ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?

PB's Review
Aadhaar: How a Nation is Deceived

ലോകത്തൊരിടത്തും സ്വതന്ത്ര ജനതയ്ക്കെതിരെയുള്ള ഇത്തരമൊരു നിയമം ഞാന്‍ കണ്ടിട്ടില്ല… വിരലടയാളം നല്‍കേണ്ടി വരിക എന്നത് അസാധാരണമായ ഒരു കാര്യമായിരുന്നു. ഞാന്‍ ഒരു ഹെൻറി  എന്ന പൊലീസ് ഓഫീസറോട് ഇതേക്കുറിച്ചു ചോദിച്ചു മനസിലാക്കാന്‍ ശ്രമിച്ചു. സാധാരണഗതിയില്‍ ക്രിമിനലുകളില്‍ നിന്ന് മാത്രമാണ് വിരലടയാളം ശേഖരിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ നിര്‍ബന്ധിതമായി വിരലടയാളം ശേഖരിക്കുന്ന നിയമം എന്നെ ഞെട്ടിച്ചു കളഞ്ഞു. 16 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെയും സ്ത്രീകളുടെയും വിരലടയാളങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി ശേഖരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ശരിയാം വണ്ണം മനസിലാക്കിയാല്‍, ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യയുടെ അഭിമാനമാണ് എന്ന് നമുക്ക് കാണാം. നമ്മളെ മാത്രമല്ല നമ്മുടെ മാതൃഭൂമിയെയും ഈ നിയമം അപമാനിക്കുന്നു. നിഷ്‌കളങ്കരായ മനുഷ്യരെ അവമതിക്കുന്നതിലാണ് അപമാനം. നമ്മള്‍ നിരപരാധികളാണ്, നമ്മുടെ രാജ്യത്തെ ഒരു പൗരനെയങ്കിലും അപമാനിക്കുക എന്നത് രാജ്യത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണ്. തിടുക്കവും എടുത്തുചാട്ടവും അക്ഷമയും കോപവും, ഈ അതിക്രമത്തില്‍ നിന്ന് നമ്മെ സഹായിക്കില്ല. അവധാനതയോടെ, എത്ര വലിയ ബുദ്ധിമുട്ടുകളും സഹിക്കാന്‍ തയ്യാറായി, ഒത്തൊരുമിച്ചൊരു പ്രതിരോധമുയര്‍ത്തിയാല്‍ തീര്‍ച്ചയായും ദൈവം നമ്മെ സഹായിക്കും.” –മഹാത്മാ ഗാന്ധി

വലിയ മനുഷ്യർ, ചരിത്രത്തിന്റെ ദശാസന്ധികളിൽ ഉൾക്കാഴ്ചയുടെ പ്രകാശഗോപുരങ്ങളായി ഉയിർത്തെഴുന്നേൽക്കാറുണ്ട്. 1906-ലെ ട്രാന്‍സ്വാള്‍ അമെന്‍ഡ്‌മെന്റ് ആക്റ്റിനോടുള്ള ഗാന്ധിജിയുടെ പ്രതികരണം അത്തരത്തിൽ കലാതിവർത്തിയാവുന്നത് ആധാർ നിയമം ഭരണഘടനാപരമാണ്   എന്ന പരമോന്നത നീതീപീഠത്തിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ്. 2011 -ൽ ഈ ലേഖകന്റെ “Aadhaar: How a Nation is Deceived” എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീ. ജസ്റ്റിസ്. വി ആർ കൃഷ്ണയ്യർ പറഞ്ഞത് “ആധാർ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പട്ടാള ഭരണകൂടങ്ങൾക്ക് മാത്രമാണ് ഇത്തരം പദ്ധതികൾ ആവശ്യം വരിക” എന്നാണ്. കാരണം ആധാർ കേവലം ഒരു തിരിച്ചറിയൽ പദ്ധതിയല്ല, പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്. ഇത്തരമൊരു വിശാലമായ ഭൂമികയിൽ ആധാർ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഡോ. സെബാസ്റ്റിയൻ പോളിന്
Aadhaar: How a Nation is Deceived എന്ന പുസ്തകം കൈമാറുന്നു
.

എട്ടു വര്ഷം മുൻപൊരു സെപ്തംബർ മാസത്തിലാണ് മഹാരാഷ്ട്രയിലെ തേബ്ളി ഗ്രാമത്തിലെ രഞ്ചന സോനാവാനേ എന്ന ആദിവാസി യുവതിയ്ക്ക് ആദ്യത്തെ ആധാർ ലെറ്റർ നൽകിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആധാർ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പിറ്റേന്ന് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് “രഞ്ചനാ സോനാവാനേ ഇനി ഒരു പന്ത്രണ്ടക്ക നമ്പർ” എന്നാണ്. മനുഷ്യന്റെ അസ്തിത്വത്തെ ഒരു പന്ത്രണ്ടക്ക സംഖ്യയാക്കി ചുരുക്കുന്നതിലെ നൈതീകതയെപ്പറ്റി അന്ന് ആരും വ്യാകുലപ്പെട്ടു കണ്ടില്ല. പക്ഷെ ചരിത്രത്തിൽ ഇതിനു പൂർവ മാതൃകകൾ ഉണ്ടായിരുന്നു. ഇന്ത്യയിലേതുപോലെതന്നെ എല്ലാ രാജ്യങ്ങളിലും ആധാറിനു സമാനമായ പദ്ധതികൾ ക്ഷേമ പധ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും രാജ്യസുരക്ഷയും ഒക്കെയായി ബന്ധപ്പെടുത്തിയാണ് കൊണ്ടുവരാൻ ശ്രമങ്ങളുണ്ടായത്.

1985 -ൽ ആസ്‌ത്രേലിയയിൽ എല്ലാ പൗരന്മാർക്കും ഒരു ദേശീയ തിരിച്ചറിയൽ നമ്പർ നല്കുന്നതിനെക്കുറിച്  ആലോചിച്ചിരുന്നു. പക്ഷേ, 1987 -ൽ സെനറ്റിൽ പരാജയപ്പെട്ടു. 2006 -ൽ ആസ്‌ത്രേലിയ കാർഡ് എന്ന പേരിൽ വീണ്ടും അവതരിച്ചു, എന്നാൽ ഇതിനെക്കുറിച്ച് പഠിച്ച പാർലമെന്ററി സമിതി പദ്ധതി അപകടകരമാണെന്ന് കണ്ടെത്തുകയും 2007-ൽ അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1971-ൽ അമേരിക്കയിൽ ആരംഭിച്ച നാഷണൽ സെക്ക്യൂരിറ്റി നമ്പർ (എസ.എസ.എൻ.) ഒരു തിരിച്ചറിയൽ സംവിധാനം ആക്കി മാറ്റാനുള്ള ശ്രമങ്ങൾ 1973 -ലും 1977 -ലും 1999 -ലും എതിർത്ത് തോല്പിക്കപ്പെട്ടു. 2005-ൽ ബുഷ് ഭരണകാലത്ത് ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിച്ച ‘റിയൽ ഐ ഡി പദ്ധതി എന്ന ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതിയും വെളിച്ചം കണ്ടില്ല. ഫ്രാൻസിലെ തിരിച്ചറിയൽ കാർഡിലേക്ക് വിരലടയാളം ഉൾപ്പടെ ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി വിധിയെഴുതി.

ജർമനിയിൽ, ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പൗരന്മാരുടെ വിവരങ്ങൾ കേന്ദ്രീകൃതമായി ശേഖരിച്ചു സൂക്ഷിക്കുന്നത് ഭരണഘടനാപരമായിത്തന്നെ നിരോധിച്ചിരിക്കുന്നു. കേന്ദ്രീകൃതമായി ശേഖരിക്കപ്പെട്ട സെൻസസ് വിവരങ്ങൾ ഐ.ബി.എം. കമ്പനിയുടെ ഹോളറിത് ഡി 11 കാർഡ് സോർട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ജൂതവംശഹത്യയ്ക്ക് ഉപയോഗപ്പെടുത്തി ഹിറ്റ്ലർ. ജർമനിയിൽ മാത്രമല്ല താൻ കീഴടക്കിയ രാജ്യങ്ങളിലൊക്കെയും ഹിറ്റ്ലർ വിവരശേഖരങ്ങളെ ഉപയോഗിച്ചത് ജൂത ജനസംഖ്യ കൂടുതലുള്ള മേഖലകളെ പെട്ടെന്ന് കണ്ടെത്തി അവിടേയ്ക്ക് കൊലപാതകസേനകളെ അയച്ചുകൊണ്ട്  വംശ ഹത്യയെ ത്വരിതപ്പെടുത്താനായിരുന്നു.

