ബാലചന്ദ്രൻ വടക്കേടത്ത്: ഭയമെന്തെന്നറിയാത്ത വിമർശകന് വിട

മലയാള സാഹിത്യഭൂമികയിൽ ധൈര്യപൂർവ്വം തല ഉയർത്തി നിന്ന് “ഒഴിഞ്ഞ കസേരയിൽ  കയറി ഇരിക്കരുത്” എന്ന് പറഞ്ഞ  നിരൂപകനും രാഷ്ട്രീയ ചിന്തകനും പ്രഭാഷകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്ത് തന്റെ 69 മത്തെ വയസ്സിൽ നമ്മെ വിട്ടു പോയിരിക്കുന്നു. കലാമണ്ഡലത്തിന്റെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡണ്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ  വൈസ് പ്രസിഡണ്ട്  എന്നീ നിലകളിലൊക്കെ  പ്രവർത്തിച്ച അദ്ദേഹം, മലയാള സാഹിത്യ വിമർശന ശാഖയിലെ വ്യതിരിക്തമായ ശബ്ദമായിരുന്നു. ഒറ്റയ്ക്ക് നടന്ന മനുഷ്യനായിരുന്നു. 

വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, പ്രത്യവമർശം, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കൂട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കുമിടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ അങ്ങനെ നിരവധി പുസ്തകങ്ങളിലൂടെ തൻ്റെ ചിന്താമണ്ഡലം വായനക്കാരുമായി പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. 

സാഹിത്യ വിമർശനത്തിൽ സവിശേഷമായ ഒരു ദാർശനികത അനിവാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. വിമർശനത്തെ അക്കാദമിക കെട്ടുപാടുകളിൽ നിന്ന്, അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ ക്ലാസ് റൂം നോട്ടുകളെ നിരൂപണമായി അവതരിപ്പിക്കുന്ന ശീലത്തിൽ നിന്ന് മോചിപ്പിക്കേണ്ടത് അനിവാര്യമെന്ന് എപ്പോഴും പറഞ്ഞിരുന്നു. പണ്ഡിത പ്രമാണിമാരുടെ ജീവനില്ലാത്ത വായനകളിൽ നിന്ന് ഒഴിഞ്ഞുമാറി, സാഹിത്യത്തെ മജ്ജയും മാംസവും ഉള്ള മനുഷ്യരുടെ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം തൻ്റെ രചനകളിലൂടെ നിരന്തരം ഓർമ്മപ്പെടുത്തി. 

കെ പി അപ്പനും, ആശാ മേനോനും ഉൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകർ, ആസ്വാദനങ്ങളെ വിമർശനങ്ങളായവതരിപ്പിക്കുന്നു എന്ന വിയോജിപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. വിമർശനത്തിന് സ്വന്തമായ ഒരു പ്രത്യയശാസ്ത്രവും, സവിശേഷമായ ഒരു കാഴ്ചപ്പാടും, വായനയുടെ ഉപകരണവും അനിവാര്യമാണെന്ന് കരുതിയിരുന്നതുകൊണ്ടാണ് രമണൻ എങ്ങനെ വായിക്കരുത് എന്നൊരു പുസ്തകം എഴുതിയത്. പ്രസിദ്ധമായ വായനയുടെ ഉപനിഷത്ത് മുതൽ, അവസാനമായി  സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ വരെ ഈയൊരു വീക്ഷണത്തെ അദ്ദേഹം പിൻപറ്റിയിട്ടുണ്ട്.

