ആർഎസ്എസും ബിജെപിയും 

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന്, ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഉയർത്തിയ വിമർശനങ്ങളും, സംഘടനയുടെ മുഖപത്രമായ ഓർഗനൈസറിൽ രത്തൻ ശർദ എഴുതിയ ലേഖനവും, ആർഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ‘ഒരു വർഷമായി മണിപ്പൂരിനെ അവഗണിച്ചതും, രാഷ്ട്രീയ സംവാദങ്ങളിലെ ഔചിത്യമീല്ലായ്മയും’ ആണ് മോഹൻ ഭഗവത് ഉയർത്തിക്കാണിച്ച വിഷയങ്ങൾ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രാജ്യനന്മയ്ക്കുതകും വിധം നല്ല ബന്ധം വേണം. തെരഞ്ഞെടുപ്പുകൾ ഭൂരിപക്ഷം നേടുന്നതിന് വേണ്ടിയിട്ടാണ്, അല്ലാതെ യുദ്ധമല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകാതെ നോക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികൾക്കുണ്ട്. ജയിക്കാനായി നുണകൾ പ്രചരിപ്പിക്കുന്നതും മാന്യത വിട്ടു പെരുമാറുന്നതും ശരിയല്ല എന്നൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മോദി 3.0: തെറ്റ് തിരുത്തുന്നതിനുള്ള വർത്തമാനങ്ങൾ’ എന്ന  ലേഖനത്തിൽ, ഓർഗനൈസർ ബിജെപി പ്രവർത്തകരുടെ അമിത ആത്മവിശ്വാസത്തെ വിമർശിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും സെൽഫികളും പങ്കുവെക്കുന്നതിനപ്പുറം  സാധാരണ മനുഷ്യരുടെ ആവലാതികൾ കേൾക്കുവാൻ തയ്യാറാകണം. മന്ത്രിമാരെ വിടുക, ഒരു എംഎൽഎ-യെ പോലും സാധാരണക്കാർക്ക് സമീപിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അനാവശ്യമായ രാഷ്ട്രീയ കുതന്ത്രങ്ങൾ, പ്രത്യേകിച്ചും മഹാരാഷ്ട്ര സംഭവവികാസങ്ങൾ, കോൺഗ്രസുകാരെയൊക്കെ ഒരു സുപ്രഭാതത്തിൽ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്തുന്നത്, എന്നിവയൊക്കെ വിമർശന വിധേയമാകുന്നുണ്ട്.  ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ ഒറ്റയ്ക്ക് നിലനിൽക്കുന്നതിനുള്ള സംഘടനാ ബലം തങ്ങൾ നേടിയിട്ടുണ്ടെന്ന ബിജെപി പ്രസിഡൻറ് ജെപി നദ്ദയുടെ പ്രസ്താവന കൂടി ചേർത്ത് വായിക്കുമ്പോൾ, ആർഎസ്എസിനും ബിജെപിയും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം ഉയരുന്നു.

സംഘപരിവാറിനകത്ത് ഏകപക്ഷീയമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ബിജെപിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷം മുഴുവൻ ഒരുമിച്ച് നിന്ന, വളരെ സങ്കീർണമായ പൊതുതെരഞ്ഞെടുപ്പിനെ ‘മോദി കീ ഗ്യാരണ്ടി’ എന്ന ഒറ്റ വാചകത്തിലേക്ക് ഒതുക്കിയത് ആർഎസ്എസിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മോദിയുടെ ജനപ്രീതീക്കൊപ്പം ദേശസുരക്ഷയും സാംസ്കാരിക പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകണം എന്നായിരുന്നുവത്രേ ആർഎസ്എസിന്റെ നിർദ്ദേശം.   