ബ്രിട്ടനിലെ കാര്യം പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്, കാരണം ഇന്ത്യയിൽ ആധാർ പദ്ധതിയെക്കുറിച്ച ആലോചിച്ചപ്പോൾ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ ‘യു.കെ. ഐ ഡി പദ്ധതി’ ആയിരുന്നു. വികസിത ജനാധിപത്യരാജ്യങ്ങളെല്ലാം ഇതുമായി മുന്നേറുമ്പോൾ നമുക്ക് പുറം തിരിഞ്ഞു നിൽക്കാനാകില്ല എന്നായിരുന്നു വാദം. എന്നാൽ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് പദ്ധതിയെക്കുറിച്ച വിശദമായി പഠിച്ചു സമർപ്പിച്ച റിപ്പോർട്ട് കാര്യങ്ങളാകെ മാറ്റി മറിച്ചു.  വിരലടയാളം കൊണ്ട് ആളുകളെ തിരിച്ചറിയുന്ന ‘ബയോമെട്രിക്’ സംവിധാനം അശാസ്ത്രീയവും അരക്ഷിതവും അപകടകരവുമാണ്; പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും, ശാസ്ത്രീയമായും, നിലനിൽക്കുന്നതല്ല എന്ന് മാത്രമല്ല ദേശസുരക്ഷയ്ക്കു തന്നെ പ്രവചനാതീതമായ ഭീഷണികൾ സൃഷ്ടിച്ചേക്കാം എന്നായിരുന്നു കണ്ടെത്തൽ. ഇതേതുടർന്ന് 2010 -ൽ യു.കെ. ഐ.ഡി. ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പിൻവലിച്ചു എന്ന് മാത്രമല്ല പുതിയതായി കൊണ്ടുവന്ന ഐഡന്റിറ്റി ഡോക്കുമെന്റ്സ് ആക്ടിൽ പദ്ധതിപ്രകാരം ശേഖരിച്ച വിവരങ്ങൾ 100 ദിവസങ്ങൾക്കകം നശിപ്പിച്ചുകളയണമെന്ന നിബന്ധനയും വച്ചു. അങ്ങനെ അതിന്റെ  ഹാർഡ് ഡിസ്കുകളും മാഗ്നെറ്റിക്ക് ടേപ്പുകളും ഇൻഡസ്ട്രിയൽ ഷ്റെഡ്ഡറിൽ വച്ച് നശിപ്പിച്ചു കളയുകയും ചെയ്തു. എന്നാൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ ദരിദ്ര-മൂന്നാം ലോക രാജ്യങ്ങളിൽ പലതിലും ആധാറിന്‌ സമാനമായി ആളുകൾക്ക് നമ്പറിടുന്ന പദ്ധതികൾ ഉണ്ടുതാനും. പാകിസ്ഥാനിൽ 1960കൽ മുതൽ ഇത്തരം പരിപാടികൾ ഉണ്ട്. 2002 മുതൽ ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുന്നത്. ബയോമെട്രിക്ക് പദ്ധതികൾ ദേശ സുരക്ഷയ്ക്ക് ഉതകുമെങ്കിൽ ഇന്ന് പാകിസ്താനായിരിക്കണം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം. ചുരുക്കത്തിൽ ലോകത്തിലെ പ്രമുഖ വികസിത-ആധുനിക-ജനാധിപത്യ രാജ്യങ്ങളിലൊന്നും ആധാറിനുസമാനമായ  പദ്ധതികളില്ല , എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വൻകിട കുത്തക കമ്പനികൾ മൂന്നാം ലോകരാജ്യങ്ങളെ തങ്ങളുടെ മാതൃരാജ്യത്ത് ഉപയുക്തമാക്കാൻ കഴിയാത്ത ഇത്തരം സാങ്കേതികസംവിധാനങ്ങളുടെ ഡംപ് യാർഡാക്കി   മാറ്റിയിരിക്കുന്നു എന്ന് കാണാം. ഇന്ത്യയിൽ ആധാറിന്റെ വേരുകൾ 1999-ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ‘കാർഗിൽ റിവ്യൂ കമ്മറ്റി’ റിപ്പോർട്ടിലാണ്. അതിർത്തി ജില്ലകളിൽ പൗരരേയും കുടിയേറ്റക്കാരെയും തിരിച്ചറിയാൻ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വേണം എന്നതായിരുന്നു നിർദ്ദേശം. പിന്നീട് അത് രാജ്യ വ്യാപകമായ സംവിധാനമായി. 2005 -ൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ.) വന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പ്രത്യേക കാർഡ് കൊടുക്കണം എന്ന ആലോചന വന്നു പിന്നീട് 2007 -നും 2009 -നും ഇടയിൽ യു.പി.എ. ഗവണ്മെന്റിന്റെ കാലത്ത് ഇൻഫോസിസിന്റെ കോ-ചെയർമാനായിരുന്ന നന്ദൻ നിലേകാനിയുടെ നേതൃത്വത്തിൽ ഇന്ന് കാണുന്ന ആധാർ പദ്ധതിയായി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വരും തലമുറയുടെയും ഭാഗധേയം തീരുമാനിക്കുന്നതും മൗലീകാവകാശങ്ങളെ ബാധിക്കുന്നതുമായ ഒരു പദ്ധതിയായിരുന്നിട്ടുപോലും  ഒരു നിയമമോ, പാർലമെന്റിന്റെ അംഗീകാരമോ ഇല്ലാതെയാണ് ആധാർ ആരംഭിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഒരു എക്സിക്യൂട്ടിവ് ഉത്തരവ് വഴിയാണ് 2009 -ൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (ഇനി മുതൽ ആധാർ അതോറിറ്റി എന്ന് പറയാം) രൂപീകൃതമാകുന്നത്. പ്ലാനിംഗ് കമ്മീഷൻ ഒരു നിർവഹണ ഏജൻസിയല്ല. ഗവണ്മെന്റിന്റെ ഒരു ഉപദേശക സംവിധാനമായാണത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ വകുപ്പുകളാണ് പ്ലാനിംഗ് കമ്മീഷൻ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ സാധാരണഗതിയിൽ നടപ്പിലാക്കുക. ഒരു പദ്ധതി നടപ്പിലാക്കാനുള്ള സംഘടനാപരമായ ചട്ടക്കൂടോ സംവിധാനമോ ആള്ബലമോ ഒന്നും ഇല്ലാതിരുന്നിട്ടും ആസൂത്രണ കമ്മീഷനെ ഒരു പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിടത്തുനിന്നു തന്നെ ആധാറിന്റെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നു.

ഡിജിറ്റൽ യുഗത്തിൽ ലോകത്ത് ഏറ്റവും വികലമതിപ്പുള്ള ചരക്ക് ഡാറ്റ  അഥവാ വിവരങ്ങളാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്. ശതകോടികളുടെ കച്ചവടം നടത്തുവാനുള്ള മാർക്കറ്റു ആണ് ഇന്ത്യയുടെ ഗ്രാമാന്തരങ്ങൾ. ആഗോള വിവരച്ചന്തയുടെ ഭാഗമായി ഇനിയും മാറിയിട്ടില്ലാത്ത പ്രദേശങ്ങൾ. കുത്തകകൾക്ക്പ്രത്യേകിച്ചും ഫിൻ-ടെക്ക് കമ്പനികൾക്ക് സാധ്യതകളുടെ വലിയ എണ്ണപ്പാടങ്ങളാണ് ഇന്ത്യയുടെ അചുംബിത-ഗ്രാമങ്ങൾ  എന്ന് നിലേകാനി തന്റെ ‘ഇമാജിനിംഗ് ഇന്ത്യ ‘ എന്ന പുസ്തകത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിവര കൈമാറ്റത്തിനായി നാഷണൽ ഇൻഫോർമേഷൻ യൂട്ടിലിറ്റീസ് സ്ഥാപിക്കുന്നതിനെക്കുറിച്ചൊക്കെ സ്വപ്നം കണ്ട ആളാണ്. വിവരങ്ങളെ ചരക്കാക്കി മാറ്റുന്ന ആഗോളമൂലധന പാഠങ്ങളുടെ മൂല്യബോധത്തിൽ, ആധാർ പെട്ടെന്ന് നടപ്പിലാക്കാൻ നിലേകാനി കണ്ടെത്തിയ ‘ബിസിനസ് മോഡൽ’ ആണ് ആധാറിലെ ഏറ്റവും വലിയ പിഴവുകളിൽ ഒന്ന്.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു സൂക്ഷിച്ചു  തത്സമയ തിരിച്ചറിയൽ സംവിധാനമൊരുക്കുന്ന അത്യന്തം ഗൗരവതരമായ പദ്ധതിയുടെ ഏതാണ്ടെല്ലാ പ്രവർത്തനങ്ങളും ഗവണ്മെന്റിനോടൊ സമൂഹത്തോടോ നിയമത്തോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിച്ചു. ഏതൊക്കെയോ സ്വകാര്യ സ്ഥാപനങ്ങളിലെ ആരോടും ഉത്തരം പറയുവാൻ ബാധ്യസ്ഥരല്ലാത്ത താത്കാലിക ജീവനക്കാരാണ് നമ്മുടെയൊക്കെ വിവരങ്ങൾ പരിശോധിച്ച ഉറപ്പു വരുത്തി ‘പരിപാവന’മെന്നു കരുതപ്പെടുന്ന ആധാർ വിവരസഞ്ചയത്തിലേക്ക് അയയ്ക്കുന്നത്. ആധാർ നൽകുന്ന പ്രവർത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, ഇതിലെ വിവരങ്ങൾ പരിശോധിക്കുകയോ ഉറപ്പു വരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല.

