ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം രാമജന്മഭൂമി-ക്ഷേത്രത്തിനായി വിട്ടുനല്കുക, പകരം അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദ് പണിയുന്നതിനുള്ള സ്ഥലം ലഭ്യമാക്കുക എന്ന സുപ്രീംകോടതി വിധിയിലെ നിര്‍ദേശം ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ഒരു വിഭാഗത്തില്‍ നിന്ന് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കണിശമായ തെളിവുകള്‍ ആവശ്യപ്പെട്ട കോടതി മറു വിഭാഗത്തിനോട് അത്രമേല്‍ കണിശത കാണിച്ചില്ല എന്നത് വളരെ യുക്തിപൂര്‍വകമായ ഒരു വിമര്‍ശനമാണ്. എന്നാല്‍ അന്തിമവിധി മുന്നോട്ടു വച്ച പരിഹാരം 1991-ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ സിംഗിന്‍റെ കാര്‍മികത്വത്തില്‍ എത്തിച്ചേര്‍ന്ന പ്രശ്നപരിഹാര നിര്‍ദ്ദേശത്തിനു സമാനമാണ് എന്നതു കൌതുകകരമാണ്. അന്ന് ആ നിര്‍ദ്ദേശം നടപ്പിലായിരുന്നെങ്കില്‍ കേവലം ആറു മാസം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന ചന്ദ്രശേഖറിന്റെ പേര് ഇന്ത്യാചരിത്രത്തിലെ അഭിവാജ്യ ഭാഗമാകുമായിരുന്നു പക്ഷേ, അതിനു മുന്‍പേ കോണ്ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിക്കുകയും ഗവണ്മെന്റ് താഴെവീഴുകയും ചെയ്തു.
പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരനായ റോഡറിക്ക് മാത്യൂസ് എഴുതിയ ‘ചന്ദ്രശേഖര്‍ ആന്‍ഡ് ദി സിക്സ് മന്ത്സ് ദാറ്റ് സേവ്ഡ് ഇന്ത്യ’ എന്ന പുസ്തകതിലാണ് അനുരഞ്ജന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഉള്ളത്. ആഗസ്ത് 10-ന് പ്രസിധീകൃതമാകാനിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ ‘ദി പ്രിന്‍റ്’ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാം ജന്മഭൂമി ന്യാസും ആള്‍ ഇന്ത്യ ബാബ്റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. പ്രധാനമന്ത്രിക്കുവേണ്ടി ശരദ് പവാര്‍ ആണ് മുസ്ലീം വിഭാഗത്തോട് സംസാരിച്ചത്, പ്രധാനമന്ത്രിയുടെ സുഹൃത്തും ബി.ജെ.പി.യിലെ മിതവാദിയുമായിരുന്ന ഭൈരോണ്‍ സിംഗ് ശെഖാവത്ത് ആയിരുന്നു ഹിന്ദു പക്ഷത്തോട് ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടത്.
ആദ്യ ചര്‍ച്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു. വി.എച്ച്.പി. പ്രതിനിധിയോട് ചന്ദ്രശേഖര്‍ ചോദിച്ചു; “അയോധ്യയില്‍ എന്താണ് ചെയ്യേണ്ടത്?”. “അയോധ്യയില്‍ എന്താണ് പ്രശ്നം? അതൊരു രാമക്ഷേത്രമാനെന്നു എല്ലാവര്ക്കും അറിയാം. അത് ഒരു രാമക്ഷേത്രം തന്നെയാണ്.” എന്നായിരുന്നു മറുപടി. രണ്ടു മിനിറ്റ് മൌനത്തിനു ശേഷം ചന്ദ്രശേഖര്‍ പറഞ്ഞു: “നമുക്ക് കാര്യങ്ങളെ ഗൌരവമായി കാണാം. ഞാന്‍ ആണ് ഇപ്പോള്‍ പ്രധാനമന്ത്രി; എത്രകാലം ഈ പദവിയില്‍ ഉണ്ടായിരിക്കും എന്നറിയില്ല. എന്തായാലും ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നിടത്തോളം കാലം ആരെയും ആ മന്ദിരത്തില്‍ തൊടാന്‍പോലും അനുവദിക്കില്ല. ഞാന്‍ വി പി സിംഗല്ല, ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെ ആശ്രയിക്കേണ്ട കാര്യമില്ല എനിക്ക്. പള്ളിയില്‍ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍ വെടിവെക്കുവാന്‍ ഞാന്‍ ഉത്തരവിടും. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണ്. ഒരുപാട് പണം നമ്മള്‍ ഇതിനുവേണ്ടി ചെലവിടുന്നുണ്ട്. അത് പാടില്ല. നിങ്ങള്‍ക്ക് എന്തിനാണ് ആശങ്ക, 500 സന്യാസിമാര്‍ മരിച്ചാല്‍, അവര്‍ മരിക്കുന്നത് ദൈവത്തിനു വേണ്ടിയല്ലേ, അവര്‍ സ്വര്‍ഗത്തില്‍ എത്തിക്കോളും….. മുസ്ലീം വിഭാഗവും എന്നെ കാണാന്‍ എത്തുന്നുണ്ട്. അത് ഓര്‍ത്തുകൊള്‍ക.”