സാഹിത്യത്തെക്കുറിച്ച് പലപ്പോഴും സാമ്പ്രദായിക ധാരണകളെ നിഷേധിക്കുന്ന അഭിപ്രായങ്ങളും ഉൾക്കാഴ്ചകളുമാണ് വടക്കേടത്തിന് ഉണ്ടായിരുന്നത്. എഴുത്തച്ഛനല്ല കുഞ്ചൻ നമ്പ്യാരാണ് മലയാളഭാഷയുടെ പിതാവ്, എന്ന ഒറ്റ സ്റ്റേറ്റ്മെൻറ് മതി അദ്ദേഹത്തിൻറെ സാഹിത്യ വായനാദർശനം മനസ്സിലാക്കുവാൻ.  സാഹിത്യത്തിലെ അടിസ്ഥാന ഭാവത്തെ അനതിസാധാരണമായ വായനാ പരിസരങ്ങളിലൂടെ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തു അദ്ദേഹം. ബഷീർ സാഹിത്യത്തിന്റെ രസം ഹാസ്യമല്ല ക്രോധമാണ്  എന്ന് അദ്ദേഹം എഴുതുമ്പോൾ ബഷീറിന്റെ ‘ഒരു മനുഷ്യനെ’ ചേർത്തു നിർത്തുന്നുണ്ട്. 

ഓരോ കൃതിക്കും അന്തർദർശന പ്രചോദിതമായ ഒരു മനസ്സുണ്ട്, ഒരു അവബോധമുണ്ട്, കൃതികൾ  അങ്ങോട്ട് ക്ഷണിക്കുകയാണ്,  അല്ലാതെ നമ്മൾ വായിക്കുകയല്ല എന്നദ്ദേഹം പറയുന്നു.  ഓരോ കൃതിയിലും അവ എങ്ങനെ വായിക്കപ്പെടണമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന വിശ്വാസമാണത്. മലയാളത്തിൽ നടക്കുന്നത് ഒരുതരം നീരാജന വിമർശനം ആണെന്ന് പരിതപിച്ച അദ്ദേഹം എഴുത്തിലെ കച്ചവടവൽക്കരണത്തെ തുറന്നുകാണിക്കാൻ മടി കാണിച്ചില്ല. മലയാള സാഹിത്യത്തിൽ നിലനിൽക്കുന്ന ചിന്താശൂന്യത, എഴുത്തുകാരെ അപരപാഠങ്ങൾ തേടി പോകുവാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പ്രധാനപ്പെട്ട നിരീക്ഷണം. യാഥാർത്ഥ്യങ്ങളെ റദ്ദു ചെയ്തത് കൃത്രിമങ്ങൾക്ക് പിറകെ പായുന്നു. നോവലുകൾ ഒരുതരം റഫറൻസ് ഗ്രന്ഥങ്ങളാകുന്നു. ഗൂഗിൾ മാപ്പ് നോക്കി കഥാപരിസരങ്ങൾ കണ്ടെത്തുന്നു. ഈ സാഹിത്യ പരിസരത്ത് നിന്നുകൊണ്ടാണ്, എഴുത്തിൽ “ഈ കാലഘട്ടത്തിലെ പൗരൻ എവിടെ?” എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതേ കാരണം കൊണ്ടാണ്, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പല സാഹിത്യകൃതികളെയും നിശിത വിമർശനത്തിന് വിധേയമാക്കിയതും. ആടുജീവിതം ഒരു പൈങ്കിളി നോവലാണെന്ന് പറഞ്ഞതും, കെ ആർ മീരയുടെ ‘ആരാച്ചാർ’ ഒരു നോവലേ അല്ല എന്ന പ്രസ്താവന നടത്തിയതും അതുകൊണ്ടാണ്. 

സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അഗാധമായ ധാരണ ഉണ്ടായിരുന്നപ്പോഴും, സൈദ്ധാന്തിക പ്രഘോഷണങ്ങൾക്കപ്പുറം എഴുത്തിന്റെ ജൈവസത്തയാണ് അദ്ദേഹം നേടിയത്. കറുത്തവന്റെ സ്വത്വം കറുപ്പല്ല എന്നും അത് അവൻ്റെ ജീവിതമാണെന്നും അദ്ദേഹം പറയുന്നത് അതുകൊണ്ടാണ്. വായനയുടെ പാരാവാര സമാനമായ വൈപുല്യം ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മലയാളത്തിലെ ഏറ്റവും പുതിയ രചനകൾ വരെ, ഏറ്റവും പുതിയ എഴുത്തുകാരെ വരെ കൃത്യമായി വിലയിരുത്തുവാൻ കഴിഞ്ഞിരുന്നു. അതോടൊപ്പം, ലോക സാഹിത്യത്തിലെ സമകാലിക പ്രവണതകളെ മനസ്സിലാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമവും അദ്ദേഹം നടത്തിയിരുന്നു.