മാത്രമല്ല കാര്യങ്ങൾ വേഗത്തിലാക്കാൻ നിലേകാനി ആവിഷ്ക്കരിച്ച ബിസിനസ് മോഡൽ- കൂടുതൽ ആളുകളെ ആധാറിൽ ചേർക്കുന്നവർക്ക് കൂടുതൽ പ്രതിഫലം എന്ന തരത്തിലുള്ള ഇൻസെന്റീവ് സംവിധാനം ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ എൻറോൾമെൻറ് സെന്ററുകളെ അഴിമതി നടത്താൻ പ്രേരിപ്പിക്കുന്ന നയമായിരുന്നു. ഇതിനോടകം വിവിധ ഇല്ലാത്ത ആളുകളെ ആധാറിനായി എൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേർക്കുക പല ആളുകളുടെയും വിരലടയാളങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ആളെണ്ണം കൂട്ടാൻ ശ്രമിക്കുക അങ്ങനെ വിവിധ തരത്തിലുള്ള ദുർനടപടികൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ള 50,000 എൻറോൾമെൻറ് ഏജൻസികളെ ആധാർ അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ചേർത്ത എത്ര ആധാറിലെ വിവരങ്ങൾ ശരിയാണ് എത്രയെണ്ണം വ്യാജമാണ് എന്ന് ആർക്കു കണ്ടെത്താനാകും?

വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാർ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ ഒന്നും തന്നെ തങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നൽകിയിട്ടുണ്ട്. എന്നിട്ടും പല കാര്യങ്ങൾക്കും ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. 182 ദിവസം രാജ്യത്ത് താമസിച്ചാൽ ആർക്കും എടുക്കാൻ കഴിയുന്ന, ഒരു പൗരത്വ രേഖയല്ലാത്ത ആധാർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും പാസ്സ്പോര്ട്ടും വരെ നൽകുന്നു എന്ന കാര്യം ദേശ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഒന്നാണ്. കാശ്മീരിൽ കഴിഞ്ഞയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട ഭീകരരുടെ കൈവശവും ആധാർ ഉണ്ടായിരുന്നു എന്ന വാർത്ത നാം വായിച്ചതാണ്.

ഇതിനു പുറമെയാണ് ആധാർ ഉയർത്തുന്ന നൈതീകതയെയും ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ ധാര്മികതയെയും സംബന്ധിക്കുന്ന ചോദ്യങ്ങൾ. അതിലേക്കു കടക്കുന്നതിനു മുൻപ് വിരലടയാളസങ്കേതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച ഒരന്വേഷണം നടത്തുന്നത് ഉചിതമാകും.
അഞ്ച്  ധാരണകളുടെ അടിസ്ഥാനത്തിലാണ് ആധാർ പദ്ധതി നിലനിൽക്കുന്നത്.

  1. വിരലടയാളം അനന്യമാണ് (ഒരാളുടെ വിരലടയാളം ലോകത് മറ്റൊരാൾക്കും ഉണ്ടാകില്ല)
  2. എല്ലാവരുടെയും വിരലടയാളങ്ങളും മറ്റ് ബയോമെട്രിക്ക് വിവരങ്ങളും ശേഖരിക്കാനാകും
  3. എല്ലാവരുടെയും വിവരങ്ങൾ ഒത്തുനോക്കി 100% കൃത്യതയോടെ ഡീ-ഡൂപ്ലിക്കേറ് ചെയ്യാനാകും
  4. വരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമാകും
  5. വിവരങ്ങൾ തത്സമയം പരിശോധിച് എല്ലാവരുടെയും വ്യക്തിത്വം തിട്ടപ്പെടുത്താനാകും

ഈ ധാരണകളിലേതെങ്കിലും തെറ്റാണെങ്കിൽ ആധാർ പോലുള്ള ഒരു പദ്ധതിയ്ക്ക് നിലനിൽപ്പില്ല. നമുക്ക് ഓരോന്നായി പരിശോധിക്കാം.

വിരലടയാളം അനന്യമാണെന്നു നാം കാലങ്ങളായി കേൾക്കുന്ന ഒരു വാദമാണ്. എന്താണതിന്റെ അടിസ്ഥാനം? ഒരു ശാസ്ത്ര സിദ്ധാന്തം ശരിയാണോ എന്ന് പരിശോധിക്കുന്നതെങ്ങനെയാണ്? ഉദാഹരണത്തിന് എല്ലാ വസ്തുക്കളിലും പരസ്പരം ആകർഷിക്കുന്ന ഗുരുത്വവകര്ഷണ ബലം ഉണ്ട് എന്ന ഐസക്ക് ന്യൂട്ടന്റെ സിദ്ധാന്തത്തെ എങ്ങനെയാണ് വിലയിരുത്തുക? ഒന്നുകിൽ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരിശോധിച് എല്ലാറ്റിനും ഗുർത്വാകര്ഷണം ഉണ്ട് എന്ന ഉറപ്പു വരുത്തണം. അത് അസാധ്യമാണ്. അതുകൊണ്ട് നമുക്ക് കഴിയുന്നത്ര വസ്തുക്കളിൽ പരീക്ഷിച്ച അത് എല്ലാ വസ്തുക്കൾക്കും ഉണ്ടെന്ന് അനുമാനിക്കാം. അതിനും പറ്റിയ ഒരു സാമ്പിൾ സൈസ് ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കില്ല. അപ്പോൾ ശാസ്ത്രം അവലംബിക്കുന്ന ഋണാത്മക രീതിശാസ്ത്രം (നെഗറ്റീവ്) മാത്രമേ നമുക്ക് മുന്നിലൂള്ളൂ. ഗുരുത്വാകർഷണം ഇല്ലാത്ത ഒരു വസ്തു എന്ന് കണ്ടെത്തുന്നുവോ അന്ന് ഗുരുത്വവകര്ഷണസിദ്ധാന്തം തെറ്റാണ് എന്ന് കരുതുക. ഇതുപോലൊരു വിലയിരുത്തൽ വിരലടയാളത്തിന്റെ കാര്യത്തിൽ സാധ്യമാണോ? വിരലടയാളം അനന്യമാണെന്നു തെളിയിക്കാൻ എല്ലാ മനുഷ്യരുടെയും വിരലടയാളം ഒത്തു നോക്കാൻ കഴിയില്ല. അപ്പോൾ വിരലടയാളം പരാജയപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കുകയെ തരമുള്ളൂ. അങ്ങനെയുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും പ്രശസ്തമായ വാർത്ത അമേരിക്കൻ അഭിഭാഷകനായിരുന്ന ബ്രണ്ടൻ മേഫീൽഡിന്റേതാണ്. വിരലടയാളം തെളിവായി സ്വീകരിച്ച എഫ്.ബിഐ. 2004 -ൽ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ ഉണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ പിന്നീട് എട്ടു വർഷമായി അദ്ദേഹം അമേരിക്കയ്ക്ക് പുറത്തേയ്ക്ക് പോയിട്ടില്ല എന്ന് തെളിയുകയുണ്ടായി. എഫ്.ബി.ഐ. അവകാശപ്പെടുന്നത് വീരലടയാളങ്ങൾ 100 % മാച്ചിംഗ് ആണെന്നാണ്. അമേരിക്കയിൽ തന്നെ വിരലടയാളം തെളിവായി സ്വീകരിച്ചു കൊലക്കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ആറര വര്ഷം ജയിലിൽ കിട്ടുന്നതിന് ശേഷം പിന്നീട് ഡി.എൻ .എ. തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ സ്റ്റീഫൻ കാരൻ എന്ന ഒരു മനുഷ്യനെ കുറ്റവിമുക്തനാക്കി വിട്ടയച്ചിട്ടുണ്ട്. അമേരിക്കൻ കോടതികളിൽ വിരലടയാളത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തു സമർപ്പിച്ച നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. അവയിലൊന്നും തീരുമാനമായിട്ടില്ല. ആധാർ വിധിയിൽ ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ് ആധാർ അനന്യമാണ് എന്ന അവകാശവാദത്തെ ചോദ്യം ചെയ്യുന്നുണ്ട്.

പരക്കെയുള്ള മറ്റൊരു തെറ്റിധാരണയാണ് എല്ലാ മനുഷ്യരുടെയും ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കാനാകും എന്നത്. യഥാർത്ഥത്തിൽ വികലാംഗർ, വൃദ്ധർ, ആധാർ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനാകാത്ത രോഗബാധിതരും ആവശരുമായ ആളുകൾ, പകർച്ചവ്യാധികൾ ഉള്ളവർ, മാനസിക വൈകല്യങ്ങൾ ഉള്ളവർ, ഖനികളിലും മറ്റും തൊഴിലെടുക്കുന്നവർ, അലക്കുകാർ (ഇവരുടെയൊക്കെ വിരലടയാളങ്ങൾ അവ്യക്തവും ദുര്ബലവുമായിരിക്കും), ട്രാന്സ്ജെന്ഡറുകളെപ്പോലെ പോലെ സമൂഹത്തിൽ വിവേചനം നേരിടുന്നവർ, ഇങ്ങനെ കോടിക്കണക്കിനു മനുഷ്യർക്ക്  തങ്ങളുടെ ബയോമെട്രിക്ക് വിവരങ്ങൾ നൽകാനോ അതുകൊണ്ട് ആധാർ പോലുള്ള പരിപാടികളുടെ ഭാഗമാകാനോ കഴിയാത്തവരാണ്. ഇത് കണക്കിലെടുത്തുകൊണ്ട് പ്രൈവസി ഇന്റർനാഷണൽ യു.കെ.യിൽ നടത്തിയ പഠനത്തിൽ പറയുന്നത് “ബയോമെട്രിക്ക് സംവിധാനങ്ങൾ സഹജമായും വിവേചനപരമാണ്. ആളുകളെ ഒഴിവാക്കാൻ ഇടയുള്ളതാണ് അതുകൊണ്ടുതന്നെ നീതിരഹിതവുമാണ്” എന്നാണ്.

