ആവിഷ്കാര സ്വാതന്ത്ര്യ റിപ്പോർട്ട്: ചോര വാർന്ന് ഇന്ത്യൻ ജനാധിപത്യം

തെരഞ്ഞെടുപ്പുകൾ നടക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു നാടും ജനാധിപത്യ രാജ്യമാവില്ല.  ജനാധിപത്യം ആവശ്യപ്പെടുന്ന ഒരു തുറന്ന സമൂഹമായി നിലനിൽക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനം. ജനാധിപത്യ മൂല്യബോധത്തെ എത്ര കണ്ട് സ്വാംശീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നുവെന്നതും പ്രസക്തമാണ്. അതിൽ ഏറ്റവും അനിവാര്യമായ  ഘടകമാണ് അഭിപ്രായസ്വാതന്ത്ര്യം. നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ, വിയോജിപ്പുകളിലൂടെ, സംവാദങ്ങളിലൂടെ, സൂക്ഷ്മപരിശോധനകളിലൂടെ, മാത്രമേ ജനാധിപത്യം സാർത്ഥകമാവുകയുള്ളൂ. അതുകൊണ്ടുതന്നെ എല്ലാവർഷവും ‘ആർട്ടിക്കിൾ 19’ പ്രസിദ്ധപ്പെടുത്തുന്ന ‘ആഗോള ആവിഷ്കാരസ്വാതന്ത്ര്യ റിപ്പോർട്ട്’ ലോകം ഉറ്റു നോക്കുന്നൊരു രേഖയാണ്. റിപ്പോർട്ടിൽ ഈ വർഷം ഇന്ത്യയുടെ സ്ഥാനം ഏറ്റവും അപകടകരമായ, ആവിഷ്കാര സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം’ എന്ന വിഭാഗത്തിലാണ്. 

റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ പകുതിയിലേറെ ജനത ഈ അപകടകരമായ വിഭാഗത്തിലാണ്. 2022 ലോക ജനതയുടെ 34 ശതമാനമാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ജീവിച്ചിരുന്നതെങ്കിൽ, ഇന്നത് 53% ആണ്. അതിനുള്ള പ്രധാന കാരണം, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള പ്രദേശം എന്നതിൽ നിന്ന് അഭിപ്രായസ്വാതന്ത്ര്യം പ്രതിസന്ധി നേരിടുന്ന പ്രദേശം എന്ന വിഭാഗത്തിലേക്ക് മാറിയതാണ്. ജനാധിപത്യത്തിൻ്റെ മാതാവ് എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഒരിടത്ത്, ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് റിപ്പോർട്ട് വരുന്നത്. 

