ആധാറും മൊബൈൽ കണക്ഷനും

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവഷ്യപ്പെട്ടുകൊണ്ട് എല്ലാവര്‍ക്കും നിരന്തരം മെസേജുകളും ഫോണ്‍ കോളുകളും വന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരും പരിഭ്രാന്തിയിലാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ റദ്ദായിപ്പോകുമെന്നാണ് ഭയം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ടെലികോം ഡിപ്പാര്‍ട്‌മെന്റാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചതെന്നാണ് വാര്‍ത്തകള്‍. ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്?

മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആധാര്‍ യാതൊരു വിധ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാണ് കോടതി നിരവധി ഇടക്കാല ഉത്തരവുകളിലൂടെ പറഞ്ഞിട്ടുള്ളത്. 2015 ഒക്ടോബര്‍ 1-ന് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രായി (TRAI) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ആ ആവശ്യം നിഷേധിക്കുകയും 2014-മുതല്‍ ഉള്ള ഉത്തരവുകളില്‍ നിര്‍ദ്ദേശിച്ചിരുന്നതുപോലെ ”ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ഒരാനുകൂല്യവും നിഷേധിക്കപ്പെടരുത്” എന്ന് ആവര്‍ത്തിക്കുകയുമായിരുന്നു. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായി ഗവണ്മെന്റ് മുന്നോട്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ 21/03/2017-ലെ ഒരു സര്‍ക്കുലര്‍ പ്രകാരമാണ്. ഇതില്‍ പറയുന്നത് 2017 ഫെബ്രുവരി 02-ലെ സുപ്രീം കോടതി വിധിപ്രകാരം എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ആധാര്‍ ഇ-കെവൈസി വഴി പുനപരിശോധിക്കണം എന്നാണ്. 2018 ഫെബ്രുവരി 06-നുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്ന 06/02/2017-ലെ വിധിയില്‍ എവിടെയും എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ച് എ-കെ വൈ സി പരിശോധന നടത്തണം എന്നു പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

രാജ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലതാക്കാന്‍ എല്ലാ മൊബൈല്‍ നമ്പറുകളും 100% പരിശോധിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ വ്യക്തവും സുദൃഢവുമായ ഒരു സംവിധാനം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്‌നീതി ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രസ്തുത വിധി ഉണ്ടാകുന്നത്. ജസ്റ്റിസ് ഖെഹറും, ജസ്റ്റിസ് രമണയും ചേര്‍ന്ന 2 അംഗ ബഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യം കോടതി നല്ലതെന്നു കാണുകയും ഇന്ത്യ ഗവണ്മെന്റ് അതിനെ പിന്തുണച്ചുകൊണ്ട് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഗവണ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചത് ഇക്കാര്യങ്ങളാണ്: 2016 ആഗസ്റ്റ് 16 മുതല്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍-ഇ-കെ വൈ സി വെരിഫിക്കേഷനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല. എങ്കിലും 87% ജനങ്ങള്‍ക്കും ആധാര്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ സൗകര്യപ്രദമായ സംവിധാനം എന്ന നിലയില്‍ കൂടുതല്‍ ആളുകളും ഇനി ഇ-കെവൈസി ഉപയോഗിക്കാനാണ് സാധ്യത. നിലവില്‍ ഉള്ള ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ഇപ്രകാരം പുന:പരിശോധിക്കാവുന്നതാണ്. ഇതിനുള്ള സംവിധാനം ആലോചിച്ച് തീരുമാനിച്ച് വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നതാണ്. 

ഈ സാഹചര്യത്തില്‍ നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുന:പരിശോധിക്കുന്നതിനുള്ള സംവിധാനം ഗവണ്മെന്റ് ഏര്‍പ്പെടുത്തും എന്ന വിശ്വാസത്തില്‍കേസ് തീര്‍പ്പാക്കുകയാണുണ്ടായത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇവിടെ, മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന കാര്യം കേന്ദ്രം കോടതിയെ ബോധിപ്പിച്ചിരുന്നു. ആ നിലയ്ക്ക് പുതിയ കണക്ഷനുകള്‍ക്ക് നിര്‍ബന്ധമല്ലാത്ത ആധാര്‍ പഴയവയുടെ പുന:പരിശോധനയ്ക്ക് നിര്‍ബന്ധമാണെന്ന് പറയാനും കഴിയില്ലല്ലോ.

