“രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോൾ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്. എന്നാൽ ചില തീരുമാനങ്ങൾ, അവ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന ഓർമ്മപ്പെടുത്തലിന് വേണ്ടി മാത്രം റിക്കാർഡ് പുരകളിൽ സൂക്ഷിക്കേണ്ടവയാണ്.”
~ ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ്
2017-ൽ, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ ഭാഗമായി, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻ്റെ വിധിയിൽ എഴുതിച്ചേർത്ത വാചകമാണ് മുകളിൽ ഉദ്ധരിച്ചത്. സ്വന്തം പിതാവ് വൈ വി ചന്ദ്രചൂഡ് കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ, കുപ്രസിദ്ധമായ എ ഡി എം ജബൽപൂർ കേസിലെ (അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപ്പസ് കേസ്) തീരുമാനത്തെ നിശിതമായി വിമർശിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. അങ്ങനെ, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് 1976 ലെ തീരുമാനമെന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷം സുപ്രീംകോടതി വിലയിരുത്തി. എന്നാൽ ഇപ്പോൾ അനുച്ഛേദം 370 സംബന്ധിച്ച കേസിലെ, അദ്ദേഹം നേതൃത്വം നൽകുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വീകരിച്ചിട്ടുള്ള നിലപാട്, ചരിത്രം ഒരു ദുരന്തനാടകമായോ, പ്രഹസനമായോ, ആവർത്തിക്കപ്പെടുന്നതിന്റെ അടയാളപ്പെടുത്തലാണ്.
കേസിന്റെ പശ്ചാത്തലം
2018 ജൂൺ മാസത്തിലാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലേക്കുള്ള നടപടികളുടെ ആരംഭം. ബിജെപി പിന്തുണയോടെ കാശ്മീരിൽ അധികാരത്തിലിരുന്ന മന്ത്രിസഭയിൽ നിന്ന് അവർ പിന്മാറുന്നു. അതോടെ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിക്ക് രാജിവെക്കേണ്ടിവരുന്നു. തൊട്ടടുത്ത ദിവസം മുതൽ കാശ്മീർ ഭരണഘടനയുടെ 92-ആം വകുപ്പ് അനുസരിച്ച് ഗവർണർ ഭരണം ഏറ്റെടുക്കുന്നു. ഗവർണർ ഭരണത്തിന് നിശ്ചയിച്ചിട്ടുള്ള ആറുമാസത്തെ പരിധി അവസാനിച്ച ഡിസംബർ മാസം 19-ആം തീയതി, ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണ സംവിധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. രാഷ്ട്രപതി ഭരണത്തിന് കീഴിൽ തന്നെ അത്യന്തം നാടകീയമായ നീക്കങ്ങളാണ് നടന്നത്.
അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്തുനിന്നും ഗവണ്മെന്റ് തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കി. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തു: (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു. ഈ നടപടികളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. നാല് വർഷത്തോളമെടുത്തു കോടതി ഈ കേസ് പരിഗണിക്കാൻ തന്നെ. അതിനിടയിൽ കാശ്മീരി നേതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജികൾ പോലും കോടതി പരിഗണിച്ചില്ല. ഇപ്പോൾ ഇതാ ചീഫ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് കാന്ത്, ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് കൗൾ, ജസ്റ്റിസ് ഖന്ന എന്നിവർ അടങ്ങുന്ന ഭരണഘടനാബെഞ്ച് ഈ വിഷയത്തിൽ വിധി പ്രസ്താവിച്ചിരിക്കുന്നു.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് കോടതിയുടെ പരിശോധനയ്ക്കു വന്നത്. ഒന്ന്, കാശ്മീരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദു ചെയ്തതിന്റെ ഭരണഘടനാപരത; രണ്ട്, സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ; മൂന്ന്, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രൂപീകരണവും പുനഃസംഘടനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കുംവിധം എങ്ങനെ സംവിധാനം ചെയ്യാമെന്നതിനെക്കുറിച്ച്. മൂന്നും ഇന്ത്യൻ ജനാധിപത്യഘടനയുടെ വേരുകളോളം ആഴമുള്ള വിഷയങ്ങളാണ്. ഇവയോരോന്നും പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്.
ഫെഡറൽ സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു
ജമ്മു-കാശ്മീരിനെ വിഭജിച്ച്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ‘ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാ വിരുദ്ധമാണോ? കാശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ന്യായീകരിക്കത്തക്കതാണോ? ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിൻ്റെ സംസ്ഥാന പദവി എടുത്തു മാറ്റി ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമായ അധികാരപ്രയോഗമാണോ? എന്നിങ്ങനെ സംസ്ഥാനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട 3 ചോദ്യങ്ങൾക്കാണ് കോടതി ഉത്തരം തേടിയത്.
രാഷ്ട്രപതിഭരണപ്രഖ്യാപനം
കാശ്മീർ ഭരണഘടനയുടെ അനുച്ഛേദം 92 അനുസരിച്ച് ഗവർണർ ഭരണം ഏർപ്പെടുത്തിക്കൊണ്ടും പിന്നീട് അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതി ഭരണം നടപ്പിലാക്കിക്കൊണ്ടും ഉണ്ടായ പ്രഖ്യാപനങ്ങളും ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം കോടതി തീർപ്പാക്കാതെ വിടുകയാണ് ഉണ്ടായത്. അതിനുള്ള കാരണം കോടതി പറയുന്നത് ശ്രദ്ധിക്കുക. 356 സംബന്ധിച്ച പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടുന്നത് രാഷ്ട്രപതിഭരണം അവസാനിച്ചതിനുശേഷമാണ്. ഹർജിയിലെ പ്രധാന ആക്ഷേപം അനുച്ഛേദം 370 ഭേദഗതി ചെയ്തതിനെക്കുറിച്ചാണ്, രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതിനെതിരെയല്ല. ഇനി രാഷ്ട്രപതിഭരണം ഭരണഘടനാപരമല്ലെന്ന് കണ്ടെത്തിയാൽ തന്നെയും ഹർജിക്കാർക്ക് ഒരു പരിഹാരം നൽകുവാൻ കോടതിക്ക് കഴിയില്ല. അതായത് രാഷ്ട്രപതി അധികാരമേറ്റെടുത്ത രീതി തെറ്റാണെന്ന് വന്നാൽ തന്നെയും തങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചെയ്തതിനുശേഷം അത് അവസാനിപ്പിച്ചത് കൊണ്ട്, പ്രസ്തുത നടപടിയുടെ ഭരണഘടനാപരത പരിശോധിക്കുവാൻ കഴിയില്ലെന്ന്! രാഷ്ട്രപതിഭരണപ്രഖ്യാപനം ജുഡീഷ്യൽ റിവ്യൂവിന് വിധേയമായിരിക്കുമെന്ന് എസ് ആർ ബൊമ്മൈ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് തീർപ്പു കൽപ്പിച്ചിട്ടുള്ളതാണ്. തീരുമാനമെടുക്കുന്നതിലേക്ക് ഗവർണറെ നയിച്ച രേഖകൾ കോടതിയ്ക്ക് പരിശോധിക്കാൻ കഴിയുമെന്നായിരുന്നു വിധി. കൂടാതെ പ്രസിഡൻഷ്യൽ ഭരണപ്രഖ്യാപനം ഭരണഘടനാവിരുദ്ധമെന്നു കണ്ടാൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിയിൽ എസ് ആർ ബൊമ്മൈ കേസ് പരാമർശിച്ചു പോകുന്നുണ്ടെങ്കിലും, പ്രധാന ആവശ്യം രാഷ്ട്രപതി ഭരണത്തിൻകീഴിൽ നിറവേറ്റാവുന്ന ചുമതലകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് എന്നതുകൊണ്ട് പ്രഖ്യാപനത്തിന്റെ ഭരണഘടനാപരതയിലേക്ക് കടക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിധിന്യായത്തിന്റെ ആരംഭത്തിൽ അദ്ദേഹം ഫ്രെയിം ചെയ്ത ചോദ്യങ്ങളിൽ നിയമസഭ പിരിച്ചുവിട്ടതും, ഗവർണർ ഭരണവും രാഷ്ട്രപതിഭരണവും ഏർപ്പെടുത്തിയതും ഭരണഘടനാപരമാണോ എന്ന കാര്യം കൂടി ഉൾപ്പെടുത്തിയിട്ടും അത് പരിശോധിക്കാനൊരുങ്ങാത്തതിന് നൽകുന്ന ന്യായീകരണം സാമാന്യേന മനുഷ്യർക്ക് ബോധ്യപ്പെടുന്നതല്ല എന്നേ പറയേണ്ടൂ.