161 ലോകരാജ്യങ്ങളിലെ, 25 സൂചകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പറയുന്നത്. ലോകമെമ്പാടും, തീവ്രവലതുപക്ഷ, ഏകാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങൾ രാഷ്ട്രീയ അധികാരം നേടുകയും, വ്യക്തികേന്ദ്രീകൃതമായ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടായി വരികയും ചെയ്ത പശ്ചാത്തലത്തിൽ, ആഗോളതലത്തിൽ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേത് അസാധാരണമായ മാറ്റമാണ്. 2014 ൽ നിന്നും 35 പോയിന്റിന്റെ ഇടിവാണ് ഇന്ത്യയ്ക്ക് സംഭവിച്ചിട്ടുള്ളത്. 161 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 123 ആണ്. സൂചികയിൽ  ഇന്ത്യ നേടിയത് കേവലം നൂറിൽ 19 പോയിന്റുകൾ മാത്രമാണ്. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയും, യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പല രാജ്യങ്ങളെക്കാളും താഴെയാണ് നമ്മുടെ സ്ഥാനം. പൊതുസുരക്ഷിതത്വം, ധാർമികത, ദേശ സുരക്ഷ എന്നതിൻ്റെയൊക്കെ പേരിൽ നടന്നിട്ടുള്ള നിയമനിർമാണങ്ങളും, ഭേദഗതികളും, തുറന്ന സമൂഹത്തോട് സൈദ്ധാന്തികമായി എതിരെ നിൽക്കുന്ന രാഷ്ട്രീയാധികാര കേന്ദ്രങ്ങളുമൊക്കെ ഇതിന് കാരണമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണമായ കടന്നുകയറ്റമാണ്. ആഗോള മാധ്യമസൂചികയിൽ നമ്മുടെ സ്ഥാനം 159 ആണ്. 2023-ൽ 161 ആയിരുന്നു.  ഇക്കൊല്ലം 2 സ്ഥാനം ഉയർന്നത് നമ്മളെക്കാൾ മോശം പ്രകടനം നടത്തിയ ചില രാജ്യങ്ങൾ ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്. പോയിന്റ് നോക്കുകയാണെങ്കിൽ പോക്ക് കീഴോട്ടു തന്നെയാണ്.  “ഇന്ത്യയിലെ പ്രധാന മാധ്യമങ്ങളെല്ലാം റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. എൻ.ഡി. ടി.വി. അദാനി ഗ്രൂപ്പ് കൈവശമാക്കിയതോട് കൂടി, മുഖ്യധാരയിൽ സ്വതന്ത്രമാധ്യമങ്ങൾ ഇല്ലാതായിക്കഴിഞ്ഞു.” റിപ്പോർട്ട് പറയുന്നു. മാധ്യമങ്ങളെല്ലാം തന്നെ പ്രോപ്പഗാണ്ട ഉപകരണങ്ങളായി മാറുന്ന സാഹചര്യമുണ്ട്. പലവിധത്തിലാണ് ഇതു സംഭവിക്കുന്നത്. വരുമാനമാണ് പ്രധാനം.  രാജ്യത്ത് മാധ്യമങ്ങളുടെ പ്രധാന വരുമാനസ്രോതസ് ഗവണ്മെന്റ് പരസ്യങ്ങളാണ്. ഗവണ്മെന്റിനെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക് പരസ്യം നിഷേധിക്കുന്നതോടെ സാമ്പത്തിക കാരണങ്ങൾകൊണ്ട് തന്നെ ആ സ്ഥാപനങ്ങൾ അധികാരികൾ വരയ്ക്കുന്ന വഴിക്ക് വരും.

വഴങ്ങാത്ത മാധ്യമ സ്ഥാപനങ്ങൾക്കെതിരെ വിവിധ ഗവണ്മെന്റ് ഏജൻസികളുടെ അന്വേഷണവും റെയ്ഡുകളും വരും. ‘ദൈനിക് ഭാസ്കറി’നെതിരെയും ന്യൂസ്‌ക്ളിക്കിനെതിരെയും ഉണ്ടായ നടപടികൾ ഉദാഹരണങ്ങളാണ്. വിദേശ മധ്യമങ്ങളെപ്പോലും വെറുതെ വിടാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബി.ബി.സി. ഓഫീസുകളിൽ നടന്ന വരുമാന നികുതി വകുപ്പിന്റെ തെരച്ചിൽ ലോകശ്രദ്ധ നേടിയിരുന്നു. മീഡിയവൺ ചാനലിന് തുടരനുമതി നിഷേധിച്ച സംഭവത്തിൽ സുപ്രീംകോടതിയ്ക്ക് ഇടപെടേണ്ടിവന്നു. 

പ്രചാരകവേല ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന മാധ്യമപ്രവർത്തകരെ ഇല്ലാതാക്കുന്ന രീതിയുമുണ്ട്. ഗൗരി ലങ്കേഷ്‌ മാത്രമല്ല, നിരവധിപ്പേർ. 2022-ൽ 22 പേര് കൊലചെയ്യപ്പെട്ടുവെന്നാണ് സി.പി.ജെ.യുടെ കണക്കുകൾ. ഒരൊറ്റ വർഷവും വധിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. കൊലപ്പെടുത്താൻ കഴിയാത്തവരെ യു.എ. പി.എ. പോലുള്ള മർദ്ദക നിയമങ്ങൾ ചുമത്തി അകത്താക്കുന്നു. ഹത്രാസിൽ വാർത്തയ്ക്കായി പോയ സിദ്ദീഖ് കാപ്പൻ മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു. ബംഗളൂരു സ്ഫോടന കേസിലെ പോലീസിന്റെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്ന മാധ്യമപ്രവർത്തക ഷാഹിന കെ കെ ഒന്നര പതിറ്റാണ്ടോളമായി യു.എ. പി.എ. കേസിൽ പ്രതിയാണ്. രണ്ടു മലയാളികളെ ഉദാഹരിച്ചുവെന്നേയുള്ളൂ, ഇന്ത്യയൊട്ടുക്ക് എണ്ണിയാലൊടുങ്ങാത്തത്ര മാധ്യമ പ്രവർത്തകർ കിരാതമായ നിയമനടപടികളും മർദ്ദനവും നേരിടുന്നുണ്ട്. 