ഡീ-ഡ്യൂപ്പ്ലിക്കേഷൻ ആണ് ആധാർ പദ്ധതിയുടെ നട്ടെല്ല്. ആധാർ എടുക്കാൻ വരുന്ന ഓരോ മനുഷ്യരുടെയും വിരലടയാളങ്ങൾ കേന്ദ്രീകൃത വിവരശേഖരത്തിലുള്ള കോടിക്കണക്കിനു വിരലടയാളങ്ങളുമായി ഒത്തുനോക്കി അത് ഒരു ഇരട്ടിപ്പല്ല എന്നും ഇയാൾ നേരത്തെ ആധാർ എടുത്തിട്ടില്ല എന്നും ഉറപ്പു വരുത്തുന്ന പ്രവർത്തനമാണത്. പക്ഷേ, പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതിന് നമ്മൾ ഫാൾസ് പോസിറ്റീവുകൾ എന്നാണ് പറയുക. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. അതുകൂടാതെ കാലാവസത്ത, അന്തരീക്ഷത്തിലെ ഈർപ്പം, പൊടി, വരുന്ന മനുഷ്യരുടെ പെരുമാറ്റം, വിവിധ വൈകല്യങ്ങൾ, ഡാറ്റ സൈസ്, നേത്വർക്കിന്റെ ലഭ്യത, വൈദ്യുതിയുടെ ലഭ്യത അങ്ങനെ നിയാന്ത്രീതമായ നിരവധി ഘടകങ്ങൾ ബയോമെട്രിക് സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.  ലോകത് ബയോമെട്രിക്ക് സാങ്കേതിക വിദ്യയുടെ അവസാന വാക്കായ അമേരിക്കയുടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി (എൻ.ഐ.എസ.ടി.) യിൽ അവതരിപ്പിക്കപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതൊക്കെക്കൊണ്ടാണ് എൻ.ഐ.എസ.ടി. ബയോമെട്രിക്ക് സംവിധാനങ്ങളെ സർട്ടിഫൈ ചെയ്യുമ്പോൾ “ഈ സർട്ടിഫിക്കറ്റിന്റെ അർഥം പ്രസ്തുത സംവിധാനം ഏതെങ്കിലും ഗവണ്മെന്റ് ഉപയോഗങ്ങൾക്ക് ഉതകുന്നതാണ് എന്നതല്ല, അത് പറയണെമെങ്കിൽ ഇമേജ് ക്വാളിറ്റി, ഡാറ്റാ സൈസ്, റെസ്പോൺസ് ടൈം തുടങ്ങി മറ്റനേകം കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആധാർ അതോറിറ്റി തന്നെ പലഘട്ടത്തിലായി ഇത്തരം പിഴവുകൾ ഡീ-ഡ്യൂപ്ലിക്കേഷനിലും സംഭവിച്ചിട്ടുണ്ട് എന്ന സമ്മതിച്ചിട്ടുള്ളതാണ്. ആധാർ നമ്പറുകളിൽ  34,015 ഇരട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് അതോറിറ്റി വ്യക്തമാക്കിയത്. 2016 -ൽ ഒരു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി 1.60 ഇരട്ട ആധാർ നമ്പറുകൾ റദ്ദാക്കിയിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു. ആധാർ അതോറിറ്റി 2010 -ൽ പുറത്തിറക്കിയ പ്രൂഫ് ഓഫ് ദി കണ്സപ്റ്റ് റിപ്പോർട്ടിൽ അവകാശപ്പെടുന്ന 0.0025% അവകാശപ്പെടുന്ന ഫാൾസ് പോസിറ്റീവ് തെറ്റുകൾ ആൺ ഉണ്ടാകുന്നതെങ്കിൽ പോലും 120 കോടി ജനങ്ങളുള്ള ഒരു വിവരസഞ്ചയത്തിൽ ഉണ്ടാകാൻ പോകുന്ന ഫാൾസ് പോസിറ്റീവുകളുടെ എണ്ണം 18 ലക്ഷം കോടി ആയിരിക്കുമെന്ന് യു.കെ. ഐ.ഡി. പദ്ധതിയ്‌ക്കെതിരെ ഉണ്ടായിരുന്ന നോ-റ്റു -ഐ.ഡി. കാമ്പയിനിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഹാർവാർഡ് ബിസിനസ്സ് സ്‌കൂളിലെ പ്രഫസർ ഡേവിഡ് മോസസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വരുന്ന തെറ്റുകളുടെ സത്യാവസ്ഥ കണ്ടെത്താൻ കംപ്യൂട്ടറുകൾക്കാവില്ല. നേരിട്ട് അന്വേഷിക്കേണ്ടതായി വരും. അതായത് ഓരോ ഇന്ത്യക്കാരനും 15000 ഫാൾസ് പോസറ്റീവ് കേസുകൾ അന്വേഷിച്ചു കണ്ടെത്തിക്കൊടുക്കേണ്ടിവരുമെന്ന്! വിവരസുരക്ഷയുടെ കാര്യം പരിഹാസ്യമാണ്. ആധാർ അതോറിറ്റി കോടതിയിൽ പറഞ്ഞതുപോലെ 13 അടി ഉയരമുള്ള മതിലുകൊണ്ടൊന്നും സുരക്ഷിതമാകാനാകുന്നതല്ല വിവരങ്ങൾ. അമേരിക്ക, ഇസ്രായേൽ, ജപ്പാൻ, തുടങ്ങി സാങ്കേതികമായി മുന്നേ നിൽക്കുന്ന രാജ്യങ്ങളുടെയും സോണി, ആപ്പിൾ, ആമസോൺ, ഗൂഗിൾ, ഫേസ്ബുക്, ട്വിറ്റെർ, തുടങ്ങിയ ടെക്ക് ഭീമന്മാരുടേയുമൊക്കെ വിവരങ്ങൾ ചോർത്തപ്പെടുന്ന കാലത് എല്ലാം സുരക്ഷിതമാണ് എന്ന് പറയുന്നത് ആത്മഹത്യാപരമായ അനാസ്ഥയാണ്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങളായ വികേന്ദ്രീകരണം, ആനുപാതികത, സ്വകാര്യത ഉറപ്പു വരുത്തുന്ന രൂപഘടന എന്നിവയ്ക്കൊക്കെ എതിരുമാണ്.


1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്.

(2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര്‍ പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (SRDH) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്.
ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ”യെസ്/നോ” എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ”യെസ്/നോ” സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.
(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍:
പദ്ധതി രൂപകല്‍പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍… അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു.


ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്.

കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. റിസര്‍ ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (IRDB) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും”.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

ആധാർ പദ്ധതി നടപ്പിലാക്കണമെങ്കിൽ ആവശ്യമായ പ്രാഥമിക അനുമാനങ്ങൾ തന്നെ തെറ്റാണെന്നുസാരം. ബയോമെട്രിക്ക് സംവിധാനങ്ങളുടെ അശാസ്ത്രീയതയും വലിയ വിവര സഞ്ചയങ്ങളിൽ അവയുടെ അപ്രായോഗികതയും യു.കെ.ഐ.ഡി.യെക്കുറിച്ചുള്ള  ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിന്റെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബയോമെട്രിക്ക് സംവിധാനങ്ങൾ സഹജമായും സംഭാവ്യതകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തെറ്റുകൾ പൂർണമായി ഇല്ലാതാക്കുക അസാധ്യമാണെന്നും വ്യക്തമാണ്. മാത്രമല്ല ഒരു പദ്ധതിയായി ജനങ്ങൾക്കിടയിൽ പ്രയോഗിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഭൗതീകവും ജൈവശാത്രപരവുമായ ഘടകങ്ങൾ തെറ്റിന്റെ തോത് വർദ്ധിപ്പിക്കുകയേയുള്ളൂ. ആധാർ എടുക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ തന്നെ ഒരു വിഭാഗം ഒഴിവാക്കപ്പെടും. അവരിൽ ഭൂരിഭാഗവും സാമൂഹികമായി ഒറ്റപ്പെട്ടവരോ അതീവ ദുര്ബലറോ അരികുവത്കരിക്കപ്പെട്ടവരോ, തൊഴിലാളികളോ ഒക്കെ ആയിരിക്കുകയും ചെയ്യും. അതായത് ഏറ്റവും കൊടുത്താൽ ഗവണ്മെന്റിന്റെ സേവനങ്ങൾ ആവശ്യമുള്ള വിഭാഗക്കാരായിരിക്കും ഒഴിവാക്കപ്പെടുക.