രാഷ്ട്രപതിയുടെ അധികാരപരിധി
രാഷ്ട്രപതി ഭരണം നിലനിൽക്കുമ്പോഴാണ് സംസ്ഥാനം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള, തിരുത്താനാവാത്ത മാറ്റങ്ങൾ കാശ്മീരിൽ നടപ്പിലാക്കിയത്. സംസ്ഥാന നിയമസഭയോ ഗവൺമെന്റോ നിലവിൽ ഇല്ലെന്നിരിക്കെ, കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ ഈ മാറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു. അനുച്ഛേദം 356 അനുസരിച്ച് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതോടെ, നിയമസഭയും ഗവൺമെൻറുമെന്നാൽ പാർലമെൻറും രാഷ്ട്രപതിയും ആയി മാറിക്കഴിഞ്ഞു എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിലപാട്. അതുകൊണ്ടുതന്നെ സംസ്ഥാന നിയമസഭയുടെയും സർക്കാരിന്റെയും എല്ലാ ചുമതലകളും സ്വയം ഏറ്റെടുത്ത് നടപ്പിലാക്കാൻ രാഷ്ട്രപതിക്ക് കഴിയുമെന്നും.
സംസ്ഥാനങ്ങളിൽ ഭരണഘടനാസംവിധാനത്തിന്റെ തകർച്ച ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നത്. ഭരണഘടനാപരമായി ഗവൺമെന്റിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്നു വരുമ്പോൾ മാത്രം. ഫെഡറൽ സംവിധാനത്തിലെ സ്വാഭാവിക ജനാധിപത്യ പ്രക്രിയ തിരിച്ചുകൊണ്ടു വരുന്നതിനുള്ള ഒരു താൽക്കാലിക സംവിധാനമായിട്ടാണ് ഭരണഘടനയിൽ ഇത് ചേർത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവർണർ ഭരണം പരമാവധി ആറുമാസവും; രാഷ്ട്രപതി ഭരണം, ആറുമാസം കൂടുമ്പോൾ പാർലമെന്റിന്റെ ആവർത്തിച്ചുള്ള അംഗീകാരം നേടിക്കൊണ്ട് മാത്രം, പരമാവധി മൂന്നുവർഷം വരെയുമാണ് കൊണ്ടുപോകുവാൻ സാധിക്കുക. ഈ അനുച്ഛേദം ഒരിക്കലും പ്രയോഗിക്കാൻ ഇട വരാതെ ഉപയോഗശൂന്യമായി തുടരട്ടെ എന്നാണ് ഭരണഘടനാ നിർമ്മാണ സഭയിൽ അംബേദ്കർ പ്രത്യാശിച്ചത്. സ്വാഭാവിക ഭരണസംവിധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രം പ്രവർത്തിക്കേണ്ടുന്ന ഒരു സൗകര്യം എന്ന നിലയിൽ, അടിയന്തരാവസ്ഥക്കാലത്തെ 42-ആം ഭേദഗതിക്ക് മുൻപ് വരെ, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങൾക്കും നിയമനിർമാണങ്ങൾക്കും തുടർന്നുവരുന്ന ഗവൺമെന്റിന്റെ അംഗീകാരം ഇല്ലെങ്കിൽ ഒരു വർഷം വരെ മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്. ആ ഒരു വർഷ പരിധി ഇന്ദിരാഗാന്ധി ഗവണ്മെന്റിന്റെ കാലത്ത് ഭേദഗതിയിലൂടെ നീക്കം ചെയ്തു. എന്നിരുന്നാലും, ഇപ്പോഴും, രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങൾ പിൻവലിക്കുവാനോ തിരുത്തുവാനോ ഉള്ള സമ്പൂർണ്ണമായ അധികാരം, 356(2) അനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് തിരുത്താനാകാത്ത മൗലികമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളുവാൻ രാഷ്ട്രപതി ഭരണത്തിന് കീഴിൽ കഴിയില്ല, കഴിയാൻ പാടുള്ളതല്ല. കാരണം, തിരുത്താനാവാത്ത തീരുമാനങ്ങളാണ് എടുക്കുന്നതെങ്കിൽ, ഉപഖണ്ഡം 2-ന് പ്രസക്തിയൊന്നുമില്ലല്ലോ.
ഭരണയന്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ സൗകര്യത്തിന് മാത്രമാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നതെന്ന വാദം കോടതി ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട്. ജസ്റ്റിസ് കാന്തിനും ജസ്റ്റിസ് ഗവായിക്കും കൂടി വേണ്ടി ജസ്റ്റിസ് ചന്ദ്രചൂഡ് രചിച്ച പ്രധാന വിധിന്യായം ഇക്കാര്യം പരിഗണിക്കുന്നുമുണ്ട്. ബൊമ്മൈ കേസിലെ കോടതി നിലപാട് ഓർത്തെടുത്തു കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: “രാഷ്ട്രപതി ഭരണത്തിൻകീഴിൽ സ്വീകരിക്കുന്ന നടപടികൾക്ക് ഭരണപരമായ അനിവാര്യതയുമായി അടുത്തബന്ധമുണ്ടായിരിക്കണം. ഭരണഘടനാസംവിധാനങ്ങളുടെ പരാജയമാണ് അനുച്ഛേദം 356 പ്രയോഗിക്കാൻ കാരണമാകുന്നത്. അനുച്ഛേദത്തിൽ വിശദീകരിക്കുന്ന ഭരണഘടനാ പദ്ധതിയുടെ ലക്ഷ്യം ഭരണഘടനാസംവിധാനം പുനഃസ്ഥാപിക്കുക എന്നതാണ്. ഫെഡറൽ സംവിധാനം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് രാഷ്ട്രപതിഭരണത്തിന്റെ കാലാവധി നിജപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 356-നു കീഴിൽ ചെയ്യുന്ന എ ജില്ലാ പ്രവൃത്തികൾക്കും ഭരണഘടനാസംവിധാനം സസ്പെൻഡ് ചെയ്തതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ബന്ധമുണ്ടായിരിക്കണം.” വളരെ ശരിയായ നിരീക്ഷണമാണിത്. രാഷ്ട്രപതി ഭരണത്തിനുകീഴിൽ വരുന്ന അധികാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന, അനുച്ഛേദം 356 (1) ഉപഖണ്ഡം (എ) മുതൽ (സി) വരെ വളരെ വിസ്തൃതമായ തരത്തിലാണ് എഴുതിയിട്ടുള്ളത്. അതിനെ ഫെഡറൽ ജനാധിപത്യത്തിന്റെ മൂല്യങ്ങൾക്കുതകുംവിധം വ്യാഖ്യാനിക്കുക എന്നതാണ് മേൽപ്പറഞ്ഞ കാഴ്ചപ്പാടിന്റെ സ്വാഭാവിക പരിണിതി. പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്ന നടപടികൾ മാത്രമേ പാടുള്ളു എന്ന നിലപാടാണ് എസ്.ആർ. ബൊമ്മൈ കേസിൽ ജസ്റ്റിസ് റെഡ്ഢി സ്വീകരിക്കുന്നത്, എന്നാൽ ജസ്റ്റിസ് സാവന്ത് പറയുന്നത് എല്ലാ പ്രവർത്തികളും അങ്ങനെ വിലയിരുത്താൻ പോയാൽ അത് ജുഡീഷ്യറി ഭരണ-രാഷ്ട്രീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിന് തുല്യമാകുമെന്നതിനാൽ, പ്രത്യക്ഷത്തിൽ യുക്തിരഹിതമോ, ദുരുദ്ദേശ്യപരമോ ആയ നടപടികൾ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ എന്നതാണ്. എന്തായാലും രാഷ്ട്രപതി ഭരണത്തിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾക്ക് പരിധികളുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാർ ഈ കേസിൽ അവകാശപ്പെട്ടതുപോലെ അനിയന്ത്രിതമായ അധികാരമില്ല. ഈ കേസിലും കോടതി അതേ നിലപാട് ആവർത്തിക്കുന്നുണ്ട്. അഭികാമ്യവും അനിവാര്യവുമായ പ്രവർത്തനങ്ങൾ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്ന ജസ്റ്റിസ് റെഡ്ഢിയുടെ നിലപാടിന്റെ ആവർത്തനം ഇവിടെ കാണാം. നടപടികൾക്ക് ഉദ്ദേശ്യലക്ഷ്യവുമായി