ആർഎസ്എസിന്റെ ചരിത്രം

നിശ്ചയമായും ആർഎസ്എസിന് എന്നും രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന തന്ത്രവും, വർഗീയ രാഷ്ട്രീയത്തിലേക്ക് വഴുതിപ്പോയ ദേശീയ പ്രസ്ഥാനത്തിൻറെ ചില ധാരകളും സമൂഹത്തിൽ സൃഷ്ടിച്ച സംഘർഷങ്ങളെ മതേതര ചിന്താധാരയ്ക്കകത്തു നിന്നു പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി രൂപം കൊണ്ട സാമൂഹ്യ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് ആർഎസ്എസ് പ്രവർത്തനമാരംഭിച്ചത്. ഭിന്നിച്ചുനിന്നിരുന്ന ഹൈന്ദവ സമൂഹത്തിലെ ദൗർബല്യങ്ങളെ സമർത്ഥമായി ചൂഷണം ചെയ്യുവാൻ ഈ വർഗീയ രാഷ്ട്രീയത്തിന് കഴിഞ്ഞു. അങ്ങനെയാണ് 1925-ൽ, നാഗ്പൂരിൽ, ഹെഗ്ദേവാർ എന്നാൽ മറാഠി ബ്രാഹ്മണൻ ആർഎസ്എസിന് രൂപം നൽകുന്നത്. ഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രൂപം നൽകിയ വി ഡി സവർക്കറും, ആർഎസ്എസിനെ മുന്നോട്ടു നയിച്ച ഗോൾവാൾക്കറും മറാഠി ബ്രാഹ്മണർ തന്നെയായിരുന്നു.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അനുകരിച്ചുകൊണ്ട്, വംശീയതയിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര നിർമിതിയാണ് അതിൻറെ ആത്യന്തിക ലക്ഷ്യം. അത് ഫാസിസ്റ്റ് കൽപ്പനയായ റൈഷിനോടാണ് ചേർന്നുനിൽക്കുന്നത്. അതിൽ മുസ്ലീങ്ങൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ഥാനമില്ല. ഹിന്ദുക്കൾ ഹിന്ദുസാംസ്കാരികതയോട് താദാത്മ്യം പ്രാപിക്കുകയും അതിനെ ബഹുമാനിക്കാനും ആരാധിക്കാനും പഠിക്കുകയും ചെയ്യണം എന്നുമാത്രമല്ല, ഈ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി നിലനിൽക്കണം എന്നു കൂടിയാണ് പറഞ്ഞുവെക്കുന്നത്. ആർഎസ്എസിന്റെ നേതാക്കൾ നാസി ജർമ്മനിയെയും ഫാസിസ്റ്റ് ഇറ്റലിയെയും ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു. 

വംശവിശുദ്ധിയിൽ അധിഷ്ഠിതമായ വിദ്വേഷ പ്രചാരണ തന്ത്രം വളരെ ഫലപ്രദമായി അവർ നടപ്പിലാക്കിയതിന്റെ ഫലമായിരുന്നു ഗാന്ധിവധത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ എന്ന് സർദാർ വല്ലഭായി പട്ടേലും, ജവഹർലാൽ നെഹ്റുവും കപൂർ കമ്മീഷനുമെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഗാന്ധിവധം അന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർഎസ്എസിന് തിരിച്ചടിയായിരുന്നു. ആരംഭ കാലം മുതൽ തന്നെ രഹസ്യാത്മക സ്വഭാവവും, ഗോപ്യമായ പ്രവർത്തനങ്ങളും പുലർത്തി പോന്ന  സംഘടന അതിനുശേഷം കൂടുതൽ ശ്രദ്ധാലുമായി മാറിയെന്ന് കാണാം. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയെങ്കിലും, ഗവൺമെന്റിനായി കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഭരണഘടനാ മാറ്റങ്ങൾ വരുത്തിയെങ്കിലും, അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തെളിയിക്കുന്നതിന് സമൂഹത്തിൻറെ എല്ലാ മേഖലകളിലും സാന്നിധ്യവും സാമീപ്യവും  ഉറപ്പിക്കുന്നതിനും സ്വാധീനം ചെലുത്തുന്നതിനുള്ള  സമഗ്രമായ പദ്ധതി അവർക്കുണ്ടായിരുന്നു. അതിൻറെ ഭാഗമായാണ്, ഇന്ന് നമ്മൾ കാണുന്ന സംഘപരിവാർ സംഘടനകൾ രൂപം കൊള്ളുന്നത്. 