ജാർഖണ്ഡിൽ ആധാർ ഇല്ലാത്തതുമൂലം റേഷൻ
നിഷേധിക്കപ്പെട്ട, പട്ടിണി കിടന്നു മരിച്ച സന്തോഷി കുമാരി

സുപ്രീം കോടതിയിൽ ആധാർ അതോറിറ്റി തന്നെ സമർപ്പിച്ച കണക്കുകൾ വ്യത്യസ്തങ്ങളാണ്. ആധാറിനെ ന്യായീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയുടെ മര്മഭാഗത് പറയുന്നപ്രകാരം ആധാർ ബയോമെട്രിക് സംവിധാനത്തിന്റെ വിജയശതമാനം 99.76 % ആണ്. ഇത് മുഖവിലയ്‌ക്കെടുത്താൽ പോലും ആധാറെടുത്തിട്ടുള്ള 27.60 ലക്ഷം മനുഷ്യർ ഈ സംവിധാനത്തിൽ വിവിധ സേവനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും.  എന്നാൽ ആധാർ അധിഷ്ഠിത പൊതു വിതരണ സംവിധാനം പോലെ സമൂഹത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കപ്പെടുമ്പോഴാണ് വിരലടയാള സംവിധാനങ്ങൾ സാധാരണക്കാർക്ക് സമ്മാനിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ഇതേ വിധിയിൽ തന്നെ മറ്റൊരിടത്തു പറയുന്നു തെറ്റുകൾ 6.5% മുതൽ 8% വരെ ആണെന്ന്. 2016-17 ഗവണ്മെന്റ് പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ പറഞ്ഞിരിക്കുന്നത് ജാർഖണ്ഡ് പോലെ ആദ്യഘട്ടത്തിൽ തന്നെ അധാർ-പൊതുവിതരണ സംവിധാനം നടപ്പിലാക്കിയ സ്ഥലങ്ങളിൽ വിരലടയാളം 49 % വരെ സന്ദർഭങ്ങളിൽ പരാജയപ്പെടുന്നു എന്നാണ്. ഇന്ത്യാ ഗവണ്മെന്റിന്റെ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ  കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം ചില മാസങ്ങളിൽ പരാജയ ശതമാനം 50-നും മേലെയാണ്. പരാജയശതമാനം എന്നത് വെറും സംഖ്യകളല്ല. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർക്ക് നിഷേധിക്കപ്പെടുന്ന റേഷനാണ്. അവരുടെ കുഞ്ഞുങ്ങളുടെ വിശപ്പാണ്. 2016 സെപ്തംബറിലാണ് ജാർഖണ്ടിൽ സന്തോഷി കുമാരി എന്ന 11 വയസുകാരി ആദിവാസിബാലിക വിശന്നു മരിച്ചത്. റേഷൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്താൻ കഴിയാത്തതുമൂലം ആ കുടുംബത്തിന് 4 മാസമായി റേഷൻ നിഷേധിക്കപ്പെട്ടിരുന്നു. എനിക്ക് വിശക്കുന്നൂ അമ്മെ എന്ന് കരഞ്ഞുകൊണ്ടാണ് തന്റെ മകൾ മരിച്ചത് സന്തോഷിയുടെ ‘അമ്മ മാധ്യമങ്ങൾക്കു മുന്നിൽ വിതുമ്പിക്കൊണ്ട് പറഞ്ഞത്. ഇവിടെ പ്രശ്നം  സ്വകാര്യത മാത്രമല്ല, ആധാറിന്റെ സുരക്ഷിതത്വമല്ല, ഭക്ഷണമാണ്, കവർന്നെടുക്കപ്പെടുന്നത് ജീവിക്കാനുള്ള അവകാശമാണ്. ഇവിടെ ആരാണ് ഉത്തരവാദി? റേഷൻ കടക്കാരനല്ല. ആധാർ നടപ്പിലാക്കിയ മന്ത്രിയല്ല. ഗവൺമെന്റല്ല. ഉദ്യോഗസ്ഥരല്ല. ഭക്ഷണം നിഷേധിക്കപ്പെടാൻ കാരണക്കാരനായ ആരുമില്ല. 49 % ആളുകൾ റേഷൻ കിട്ടാതെ മടങ്ങുമ്പോൾ അതിന്റെ പേരിൽ ആരും ശിക്ഷിക്കപ്പെടില്ല. കാരണം ഇതിൽ മനുഷ്യർക്ക് ആർക്കും പങ്കില്ല. എല്ലാം സോഫ്ട്‍വെയർ ആണ് ചെയ്യുന്നത്. കമ്യൂട്ടർ സംവിധാനങ്ങളാണ്. അവിടെ മനുഷ്യന്റെ മേൽനോട്ടമോ ഇടപെടലുകളോ അസാധ്യമാണ്. ജീവിക്കാനുള്ള മൗലികമായ അവകാശം നിഷേധിക്കപ്പെട്ടവർ ആർക്കെതിരെയാണ് പരാതി ഉന്നയിക്കേണ്ടത്? എല്ലാം ഏതൊക്കെയോ വിദേശ കമ്പനികൾ പടച്ചുവിട്ട യന്ത്രസംവിധാനത്തിന്റെ, സോഫ്ട്‍വെയറിന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിട്ടുകൊടുക്കുകയെ നിവൃത്തിയുള്ളൂ. മൗലീകാവകാശലംഘനത്തിന് പരിഹാരമായി കോടതികളെപ്പോലും സമീപിക്കാനാകില്ല. ഇത് ഒരു വലിയ നൈതീക പ്രശ്നമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റും മാനവ സംസ്കൃതിയെ തകിടം മറിച്ചേക്കുമെന്നു ഭയപ്പെടുന്ന ഒരു കാലഘട്ടത്തിൽ നാം എത്രയും വേഗം ഉത്തരം കണ്ടെത്തേണ്ട നൈതീക സമസ്യ. മനുഷ്യനെ, ജീവിതങ്ങളെ സോഫ്ട്‍വെയറുകളുടെ വിധിവൈപരീതങ്ങൾക്കു വിട്ടു നൽകുന്ന സംവിധാനങ്ങളെ നാം അംഗീകരിക്കാൻ പാടില്ല എന്ന് തന്നെയാണ് മാനവികതയുടെ പക്ഷത്തു നിൽക്കുന്നവർക്ക് തീരുമാനിക്കാനാകൂ. ആധാർ അപ്പോൾ മാനവികതയുടെ മറുപക്ഷത്താണ്. എന്നാൽ ആധാർ പദ്ധതി നടപ്പിലാക്കുന്നത് ഇതേ അവകാശങ്ങളുടെ പേരിലാണ് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. ജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കാൻ, തിരിച്ചറിയൽ രേഖയും ഇല്ലാതിരുന്നതുകൊണ്ട് ഇത്രയും നാൾ അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കതിരുന്നവർക്ക് അത് എത്തിച്ചുകൊടുക്കാൻ എന്നൊക്കെയാണ് വയ്പ്പ്. അസംബന്ധമാണത്. നിലവിലുള്ള ഏതെങ്കിലും ഒരു ഐഡന്റിറ്റിറ്റി കാർഡ് കൊടുക്കാതെ ആർക്കാണ് ആധാർ ലഭിക്കുക? ആകെ ഉള്ള ആധാർ നമ്പറുകളിൽ 99.7 ശതമാനവും നിലവിലുള്ള തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്തവയാണെന്നതിന്  രേഖയുണ്ട്. അപ്പോൾ ഈ പറയുന്ന സാമ്പത്തിക ഉൾച്ചേർക്കൽ എന്നൊക്കെ പറയുന്ന വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആധാർ ഏതൊരു ബയോമെട്രിക് സംവിധാനവും പോലെ പ്രാഥമികമായി ആളുകളെ ഒഴിവാക്കാനുള്ളതാണ്. ഉദാഹരണത്തിന് ഒരു ഓഫീസ് മുറിയിൽ ഒരു ബയോമെട്രിക്ക് വാതിൽ വയ്ക്കുന്നത് മാച്ചിങ് ബയോമെട്രിക്ക്സ് ഇല്ലാത്തവരെ ഓഫീസിൽ കയറുന്നതിൽ നിന്ന് വിലക്കാനാണ്. അല്ലാതെ വെളിയിൽ നിൽക്കുന്ന ഒരാളെ വിളിച്ച അകത്തുകയറ്റാനല്ല. അതുപോലെ തന്നെ പൊതുവിതരണ സംവിധാനത്തിൽ ആധാർ നടപ്പിലാക്കുന്നത് റേഷൻ കാർഡ് ഇല്ലാത്തവർക്കും കൂടി ആധാർ വഴി റേഷൻ കൊടുക്കാനല്ല, നിലവിൽ റേഷൻ കാർഡ് കൊണ്ട് റേഷൻ വാങ്ങുന്നവർക്ക് ആധാർ വെരിഫിക്കേഷൻ കൂടി വേണം എന്ന് പറഞ്ഞ വിരലടയാളം തിരിച്ചറിയാത്തവർക് റേഷൻ നിഷേധിക്കാൻ വേണ്ടിയാണ്. അല്ലാതെ ആധാർ ആർക്കും ഒരു അവകാശവും വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ആധാർ എല്ലാ മേഖലകളിലും നിർബന്ധമാക്കുന്നു. കാരണമായി പറയുന്നത് നമ്മുടെ ഗവണ്മെന്റിന്റെ ക്ഷേമ പദ്ധതികളെല്ലാം നടക്കുന്ന കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ്. വ്യാജ രേഖകൾ ചമച്ചും നിലവിലുള്ള ത്രിർച്ചറിയാൽ സംവിധാനങ്ങളുടെ പോരായ്മകൾ ചൂഷണം ചെയ്തും വ്യാജ ഐഡിന്റിറ്റിക്കാരും ഇരട്ട ഐഡന്റിറ്റിക്കാരും പണം പിടുങ്ങുന്നു എന്നൊക്കെയാണ് വാദം. ശരിയായിരിക്കാം അഴിമതി ധാരാളമുണ്ട് എന്നാൽ അത് എത്രമാത്രമുണ്ട് എന്നോ എവിടെയൊക്കെ ഉണ്ട് എന്നോ എന്നതിനെക്കുറിച് യാതൊരു ബോധ്യവും നമുക്കില്ല. ഉദാഹരണത്തിന് പൊതുവിതരണ മേഖലയെടുക്കാം. അഴിമതിയുടെ സിംഹഭാഗവും നടക്കുന്നത് വിതരണ ശ്രംഖലയുടെ മേൽമട്ടിലാണ്. സർക്കാർ ഗോഡൗണുകളിൽ നിന്നും സ്വകാര്യ ഇടങ്ങളിലേക്ക് ധാന്യങ്ങൾ  വഴിമാറ്റപ്പെടുകയാണ്. ഇതിനൊന്നും ആധാർ പരിഹാരമാകില്ല, വിതരണശ്രംഖലയുടെ ഏറ്റവും താഴത്തെ അറ്റത്തെ, ആളുകൾ ഒന്നിലധികം റേഷൻ കാർഡ് വച്ചു റേഷൻവാങ്ങുന്നു എന്ന ഒരൊറ്റ പ്രശ്നം മാത്രമേ ആധാർ കൊണ്ട് പരിഹരിക്കാനാകൂ. ഈ ഘട്ടത്തിൽ എത്രമാത്രം അഴിമതികൾ നടക്കുന്നുണ്ട് എന്നതിനെക്കുറിച് പഠനങ്ങളൊന്നും നിലവിലില്ല. 1999-2000 കാലഘട്ടത്തിലെ, ടാർജറ്റഡ് പൊതുവിതരണ സംവിധാനം ആരംഭിച്ച കാലഘട്ടത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ആസൂത്രണ കമ്മീഷൻ 2002-ൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് ആണ് കോസ്റ്റ്-ബെനഫിറ്റ് അനാലിസിസ് നടത്താൻ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതി, പെൻഷനുകൾ തുടങ്ങി മറ്റു പദ്ധതികളെ സംബന്ധിച്ച് യാതൊരു പഠനവും ലഭ്യവുമല്ല. ഈ കോസ്റ്റ-ബെനഫിറ് അനാലിസിസ് തന്നെ പദ്ധതി ആരംഭിച് 2 വർഷത്തിന് ശേഷമാണ് നടത്തിയത്. അപ്പോൾ അതിന്റെ ഫലവും അനുകൂലാകാതിരിക്കാൻ തരമില്ലല്ലോ. എന്തുതന്നെയായാലും ഏതൊരു പദ്ധതിയുടെയും കാര്യക്ഷമത അളക്കുന്നത് അതിന്റെ ഫലം അറിയുമ്പോഴാണ്. ആധാറുകൊണ്ട് ഗവണ്മെന്റിന്റെ ക്ഷേമപദ്ധതികളിൽ 90,000കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട് എന്നാണ് ഗവണ്മെന്റ് അവകാശപ്പെടുന്നത്. അതിന്റെ സത്യാവസ്ഥയെന്തെന്നു നോക്കാം. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപ ലാഭമെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ് എന്ന് സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടി മാത്രമാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. ഇവിടെ നിന്നാണ് മറ്റു വിഷയങ്ങൾ തുടങ്ങുന്നത്. സ്വകാര്യത, സുരക്ഷിതത്വം, ഏകാധിപത്യം എന്നിങ്ങനെ.  2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. .സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും.  എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് 2017 നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്. എന്നാൽ ആധാർ കേസ് 2012 മുതൽ കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് ചലമേശ്വർ,ജസ്റ്റിസ്  ബോബ്ടെ, ജസ്റ്റിസ് കൗർ എന്നിവരെ ഒഴിവാക്കി, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ, എം എൻ ഖാൻവാക്കർ, എ.കെ. സിക്രി, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്നതായിരുന്നു ഭരണഘടനാ ബഞ്ച്. അതിൽ ജസ്റ്റിസ ചന്ദ്രചൂഡ് മാത്രം സ്വകാര്യത മൗലീകവകാശമാണെന്നു വിധിച്ച 2018ലെ ഒമ്പതംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു.

മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്. വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും ഇടക്കാല ഉത്തരവിലൂടെ 2013-ലും 2015-ലും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ.

പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്. കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു.  രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തിൽ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍-വിവര-വിശകലന-സംവിധാനങ്ങള്‍ ഉയർത്തുന്ന ഭീഷണി ചെറുതല്ല.

2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും നമോർക്കണം.

2016-ല്‍ ഒരു ധനബില്ലാക്കി പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് ആധാര്‍ നിയമം നോട്ടിഫൈ ചെയ്തു. ആധാര്‍ കൊണ്ടുണ്ടായ ലാഭത്തെക്കുറിച് കള്ളക്കണക്കുണ്ടാക്കി. ആളുകളെ കൊലയ്ക്കുകൊടുത്തു (കഴിഞ്ഞ വര്‍ഷം ഉണ്ടായ 42 പട്ടിണി മരണങ്ങളില്‍ 25-ഉം ആധാറുമായി ബന്ധപ്പെട്ടാണ്). ഒരു പൗരത്വരേഖയല്ലാത്ത ആധാര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടും വോട്ടര്‍ ഐ.ഡിയും വരെ കൊടുത്തു രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി. ബയോമെട്രിക്ക് ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി പാവങ്ങളെ കബളിപ്പിച്ചു. മൗലീകാവകാശങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യന്‍ നിയമസംവിധാനം അനുശാസിക്കുന്ന എല്ലാ പരീക്ഷണങ്ങളിലും ആധാര്‍ പരാജയപ്പെടും എന്നാണ് കരുത്തപ്പെട്ടിരുന്നത്. ആര്‍ട്ടിക്കിള്‍ 14, 19, 21 എല്ലാം. സമത്വം, സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, അതിന്റെ ഭാഗമായ സ്വകാര്യത, അഭിമാനം, വിവരസംരക്ഷണം, തിരിച്ചറിയപ്പെടാനുള്ള അവകാശം എല്ലാറ്റിനെയും അപ്രസക്തമാക്കുന്നതാണ് ഈ പദ്ധതി. പക്ഷേ, ഭരണഘടനാ ബെഞ്ചിലെ 5-ല്‍ നാല് അംഗങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടില്ല.

വിധിന്യായത്തിന്റെ മഹത്വം പേജുകളുടെ എണ്ണത്തിനൊത്തു വര്‍ധിക്കുമെന്ന അബദ്ധധാരണ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ധാര്‍മികതയെ തന്നെ പുനര്‍ നിര്‍ണയിക്കുന്നതാണ് ന്യായീകരണ വിധിന്യായം. 1448 പേജുണ്ട് ആകെ. സാന്ദര്‍ഭികമായി പറയട്ടെ ഭരണഘടനാശില്പികള്‍ ഒപ്പിട്ട ഭരണഘടനയുടെ ഫോട്ടോലിത്തോഗ്രാഫിക്ക് പകര്‍പ്പില്‍ 497 പേജുകളേ ഒള്ളൂ.  

ആധാർ, കേസ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുന്നത് ഒരു പദ്ധതിയുടെ നിയമപരത എന്നതിലുപരി അതിനുള്ള സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നിയമ, വൈജ്ഞാനിക തലങ്ങളാണ്. ആധാർ ഒരു ‘ധനബിൽ’ ആണോ എന്നതായിരുന്നു ആധാർ കേസിനെ സംബന്ധിച്ച് ആദ്യ ചോദ്യം. പാർലമെന്ററി ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ നിർണായകമായ ഒരു ചോദ്യമായിരുന്നു അത്. ആധാർ  വിധിയിൽ ഏറ്റവും ആശ്ചര്യകരമായ കാര്യം ആധാർ നിയമം ഒരു ധനബിൽ ആയി പാസ് ആക്കിയ നടപടിയെ സുപ്രീംകോടതി അംഗീകരിച്ചു എന്നതാണ്. 2016-ൽ ആധാർ നിയമം പാസാക്കിയപ്പോൾ തന്നെ സമർപ്പിക്കപ്പെട്ട ഈ ഹർജി, എന്തിനാണ് ആധാറിന്റെ  പ്രധാന കേസുമായി കൂട്ടിക്കുഴച്ചത് എന്നത് അവ്യക്തമാണ്. കാരണം ഇവിടെ തർക്കം ആധാർ മൗലീകാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നതായിരുന്നില്ല, മറിച്ച് ഭരണഘടനയുടെ 110-പാം അനുച്ഛേദപ്രകാരം ആധാർ ബില്ലിനെ ഒരു ധനബിൽ ആയി സാക്ഷ്യപ്പെടുത്തിയ സ്പീക്കറുടെ നടപടി മാത്രമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഇതിന് ആധാർ മൗലീകാവകാശ ലംഘനം ആണെന്ന് പറയുന്ന ആധാറിനെതിരെയുള്ള പ്രധാന ഹർജിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ചും രാജ്യസഭയുടെ അധികാരങ്ങളെ സംബന്ധിച്ചും ഉള്ള സുപ്രധാനമായ ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരുന്നു താനും.