അടുത്തബന്ധം വേണം എന്ന കാര്യവും സ്വീകാര്യമാവുന്നുണ്ട്. ഒരുപക്ഷേ, അനുച്ഛേദം 370 സംബന്ധിച്ച വിധിയിലെ ധനാത്മകമായ ഒരു വശം ഈ കാഴ്ചപ്പാടാണ്. എന്നാൽ, ഈ മാനദണ്ഡമനുസരിച്ച് ഈ കേസിന്റെ വസ്തുതകൾ പരിശോധിച്ചു മനസ്സിലാക്കാനോ, വിലയിരുത്താനോ കോടതി തയ്യാറായിട്ടില്ല. പകരം അതിനു ബാലിശമായ ന്യായീകരണങ്ങൾ കണ്ടെത്തുകയാണ് കോടതി ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണഗതിയിലാവുമ്പോൾ, 356 അനുസരിച്ചു പ്രയോഗിച്ച അധികാരങ്ങൾ പുനഃപരിശോധിക്കാൻ നിയമസഭയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമല്ല. തിരുത്താനാവാത്ത പ്രവൃത്തികളെല്ലാം പരിശോധിക്കാൻ തീരുമാനിച്ചാൽ, ദൈനംദിന ഭരണകാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കേണ്ടിവരും എന്ന മുട്ടുന്യായവും വിധിയിൽ കാണാം. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സംരക്ഷണത്തെ നീക്കം ചെയ്യുന്നതോ, തിരുത്താനാവാത്ത മാറ്റങ്ങൾ സൃഷ്ടിക്കുന്നതോ, മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്നതോ ആയ നീക്കങ്ങൾ ഉണ്ടെങ്കിൽ അതുപോലും പരിശോധിക്കേണ്ടതില്ല എന്ന നിലപാട്, സ്വന്തം യുക്തിയെത്തന്നെ റദ്ദ് ചെയ്യുന്നതാണ്. പ്രസിഡന്റ് ഭരണത്തിലൂടെ തിരുത്താനാവാത്ത മാറ്റങ്ങൾ കൊണ്ടുവരാനും, ഏതൊരു സംസ്ഥാനത്തിലും രാഷ്ട്രപതിഭരണത്തിന് കീഴിൽ മൗലികമായ മാറ്റങ്ങൾ വരുത്താനും, ആകുമെന്ന അവസ്ഥ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിന് എത്രമാത്രം ഭീഷണിയാണെന്ന് കോടതി തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണ്. ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ടിലൂടെ ഒരു സംസ്ഥാനം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ് ഇവിടെ നമ്മൾ കണ്ടത്. അക്കാര്യത്തിലും ഭരണഘടനയുടെ നിതാന്ത കാവൽക്കാരന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനവധാനതയുണ്ടായി.
സംസ്ഥാനത്തിന്റെ പുനഃസംഘടന
ഒറ്റ സ്ട്രോക്കിൽ, സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയ നടപടി, ഫെഡറൽ സംവിധാനത്തിനുമേൽ കേന്ദ്രം നടത്തിയ, ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത ആക്രമണമായാണ് ഭരണഘടനാവിചക്ഷണർ വിലയിരുത്തിയിരുന്നത്. കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്ന രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ‘ജമ്മു ആൻഡ് കാശ്മീർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാനുസൃതമാണോ? രണ്ട്, സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുന്നത് ഭരണഘടനാപരമായി നിലനിൽക്കുന്ന അധികാരപ്രയോഗമാണോ? ഇത് സംബന്ധിച്ചു കോടതി സ്വീകരിച്ച സമീപനവും ജനാധിപത്യവിശ്വാസികൾക്ക് നിരാശ മാത്രം നൽകുന്നതാണ്.
തിരുത്താനാവാത്ത നടപടികളെടുക്കാൻ രാഷ്ട്രപതിയ്ക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടിയുടെ മെറിറ്റിലേക്ക് കടക്കാതെ ഗവൺമെന്റിന് ആവശ്യമായ രക്ഷാമാർഗം ഒരുക്കുകയാണ് ചെയ്തത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന കേന്ദ്രഗവണ്മെന്റിന്റെ ഉറപ്പ് മുഖവിലക്കെടുത്ത്, ആ വിഷയം കോടതി പരിഗണിച്ചില്ല. സംസ്ഥാനത്തെ കേന്ദ്ര ഭരണപ്രദേശമായി തരം താഴ്ത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ടോ എന്ന കാര്യം വളരെ പ്രാധാന്യമുള്ളൊരു ജനാധിപത്യപ്രശ്നമാണ്. സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ യൂണിയനകത്തു നിന്നുകൊണ്ട് ലഭ്യമാകുന്ന സ്വയംഭരണാധികാരമുണ്ട്. അതാത് പ്രദേശങ്ങളിലെ ജനങ്ങൾ സംസ്ഥാനഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന നിയമസഭയും ഗവണ്മെന്റുമുണ്ട്. ആ അർത്ഥത്തിൽ, അവരനുഭവിക്കുന്ന ജനാധിപത്യത്തിന്റെ പരിധി കേന്ദ്രഭരണപ്രദേശങ്ങളിൽ ഉള്ളതിനേക്കാൾ വിപുലമാണ്. അത് ഇല്ലാതാക്കുന്നത് ഫെഡറൽ സംവിധാനം എന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നൊരു പ്രശ്നമാണ്. അങ്ങനെയൊരു നടപടി അംഗീകരിക്കപ്പെട്ടാൽ കേന്ദ്ര ഗവൺമെന്റിന് ബോധിക്കാത്ത രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന ഏതൊരു സംസ്ഥാനത്തിനും ഇങ്ങനെ സംഭവിക്കാമെന്ന സാഹചര്യമുണ്ടാകും. രാഷ്ട്രപതിഭരണം ഏർപ്പെടുത്തി, സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനു ശേഷം സംസ്ഥാനപദവി തിരിച്ചു നൽകാം എന്ന കേവല ഉറപ്പിന്മേൽ ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ കഴിയുമെന്നുവരും.
അപകടകരമായ കീഴ്വഴക്കമാകും അത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 3 അനുസരിച്ചാണ് സംസ്ഥാനപുന:സംഘടന സാധ്യമാവുക. അതനുസരിച്ച് സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടേണ്ടതുണ്ട്. കാശ്മീരിന്റെ കാര്യത്തിൽ രാഷ്ട്രപതിഭരണം നിലനിന്നിരുന്നതിനാൽ നിയമസഭയുടെ അഭിപ്രായം തേടുക അസാധ്യമായിരുന്നു. അനുച്ഛേദം 356-നു കീഴിൽ രാഷ്ട്രപതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിലും, അവയെ ‘നിയമനിർമാണ ചുമതലകൾ’ എന്നും ‘ഭരണഘടനാപരമായ ചുമതലകൾ’ എന്നും വേർതിരിക്കേണ്ടതുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. അത് കോടതി ഗൗരവത്തിൽ വിലയിരുത്തിയില്ല. ഭരണപരമായ ചുമതലകളും നിയമനിർമാണവും നടത്താൻ കഴിയുമെങ്കിലും സംസ്ഥാന നിയമസഭയുടെ അഭിപ്രായം എങ്ങനെയാണ് രാഷ്ട്രപതിയ്ക്ക് പ്രകടിപ്പിക്കാൻ കഴിയുക എന്നത് പ്രധാനപ്പെട്ടൊരു ചോദ്യമാണ്. എന്നാൽ ബാബുൽ പറാട്ടെ കേസിലെ സുപ്രീംകോടതിവിധി അനുസരിച്ച് പുന:സംഘടന സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം അനുസരിക്കണമെന്നു നിർബന്ധമില്ലെന്ന കാര്യം പറഞ്ഞ്, അഭിപ്രായം തേടണമെന്ന ഭരണഘടനാപരമായ ബാധ്യതയെ നിസ്സാരവത്കരിക്കുകയാണ് കോടതി ചെയ്തത്.