പരിവാർ സംഘടനകളുടെ രൂപീകരണം 

സമൂഹത്തിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സ്വാധീനം നേടിക്കൊണ്ടിരുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ചിന്താഗതികളെ നേരിടുന്നതിനും, ഇതര വിദ്യാർഥി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്നതിനും വേണ്ടി 1948-ൽ ആർഎസ്എസ് പ്രവർത്തകനായ ബൽരാജ് മധോക്ക് രൂപം നൽകിയ സംഘടനയാണ് എബിവിപി. ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ സ്വാധീനം ഉണ്ടായിരുന്ന ട്രേഡ് യൂണിയൻ മേഖല കൈവശപ്പെടുത്തുന്നതിന് വേണ്ടി, 1940 കളിൽ ഗോൾവാൾക്കാരുടെ നിർദ്ദേശപ്രകാരം ഡി പി തെംഗഡി എന്ന പ്രചാരകൻ, ഐഎൻടിയുസിയിൽ കടന്നുകയറുകയും, ക്രമേണ 1955 ആയപ്പോഴേക്കും ഭോപ്പാലിൽ ഭാരതീയ മസ്ദൂർ സംഘ് രൂപീകരിക്കുകയും ചെയ്തു. 

ആദിവാസി മേഖലകളിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾക്ക് ബദലായി രൂപംകൊണ്ട സംഘടനയാണ് വനവാസി കല്യാൺ. 1952 ആർ കെ ദേശ് പാണ്ഡയാണ് അതിനു ചുക്കാൻ പിടിച്ചത്. അതുപോലെതന്നെ അധസ്ഥിത വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നതിന് സേവാഭാരതി രൂപീകരിക്കപ്പെട്ടു. വിഷ്ണുകുമാർ എന്ന ആർഎസ്എസ് പ്രവർത്തകനായിരുന്നു അതിൻറെ നേതൃത്വം. 1960 ബാബു സാഹിബ് ഭൂഷ്കൂതേ ഭാരതീയ കിസാൻ സംഘ് രൂപീകരിച്ചു. 1964 വിശ്വ ഹിന്ദു പരിഷത്ത് ഉണ്ടായി. 

 സമൂഹത്തിൻറെ എല്ലാ തുറകളിലും സ്വാധീനം ചെലുത്തുന്നതിന് ആവശ്യമായ സംഘടനകൾ സംഘപരിവാരത്തിന്റെ ഭാഗമായുണ്ട്. ഡി.കെ ഝാ സംഘപരിവാറിനെ നിരവധി തലകളോട് കൂടിയ ഹൈഡ്ര പോലുള്ള സംഘടന എന്നാണ് വിശേഷിപ്പിച്ചത്. നേതൃതലത്തിൽ മാത്രമേ  വ്യത്യസ്തമായി കാണാൻ കഴിയൂ, ശരീരം ഒന്നുതന്നെയാണ്. ഇലക്ഷൻ പോലുള്ള സന്ദർഭങ്ങളിൽ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാര സംഘടനകളെല്ലാം ഒരു ഭീകര യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിക്കും. നിശ്ചയമായും രാഷ്ട്രീയകക്ഷി എന്ന നിലയിൽ ബിജെപിയെ അതിൽ നിന്നും വേർപെടുത്തി കാണാനാവില്ല. 