സാധാരണഗതിയിൽ ഒരു ബില്ല് നിയമമാകുന്നതിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗത്തെ മാത്രം സംബന്ധിച്ചുള്ള നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ ആയി പരിഗണിച്ചുകൊണ്ട് ലോകസഭയ്ക്ക് പാസാക്കാവുന്നതാണ്. രാജ്യസഭയ്ക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോകസഭാ സ്പീക്കർ ആണ് ഒരു ബില്ല് ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്.

നികുതി നിരക്കുകൾ, ഗവൺമെന്റിന്റെ ബാധ്യതാപരിധി, സഞ്ചിത നിധിയിൽ നിന്നുള്ള  ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെ.110(എ) മുതൽ 110(ജി) വരെയുള്ള കാര്യങ്ങളെ മാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധന ബില്ല് എന്ന് നിർവ്വചിച്ചിട്ടുള്ളത്.

Article 110 in The Constitution Of India 1949

110. Definition of Money Bill
(1) For the purposes of this Chapter, a Bill shall be deemed to be a Money Bill if it contains only provisions dealing with all or any of the following matters, namely
(a) the imposition, abolition, remission, alteration or regulation of any tax;
(b) the regulation of the borrowing of money or the giving of any guarantee by the Government of India, or the amendment of the law with respect to any financial obligations undertaken or to be undertaken by the Government of India;
(c) the custody of the consolidated Fund or the Contingency Fund of India, the payment of moneys into or the withdrawal of moneys from any such Fund;
(d) the appropriation of moneys out of the consolidated Fund of India;
(e) the declaring of any expenditure to be expenditure charged on the Consolidated Fund of India or the increasing of the amount of any such expenditure;
(f) the receipt of money on account of the Consolidated Fund of India or the public account of India or the custody or issue of such money or the audit of the accounts of the Union or of a State; or
(g) any matter incidental to any of the matters specified in sub clause (a) to (f)
(2) A Bill shall not be deemed to be a Money Bill by reason only that it provides for the imposition of fines or other pecuniary penalties, or for the demand or payment of fees for licences or fees for services rendered, or by reason that it provides for the imposition, abolition, remission, alteration or regulation of any tax by any local authority or body for local purposes
(3) If any question arises whether a Bill is a Money Bill or not, the decision of the Speaker of the House of the People thereon shall be final
(4) There shall be endorsed on every Money Bill when it is transmitted to the Council of States under Article 109, and when it is presented to the President for assent under Article 111, the certificate of the Speaker of the House of the People signed by him that it is a Money Bill

ആധാർ ബില്ല്, പ്രത്യക്ഷത്തിൽ തന്നെ ധനബിൽ അല്ല. ഒരു തിരിച്ചറിയൽ പദ്ധതിയ്ക്ക്  നിയമ സാധുത നല്കുന്നതിനു വേണ്ടി അവതരിപ്പിക്കപ്പെട്ടതാണ്. ധനവിനിയോഗം മാത്രമല്ല, പിഴയും, മൂന്നു വര്‍ഷം വരെ തടവും ഒക്കെയുള്‍പ്പെടൂന്ന ശിക്ഷാരീതികളും സ്വകാര്യമേഖലയിലെ ഉപയോഗവും വിവിധ  പ്രതിപാദിക്കപ്പെടുന്ന ബില്ലാണിത്. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകളും ഇതിൽ വരുന്നു. കൂടുതൽ ഉപയോഗിക്കേണ്ടിയിരുന്ന ആയിരുന്നിട്ടു പോലും എന്തുകൊണ്ട് ഒരു ‘ധനബിൽ’ ആയി ഇത് അവതരിപ്പിക്കപ്പെട്ടു?
തുടക്കം മുതലേ, ആധാർ പദ്ധതി പാര്ലമെന്റിനകത്തും പുറത്തും നിരവധി ആശങ്കകൾ ഉയർത്തിയിരുന്നു.. പാർലമെന്റിന്റെ അനുമതിയോ, നിയമമോ ഒന്നും കൂടാതെയാണ് 2009-ൽ ഇതാരംഭിക്കുന്നത്.  തുടർന്ന് 2011-ൽ പദ്ധതിയ്ക്ക് നിയമപരത നൽകുന്നതിനായി ‘നാഷണൽ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ 2010″ എന്ന ബില്ല് കൊണ്ടുവന്നു. ബില്ല് രാജ്യസഭയിൽ ചർച്ച ചെയ്തപ്പോൾ ഒരു പാർലമെന്ററി സമതിയ്ക്ക് വിടാൻ തീരുമാനമായി. പ്രസ്തുത സമിതി, ബില്ലിനെക്കുറിച്ചും, ആധാർ പദ്ധതിയെയും കുറിച്ച പഠിച്ചു  2011-ൽ സമർപ്പിച്ച റിപ്പോർട്ട് പദ്ധതിയ്ക്ക് എതിരായിരുന്നു. പദ്ധതിയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും ശാസ്ത്രീയമായും നിലനിൽപ്പില്ലെന്നും, ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കുമെന്നും ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് സമിതി കണ്ടെത്തിയത്. അങ്ങനെ ബില്ല് രാജ്യസഭ പാസാക്കാതെ തിരിച്ചയച്ചു. സമാനമായ ഒരു ബില്ല് വീണ്ടും അവതരിപ്പിക്കുമ്പോൾ രാജ്യസഭയിൽ തടയപ്പെടുമെന്നു തോന്നിയതുകൊണ്ടാണ്  ധനബില്ലാക്കി പാസാക്കിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചത്..

ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കോടതി രണ്ടു കാര്യങ്ങളാണ് പരിശോധിച്ചത്. ഒന്ന്, ഭരണഘടനയുടെ സെക്ഷൻ 110 പ്രകാരം സ്പീക്കർ ഒരു ബില്ലിനെ ‘ധനബിൽ’ ആയി സാക്ഷ്യപ്പെടുത്തിയാൽ അത് കോടതിയ്ക്ക് പരിശോധിക്കുവാൻ കഴിയുമോ? രണ്ട,   കഴിയുമെങ്കിൽ ആധാർ ബില്ല് ധനബിൽ ആണോ?
ഇതിൽ ഒരു ബില്ല് ധനബിൽ ആയി സാക്ഷ്യപ്പെടുത്തുന്ന സ്‌പീക്കറുടെ തീരുമാനത്തെ കോടതിയ്ക്ക് പരിശോധിക്കാനാകും എന്ന കാര്യത്തിൽ സുപ്രീംകോടതിയ്ക്ക് ഏകാഭിപ്രായമാണ്. ആധാർ ബില്ല് ധനബില്ലാണോ എന്ന കാര്യത്തിൽ പ്കശ്ശെ,  വ്യത്യാസമുണ്ട്. ജസ്റ്റിസ്. ദീപക് മിശ്ര, എ എൻ ഖാൻവാൽക്കർ, എ കെ സിക്രി, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ഭൂരിപക്ഷം ആധാർ ധനബിൽ ആണെന്ന നിഗമനത്തിലെത്തിച്ചേർന്നിരിക്കുന്നത്. പക്ഷെ ആധാറിനെ ധന ബിൽ ആയി കണക്കാക്കിയ വിധി നീതിന്യായ യുക്തിയെ തലതിരിച്ചിടുന്നതാണെന്ന ആരോപണം ഉയർന്നു വന്നിട്ടുണ്ട്.
ആധാർ ധനബിൽ ആണോ എന്ന കാര്യമല്ല കോടതി ആദ്യം പരിശോധിച്ചത്.  ഇത് കേസിന്റെ ഗതിയെ മാറ്റി മറയ്ക്കുന്ന സംഗതിയായിരുന്നു. കാരണം ധന ബില് അല്ല എന്ന് വന്നാൽ പിന്നെ പദ്ധതിയ്ക്ക് ഭരണഘടനാപരമായി നിലനിൽക്കാനാകില്ല. പൗരരുടെ മൗലീകാവകാശങ്ങളെ ബാധിക്കുന്ന പദ്ധതികൾ നിയമമില്ലാതെ ഗവൺമെന്റിന് നടപ്പിലാക്കാനാകില്ലല്ലോ.ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനായിരിക്കണം കേസിന്റെ പരിഗണനാക്രമത്തിൽ തന്ത്രപരമായ മാറ്റം വരുത്തിയത്. പത്തു ചോദ്യങ്ങളായാണ് ആധാറിനെതിരെയുള്ള ആക്ഷേപങ്ങളെ കോടതി പരിശോധിച്ചത്. ആദ്യം ചോദിക്കേണ്ടിയിരുന്ന  ‘ആധാർ ധനബിൽ ആണോ?’ എന്ന ചോദ്യം പക്ഷേ കോടതി പരിശോധിച്ചത് ആറാമതായാണ്.

അതിന് മുൻപ് അഞ്ച് കാര്യങ്ങൾ പരിഗണിച്ചു.