മുസ്ലീം സംഘം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞാന്‍ അവരോടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്; ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലം വരെ നിങ്ങളുടെ മന്ദിരം സുരക്ഷിതമായിരിക്കും. പക്ഷേ രാജ്യത്ത് അഞ്ചാറു ലക്ഷം ഗ്രാമങ്ങളുണ്ട്. എല്ലായിടത്തും ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്നു കഴിയുകയാണ്. നാളെ രാജ്യവ്യാപകമായ കലാപം ഉണ്ടായാല്‍ എല്ലായിടവും നിയന്ത്രിക്കാന്‍ മാത്രമുള്ള പോലീസ് സേന എന്റെ കൈയ്യിലില്ല. അതുകൊണ്ട്, ആലോചിച്ച് ഒരു തീരുമാനം പറയുക.”
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇരു വിഭാഗവും അനുരഞ്ജനത്തിനു തയ്യാറാണെന്ന് അറിയിച്ചു. ശരദ് പവാറിനെയും ഭൈരോണ്‍ സിംഗ് ശെഖാവത്തിനെയും ചര്‍ച്ചകള്‍ക്ക് നിയോഗിച്ചു. പത്രങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കരുത്, ചര്‍ച്ചകള്‍ പരമാരഹസ്യമയിരിക്കണം എന്ന ഉപാധി വച്ചു. പതിനഞ്ച്-ഇരുപത് ദിവസം കഴിഞ്ഞപ്പോള്‍ ഭൈരോണ്‍ സിംഗ് ശെഖാവത്ത് എത്തി. ഇരു വിഭാഗങ്ങളും ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നറിയിച്ചു. പക്ഷേ, ഇരു വിഭാഗത്തിന്റെയും അനുഭാവികള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തുകയാണ്. അതെങ്ങനെ തണുപ്പിക്കുമെന്ന് നേതാക്കന്മാര്‍ക്ക് അറിയില്ല. മുസ്ലീം വിഭാഗം പറഞ്ഞു: “വൈകാരികത കണക്കിലെടുത്ത് ഈ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനു പക്ഷേ, രണ്ട് ഉപാധികള്‍ ഉണ്ട്. ഒന്ന്, പള്ളിക്കുവേണ്ടി മറ്റൊരിടം വിട്ടു നല്‍കണം. രണ്ട്, ഇതിനു ശേഷം മറൊരു പള്ളി-ക്ഷേത്ര തര്‍ക്കം ഉയര്ത്തിക്കൊണ്ടുവരില്ല എന്ന്‍ ഉറപ്പു ലഭിക്കണം. 1947 ആഗസ്റ്റ് 15 എന്ന തിയ്യതി വച്ച് ആരാധനാലയങ്ങളുടെ പദവി അതുപോലെ തന്നെ നിലനിർത്തുമെന്ന് ഉറപ്പ് നല്കണം. ” ഈ നിർദ്ദേശം ഹിന്ദുപക്ഷവും അംഗീകരിച്ചു.