2019-ലെ കേന്ദ്രസർക്കാരിന്റെ അസാധാരണമായ നടപടികളെ സാധൂകരിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഫെഡറൽ ജനാധിപത്യത്തിന്റെയും ഭരണഘടനാധാർമികതയുടെയും അടിസ്ഥാന തത്വങ്ങൾ അവഗണിച്ചുകൊണ്ട് വികടയുക്തികൾ നിരത്തുകയാണ് കോടതി ചെയ്തതെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ, അവരെ കുറ്റം പറയാനാകില്ല. രാജ്യത്ത്, അധികാരകേന്ദ്രീകരണം അതിന്റെ അപകടകരമായ പരിധികൾ ഉല്ലംഘിച്ചുകൊണ്ട് കാൻസർ പോലെ വളർന്നു കൊണ്ടിരിക്കുന്ന ഒരുകാലത്താണ്, ഭരണഘടനാമൂല്യങ്ങൾക്ക് ജാഗ്രതയോടെ കാവൽ നിൽക്കേണ്ട സുപ്രീംകോടതി നിസ്സംഗത പാലിക്കുന്നതെന്നോർക്കണം. ഇത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഫെഡറൽ തത്വങ്ങളെയും മാരകമായി മുറിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
അനുച്ഛേദം 370
നീതിന്യായ സംവിധാനങ്ങളുടെ ചരിത്രമെഴുതുന്നവർക്ക് വായിക്കാനും നെടുവീർപ്പിടുവാനുമായി റിക്കാർഡ് പുരയുടെ ഒത്ത നടുക്ക് സൂക്ഷിക്കേണ്ട രേഖയാണ് അനുച്ഛേദം 370 സംബന്ധിച്ച സുപ്രീംകോടതി വിധി. കോടതിവിധിയുടെ ഉദ്ദേശ്യശുദ്ധിയേയും ന്യായാധിപരുടെ വൈജ്ഞാനിക മൂലധനത്തെയും സംശയിക്കുകയല്ല, 2019-ലെ പ്രസിഡൻഷ്യൽ ഉത്തരവുകൾ ശരി വയ്ക്കാനുള്ള വ്യാഖ്യാനവ്യഗ്രതയിൽ ചരിത്രത്തിന്റെ അപൂർണമായ ആഖ്യാനവും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടന്നുവരുന്നത് ചൂണ്ടിക്കാണിക്കുകമാത്രമാണിവിടെ ചെയ്യുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ഭരണഘടനയുടെ അനുച്ഛേദം 370-നെ അപ്രസക്തമാക്കുകയും ചെയ്ത 2019-ലെ കോൺസ്റ്റിറ്റ്യൂഷണൽ ഓർഡറുകൾ – സി.ഓ.272 , സി.ഓ. 273- ഭരണഘടനാവിരുദ്ധമാണെന്നു കണ്ടു റദ്ദു ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സുപ്രീംകോടതി അവരുടെ ആവശ്യം നിരാകരിച്ചു, ഗവണ്മെന്റിന്റെ വാദങ്ങൾ അംഗീകരിച്ചു.
ഇന്ത്യൻ ഭരണഘടനയിൽ കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന വ്യവസ്ഥയാണ് അനുച്ഛേദം 370. 371( എ) മുതൽ 371(ജെ) വരെ മറ്റു വിവിധ സംസ്ഥാനങ്ങൾക്കും ചില പ്രത്യേക അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 238 ജമ്മുകാശ്മീരിനു ബാധകമല്ല എന്ന 370(1)(എ)-ൽ പറയുന്നത് (സാംസ്ഥാനങ്ങളുടെ വർഗീകരണം സംബന്ധിച്ച അനുച്ഛേദം 238 പിന്നീട് റിപ്പീൽ ചെയ്തിട്ടുള്ളതാണ്). 370(1)(ബി)(I) അനുസരിച്ച്, സംസ്ഥാന ഗവണ്മെന്റുമായുള്ള ‘കൂടിയാലോചന’യ്ക്കു ശേഷം പാർലമെന്റിന്, ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ നിഷ്കർഷിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താമെന്നാണ്. 370(1)(ബി)(II) സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടു കൂടി മറ്റു വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്നതിന് പാർലമെന്റിനെ അധികാരപ്പെടുത്തുന്നു. 370(1)(സി) അനുസരിച്ച് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കും. 370(1)(ഡി)-യാകട്ടെ, ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ ഗവണ്മെന്റുമായുള്ള കൂടിയാലോചനകൾക്കു ശേഷവും, മറ്റു കാര്യങ്ങളിൽ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടിയും ഭരണഘടനയുടെ ബന്ധപ്പെട്ട വ്യവസ്ഥകൾ കാശ്മീരിന് ബാധകമാക്കുന്നതു സംബന്ധിച്ചുള്ളതാണ്. അനുച്ഛേദം 370(2) വ്യക്തമാക്കുന്നത് 370(1)(ബി)(ii) പ്രകാരം എടുത്തിട്ടുള്ള തീരുമാനങ്ങൾക്ക് കാശ്മീരിന്റെ ഭരണഘടനാ നിർമാണസഭ രൂപം കൊള്ളുമ്പോൾ അതിന്റെ അനുമതി വേണമെന്നാണ്. അനുച്ഛേദം 370(3) ഭരണഘടനാ നിർമാണസമിതിയുടെ ശിപാർശയോടെ അനുച്ഛേദം 370 ഭേദഗതി ചെയ്യുന്നതിനോ, ഇല്ലാതാക്കുന്നതിനോ ഉള്ള വ്യവസ്ഥകളാണ് വിശദീകരിക്കുന്നത്.
5 ചോദ്യങ്ങളാണ് കോടതി പരിഗണിച്ചത്. കാശ്മീരിന് ‘പരമാധികാരം’ ഉണ്ടോ? അനുച്ഛേദം 370 ഒരു താത്കാലിക വകുപ്പാണോ? അനുച്ഛേദം 370(3)-ലെ കോൺസ്റിറ്റുവന്റ് അസംബ്ലി (ഭരണഘടനാ നിർമാണസഭ) എന്ന വാക്കിന് പകരം ‘സംസ്ഥാന നിയമസഭ’ എന്ന അർത്ഥം വരുന്ന രീതിയിൽ ഭരണഘടനയുടെ അനുച്ഛേദം 367 ഭേദഗതി ചെയ്ത നടപടി ശരിയാണോ? അനുച്ഛേദം 370(1)(ഡി) പ്രകാരം ഇന്ത്യൻ ഭരണഘടന മുഴുവനായി ഒറ്റയടിക്ക് കാശ്മീരിന് ബാധകമാക്കാൻ കഴിയുമോ? കാശ്മീരിന്റെ നിയമനിർമാണസഭയുടെ ശിപാർശ ഇല്ലാതെ, ഉപഖണ്ഡം (3)-ൽ വ്യവച്ഛേദിച്ചിരിക്കുന്ന അധികാരം ഉപയോഗിച്ച് അനുച്ഛേദം 370 ഇല്ലാതാക്കിയ നടപടി ഭരണഘടനാപരമായി നിലനിൽക്കുന്നതാണോ?
