ബാബറി പള്ളി സംബന്ധിച്ച സുപ്രീംകോടതി വിധി, നീതി തേടുന്ന മനുഷ്യരെ നിരാശരാക്കിയിരുന്നെങ്കിലും, വിധിയിൽ കടന്നു വന്ന, 1991-ലെ ആരാധനാലയ നിയമം സംബന്ധിച്ച പരാമർശങ്ങൾ ഭാവിയെക്കുറിച്ച് ചില പ്രതീക്ഷകൾ നൽകിയിരുന്നു. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നർത്ഥമാക്കുന്ന ഈ നിയമം, ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് ഭരണഘടനാബെഞ്ച് കണ്ടത്. മതേതരത്വം സംബന്ധിച്ച ഭരണഘടനാപരമായ വാഗ്ദാനം കൂടിയാണത്. അതിനെതിരെ, ഭീഷണമായ വെല്ലുവിളികൾ നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി ഉണ്ടായിരിക്കുന്നത്. ഒരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റുന്നത് സംബന്ധിച്ചുള്ള ഹർജികൾ കോടതികൾ രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ, ഉത്തരവുകൾ പാടില്ലെന്നുമുള്ള, സുപ്രീംകോടതിയുടെ ഇടക്കാലവിധി, സമാധാനത്തിനും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ ആവർത്തനമാണ്.
സംഭൽ: ഒഴിവാക്കാമായിരുന്ന ദുരന്തം
ആരാധനാലയ നിയമത്തെ അവഗണിക്കുന്നതിൻ്റെ പ്രത്യാഘാതങ്ങെളെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലായിരുന്നു കഴിഞ്ഞ മാസം സംഭാലിൽ നടന്ന വർഗീയ കലാപം. ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ ജില്ലാ കോടതി ഉത്തരവിട്ടപ്പോൾ, ഉരുത്തിരിഞ്ഞ സംഘർഷം നാല് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്തു. സംഭാലിലെ ഇനിയും അവസാനിക്കാത്ത വിലാപങ്ങളും, വീടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും, തകർന്ന സ്വപ്നങ്ങളും, ജുഡീഷ്യറി വിഭാഗീയ രാഷ്ട്രീയത്തിൻ്റെ ചട്ടുകമായി മാറുമ്പോൾ എന്ത് സംഭവിക്കും എന്നതിന്റെ നേർസാക്ഷ്യമാണ്.
വിഭജനവും, വർഗീയ സംഘർഷങ്ങളും ബാക്കിവച്ച മുറിവുകകൾ ഇനിയുമുണങ്ങാത്ത ഈ രാജ്യത്തിന്റെ ഞരമ്പുകളിൽ ഹിംസയുടെ വിഷമുണ്ട്. ഓർമകളെ വീണ്ടുമുണർത്തിയാൽ വീര്യം വർദ്ധിക്കുന്ന വിഷം; അത് ഊറിയിറങ്ങി ഈ നാടിനെ നശിപ്പിക്കാതെ നോക്കേണ്ടതുണ്ട്. കോടതിയുടെ ഇടപെടൽ, വൈകിയാണെങ്കിലും, ആ ദിശയിലുള്ള ക്രിയാത്മകമായ നടപടിയാണ്. എങ്കിലും, ഈ ദുരന്തം സംഭവിക്കുവാൻ അവസരമുണ്ടായതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു.
ഗ്യാൻവാപിയുടെ നിഴൽ
1991-ലെ നിയമത്തോടെ, ഒരറുതി വരുത്തിയെന്ന് നമ്മളെല്ലാം കരുതിയ ദുരന്തത്തിന്റെ വിത്തുകൾ, വീണ്ടും മുളപൊട്ടാൻ തുടങ്ങിയത് ഗ്യാൻവാപി പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീംകോടതിയിൽ, മുൻ ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡ് സ്വീകരിച്ച നിലപാടോടെയാണ്. പ്രസ്തുത കേസിന്റെ വാദം നടന്നപ്പോൾ, “ആരാധനാലയനിയമം, ആരാധനാലയങ്ങളുടെ സ്വഭാവം എന്തെന്നു പരിശോധിക്കുന്നതിന് തടസ്സമാണെന്ന് തോന്നുന്നില്ല” എന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്. ‘പള്ളികൾക്കടിയിൽ, അമ്പലം തേടുന്നവരുടെ’ എണ്ണം വളരെ പെട്ടെന്ന് വർദ്ധിക്കാൻ അതുകാരണമായി. നിരവധി സിവിൽ കോടതികൾ ഈ ഹരജികൾ പരിഗണിക്കാനും ഉത്തരവുകൾ പുറപ്പെടുവിക്കാനും ആരംഭിച്ചു.