മാത്രമല്ല, 2015 ഒക്ടോബറില്‍, സുപ്രീം കോടതിയുടെ 5 അംഗ ബഞ്ച്, ആധാര്‍, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് ഉപയോഗിക്കാനനുവദിക്കണം എന്ന ട്രായിയുടെ ആവശ്യം നിഷേധിച്ചിരുന്നു എന്ന കാര്യം എ.ജി. കോടതിയെ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.ജസ്റ്റിക് ഖെഹറും, ജസ്റ്റിസ് രമണയും ടി ബഞ്ചിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അവര്‍ അത് അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ എന്ന നിര്‍ദ്ദേശം വരുമ്പോള്‍ തന്നെ മറ്റ് മാര്‍ഗങ്ങള്‍ ആരായുമായിരുന്നു. കാരണം 5 അംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് ഒരുത്തരവ് പുറപ്പെടുവിക്കാന്‍ 2 അംഗ ബഞ്ചിന് ആധാര്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിയുകയില്ല.

ആധാര്‍ ഇ-കെ വൈ സി യിലൂടെ ഒരു വ്യക്തി തന്റെ പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങളും വ്യക്തി വിവരങ്ങളും ഗവണ്മെന്റുമായും സ്വകാര്യ കമ്പനിയുമായും പങ്കു വയ്ക്കുകയാണ്. ചരിത്രപ്രധാനമായ സ്വകാര്യത വിധിയിലൂടെ സുപ്രീം കോടതി പൗരന്റെ വിവര-സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു മൗലീക അവകാശമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. നിയതവും നീതിയുക്തവും ന്യായവുമായ നിയമമാര്‍ഗങ്ങളിലൂടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഈ കോടതി വിധിക്കും എതിരാണ്. യതൊരു നിയമ ചട്ടക്കൂടുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന ടെലിക്കോം ഡിപ്പാര്‍ട്ടിന്റെ സര്‍ക്കുലര്‍ കോടതി വിധിയുടെ ദുര്‍വ്യാഖ്യാനവും നിയമവിരുദ്ധവുമാണ് എന്നു മാത്രമല്ല അപകടകരവുമാണ്. എയര്‍ടെല്‍ കമ്പനി മൊബൈല്‍ വെരിഫിക്കേഷനു നല്‍കിയ ഇ-കെ-വൈ-സി ഉപയോഗിച്ച് എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ തുറന്നതും അങ്ങനെ പാചക വാതക സബ്‌സിഡിയും തൊഴിലുറപ്പു പദ്ധതിയുടെ കൂലിയും അടക്കം ആധാര്‍-അധിഷ്ഠിത പണമിടപാടുകളെല്ലാം അതിലേക്ക് പോകുകയും ആ പണം തിര്‍ച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആളുകള്‍ വലയുന്നതുമെല്ലാം നാം ഇപ്പോള്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി ദുരുപയോഗ സാധ്യതകളുണ്ടെങ്കിലും പെട്ടു പോയ ഉപഭോക്തക്കള്‍ക്ക് നഷ്ട പരിഹാരം തേടാന്‍ പോലുമുള്ള സംവിധാനം ഇപ്പോഴില്ല. ഒരു പരാതിയുമായി കോടതിയില്‍ പോകാന്‍ പോലും ഇരയ്ക്കു കഴിയില്ല. കാരണം ആധാര്‍ ആക്റ്റ് പ്രകരം യു.ഐ.ഡി.എ.ഐ-യ്ക്കു മാത്രമേ പരാതി നല്കാന്‍ കഴിയൂ. അവര്‍ തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ അവരെങ്ങനെയാണ് പരാതിയുമായി പോകുക? 

നിയമക്കുരുക്കുകളെക്കുറിച്ച് ചെറു ബോധ്യമുള്ളതുകൊണ്ടാകണം ടെലികോം ഡിപ്പര്‍ട്ട്‌മെന്റിന്റെ സര്‍ക്കുലറില്‍ ഒരിടത്തും ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദു ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്രയും നന്ന്.

This article was published in Mangalam Daily on 22/09/2017

LEAVE A REPLY

Please enter your comment!
Please enter your name here