1947 ഒക്ടോബർ 26-ന്, രാജാവായിരുന്ന ഹരി സിംഗ്, തന്റെ രാജ്യത്തെ ഇന്ത്യയോട് ചേർക്കുന്നതിന് സമ്മതം കുറിച്ച ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ (ഐ.ഓ.എ.) ഒപ്പുവച്ചതോടെ കാശ്മീർ ഇന്ത്യയുടെ ഭാഗമായി എന്നത് നിസ്തർക്കമായ വസ്തുതയാണ്. അനുച്ഛേദം 370(സി)-യിലാകട്ടെ ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 1 കാശ്മീരിന് ബാധകമായിരിക്കുമെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. ഭരണഘടനയിൽ, നമ്മുടെ രാജ്യത്തിന്റെ പേരും അതിരുകളും നിർവചിക്കുന്ന ഭാഗമാണ് അനുച്ഛേദം 1. അതുകൊണ്ടു തന്നെ കാശ്മീരിന്റെ ‘പരമാധികാരം’ ഒരു തർക്കവിഷയമാകേണ്ടതില്ല. ആയിരുന്നുമില്ല. ഐ.ഓ.എ.-യിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വിഷയങ്ങളും 370(1 )(ബി), 370(1 )(ഡി) എന്നിവയനുസരിച്ച് സംസ്ഥാനത്തിന് ബാധകമാക്കിയിട്ടുള്ള കാര്യങ്ങളും കഴിഞ്ഞു ബാക്കിയാവുന്ന ‘അവശിഷ്ട അധികാരങ്ങൾ’ (residual powers) കാശ്മീർ നിയമസഭയിൽ നിക്ഷിപ്തമായിരിക്കും എന്ന ഒറ്റ വ്യത്യാസം മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാശ്മീരിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ റെസിജ്യുവൽ പവർ പാർലമെന്റിനാണ്. ഇത് വ്യതിരിക്തമായ ഫെഡറൽ സംവിധാനത്തിന്റെ ഭാഗമായി വരുന്നതാണ്. അല്ലാതെ പരമാധികാരമല്ല. വളരെ വ്യക്തമായ ഈ വിഷയം നീണ്ട വിശകലനത്തിന് വിധേയമാക്കേണ്ട കാര്യമേയില്ല. എന്നാൽ രണ്ടാമത്തെ ചോദ്യം പ്രസക്തമാണ്. ഭരണഘടനയുടെ അനുച്ഛേദം 367 ഒരു സി.ഓ. വഴി ഭേദഗതി ചെയ്യാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം.
സി ഓ 272
ഭരണഘടനയിലെ വ്യാഖ്യാനങ്ങൾ സംബന്ധിച്ച അനുച്ഛേദമാണ് 367. അതിൽ ഭേദഗതി വരുത്തുകയാണ് 2019 ആഗസ്റ്റ് 5-ലെ സി.ഓ.272-ലെ രണ്ടാം ഖണ്ഡികയിലൂടെ ഗവണ്മെന്റ് ചെയ്തത്. രണ്ടു മാറ്റങ്ങളാണ് ഗവണ്മെന്റ് കൊണ്ടുവന്നത്. ഒന്ന്, ‘മന്ത്രിസഭയുടെ ഉപദേശപ്രകാരം സംസ്ഥാനനിയമസഭയ്ക്കുവേണ്ടി നിർദ്ദേശങ്ങൾ നൽകുന്ന ജമ്മു-കാശ്മീരിന്റെ സദർ-ഇ-റിയാസത്’ എന്നതിന്റെ അർഥം കാശ്മീർ ഗവർണർ എന്നായിരിക്കും. രണ്ട്, അനുച്ഛേദം 370-ലെ ‘ഭരണഘടനാനിർമാണ സഭ’ എന്ന പ്രയോഗം ‘സംസ്ഥാന നിയമസഭ’ എന്ന് വായിക്കണം. അനുച്ഛേദം 367-ൽ വരുത്തിയ മാറ്റങ്ങൾ രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ് ഉത്തരവ് വഴി നടപ്പിലാക്കാൻ കഴിയുന്നവയല്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാർലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ആർട്ടിക്കിൾ 367-ൽ വരുത്തിയ മാറ്റങ്ങൾ അസാധുവാണ്.
എന്നാലിവിടെ, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയെന്ന ലക്ഷ്യത്തിന്റെ മുന്നൊരുക്കമായാണ് ആഗസ്റ്റ് 5-ന് ഈ നീക്കമുണ്ടായത്. കാരണം അനുച്ഛേദം 370 റദ്ദു ചെയ്യണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ ശിപാർശ വേണമെന്നാണ് 370(3) അനുശാസിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ കാശ്മീരിൽ നടപ്പിലാക്കണമെങ്കിൽ കാശ്മീർ നിയമസഭയുടെ അനുമതിയും വേണം. ഇവിടെ കാശ്മീർ നിയമസഭയെന്നാൽ ഗവർണർ ആണെന്നും ‘ഭരണഘടനാ നിർമാണസഭ’ എന്നാൽ നിയമസഭയാണെന്നും ഉള്ള മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ 370(1) അനുസരിച്ച് ഇന്ത്യൻ ഭരണഘടനയാകെ കാശ്മീരിന് ബാധകമാക്കുവാനും 370(3) അനുസരിച്ച് 370-ആം വകുപ്പ് ഇല്ലാതാക്കുവാനും രാഷ്ട്രപതിക്ക് കഴിയും. അതായത്, ആഗസ്റ്റ് 6 -ന് ഇറങ്ങാനിരുന്ന സി.ഓ.273-യുടെ മുന്നൊരുക്കം മാത്രമായിരുന്നു ഇത്.
367ൽ നേരത്തെയും രാഷ്ട്രപതിയുടെ ഉത്തരവുപ്രകാരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. മുൻപ് അത്തരത്തിൽ വരുത്തിയ മാറ്റങ്ങളെല്ലാം ഭരണഘടനയുടെ വിശദീകരണം എന്ന അർത്ഥത്തിൽ മാത്രം വരുന്ന മാറ്റങ്ങളാണ്. പക്ഷേ ഇവിടെ പരിഗണിക്കുന്ന മാറ്റം കേവലം വിശദീകരണമല്ല അനുച്ഛേദത്തിന്റെ അർത്ഥവും പരിധിയും മാറ്റിമറിക്കുന്ന ഭരണഘടനാ ഭേദഗതിയാണ്. ഭരണഘടനാ ഭേദഗതി കേവലം എക്സിക്യൂട്ടീവ് ഉത്തരവിന്റെ ബലത്തിൽ നടത്തുവാൻ സാധിക്കില്ല എന്ന ശരിയായ നിലപാട് ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വീകരിച്ചു. സി ഓ 272-ന്റെ രണ്ടാം ഖണ്ഡിക ആ അർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തി.
അനുച്ഛേദം 370 ഒരു താത്കാലിക വ്യവസ്ഥയോ?