പരമോന്നത നീതീപീഠത്തിന്റെ നിസ്സംഗത കാരണം പത്തിലേറെ കേസുകളാണ് രാജ്യത്തുണ്ടായത്. മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും, അജ്മീർ ദർഗയും, സംഭാലും, ഗ്യാൻ വാപിയുമെല്ലാം ഭീതിയുടെ നിഴലിലായി. ആരാധനാലയ നിയമം അപ്രസക്തമായി. രാജ്യമാകെ ആശാന്തിയുടെ സൂചനകൾ വന്നുതുടങ്ങി.
രാഷ്ട്രീയയുദ്ധം
ഇന്ത്യയിലെന്നും മതം ഒരു രാഷ്ട്രീയ വിഷയമായിരുന്നു. ദേശീയപ്രസ്ഥാനം പോലും അതിൽ നിന്നും മുക്തമായിരുന്നില്ല. എന്നാൽ രാമജന്മഭൂമി പ്രസ്ഥാനത്തോട് കൂടി, അത് പച്ചയായ വർഗീയ വിദ്വേഷത്തിന് വഴിമാറി. കാലാന്തരത്തിൽ, ഇന്ത്യൻ റിപ്പബ്ലിക്കിനേറ്റ തീരാകളങ്കം എന്നു വിശേഷിപ്പിക്കാവുന്ന ബാബറി പള്ളി തകർക്കുന്ന സംഭവത്തിലേക്ക് വളർന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് കൊണ്ടുവരാൻ പാർലമെൻറ് തീരുമാനിക്കുന്നത്. എന്നാൽ, വിമർശകർ പറയുന്നത്, പ്രസ്തുത നിയമം ‘അധിനിവേശ ശക്തികൾ’ കീഴടക്കിയ തങ്ങളുടെ ആരാധനാലയങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നാണ്. വിദ്വേഷ രാഷ്ടീയത്തിന്റെ വിഭാഗീയ അജണ്ടയ്ക്ക് നീതിയുടെപരിവേഷം നല്കുന്ന വാദമുഖമാണിത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന എല്ലാ പുരോഗമനപരമായ മൂല്യബോധങ്ങളെയും നിഷേധിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രക്കാരുടെ തന്ത്രപരമായ നിലപാട്. ഈയിടെയുയർന്നു വന്ന പള്ളി-അമ്പല കേസുകൾ, ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ പുനർനിർവചിക്കാൻ ആഗ്രഹിക്കുന്നവരുടെ ധ്രുവീകരണപദ്ധതിയുടെ ഭാഗമാണത്.
സുപ്രീംകോടതിയുടെ നിലപാട്.
ഇപ്പോഴത്തെ ഇടക്കാലവിധിയിലൂടെ, സുപ്രീംകോടതി, ധ്രുവീകരണ സംഘത്തിന് താത്കാലികമായി തടയിട്ടുവെന്നുവേണം കരുതാൻ. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്, ആരാധനാലയ നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഈ ഉത്തരവിട്ടത്. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്ദ്യായായാണ് പ്രധാന ഹർജിക്കാരൻ.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരാധനാലയങ്ങളുടെ സ്വഭാവം സംബന്ധിച്ച യാതൊരു കേസും രജിസ്റ്റർ ചെയ്യരുതെന്നും, നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവുകളോ, സർവേ പോലുള്ള നടപടിക്കുകൾക്കുള്ള നിർദ്ദേശമോ, അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും രാജ്യത്തെ എല്ലാ കോടതികൾക്കും നിർദ്ദേശം നൽകി. കേസ് തങ്ങളുടെ പരിഗണനയിലിരിക്കുമ്പോൾ, മറ്റു കോടതികൾക്ക് സമാന്തരമായി വിഷയം കൈകാര്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ്. കെ വി വിശ്വനാഥൻ നിരീക്ഷിച്ചു. അയോദ്ധ്യ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിലപാടാണ് ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും ഉയർന്ന അഭിപ്രായം എന്ന കാര്യം ഓർമപ്പെടുത്തി. ഇടക്കാല ഉത്തരവ് പാടില്ലെന്ന ആവശ്യവുമായി മറുഭാഗത്തിന്റെ അഭിഭാഷകർ കോടതിയിൽ ശബ്ദമുയർത്തിയപ്പോൾ, നിങ്ങൾ ഇവിടെവച്ച് ഉത്തരവിടാൻ സമ്മതിച്ചില്ലെങ്കിൽ, ചേമ്പറിൽ വച്ച് ഉത്തരവ് പുറപ്പെടുവിക്കും എന്ന ശക്തമായ നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചു. യൂണിയൻ ഗവണ്മെന്റിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയും ഇടക്കാല ഉത്തരവിനെ എതിർക്കുകയാണുണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഒരു പുനര്വിചിന്തനത്തിനു നാം തയ്യാറാവണം.