പ്രശ്നപരിഹാരത്തിന് അരികെ വച്ചാണ് കോണ്ഗ്രസ്സ് പിന്തുണ പിൻവലിക്കുന്നതും ചന്ദ്രശേഖറിന് പ്രധാനമന്ത്രിപദം നഷ്ടമാകുന്നതും. ശരദ് പവാർ ചർച്ചയുടെ വിശദാംശങ്ങൾ രാജീവ് ഗാന്ധിയെ അറിയിച്ചിരുന്നു. അദ്ദേഹം ചന്ദ്രശേഖറിനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നത്രേ. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോണ്ഗ്രസ്സ് ചന്ദ്രശേഖര് ഗവണ്മെന്റിനുള്ള പിന്തുണ പിൻവലിച്ചു. രാജീവ് ഗാന്ധിയുടെ വസതിക്ക് സമീപത്തു രണ്ടു പോലീസ് കോൺസ്റ്റബിൾമാരെ കണ്ടു, അവർ ചാരവൃത്തി നടത്തുവാൻ എത്തിയതാണ് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. അയോദ്ധ്യ പ്രശ്നം ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പരിഹരിക്കപ്പെട്ടാൽ അത് അദ്ദേഹത്തിന്റെ പ്രതിഛായ വർധിപ്പിക്കും എന്ന കാരണം കൊണ്ട് മാത്രമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചത് എന്ന് സമാജ്‌വാദി പാർട്ടി നേതാവും അന്ന് കേന്ദ്രമന്ത്രിയും ആയിരുന്ന കമാൽ മൊറാർക്ക പ്രസ്താവിച്ചിരുന്നു.
ഈ ഒത്തുതീർപ്പു ശ്രമങ്ങളുടെ തുടർച്ച ആണോ എന്ന ഉറപ്പില്ല, എങ്കിലും തുടർന്ന് അധികാരമേറിയ പി.വി. നരസിംഹറാവു ഗവണ്മെന്റ് ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമം [ Places of worship (Special Provisions) Act, 1991] കൊണ്ടുവന്നു. പ്രസ്തുത നിയമപ്രകാരം രാജ്യത്തെ ആരാധനാലയങ്ങളുടെ പദവി രാജ്യം സ്വതന്ത്രമായ 1947 ആഗസ്ത് പതിനഞ്ചാം തിയ്യതി വച്ച് സ്ഥിരപ്പെടുത്തി. ദേവാലയങ്ങളുടെ മതസ്വഭാവം മാറ്റുന്നതിനുള്ള യാതൊരു തർക്കവും ഒരു കോടതിയും ഭാവിയിൽ പരിഗണിക്കേണ്ടതില്ല എന്നും നിയമം വ്യവസ്ഥ ചെയ്തു. എന്നാൽ ബാബറി-തർക്കം മാത്രം നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അന്ന് ബി.ജെ.പി. ഒഴികെയുള്ള പ്രധാന രാഷ്ട്രീയകക്ഷികൾ എല്ലാം തന്നെ നിയമത്തെ സ്വാഗതം ചെയ്തു. “ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് പതിനഞ്ചിലെ നില സംരക്ഷിക്കപ്പെടണം എന്ന ഞങ്ങളുടെ ഏറെക്കാലത്തെ ആവശ്യം ഗവണ്മെന്റും മതേതര കക്ഷികളും അംഗീകരിച്ചതിൽ സംതൃപ്തിയുണ്ട്” എന്ന് അഖിലേന്ത്യാ ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റി നേതാവായിരുന്ന സയീദ് ജാവേദ് ഹബീബ് പ്രസ്താവിച്ചു. “ഇനിയും എക്കാലവും ഇതുപോലുള്ള തർക്കങ്ങൾ ഉയർന്നു വരികയില്ല എന്ന സാഹചര്യം വന്നതുകൊണ്ട് അയോദ്ധ്യ വിഷയത്തിലെ നിലപാട് ഞങ്ങൾ പുനർവിചിന്തനം ചെയ്യും” എന്ന് ഒരു പ്രമുഖ മുസ്‌ലിം നേതാവ് പറഞ്ഞതായി 1991 സെപ്തംബർ 14 -ലെ ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തിരുന്നു. ആ നിലയ്ക്കുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നിരിക്കാം. അങ്ങനെ പ്രശ്നം അവസാനിച്ചിരുന്നെങ്കിൽ ‘മന്ദിർ-മസ്ജിദ്-രാഷ്ട്രീയ’ത്തിന്റെ അവസാനമാകുമായിരുന്നു അത്; ഒപ്പം ഹിന്ദു-മുസ്‌ലിം സാമുദായിക സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിലേക്ക് സുപ്രധാന ചുവടുവയ്പ്പും.