അനുച്ഛേദം 370-ന് തനതായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യ കൂടാതെ അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളുമുണ്ടായിരുന്നു. ഈ നാട്ടു രാജ്യങ്ങൾക്ക് ഇന്ത്യയിലോ, പാക്കിസ്ഥാനിലോ ലയിക്കുകയോ സ്വതന്ത്ര രാജ്യങ്ങളായി നിലനിൽക്കുകയോ ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. ഭൂരിപക്ഷം രാജ്യങ്ങളും അതനുസരിച്ച് ലയനതീരുമാനം കൈക്കൊണ്ടെങ്കിലും തിരുവതാംകൂർ, മൈസൂർ, ഹൈദരാബാദ്, ജുനാഗഡ്, മധ്യഭാരത് (ഗ്വാളിയാർ, ഇൻഡോർ, മാൽവ), കാശ്മീർ തുടങ്ങിയ രാജ്യങ്ങൾ സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. നാട്ടുരാജ്യങ്ങളുടെ ലയനം സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് സർദാർ വല്ലഭായി പട്ടേലായിരുന്നു. ഉപാധികളോടെയുള്ള ലയനത്തിനും ചില രാജ്യങ്ങൾ തയ്യാറായി. ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ് (അവിടെയാണ് ഗാന്ധിയും പട്ടേലും ജനിച്ചത്), ഹൈദരാബാദ്, മൈസൂർ, തിരുവതാംകൂർ, കാശ്മീർ തുടങ്ങിയ രാജ്യങ്ങൾ അവസാന നിമിഷം വരെ സ്വതന്ത്രമായി തുടരാൻ ശ്രമിച്ചു. ഇൻട്രുമെൻറ് ഓഫ് അക്സഷൻ മുഖേന ഉപാധികളോടെ ഇരു രാജ്യങ്ങളിലും ലയിക്കാനുള്ള സാഹചര്യവും അവർക്കു മുന്നിൽ ഉണ്ടായിരുന്നു. ഹൈദരാബാദും ജുനാഗഡും ഹിന്ദു ഭൂരിപക്ഷമുള്ള, എന്നാൽ മുസ്ലിം ഭരണാധികാരികൾ ഭരിക്കുന്ന രാജ്യങ്ങളായിരുന്നു. അവിടത്തെ രാജാക്കന്മാർ പാക്കിസ്ഥാനിൽ ചേരണമെന്നാണ് താത്പര്യപ്പെട്ടത്. കാശ്മീരാകട്ടെ മുസ്ലിം ഭൂരിപക്ഷമുള്ള, ഹൈന്ദവ രാജകുടുംബം ഭരിക്കുന്ന പ്രദേശവും. തർക്കമുയർന്ന സാഹചര്യത്തിൽ ഹൈദരാബാദിനും ജുനാഗദിനും പകരമായി കാശ്മീർ പാകിസ്ഥാന് വിട്ടുകൊടുക്കാൻ എന്ന നിർദ്ദേശമാണ് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ പട്ടേൽ മുന്നോട്ടു വച്ചത്. കാശ്മീറിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ മുഖ്യധാരാ ആഖ്യാനങ്ങൾക്ക് വിരുദ്ധമാണെങ്കിലും അന്നത്തെ സാഹചര്യത്തിൽ തീർത്തും യുക്തിപരമായ നിർദ്ദേശമായിരുന്നു അത്. എന്തായാലും സ്വതന്ത്രമായി തുടരാനാണ് മഹാരാജാവ് ഹരിസിങ് തീരുമാനിച്ചത്. എന്നാൽ 1947-ൽ പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരിൽ ട്രൈബൽ അധിനിവേശം ആരംഭിച്ചു. സായുധരായ ഗോത്രസേനയോട് പോരടിച്ചു നിൽക്കാനുള്ള കരുത്ത് മഹാരാജാവിന്റെ സൈന്യത്തിനുണ്ടായിരുന്നില്ല. അദ്ദേഹം ഇന്ത്യയോട് സഹായമഭ്യർത്ഥിച്ചു. ഇന്ത്യയോട് ലയിച്ചാൽ മാത്രമേ സഹായിക്കാനാകൂ എന്ന ഗവണ്മെന്റിന്റെ നിലപാടിന് വഴങ്ങി അദ്ദേഹം ലയന കരാർ ഒപ്പിട്ടു. ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ പ്രകാരം വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ കാര്യങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിനായിരിക്കും സമ്പൂർണാധികാരം. മറ്റുകാര്യങ്ങളിൽ കാശ്മീർ ഗവൺമെൻ്റ് തീരുമാനമെടുക്കും. ഇതിനർത്ഥം ഭാവിയിൽ രൂപം കൊള്ളാൻ പോകുന്ന ഇന്ത്യൻ ഭരണഘടന തങ്ങൾ അംഗീകരിക്കുന്നുവെന്നല്ല എന്നുകൂടി ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ ‘ഭരണഘടനാ നിർമാണ സഭ’യായിരിക്കും ഇന്ത്യയുമായുള്ള ഭാവി ബന്ധങ്ങൾ നിശ്ചയിക്കുക.
കാശ്മീരിന്റെ ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ മറ്റു നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് വ്യത്യസ്തമൊന്നും ആയിരുന്നില്ല. തിരുവിതാംകൂർ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ അവരുടെ ഭരണഘടനാനിർമാണ സഭകൾ ചേരുകയും, അവിടങ്ങളിലെല്ലാം കോൺഗ്രസിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സ്ഥലങ്ങളായതിനാൽ ഭരണഘടന സമ്പൂർണമായി അംഗീകരിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിൻ്റെ ഭാഗമാകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ രാജ്യത്തു നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവും അനിശ്ചിതത്വങ്ങളും കാരണം, ഇന്ത്യൻ ഭരണഘടന രൂപീകരിച്ചംഗീകരിക്കുമ്പോഴേക്കും കാശ്മീരിൽ ‘ഭരണഘടനാ നിർമാണസഭ’ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ അന്തിമസ്വഭാവം വ്യക്തമായതുമില്ല. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭാഗത്ത്, ‘താൽക്കാലിക, പരിവർത്തന സമയത്തേക്കുള്ള, പ്രത്യേക വ്യവസ്ഥകൾ’ എന്ന തലക്കെട്ടിനു കീഴെ അനുച്ഛേദം 370 കടന്നു വരുന്നത്. കാശ്മീർ ദിവാനായിരുന്ന ഗോപാലസ്വാമി അയ്യങ്കാറും സർദാർ പട്ടേലുമാണ് ഈ അനുച്ഛേദത്തിന്റെ രൂപരേഖ അംഗീകരിച്ചത്. പട്ടേലിന്റെ അനുമതിയില്ലാതെ 370 അംഗീകരിക്കാൻ കഴിയില്ലെന്ന് നെഹ്റു വ്യക്തമാക്കിയിരുന്നതായി അയ്യങ്കാർ അദ്ദേഹത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതും പൊതു ആഖ്യാനത്തിനു വിരുദ്ധമായ സംഗതിയാണ്.
ഇന്ത്യൻ ഭരണഘടനാനിർമാണ സമിതിയിൽ അയ്യങ്കാർ ഈ അനുച്ഛേദത്തിന്റെ സാംഗത്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്വഭാവം നിർണയിക്കാൻ കാശ്മീരി ജനതയ്ക്ക് അവസരം നൽകേണ്ടതുണ്ട്. അതിനായി ഹിതപരിശോധന ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാനിർമ്മാണ സഭ ജനങ്ങളുടെ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആയതിനു സമയമെടുക്കുമെന്നതിനാൽ ഒരു താത്കാലിക സംവിധാനമെന്ന നിലയിൽ ഇടക്കാല മന്ത്രിസഭയും ഗവണ്മെന്റുമുണ്ട്. അവതമ്മിൽ കൂടിയാലോചിച്ചൊരു തീർപ്പിലെത്തുന്നതിനുള്ള അവസരമൊരുക്കുകയാണ് അനുച്ഛേദം 370 ചെയ്യുന്നത്. ബന്ധത്തിന്റെ അന്തിമരൂപം ഭരണഘടനാനിർമാണ സമിതി തീരുമാനിക്കും. അക്കാര്യം പൂർത്തിയായാൽ പിന്നെ കോൺസ്റിറ്റുവന്റ് അസംബ്ലിയുടെ ശിപാർശ പ്രകാരം ഈ അനുച്ഛേദം ഇല്ലാതാക്കാൻ രാഷ്ട്രപതിയ്ക്ക് തീരുമാനമെടുക്കാം. ഇതായിരുന്നു ആശയം. ആ പദ്ധതിയനുസരിച്ച്, ഇന്ത്യയുമായുള്ള ബന്ധത്തിന്റെയും അനുച്ഛേദം 370-ന്റെ തന്നെയും ഭാവി തീരുമാനിക്കേണ്ടത് കാശ്മീരിന്റെ ഭരണഘടനാനിർമാണ സമിതിയായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ തീരുമാനിച്ച്, സ്വന്തം ഭരണഘടനയും പതാകയും അംഗീകരിച്ച്, ഇന്ത്യൻ ഭരണഘടനയുടെ നിരവധി ഭാഗങ്ങൾ കാശ്മീരിനും ബാധകമാക്കാൻ തീരുമാനിച്ച്, 1957 ജനുവരി 26-ന് കാശ്മീർ കോൺസ്റിറ്റുവന്റ് അസംബ്ലി സ്വയം പിരിഞ്ഞുപോകാൻ തീരുമാനമെടുത്തു. എന്നാൽ അനുച്ഛേദം 370 ഇല്ലാതാക്കുന്നതിനുള്ള ശിപാർശ അവർ രാഷ്ട്രപതിയ്ക്ക് നൽകിയില്ല. അതുകൊണ്ടു അത് ഭരണഘടനയിൽ തുടർന്നു. ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കാശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. അതുകൊണ്ടാണ് താത്കാലിക വ്യവസ്ഥകള് എന്ന തലക്കെട്ടിനു കീഴിലാണെങ്കിലും മറ്റ് പല താത്കാലിക വ്യവസ്ഥകളിലും വ്യക്തമാക്കിയിരിക്കുന്നതുപോലൊരു കാലക്രമം ഇതിൽ ചേർക്കാത്തത്.
