് അനന്തമായി നീണ്ടു പോവുകയാണ്. ഒരുപറ്റം യുവാക്കൾ ജീവിതത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങൾ തടവറയിൽ പാഴാക്കുകയാണ്.

ഡൽഹി ഹൈക്കോടതി ഇന്നലെ വീണ്ടും കേസ് മാറ്റിവെച്ചു. പ്രസംഗവും പ്രതിഷേധവും യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ പ്രയോഗിക്കുന്നതിന് കാരണമാകുമോ എന്ന സംശയം വിചാരണ വേളയിൽ ഹൈക്കോടതി ബഞ്ച് ഉന്നയിച്ചിരുന്നു. എന്നാൽ ഡൽഹി കലാപത്തിൽ ആസൂത്രിതമായ ഗൂഢാലോചന പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ  അറിയിച്ചത്. സംഭവദിവസം പ്രതി ഡൽഹിയിൽ ഇല്ലാതിരുന്നതും, ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്ന വിചിത്ര യുക്തിയും അദ്ദേഹം ഉന്നയിച്ചു. ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കുന്നതിനുള്ള ഒരു പൊതു പ്ലാറ്റ്ഫോമിന് ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രതികൾ രൂപം നൽകിയെന്നും അതിൻറെ ഫലമായുണ്ടായ കലാപം ഭീകരമായിരുന്നുവെന്നും ഗവൺമെൻറ് അഭിഭാഷകൻ വാദിച്ചു. കോടതി കേസ് തുടർവാദങ്ങൾക്കായി ജനുവരി 21 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

കോടതി നടപടികൾ ഇഴയുമ്പോൾ നീതി നിഷേധം തുടരുന്നു

ഭരണകൂടത്തിന് വേണ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ, അവധി ദിവസം വരെ കോടതി കൂടി ജാമ്യം അനുവദിച്ച നാട്ടിൽ, ഉമർ ഖാലിദിന്റെ ജാമ്യം അപേക്ഷ വർഷങ്ങളായി വിധി പറയാതെ നീണ്ടുനീണ്ടു പോവുകയാണ്. നിരന്തരം കേസ് അവധിക്കുവയ്ക്കുന്നു. ആയിരക്കണക്കിന് പേജുകൾ ഉള്ള കുറ്റപത്രങ്ങളുമായി പോലീസ് കോടതി നടപടികളെ പരമാവധി വൈകിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ജാമ്യാപേക്ഷയിൽ ആവശ്യമില്ലാത്ത വിധം സുദീർഘമായ തെളിവന്വേഷണങ്ങളിലേക്ക് പോകുന്നു. ഏതെങ്കിലും വിധേന വാദം പൂർത്തിയാക്കി കഴിയുന്ന സന്ദർഭങ്ങളിലാകട്ടെ, കേസ് വിധി പറയാൻ മാറ്റിവയ്ക്കുന്ന അവസരത്തിൽ, ന്യായാധിപർക്ക് സ്ഥലംമാറ്റം വരുന്നു. വാദം പൂർത്തീകരിക്കുകയും വാദം കേട്ട ജഡ്ജി സ്ഥലം മാറി പോവുകയും ചെയ്യുമ്പോൾ, പുതിയതായി വരുന്ന ന്യായാധിപൻ  കേസിൽ വീണ്ടും വാദം കേൾക്കേണ്ടിവരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ജസ്റ്റിസ് സുരേഷ് കുമാർ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറിയപ്പോഴും സംഭവിച്ചതിതാണ്. അങ്ങനെ വരുമ്പോൾ, പുതിയ ബെഞ്ചിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ  പ്രതിചേർക്കപ്പെട്ടവർ ജയിലിൽ തുടരേണ്ടി വരും.

നീതിയെ തടവിലാക്കുന്ന നിയമം 

ഉമർ ഖാലിദിന്റെ സാന്നിധ്യം പോലും ഇല്ലാതിരുന്ന ഒരു പ്രദേശത്ത് നടന്ന കലാപത്തിൽ എങ്ങനെയാണ് ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യാൻ കഴിയുക എന്നത് സാമാന്യനീതി സ്വപ്നം കാണുന്ന മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത യുക്തിയാണ്. യുഎപിഎ നിയമം പ്രയോഗിച്ചാൽ പിന്നെ ജാമ്യം കിട്ടുക ഒട്ടകത്തെ സൂചിയിൽ കോർക്കുന്നത് പോലെയുള്ള  പ്രയത്നമാണ്. നിയമത്തിന്റെ വകുപ്പ് 43 ഡി (5) പ്രഥമ ദൃഷ്ടിയിൽ കേസെടുക്കാവുന്ന സാഹചര്യമുണ്ട് എന്ന് കോടതിക്ക് തോന്നിയാൽ ജാമ്യം അനുവദിക്കാനാവില്ലെന്ന തരത്തിലാണ് രചിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ വത്താലി വിധിക്ക് ശേഷം, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിക്കാൻ പോലും വിചാരണ കോടതികൾക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. 2022ൽ ഡൽഹി ഹൈക്കോടതി ഖാലിദിന് ജാമ്യം നിഷേധിച്ചത് ഇക്കാരണത്താലാണ്.