പൊതുപ്രവർത്തനത്തിൽ, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോഴും സ്വന്തം ബോധ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുവാൻ തയ്യാറായിരുന്നില്ല, എന്നു മാത്രമല്ല അതിനു വേണ്ടി ഏത് തരത്തിലുള്ള പ്രതിരോധത്തിനും തയ്യാറാവുകയും ചെയ്തു. സാഹിത്യ അക്കാദമിക്ക് മുന്നിൽ ഒറ്റയ്ക്കിരുന്ന് പ്രതിഷേധിക്കുന്ന വടക്കേടത്തിന്റെ ചിത്രം നമുക്ക് മുന്നിലുണ്ട്. എന്നാൽ അവസരങ്ങൾക്കോ പൊതു സ്വീകാര്യതയ്ക്കോ വേണ്ടി തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ മാറ്റുവാനോ, മറച്ചു വയ്ക്കാനോ അദ്ദേഹം തയ്യാറായില്ല.  ഫോൺ സംഭാഷണങ്ങളിൽ പോലും, രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിന്നു സുദീർഘമായ സംവാദങ്ങളിൽ ഏർപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും സ്നേഹത്തിനോ, സൗഹൃദത്തിനോ ഒരു തടസ്സമായിരുന്നില്ല താനും.

സാഹിത്യ വിമർശകൻ, പൊതുപ്രവർത്തകൻ, എന്നീ നിലകളിൽ മാത്രമല്ല, എല്ലാവരോടും വളരെ ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന മനുഷ്യൻ എന്ന നിലയ്ക്ക്, അടുത്തറിയാവുന്നവർക്ക് എഴുത്തിനും വർത്തമാനങ്ങൾക്കും ഒക്കെ അപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലാകാശമായിരുന്നു. പെരുമാറ്റത്തിൽ സ്നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹത്തിൽ നിന്നും  അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത്. സാഹിത്യമായാലും രാഷ്ട്രീയമായാലും മറ്റു വിഷയങ്ങൾ ആയാലും വേദികളിൽ ഗൗരവതരമായ വിമർശനങ്ങൾ അതിരൂക്ഷമായ ഭാഷയിൽ ഉന്നയിച്ചിരുന്ന അദ്ദേഹം പക്ഷേ, ജീവിതത്തിൽ സൗമ്യവും ആകർഷകവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും സുധീരമായ ശബ്ദമാണ് അദ്ദേഹത്തിൻ്റെ മരണത്തോടെ ഇല്ലാതായിരിക്കുന്നത്.

എഴുത്തിൽ, ചിന്തയിൽ, പ്രഭാഷണത്തിൽ, സൗമ്യഭാഷണങ്ങളിൽ, അദ്ദേഹം അവശേഷിപ്പിച്ചു പോയ തെളിമയാർന്ന ബൗദ്ധിക സ്ഫുലിംഗങ്ങൾ എളുപ്പം മാഞ്ഞു പോകുന്നവയല്ല. അദ്ദേഹം വച്ചൊഴിയുന്ന കസേരയിൽ പെട്ടന്നാർക്കും വന്നിരിക്കുക അസാധ്യമാണ്.

ReplyForwardAdd reaction
First Published in Suprabhatham Daily on 20/10/2024

LEAVE A REPLY

Please enter your comment!
Please enter your name here