ഗ്യാൻവാപിയിലും സംഭാലിലും മറ്റു പലയിടങ്ങളിലും നടക്കുന്ന വിദ്വേഷപ്രവർത്തനങ്ങൾ, രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന മാരകമായൊരു രോഗത്തിന്റെ ലക്ഷണമാണ്. ആരാധനാലയ നിയമം നിയമപുസ്തകത്തിലെ വരികൾ മാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യമാർന്ന സാമൂഹ്യപ്രകൃതിയോടുള്ള ധാർമിക പ്രതിബദ്ധതയുടെ സൂചകമാണ്. അതിനെ ദുര്ബലപ്പെടുത്താനുള്ള ഓരോ നീക്കവും രാജ്യത്തിൻറെ ആത്മാവിനെ ഇല്ലാതാക്കുന്നതാണ്. ഈ സാഹചര്യത്തിൽ, സുപ്രീംകോടതി നിലപാട് ഇടക്കാലാശ്വാസം മാത്രമാണ്. മുന്നോട്ടുള്ള വഴി ഒരിക്കലൂം എളുപ്പമാവില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ അതിജീവിക്കുമോ, അതോ ഭിന്നിപ്പിന്റെ ശക്തികൾക്ക് നാം കീഴടങ്ങുമോ എന്നത്, കോടതിയുടെ വരുംകാല സമീപനവും, സർക്കാരിന്റെ നിലപാടുകളും, ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ കൂട്ടായ തീരുമാനവും അനുസരിച്ചിരിക്കും.
സംഭാലിലെ ഇരകൾക്ക് നീതി ലഭിക്കണം. ഇനി ഇത് ആവർത്തിക്കില്ലെന്ന ഉറപ്പു നൽകാൻ കഴിയണം. അതുറപ്പാക്കാൻ ആരാധനാലയ നിയമം നിലനിൽക്കേണ്ടത് അനിവാര്യമാണ്.കേസുകൾ അനന്തമായി നീട്ടി വച്ചുകൊണ്ട്, ഭൂരിപക്ഷ രാഷ്ട്രീയ താത്പര്യങ്ങൾക്ക് സൗകര്യമൊരുക്കുന്ന ചരിത്രം നീതിന്യായസംവിധാനത്തിനുണ്ട്. ഇക്കാര്യത്തിൽ അത് സംഭവിച്ചു കൂടാ, എത്രയും വേഗം തീരുമാനമുണ്ടാകണം. ഗവണ്മെന്റ്, കോടതിയിൽ ആരാധനാലയനിയമത്തിന്റെ പക്ഷത്ത് നിലകൊള്ളണം.
അമേരിക്കൻ ഭരണഘടന നിലവിൽ വന്ന്, എട്ടാം ദശകത്തിലാണ് അവിടെ ആഭ്യന്തരയുദ്ധം നടക്കുന്നത്. നാമിപ്പോൾ, ഭരണഘടനയുടെ എഴുപത്തിയാറാം വാർഷികത്തിലാണ്. ജാഗ്രത ആവശ്യപ്പെടുന്ന കാലമാണ്. രാഷ്ട്രശില്പികൾ ബാക്കിവച്ച, സഹവർത്തിത്തത്തിന്റെ അഭിമാനകരമായ പാരമ്പര്യത്തോടു നീതിപുലർത്താൻ നമുക്ക് കഴിയുമോ? അതോ നമ്മുടെ ഭാവി, ഭൂതകാലത്തിന്റെ പിശാചുക്കൾക്ക് നാം വിട്ടുകൊടുക്കുമോ? ഉത്തരം പറയേണ്ടത് കോടതികൾ മാത്രമല്ല, ഇന്ത്യയെന്ന ആശയത്തിൽ വിശ്വസിക്കുന്ന ഓരോ പൗരന്റെയും മനസിൽ ഈ ചോദ്യം പ്രതിധ്വനിക്കേണ്ടതാണ്. അല്ലെങ്കിൽ വരും തലമുറ നമ്മളോട് പൊറുക്കുകയില്ല..
First Published in Suprabhatham Daily on 14/12/2025