ബിജെപിയും ആർഎസ്എസും

ഗാന്ധി വധത്തോടുകൂടി  രാഷ്ട്രീയ രംഗത്ത് ഇടപെടുന്നതിൽ ആർഎസ്എസിന് പരിമിതികൾ വന്നു. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാൻ കഴിയുന്നതായിരുന്നില്ല അതിൻറെ സംഘടനാ സംവിധാനം. അതുകൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള എണ്ണമറ്റ ശാഖകൾക്ക് പുറമേ പ്രത്യക്ഷ രാഷ്ട്രീയശരീരം കൂടിയാവാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിനു മുൻപായി ഭാരതീയ ജനസംഘ് രൂപീകരിച്ചു. 1953-ല്‍ മരണപ്പെടും വരെ ശ്യാമപ്രസാദ് മുഖർജി ആയിരുന്നു നേതൃത്വത്തിൽ. തുടർന്ന് ദീൻദയാൽ ഉപാധ്യായ എന്ന ആർഎസ്എസ് പ്രവർത്തകൻ ജനസംഘ് തലപ്പത്ത് വന്നതോടുകൂടി, ആർഎസ്എസ് ഇതര നേതാക്കന്മാർ തഴയപ്പെട്ടു. പ്രധാനപ്പെട്ട പദവികളിൽ ആർഎസ്എസ് പ്രവർത്തകരെ ‘സംഘാടൻ മന്ത്രി’മാരായി നിയമിക്കുന്ന രീതി നിലവിൽ വന്നു. 

വളരെ സാവധാനമെങ്കിലും സംഘടനയുടെ പ്രത്യയശാസ്ത്രത്തിന് വേരോടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ പശ്ചാത്തലത്തിൽ നടന്നു വരുന്നുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൂടി, സംഘടനാ ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചേർന്നു. ലോക് സംഘർഷ് സമിതിയിലൂടെ രാജ്യത്താദ്യമായി, അവർക്ക് പൊതു സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായി. ജനതാ പാർട്ടിയിൽ ലയിക്കുകയും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ജനത പാർട്ടിയുടെ പൊതുസമ്മേപനത്തോട് ഒത്തു പോകാത്ത  നേതാക്കൾക്കിടയിൽ സ്വാഭാവികമായും ഭിന്നതകൾ ഉടലെടുത്തു. ആർഎസ്എസ് ബന്ധമുള്ളവർ പുറത്തുവന്ന്, 1980-ല്‍ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു. കൃത്യമായും സംഘപരിവാറിന്റെ ഭാഗമായാണ് ബിജെപിയും പ്രവർത്തിച്ചുവരുന്നത്. 

ആർഎസ്എസുമായുള്ള ബന്ധത്തിൽ ഭിന്നതകളും ഉയർച്ച താഴ്ചകളും ഉണ്ടായിട്ടില്ലെന്നല്ല. വാജ്പേയി-സുദർശൻ കാലഘട്ടത്തിൽ ബിജെപിയും ആർഎസ്എസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ മോഹൻ ഭഗവത് സർവ്വ സംഘ ചാലക് ആയതോടുകൂടി അഭിപ്രായവ്യത്യാസങ്ങൾ നേർത്ത് നേർത്ത് വന്നു. നരേന്ദ്ര മോദി ആർഎസ്എസിന്റെ പ്രതിനിധിയായി തന്നെയാണ് കടന്നുവന്നത്. 2002ലെ ഗുജറാത്ത് കലാപവും, തുടർന്നുണ്ടായ വിദ്വേഷപ്രചാരണ പരീക്ഷണത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തുടർച്ചയുമെല്ലാം ആ ബന്ധത്തെ ദൃഢപ്പെടുത്തി.  

ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന അഭിപ്രായവ്യത്യാസങ്ങൾ ആശയപരമല്ലെന്ന് കാണാം. കഴിഞ്ഞ മോദി ഗവൺമെൻറ് നടപ്പിലാക്കിയ നയങ്ങൾ ആർഎസ്എസിന്റെ പദ്ധതിയോട് കലഹിക്കുന്നവയല്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും, രാമക്ഷേത്രം നിർമ്മിച്ചതും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം ആ രാഷ്ട്രീയ പദ്ധതിയുടെ ഭാഗം തന്നെയാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ, പ്രത്യക്ഷ വർഗീയത യിലേക്കും, ആർക്കും എളുപ്പത്തിൽ മനസ്സിലാവുന്ന നുണപ്രചാരണങ്ങളിലേക്കും ആർഎസ്എസ് പോലൊരു സംഘടനയ്ക്ക് അന്യമായ വ്യക്തിപൂജയിലേക്കും നീങ്ങിയപ്പോൾ, ആർഎസ്എസിന് തങ്ങൾ വ്യത്യസ്തമായ അഭിപ്രായം പുലർത്തുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യം വന്നുചേർന്നതായിരിക്കാം. പരസ്പരം വ്യത്യസ്തമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ ചില പ്രസ്താവനകൾ കാലഘട്ടത്തിൻറെ അനിവാര്യതയായിരിക്കും. കാരണം ആർഎസ്എസ് രൂപം കൊണ്ട് 100 വർഷം തികയുന്ന 2025-നെ  ലക്ഷം വച്ചുകൊണ്ട് രാജ്യത്ത് സംഭവിക്കാവുന്ന രാഷ്ട്രീയ സാമൂഹ്യ മാറ്റത്തെ, ന്യൂനപക്ഷങ്ങൾ മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ബഹുജൻ വിഭാഗങ്ങളും ഭീതിയോടെ കണ്ടു തുടങ്ങിയെന്ന യാഥാർത്ഥ്യം ഈതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ സംഘപരിവാറിന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പ്രധാന അജണ്ടകൾ വിചാരിച്ചത്ര വേഗത്തിൽ നടത്തിയെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തു നിലനിൽക്കുന്നതെന്ന തിരിച്ചറിവുമുണ്ട്. അതുകൊണ്ട് സാവകാശം ആവശ്യമാണ്. വലിയ കുതിപ്പിന് തയ്യാറെടുക്കുന്നവർക്കുള്ള  കരുതൽ. അതിനപ്പുറത്തേക്ക് ഈ അഭിപ്രായവ്യത്യാസ പ്രകടനത്തെ കാണുന്നത് അലസമായ രാഷ്ട്രീയ വായനയാണ്.

നിയമപണ്ഡിതനും രാഷ്ട്രീയ വിചക്ഷണനുമായിരുന്ന എ ജി നൂറാനി, തൻറെ ‘ആർ എസ് എസ്: എ മെനെസ് ടു ഇന്ത്യ’ എന്ന പുസ്തകം ആരംഭിക്കുന്നത്, “അപകടത്തിലിയിരിക്കുന്നത് ഇന്ത്യൻ സ്വപ്നം മാത്രമല്ല; ഇന്ത്യയുടെ ആത്മാവാണ്.” എന്ന വാചകത്തിലൂടെയാണ്. ആർഎസ്എസ് എന്നും ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു. അതിൽ നിന്നും വിഭിന്നമായ നിലപാടെടുക്കാൻ അവർക്കാവില്ല. സംഘപരിവാരത്തിലെ ഒരു സംഘടനയ്ക്കുമാവില്ല. എന്നും ഗാന്ധിയുടെ സ്വരാജിനും ടഗോറിന്റെ വൈവിധ്യങ്ങളിലെ ഏകത്വത്തിനും നെഹ്റുവിൻറെ മതേതര നിലപാടുകൾക്കും അംബേദ്കറുടെ ഭരണഘടനയ്ക്കും അവർ ഭീഷണിയായിരിക്കും.  നെഹ്റുവും അംബേദ്കറും അതിനെ കൃത്യമായി തിരിച്ചറിയുകയും ജ്ഞാനോദയ മൂല്യങ്ങൾ സ്വാംശീകരിച്ച ഭരണഘടനയിലൂടെ അതിനെ നേരിടുകയും ചെയ്തു. സവർക്കർ എന്ന വംശീയവാദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സമ്പൂർണ്ണമായും വഴുതിവീഴാതെ രാജ്യത്തെ കാത്തത് ഭരണഘടനയാണ്. പലതലകളുള്ള ഹൈഡ്രക്ക് അതിനെ വിട്ടു കൊടുക്കാതിരിക്കാനുള്ള നിതാന്ത ജാഗ്രത നമുക്കുണ്ടാവണം.

First Published in Suprabhatham Daily on June 15, 2023

ReplyForwardAdd reaction

LEAVE A REPLY

Please enter your comment!
Please enter your name here