പക്ഷേ, 1992-ൽ ബാബ്‌റി പള്ളി പൊളിച്ച ഭീകരമായ ആക്രമ സംഭവം ചരിത്രമാകെ മാറ്റിയെഴുതിക്കളഞ്ഞു. അതിൽ അതിൽ കോൺഗ്രസ്സ് ഗവണ്മെന്റിന്റെ, പ്രത്യേകിച്ചും പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും, മുഖ്യമന്ത്രി കല്യാൺ സിംഗിന്റെയും, നിഷ്‌ക്രിയത്വവും ഏറെ വിമർശിക്കപ്പെട്ടതാണ്. മുസ്‌ലിം മത തീവ്രവാദികളുടെ സമ്മർദ്ദത്തിനു വഴങ്ങി ‘ഷ ബാനു’ കേസിലെ സുപ്രീംകോടതി വിധിക്കെതിരെയായി നിയമനിർമാണം നടത്തിയത് ബാലൻസ് ചെയ്യാൻ ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറക്കാനും ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താനും കൂട്ട്നിൽക്കുകയാണ് രാജീവ് ഗാന്ധിചെയ്തത്. അതിനു സമാനമായി ആരാധനാലയ നിയമം കൊണ്ട് വന്നതിനു പകരം സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയ പ്രീണനനയം ആയിരുന്നോ അതോ കോൺഗ്രസിന്റെ യഥാർത്ഥ ഹിന്ദുത്വ അജണ്ടയാണോ 1992-ൽ നടപ്പിലായത് എന്നത് തർക്കവിഷയമാണ്.
അതെന്തുതന്നെയായാലും 1991-ലെ ഒത്തുതീർപ്പു നിർദ്ദേശങ്ങൾക്ക് സമാനമായ തീരുമാനം സുപ്രീംകോടതിയുടെ അയോദ്ധ്യ പ്രശ്നത്തിലെ അന്തിമവിധിയിലും കാണാൻ കഴിയുന്നു എന്നത് കൗതുകകരമാണ്. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്ന തത്വവും വിധിയുടെപ്രധാനഭാഗമാണ്. ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തെക്കുറിച്ച് സുപ്രീംകോടതി വിധിയിൽ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതിയെന്ന് വിധി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്.
ബാബ്‌റി പള്ളിയെക്കുറിച്ച് ഹിന്ദുത്വ ശക്തികൾ മുന്നോട്ടു വച്ച വാദങ്ങളൊന്നും തന്നെ സുപ്രീം കോടതി അംഗീകരിച്ചില്ല. രാമക്ഷേത്രം തകർത്താണ് പള്ളിപണിതത് എന്ന സംഘ പരിവാർ പ്രധാന പ്രചാരണം കോടതി തള്ളി. ചരിത്രവും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനന റിപ്പോർട്ടും അത് തെളിയിക്കുന്നില്ല എന്ന് കോടതി കണ്ടെത്തി. ബാബ്‌റി മസ്ജിദ് പള്ളിയേ ആയിരുന്നില്ല എന്ന വാദവും അംഗീകരിച്ചില്ല, തർക്ക മന്ദിരം പള്ളി തന്നെയായിരുന്നു എന്ന് വിധിയിൽ എഴുതി. അതുപോലെ തന്നെ രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ എന്നും കോടതി പറയുന്നു. ആ ഒരു പശ്ചാത്തലത്തിന് അനുയോജ്യമായ സിവിൽ നിയമയുക്തിയിലൂടെയാണ് കോടതി അന്തിമ തീർപ്പിൽ എത്തിച്ചേർന്നത്. അത് 1991-ലെ, ഇരുവിഭാഗങ്ങളും സമ്മതിച്ച, ഒത്തുതീർപ്പു നിർദ്ദേശങ്ങൾക്ക് സമാനമാകുന്നത് ഒരുപക്ഷേ ആകസ്മികമായിരിക്കാം.