വളരെ അവ്യക്തമായതും,  എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വകുപ്പുകളുമാണ് യുഎപിഎ നിയമത്തിലുള്ളത്. ആർക്കെതിരെ വേണമെങ്കിലും ചാർത്താവുന്ന തരത്തിൽ അർത്ഥവിശാലതയും അവയ്ക്കുണ്ട്. അതുകൊണ്ടാണ് ദാർശനിക പുസ്തകങ്ങളും, സാഹിത്യ ശേഖരവും, പ്രസംഗങ്ങളും, തൂലികാനാമങ്ങളുമെല്ലാം എന്തോ ഭീകര പ്രവർത്തനത്തിന് തെളിവുകളാണെന്ന നിലക്ക് ഹാജരാക്കുവാനും, അപസർപ്പക കഥകളെ തോൽപ്പിക്കും തരത്തിലുള്ള കുറ്റപത്രങ്ങൾ തയ്യാറാക്കാനും, അതു കോടതിയിൽ ഹാജരാക്കാനും  പ്രോസിക്യൂഷനു കഴിയുന്നത്. ജീവിതത്തിലെ പത്തും ഇരുപതും മുപ്പതും വർഷങ്ങൾ വരെ, ഇത്തരം കഥകളുടെ അടിസ്ഥാനത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന അനേകരുണ്ട് നമ്മുടെ രാജ്യത്ത്. ഡോക്ടർ ജി എൻ സായിബാബയെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള കോടതി ഉത്തരവ് വായിച്ചാൽ, എങ്ങനെയാണ് അസംബന്ധ ജടിലമായ കുറ്റപത്രത്തിന്റെ ബലത്തിൽ പത്തുവർഷം അദ്ദേഹത്തിൻറെ തടവിലിടാൻ ഭരണകൂടത്തിന് കഴിഞ്ഞതെന്ന് മനസ്സിലാകും.

വിയോജിപ്പുകളെ അടിച്ചമർത്തുമ്പോൾ

ഉമർ ഖാലിദും ഷർജിൽ ഇമാമും ഉൾപ്പെടെയുള്ള ഒരുപറ്റം വിദ്യാർത്ഥികളെയും സാമൂഹ്യപ്രവർത്തകരെയും ലക്ഷ്യം വയ്ക്കുന്നതാണ് ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ 59/2020. പൗരത്വ ഭേദഗതി നിയമം പോലെ, ഭരണവർഗത്തിന്റെ ആശയധാരയുടെ പ്രധാന ഭാഗമായ നയങ്ങൾക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളെ നിർവീര്യമാക്കുന്നതിന് മർദ്ദക നിയമങ്ങളെ ഉപയോഗിക്കുന്നതിന്റെ നേർസാക്ഷ്യമാണത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന് പുല്ലുവില കൊടുക്കുന്ന ഭരണകൂടനയത്തിന്റെ പ്രതിഫലനം. വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിനപ്പുറം, രാജ്യദ്രോഹവും രാജ്യസുരക്ഷയും ഉയർത്തിപ്പിടിച്ച് ജനാധിപത്യത്തെ റദ്ദു ചെയ്ത്,  ഇന്ത്യയെ ഒരു ഏകാധിപത്യ മത രാഷ്ട്രമാക്കാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണിത്.

മനുഷ്യത്വരഹിതമായ നീതി ന്യായ സംവിധാനം

മർദ്ദക നിയമങ്ങൾക്ക് കീഴെ വിചാരണയില്ലാതെ തടവിൽ കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുത്. കോടതി നടപടികളിലെ കാലതാമസവും നിയമങ്ങളുടെ ഏകാധിപത്യ വ്യാഖ്യാന ധാരയും മാറിയേ തീരൂ. കുറ്റവാളി എന്ന് തെളിയിക്കപ്പെടാത്തോളം കാലം, മനുഷ്യൻറെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന നടപടികൾ നീതീകരിക്കാവുന്നതല്ല. “ജാമ്യമല്ല ജയിലാണ് നിയമം” എന്ന സാഹചര്യം  ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണകൂട നയങ്ങളോടുള്ള വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഭീകരവാദപ്പട്ടം ചാർത്തി ഇല്ലാതാക്കാമെന്ന ചിന്ത ആധുനിക സമൂഹത്തിന് യോജിച്ചതുമല്ല. ജയിലും ജാമ്യവും സംബന്ധിച്ച ആധുനിക ജനാധിപത്യ രാജ്യങ്ങളൊന്നും സ്വീകരിക്കാത്ത തരത്തിലുള്ള പ്രതിലോമകരമായ കാഴ്ചപ്പാടുകളാണ് ഇന്ത്യൻ നിയമ സംവിധാനവും ജുഡീഷ്യറിയും വെച്ചുപുലർത്തുന്നതെന്നത് സങ്കടകരമാണ്.

പ്രത്യക്ഷത്തിൽ തന്നെ യുക്തിരഹിതമായൊരു കേസിൽ, ഇരകൾക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത സംവിധാനത്തെ, ‘നീതിന്യായ വ്യവസ്ഥ’ എന്ന് വിളിക്കാൻ കഴിയുവതെങ്ങനെ എന്ന മനസാക്ഷിയുടെ ചോദ്യം ഇന്ത്യൻ ജനാധിപത്യ ഭൂമികയിൽ ചോര വാർന്നു കിടക്കുകയാണ്. മകൻറെ തിരിച്ചുവരവിന് വേണ്ടിയുള്ള ഉമറിന്റെ ഉമ്മയുടെ കാത്തിരിപ്പിന്, കണ്ണകിയുടെ കണ്ണീരോളം പഴക്കമുണ്ട്. ഏകാധിപത്യ ഭരണസംവിധാനങ്ങളുടെ നീതിരഹിതമായ വ്യവസ്ഥകളെ ചാമ്പലാക്കാനുള്ള കരുത്ത് ആ കണ്ണീരിനുണ്ടാവട്ടെ.

First Published in 13/01/2025 in Suprabhatham Daily

LEAVE A REPLY

Please enter your comment!
Please enter your name here