ചില മരണങ്ങൾ പുളിയില വീഴുന്നത് പോലെ നിശബ്ദവും മറ്റു ചിലത് മഹാവൃക്ഷങ്ങൾ കടപുഴകി വീഴുന്നതുപോലെ പ്രകമ്പനം കൊള്ളിക്കുന്നതുമായിരിക്കും. നേരിട്ട ദുരിതാനുഭവങ്ങളുടെ സൂചിമുനയിൽ നിന്ന് വിട പറയുമ്പോൾ, സ്നേഹവും കാരുണ്യവും മാത്രം ബാക്കിവച്ചു പോകുന്നവരുമുണ്ട്, സഖിയാ ജാഫ്റിയെ പോലെ. വിവരണാതീതമായ പിശാച ചെയ്തികളെ നേരിട്ടവർ, എന്നിട്ടും നിശബ്ദമാകാതെ, ചരിത്രത്തോടും വ്യവസ്ഥിതിയോടും പടപൊരുതിയവർ.
സഖിയാ ജാഫ്രിയുടെ മരണം, സമൂഹ മനസാക്ഷിയോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏവർക്കും അറിയാവുന്നൊരു സത്യം, 2002 ഫെബ്രുവരി 28-ൽ 66 പേരുടെ ജീവനെടുത്ത ഗുൽബെർഗ് സൊസൈറ്റി കൂട്ടക്കൊല ഭരണകൂട പിന്തുണയോടെ നടന്നൊരു കലാപത്തിൻ്റെ ഭാഗമായിരുന്നുവെന്ന കാര്യം, തെളിയിക്കുക എന്നൊരൊറ്റ ലക്ഷ്യത്തോടെയാണ്, അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ സമുദായത്തെയും മാത്രമല്ല, ഇന്ത്യൻ നീതിബോധത്തെയാകെ ചതിച്ചു തോൽപ്പിച്ചൊരു അധികാര വ്യവസ്ഥിതിയ്‌ക്കെതിരെ ഒറ്റയ്ക്ക് നിന്ന് അവർ പൊരുതിയത്.
അവരെ സംബന്ധിച്ചിടത്തോളം, കലാപം സമാനതകളില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. ഒരേസമയം വൈയ്യക്തികവും രാഷ്ട്രീയവുമായ നഷ്ടം. വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയും നീതി പുലരുകയും ചെയ്യുന്ന വാഗ്ദത്ത റിപ്പബ്ലിക്കിൽ വിശ്വസിച്ച, അവരുടെ ഭർത്താവ് ഇഹ്‌സാൻ ജാഫ്‌റിയെ ആ നശിച്ച ദിവസം രാജ്യം സമ്പൂര്ണമായി കൈവിട്ടു. കവിയും, അഭിഭാഷകനും കോൺഗ്രസ്സ് എം.പി.യുമായിരുന്ന ആ മനുഷ്യനോടൊപ്പം, അദ്ദേഹത്ത്തിന്റെ വീട്ടിലാണ്, ഹിന്ദുത്വ ഭീകരരുടെ ആക്രമണത്തിൽ ഭയചകിതരായ സാധു മനുഷ്യർ അഭയം തേടിയത്. അദ്ദേഹം അന്ന്, മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കലാപകാരികൾ അടുത്തെത്തിയപ്പോൾ, സ്വന്തം ജീവൻ കൊടുത്താൽ, മറ്റു ജീവനുകൾ രക്ഷപെട്ടേക്കാം എന്ന പ്രതീക്ഷയിലായിരുന്നിരിക്കാം, അവർക്കു മുന്നിലേക്ക് അദ്ദേഹം ചെന്നത്. പക്ഷെ, ജനക്കൂട്ടം വഴങ്ങിയില്ല. അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു.