എന്നാൽ, 370-ന്റെ ചരിത്രത്തിന്റെ അപൂര്ണവും ഏകപക്ഷീയവുമായ വായനാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്. 1949-ലെ യുവരാജാവ് കരൺ സിംഗിന്റെ പ്രഖ്യാപനത്തിൽ കാശ്മീരിന് ബാധകമാകുംവിധമുള്ള ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യൻ ഭരണഘടനയാണ്, ലയന ഉടമ്പടിയല്ല കാശ്മീർ-ഇന്ത്യ ബന്ധത്തെ നിശ്ചയിക്കുന്നത് എന്ന നിലപാടാണ് കോടതിയുടേത്. കാശ്മീരിൽ അനുകൂല സാഹചര്യം ഇല്ലാതിരുന്നതിനാൽ മാത്രമാണ് ഒരു ഇടക്കാല മാർഗമെന്ന നിലയിൽ അനുച്ഛേദം 370 കടന്നു വന്നത്. ഇടക്കാല വ്യവസ്ഥകൾക്ക് കീഴെ ചേർത്തിരിക്കുന്നതുകൊണ്ടു തന്നെ അതിനെ ശാശ്വതമായി കാണാൻ കഴിയില്ല എന്നാണ് സുപ്രീം കോടതിയുടെ നിഗമനം. എന്നാൽ അയ്യങ്കാരുടെ വിശദീകരണത്തിലോ, അനുച്ഛേദം 370-ന്റെ ടെക്സ്റ്റിലോ യുവരാജാവിന്റെ പ്രഖ്യാപനം ഇല്ല എന്ന കാര്യം കോടതി വിസ്മരിക്കുന്നു. ഇൻസ്ട്രുമെന്റ് ഓഫ് അക്സഷനെക്കുറിച്ചു തന്നെയാണ് അനുച്ഛേദത്തിൽ പരാമർശിച്ചിരിക്കുന്നത്. അനുച്ഛേദത്തിന്റെ ടെക്സ്റ്റിനെത്തന്നെ നിരാകരിക്കുന്ന നിഗമനത്തിലേക്ക് കോടതിയെങ്ങനെ എത്തിച്ചേർന്നുവെന്നത് ചിന്തനീയമായ കാര്യമാണ്.
അനുച്ഛേദം 370 റദ്ദാക്കുന്നത് സംബന്ധിച്ച സി.ഓ.273
അനുച്ഛേദം 370 ഉപഖണ്ഡം 3-ലാണ് അത് റദ്ദു ചെയ്യുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്. അതിന് കാശ്മീരിന്റെ ഭരണഘടനാനിർമാണസഭയുടെ ശിപാർശ അനിവാര്യമാണ്. അങ്ങനെ ചെയ്യാതെ സഭ പിരിച്ചുവിട്ടതുകൊണ്ട്, ഈ നിബന്ധന ഒരു തടസ്സമാകും എന്ന് കണ്ടാണ് സി.ഓ. 272 വഴി അനുച്ഛേദം 367 ഭേദഗതി ചെയ്ത് ഭരണഘടനാനിർമാണസഭ എന്നാൽ നിയമസഭ ആണെന്ന വ്യാഖ്യാനം ഗവണ്മെന്റ് കൊണ്ടുവന്നത്. ആ നടപടി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചിട്ടും 370 റദ്ദാക്കിയത് ഭരണഘടനാപരമാണെന്നു സ്ഥാപിക്കാൻ കോടതി നടത്തിയ വ്യാഖ്യാനവിശാലത അമ്പരിപ്പിക്കുന്ന യുക്തികൾ നിറഞ്ഞതാണ്. ഭരണഘടനാനിർമാണ സഭയുടെ ശിപാർശയില്ലാതെ 370 റദ്ദു ചെയ്യാൻ കഴിയില്ലെന്ന ധാരണയിലായിരുന്നു ഗവണ്മെന്റ് എന്നതിന് തെളിവാണ് സി.ഓ.272. എന്നാൽ അത്തരം ഒരു ശിപാർശയുടെപോലും ആവശ്യമില്ലെന്നും ഗവണ്മെന്റ് സ്വീകരിച്ച വളഞ്ഞ വഴികൾ അനാവശ്യമായിരുന്നുവെന്നുമാണ് കോടതി വിധി വായിക്കുമ്പോൾ മനസിലാകുന്നത്. വെറുതെ 370 റദ്ദ് ചെയ്താലും കോടതി അംഗീകരിക്കുമായിരുന്നു! ഭരണഘടനാ നിർമാണ സഭയെ ഇന്ത്യയുമായുള്ള ലയനം പൂർത്തീകരിക്കാനുള്ള കേവലം താത്കാലിക സംവിധാനം മാത്രമായാണ് കോടതി കാണുന്നത്. പ്രാഥമികമായും അത് ജനാഭിലാഷത്തിന്റെ പ്രകാശനമാണെന്നും, ഇന്ത്യൻ കോൺസ്റിറ്റുവന്റ് അസംബ്ലിയും അതിനെ അങ്ങനെയാണ് കണ്ടിട്ടുള്ളതെന്നുമുള്ള വസ്തുത വിട്ടുകളയുന്നു. അതുകൊണ്ടുതന്നെ സമിതിയ്ക്ക് ഇപ്പോൾ കാര്യമായ പ്രസക്തിയില്ലെന്നാണ് അനുമാനം. മാത്രവുമല്ല സഭയുടെ നിർദ്ദേശങ്ങൾ രാഷ്ട്രപതി സ്വീകരിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അതുകൊണ്ട് 370 ഇല്ലാതാക്കാനുള്ള അധികാരം അടിസ്ഥാനപരമായി രാഷ്ട്രപതിയ്ക്കാണ്. അതുകൊണ്ടു തന്നെ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ ഭരണഘടനാവിരുദ്ധതയില്ല. ഇത്രയുമാണ് കോടതിയുടെ യുക്തി.
എന്നാൽ, രാഷ്ട്രപതിക്ക് ഈ തീരുമാനമെടുക്കണമെങ്കിൽ ആദ്യം ഭരണഘടനാനിർമാണസഭയുടെ ശിപാർശ വേണമെന്ന മുന്നുപാധി കോടതി അവഗണിക്കുന്നു. അതിനു കോടതി പറയുന്ന മറ്റൊരു ന്യായീകരണം, 370(1)-ൽ ഇന്ത്യൻ ഭരണഘടന കാശ്മീരിന് ബാധകമാക്കാനുള്ള വകുപ്പിൽ, ഗവണ്മെന്റിന്റെ അംഗീകാരത്തോടുകൂടി അത് ചെയ്യാമെന്ന് പറയുന്നുണ്ട് എന്നതാണ്. എന്നാൽ 370(2)-ൽ, മേൽ തീരുമാനങ്ങൾക്ക് ഭരണഘടനാ നിർമാണ സമിതിയുടെ അംഗീകാരം വേണം എന്ന വ്യവസ്ഥ എന്തിനെന്ന കാര്യം കോടതി അന്വേഷിക്കുന്നില്ല. ചരിത്രവായനയിൽ, 370 രചിക്കുന്ന കാലത്ത് ഭരണഘടനാനിർമാണ സമിതി ഉണ്ടായിരുന്നില്ലെന്നും അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇടക്കാല ഗവണ്മെന്റിനെക്കുറിച്ചാണ് അനുച്ഛേദത്തിൽ പരാമർശിക്കുന്നതെന്നും വ്യക്തമാകും. ജനങ്ങളുടെ ശബ്ദം എന്ന നിലയിൽ ഭരണഘടനാനിർമാണ സഭ നിലവിൽ വരുന്നത് വരെയേ ഇതിനു പ്രസക്തിയുള്ളൂ. അതാണ് അനുച്ഛേദം 370(2)-ന്റെ പ്രസക്തി.