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകൾ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയിൽ ധൈര്യപൂർവ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരും സന്നദ്ധസേവകരും മാത്രമാണ്. പണം കൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും പിടിച്ചെടുക്കാൻ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബർ ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങൾ ഗവൺമെൻറ് രൂപീകരിച്ചത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റർമീഡിയറികൾക്ക്, ചില നിയന്ത്രണങ്ങൾക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇൻറർമീഡിയറി എന്നാൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകൾ ആണ്. ഉദാഹരണത്തിന് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്. അതിൽ പ്രസിദ്ധീകൃതമാകുന്ന സംഗതികൾ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്തമാണ്.  അതിൻ്റെ ഉള്ളടക്കത്തിന് മേൽ ഇൻറർമീഡിയറികൾക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ആയിരിക്കും അവർ ചെയ്യുന്ന പ്രവർത്തിയുടെ ഉത്തരവാദിത്തവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ അവിടെ സാധ്യമാകുന്നു. എന്നാൽ ഐ.ടി. ഇന്റർമീഡിയറി റൂൾസിലൂടെ ആ പരിരക്ഷ ഗവണ്മെന്റ് നീക്കം ചെയ്‌തു. അതോടൊപ്പം ഗവണ്മെന്റിനെ സംബന്ധിച്ച വാർത്തകളിലെ ‘വാസ്തവം’ ഏതെന്നു തിരിച്ചറിഞ്ഞു സെൻസർ ചെയ്യാൻ ഗവണ്മെന്റിന്റെ തന്നെ ഒരു കമ്മറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വാദിയും വിധികർത്താവുമെല്ലാം ഗവണ്മെന്റ് തന്നെ!

മാധ്യമസ്വാതന്ത്ര്യം മാത്രല്ല, അഭിപ്രായ പ്രചാരണത്തിന്റെ സർവ മേഖലകളിലും  ഈ പ്രവണത കാണാം. വെൻഡി ഡോയ്‌ൻഗറുടെ ‘ഹിന്ദു: ആൻ ആൾറ്റനേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിൻവലിക്കേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സിനിമകൾ, നാടകങ്ങൾ, പാട്ടുകൾ, ഹാസ്യപരിപാടികൾ, കാർട്ടൂണുകൾ തുടങ്ങി എല്ലാറ്റിനെയും ഭരണകൂടമോ അവരെ പിന്തുണയ്ക്കുന്ന അക്രമിസംഘങ്ങളോ പിന്തുടരുന്നുണ്ടായിരുന്നു. വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നേരിടുന്നത് ഏറ്റവും ഹീനമായ മാർഗങ്ങളിലൂടെയാണ്. പൗരത്വനിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മനുഷ്യർ ജയിലിലാണ്. നമ്മുടെ സംവിധാനങ്ങളൊന്നും അവർക്ക് തുണയാവുന്നില്ല. ഉമർ ഖാലിദിന് ഒടുവിൽ, സുപ്രീംകോടതിയിൽ നിന്ന് ജാമ്യാപേക്ഷ പിൻവലിക്കേണ്ടി വന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും വലിയ കളങ്കമാണ്. കർഷകസമരം, തൊഴിലാളി പ്രക്ഷോഭങ്ങൾ, തുടങ്ങി വിയോജിക്കുന്ന ശബ്ദങ്ങളൊക്കെ വേട്ടയാടപ്പെടുന്നുണ്ട്. ലോകം, നമ്മളെ ഒരു ജനാധിപത്യരാഷ്ട്രമായി കണക്കാക്കാൻ വിസമ്മതിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ആർട്ടിക്കിൾ 19-ന്റെ റിപ്പോർട്ട് ഒരു സൂചനയാണ്, അതിലുപരി അത് ഒരു ജനാധിപത്യ സംവിധാനമെന്ന നിലയ്ക്ക് നമ്മുടെ  നിലനിൽപ്പിനെതിരെ ഉയരുന്ന ചോദ്യചിഹ്നമാണ്. അതു കണ്ടില്ലെന്നു നടിച്ചാൽ, നിസ്സംഗത തുടർന്നാൽ ചരിത്രം നമുക്ക് മാപ്പ് തരില്ല.

First Published Suprabhatham Daily on 06/01/2024

LEAVE A REPLY

Please enter your comment!
Please enter your name here