എന്നാൽ, ചരിത്രത്തിന്റെ ഇരുളിലെ നിശ്ശബ്ദവിലാപമായി മാറാൻ തയ്യാറായ ഒരു വിധവ ആയിരുന്നില്ല സാഖിയ ജാഫ്രി. അവർ പോരാടി, തന്റെ ഭര്ത്താവിനെ കൊന്നവരോട് പക തീർക്കാനല്ല, നീതിക്കു വേണ്ടി. ഒരു ഭരണസംവിധാനത്തിനാകെ എതിരെയുള്ള കുറ്റപത്രമായിരുന്നു ആ നീക്കം. കലാപത്തിൽ, ഏറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പങ്ക് പുറത്തു വരണമെന്ന് അവർ ആഗ്രഹിച്ചു. അവർക്കൊപ്പം നിൽക്കാൻ വളരെ കുറച്ചു മനുഷ്യർ, മാത്രമേ ഉണ്ടായിരുന്നുള്ളു. ടീസ്റ്റ സെറ്റിൽവാദിനെപ്പോലെ ചില സാമൂഹ്യപ്രവർത്തകരും അഭിഭാഷകരും മാത്രം. സ്വന്തം രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് പോലും വേണ്ടത്തരത്തിൽ അവരെ പിന്തുണച്ചില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷയുമായൊരു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ട് അതുപോലും നിഷേധിക്കപ്പെട്ടു. കലാപത്തിന്റെ പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ഗൗരവതരമായ ശ്രമങ്ങളൊന്നും പിൽക്കാലത്ത് കോൺഗ്രസ്സ് നേതൃത്വം നൽകിയ ഗവണ്മെന്റ് നടത്തിയില്ലെന്ന ശക്തമായ വിമർശനം നിലനിൽക്കുന്നു. സുപ്രീംകോടതി ഇടപെട്ട് കലാപക്കേസുകൾ ഗുജറാത്തിനു വെളിയിലേക്ക് മാറ്റുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തുവെങ്കിലും,നിയമങ്ങൾ ചെറിയ പ്രാണികളെ മാത്രം പിടിക്കാൻ ഉതകുന്ന വലകളാണെന്ന വാചകം അന്വർത്ഥമാക്കും വിധമായിരുന്നു പിന്നീടുള്ള ചരിത്രം. പിന്തുണയ്ക്കുമെന്ന് കരുതിയ എല്ലാവരാലും വഞ്ചിക്കപ്പെട്ടപ്പോഴും പോരാട്ടം തുടരുവാനുള്ള നിശ്ചയദാർഢ്യമാണ് സാക്കിയയുടെ പോരാട്ടത്തെ അനന്യമാക്കുന്നത്.
റിപ്പബ്ലിക്കിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട സ്ഥാപനങ്ങളെല്ലാം പരാജയപ്പെട്ടുകൊണ്ടേയിരുന്ന കഥയുടെ സ്വാഭാവികപരിണിതിയായിരുന്നു 2002-ലെ സുപ്രീംകോടതി ഉത്തരവ്. ഉന്നതരെ കുറ്റവിമുക്തമാക്കിയ പ്രത്യേക വനേശനാ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ അവർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 452 പേജ് വരുന്ന വിധിന്യായത്തിലൂടെ നീതിക്കായി സമീപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയുമാണ് ഉണ്ടായത്. “”ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവര്‍ക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല” എന്നാണ് കോടതി പ്രസ്താവിച്ചത് . ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് മനഃപൂര്‍വം കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും “”കോടതി നടപടികളെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്” എന്നും കോടതി ഉത്തരവില്‍ രേഖപ്പെടുത്തി.
ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് “”രാജധര്‍മം” നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞത്. ഇവര്‍ “”ആധുനിക കാലത്തെ “നീറോ’ആണെ”ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാന്‍, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
അവകാശ സംരക്ഷണത്തിനായി കോടതിയില്‍ എത്തുന്നവരുടെ ഹര്‍ജി തള്ളുന്നതിനോടൊപ്പം അവര്‍ക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും നടപടികള്‍ വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റല്‍വാദിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ ഗുജറാത്ത് പോലീസ് അവര്‍ക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു. നീതിയെന്ന സങ്കൽപ്പത്തെ തന്നെ അപഹസിക്കുന്ന സമീപനമായിരുന്നുവത്.
എന്ത് തന്നെയായാലും, ഭരണകൂടഭീകരതകൊണ്ടും, കോടതിവിധികൾ കൊണ്ടും ഇല്ലാതാവുന്നതല്ല സാഖ്യ ജാഫഫ്രീയുടെ ലെഗസി. അവർ എന്തിനെതിരെയാണ് പോരാടിയെന്നത് ചരിത്രം രേഖപ്പെടുത്തും. ആ പോരാട്ടത്തെ പരാജയപ്പെടുത്താൻ കൂട്ടുനിന്ന സർവ്വരുടെയും പേരുകൾ അതിലുണ്ടാവും. ഗുജറാത്ത് കത്തിയെരിഞ്ഞപ്പോൾ വീണമീട്ടിയവരെ അധികാരവും വ്യവസ്ഥിതിയും ഒരു പക്ഷേ, രക്ഷപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ചരിത്രത്തിന് ഓർമ്മപ്പെടുത്തലിന്റെ സ്വഭാവമുണ്ട്. സത്യം അതിലെവിടെയെങ്കിലും ഒരുനാൾ തെളിഞ്ഞുവരിക തന്നെ ചെയ്യും . ജീവിച്ചിരുന്നപ്പോൾ, നീതിയുടെ വെളിച്ചം കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. എന്നാൽ ഒരുപറ്റം ഭീരുക്കളുടെ നാട്ടിൽ, അവർ പ്രദർശിപ്പിച്ച അനതിസാധാരണമായ ധൈര്യം ചരിത്രത്തിലെ വെളിച്ചമായി നിലകൊള്ളും. നാമത് മറക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു.
First published in Suprabhatham Daily on 06/02/2025