370 പ്രസിഡൻഷ്യൽ ഓർഡർ പ്രകാരം റദ്ദു ചെയ്യാൻ കഴിയില്ലെന്നുവന്നാൽ, അതിന്റെ താത്കാലിക പദവി ഇല്ലാതാകുമെന്നും, അത് അനുവദിക്കാനാകില്ലെന്നും കൂടി പറയുന്നുണ്ട് കോടതി. ഈ വകുപ്പ് താത്കാലികമാണെന്ന് ഏകപക്ഷീയമായി ഈ ഉത്തരവിൽ പ്രഖ്യാപിച്ചതാണെന്ന കാര്യമോർക്കണം. വീണ്ടും കാശ്മീരിൽ ഭരണഘടനാനിർമ്മാണസഭ രൂപീകരിച്ച് 370 റദ്ദു ചെയ്യണമെങ്കിൽ ആ സഭയ്ക്ക് ശിപാർശ നൽകാൻ കഴിയുമെന്നുള്ള വാദം കൂടി ഹർജിക്കാർ ഉയർത്തിയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. അങ്ങനെവരുമ്പോൾ പ്രസിഡൻഷ്യൽ ഓർഡർ റദ്ദു ചെയ്യുന്നത് 370-ന്റെ ശാശ്വതീകരണമാകില്ലല്ലോ. മറ്റൊരുകാര്യം 370 താത്കാലിക വ്യവസ്ഥയാണെങ്കിൽ തന്നെയും ഭരണഘടനയിൽ നിഷ്കർഷിച്ചിരിക്കുന്നതിനു വിരുദ്ധമായി അത് റദ്ദ് ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? താത്കാലിക അനുച്ഛേദങ്ങളെല്ലാം എങ്ങനെയും റദ്ദു ചെയ്യാമെന്നാണോ?
ഇന്ത്യൻ ഭരണഘടന പൂർണമായി കാശ്മീരിന് ബാധകമാക്കിയത്
അവസാനമായി ഇന്ത്യൻ ഭരണഘടന പൂർണമായി, ഒറ്റയടിക്ക് കാശ്മീരിന് ബാധകമാക്കിക്കൊണ്ട് അനുച്ഛേദം 370 (1) (ഡി) പ്രകാരം ഇറക്കിയ ഉത്തരവ് ഭരണഘടനാപരമാണെന്ന നിഗമനമാണ് പരിശോധിക്കേണ്ടത്. 370(3) സംബന്ധിച്ച വ്യാഖ്യാനത്തിനേക്കാൾ ഒരുപടികൂടി കടന്നുള്ള വിശകലനമാണ് കോടതി ഇക്കാര്യത്തിൽ നടത്തുന്നത്. കാശ്മീർ ഗവണ്മെന്റിന്റെ സമ്മതത്തോടുകൂടി മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങൾ സംസ്ഥാനത്തിന് ബാധകമാക്കാൻ കഴിയുകയുള്ളു എന്നാണ് ഭരണഘടനാപരമായ നിബന്ധന. കാശ്മീരിൽ രാഷ്ട്രപതി ഭരണമായിരുന്നതുകൊണ്ട് രാഷ്ട്രപതി, സ്വന്തം സമ്മതം വാങ്ങി അത് ചെയ്യുന്നുവെന്ന് സമർത്ഥിക്കുന്നത്, ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്ന് കോടതി തന്നെ പറയുന്നുണ്ട്. എന്നാലും അനുച്ഛേദം 370(1)(ഡി)-യും 370(3)-ഉം ഒരുമിച്ചു വായിച്ചാൽ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഒരുമിച്ചു കാശ്മീരിന് ബാധകമാകുന്ന സി.ഓ. 272 ഭരണഘടനാപരം തന്നെയാണെന്നും പ്രസ്താവിക്കുന്നു. കാരണം 370(3) പ്രകാരം അനുച്ഛേദം പൂർണമായി റദ്ദു ചെയ്താൽ പിന്നെ ഇന്ത്യൻ ഭരണഘടനയാണ് കശ്മീരിനും ബാധകമാവുക. അതുകൊണ്ടു തന്നെ ഭരണഘടന സമ്പൂർണമായി കാശ്മീരിന് ബാധകമാകുക എന്നാൽ 370(3)-ന്റെ അതെ ഫലമാണുണ്ടാവുക. അതുകൊണ്ട് 370 (1) (ഡി)-ലെ കൂടിയാലോചനയും സമ്മതവും ഇവിടെ അനിവാര്യമല്ല. അതായത് രാഷ്ട്രപതിക്ക് എന്തായാലും അനുച്ഛേദം ഉപഖണ്ഡം (3) പ്രകാരം ഏകപക്ഷീയമായി അനുച്ഛേദം 370 റദ്ദാക്കാം, അതുകൊണ്ടു തന്നെ 370 (1) (ഡി) അനുസരിച്ച് സംസ്ഥാനഗവണ്മെൻ്റിന്റേത് എന്ന നിലയിൽ സ്വന്തം അഭിപ്രായവും സമ്മതവും തേടി സ്വന്തം തീരുമാനം നടപ്പിലാക്കാം എന്ന്!
ഇവിടെ രണ്ടു പ്രസിഡൻഷ്യൽ ഉത്തരവുകളും തമ്മിലുള്ള പ്രകടമായ വ്യത്യാസം; അനുച്ഛേദം 370 (1) (ഡി)അനുസരിച്ചുള്ള തീരുമാനം രാഷ്ട്രപതിയ്ക്ക് വേണമെങ്കിൽ പിൻവലിക്കാൻ കഴിയും, എന്നാൽ 370(3) അനുസരിച്ച് അനുച്ഛേദം പൂർണമായും റദ്ദു ചെയ്താൽ അത് പിൻവലിക്കാനാവില്ല എന്നതാണ്. ഇങ്ങനെ വ്യത്യസ്തമായ രണ്ടു അനുച്ഛേദങ്ങളെ ഒരുമിച്ചു വായിച്ചു ന്യായീകരിക്കുന്നതിൽ വലിയ അപകടമുണ്ട്. തിരുത്താനാവാത്ത കാര്യം എന്ന നിലയ്ക്ക്, 370(3) പ്രകാരം സ്വീകരിക്കുന്ന നടപടിക്കാണ് കൂടുതൽ കർശനമായ നിയന്ത്രണവും പരിശോധനയും വേണ്ടിയിരുന്നത്; എന്നാൽ ഇവിടെ സംഭവിച്ചത് തിരിച്ചാണ്. ഏകപക്ഷീയമായി 370 (3) ഉപയോഗിക്കാമെന്നും, 370 (1) (ഡി) അങ്ങനെ പ്രയോഗിക്കാൻ കഴിയില്ലെങ്കിലും 370(3)-ലെ അധികാരം അതിനു ന്യായീകരമാകുമെന്നുമാണ് കോടതി നിലപാട്.
ഭരണഘടനാധാർമികതയുടെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും കാവലാളെന്നു സ്വയം വിശേഷിപ്പിക്കുന്ന പരമോന്നത നീതിപീഠം, ഏകപക്ഷീയമായ ചരിത്രവായനയിലൂടെയും വഴിവിട്ട വ്യാഖ്യാനങ്ങളിലൂടെയും ജനാധിപത്യ മര്യാദകൾക്കും ഫെഡറൽ സങ്കല്പങ്ങൾക്കും വിരുദ്ധമായ ഭരണകൂട നടപടികൾക്ക് ന്യായീകരണം ചമയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. വിധിയുടെ ആന്തരിക വൈരുധ്യങ്ങളോടും ചരിത്രത്തിന്റെ അലസവായനയോടും വിയോജിക്കാതിരിക്കാനാവില്ല. സുപ്രീംകോടതിയുടെ നിലപാട് അന്തിമമാണ്. എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അംഗീകരിക്കേണ്ടതുമാണ്. അതിനർത്ഥം കോടതിയ്ക്ക് പിഴവുകൾ സംഭവിക്കില്ലെന്നല്ല. ഈ ലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ച, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ തന്നെ ഒരു വിധിപ്രസ്താവത്തിൽ പറഞ്ഞതുപോലെ ചിലവിധികൾ റിക്കാർഡ് പുരകളിൽ സൂക്ഷിക്കേണ്ടവയാണ്.
Published in Kairalionline on 17 Dec 2023
an abridged version was published in Suprabhatham Daily on 15, 16 Dec 2023