  1. ആധാർ സർവേയിലൻസിന് കാരണമാകുമോ?
  2. ആധാർ സ്വകാര്യതയെ ലംഘിക്കുന്നുവോ?
  3. കുട്ടികളെ ആധാർ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുമോ?
  4. ആധാർ നിയമത്തിലെ, പരാതിക്കാർ ഉന്നയിച്ച പതിനെട്ടു വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണോ?
  5. പരിമിതമായ ഗവൺമെന്റ്, ഉത്തമ ഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്‌ക്കെതിരാണോ ആധാർ?

ഈ പരിശോധനകൾക്കിടയിൽ ആധാർ ആക്ടിലെ സെക്ഷൻ 2 (ഡി) യ്യ്ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗീകമായി], സെക്ഷൻ 33 (2 ), സെക്ഷൻ 47 , സെക്ഷൻ 57[ഭാഗീകമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57 . അതിനുശേഷമാണ് ആധാർ ധനബിൽ ആണോ എന്ന അന്വേഷണം കോടതി ആരംഭിക്കുന്നത് തന്നെ.

അതുകൊണ്ടുതന്നെ ആധാർ ബില്ലിനെ പ്രഥമദൃഷ്ട്യാ ധനബിൽ അല്ലാതാക്കി തീർക്കുന്ന, സ്വകാര്യ സ്ഥാപനങ്ങൾക്കും രാജ്യത്തിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള പണമിടപാടുകൾക്കല്ലാതെയുള്ള കാര്യങ്ങളിലും ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന സെക്ഷൻ 57 കോടതി പരിഗണിച്ചില്ല. ഈ വിധിയിൽ കോടതി പ്രസ്തുത സെക്ഷൻ റദ്ദാക്കിയിരിക്കുന്നു എങ്കിലും ലോകസഭാ സ്പീക്കർ പരിഗണിച്ചപ്പോൾ അത് ബില്ലിന്റെ ഭാഗമായിരുന്നു. അത്തരമൊരു ബില്ലിനെ എങ്ങനെയാണ് ‘ധനബിൽ ‘ ആയി സാക്ഷ്യപ്പെടുത്തുവാൻ സ്പീക്കർക്കാകുക? ഭൂരിപക്ഷ വിധിന്യായത്തിന്റെ 565 -പാം പേജിൽ  സെക്ഷൻ 57 ഇതിനോടകം റദ്ദാക്കിയിട്ടുണ്ടല്ലോ എന്ന വിചിത്രവാദമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മാറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ 7 ന്റെ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷൻ 7 ആണ്, നിയമത്തിന്റെ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 -ആം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണ്” കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിയ്ക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 -നെക്കുറിച്ചു പറയുന്നത്  അതോറിറ്റിയുടെ രൂപീകരണവും പ്രവർത്തനം, അതിന്റെ ദൈനംദിന കാര്യനിർവഹണം പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ, തുടങ്ങി എല്ലാം ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുമുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ്. (ഖണ്ഡിക 411 ). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർത്ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വച്ചുനോക്കിയാൽ ഗവണ്മെന്റിന്റെ എന്ത് പ്രവർത്തനമാണ് ധനബില്ലിന്റെ പരിധിയിൽ വരില്ലാത്തത്‌?
മാത്രമല്ല ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ “മാത്രം” ആണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷ വിധിയിൽ പറയുന്നതുപോലെ  ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല. അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 (ഇ) യ്ക്ക് കീഴിൽ വരുന്നതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ.  യഥാർത്ഥത്തിൽ 110 (ഇ) ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്ന് ‘ചാർജ്ജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങളെ 110 (ഇ)-യുടെ പരിധിയിൽ വരൂ. അതായത് പാർലമെന്റ് വോട്ടിനിട്ട് അനുമതി നൽകേണ്ടാത്ത ചെലവുകളാണവ. ഭരണഘടനയുടേ അനുച്ഛേദം  112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫീസ് ചെലാവുകൾ; രാജ്യസഭയുടെയും ലോകസഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ, സി.ഇ.ജി. യുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതി വിധികൾ നടപ്പിലാക്കാനുള്ള ചെലവുകൾ; പാർലമെന്റ് നിയമപ്രകാരം ചാർജ്ജ് ചെയ്യാവുന്നവയെന്നു  ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻറെ  വിയോജന വിധിന്യായത്തിൽ തലത്തിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. വായിക്കുക:

‘(ആധാർ) നിയമത്തിന്റെ വകുപ്പുകൾ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ൽ നിർവചിക്കപ്പെട്ടിരിക്കുന്ന ധനബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാർ നമ്പറുകൾ നൽകൽ, വിവരശേഖരണത്തിനു മുൻപ് ആളുകളുടെ സമ്മതപത്രം  വാങ്ങൽ, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം,ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, ചില സാഹചര്യങ്ങളിൽ അവ പുറത്തു വിടുന്നത്, കുറ്റങ്ങളും ശിക്ഷാവിധികളും നിർവ്വചിക്കുന്നത്, പല കാര്യങ്ങൾക്കും ആധാർ ഉപയോഗിക്കുന്നത് ഒക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് അനുബന്ധമായി വരുന്നതുമല്ല.  സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പ്-57 നിശ്ചയമായും അനുച്ഛേദം 110 -നു കീഴിൽ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തിൽ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്'”




ആധാർ നിയമത്തിലെ സെക്ഷൻ 7 പോലും ധനബില്ലിന്റെ പരിധിയിൽ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്:

“സഞ്ചിതനിധിയിൽ നിന്നുമുള്ള സബ്സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിര്ബന്ധമാക്കുകയാണ് സെക്ഷൻ 7  ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിര്ണയിക്കുന്നില്ല, നിലവിൽ സഞ്ചിതനിധിയിൽ പെടുന്ന സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിരബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷൻ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതാണിതിയിൽ നിന്നും ചാർജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയൽ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്.  അതുകൊണ്ട് സെക്ഷൻ-7 ഉം അനുച്ഛേദം 110 (1 )-ന്റെ പരിധിക്കുമപ്പുറത്താണ്” (ഖണ്ഡിക 109 ).

ആധാർ വിധിയിൽ ധനബില്ലുകളെ സംബന്ധിച്ച നിഗമനങ്ങൾ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് എന്ന് സാരം. ഒരു ജനാധിപത്യ സംവിധാനത്തിൽ ഈ വിധി ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാജ്യസഭയെ  ലോകസഭയിൽ ഭൂരിപക്ഷമുള്ള എതിര് ഗവണ്മെന്റിനും ഏതൊരു നിയമവും നടപ്പിൽ വരുത്താം എന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം അങ്ങനെ ഒരു ബില് കൊണ്ടുവന്നാൽ അതിലെ പ്രശ്നമുള്ള വകുപ്പുകൾ റദ്ദാക്കിയതിനു ശേഷം മാത്രം അതിനെ വിലയിരുത്തുന്ന ഒരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുന്നു നമ്മുടെ നീതി പീഠം. പ്രസ്തുത നിയമത്തിന് ഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗവുമായി ബന്ധപ്പെട്ടത് മാത്രമാകണം എന്ന ഭരണഘടനാപരമായ നിഷ്കർഷ, ബില്ലിന് ധനവിനിയോഗവുമായി ‘ഗണ്യമായ ബന്‌ധം’ ഉണ്ടായാൽ മതി എന്ന തരത്തിൽ ഭൂരിപക്ഷ ബഞ്ച് നിലപാടെടുത്തിരുന്ന. അതോടൊപ്പം സഞ്ചിത നിധിയിൽ നിന്നുള്ള ചെലവുകളും സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യാവുന്ന ചെലവുകളും ഒന്നാണെന്ന തെറ്റിദ്ധാരണയും വിധി നൽകുന്നു.

ഇത് തിരുത്തപ്പെട്ടില്ലെങ്കിൽ  ഭാവിയിൽ വലിയ പ്രതിസന്ധികളും നിയമപ്രശനങ്ങൾക്കും കാരണമായേക്കാം. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ  രണ്ടുസഭകളിൽ ഒന്നിന്റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തിൽ അധോസഭയിലെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം കൊണ്ട് ഉപരിസഭയെ അപ്രസക്തമാക്കുംവിധം ദുരുപയോഗം ചെയ്യാൻ സാധ്യതകൾ അവശേഷിപ്പിക്കുന്ന ഈ സവിശേഷ സാഹചര്യത്തിന് ത്വരിതഗതിയിലുള്ള ഒരു തിരുത്തൽ അനിവാര്യമാണ്. അല്ലെങ്കിൽ ഇനിയും ‘ധനബില്ലുകൾ’ ധാരാളം വരും. രാജ്യസഭ നോക്കുകുത്തിയാവും. ഭരണഘടന ദുര്ബലപ്പെടും. ജനാധിപത്യം പ്രതിസന്ധിയിലാകും.

മറ്റു മേഖലകളിലേക്ക് കടക്കുമ്പോഴും ആധാർ ശരിവച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആധാർ സ്വകാര്യതയെ ലംഘിക്കുന്നില്ല, പരിമിതമായ ഗവൺമെന്റ്, ഉത്തമഭരണം, ഭരണഘടനാപരമായ വിശ്വസ്തത എന്നിവയ്ക്ക് വിരുദ്ധമല്ല, ആധാർകൊണ്ട് സർവേയിലൻസ് സാധിക്കില്ല എന്നൊക്കെ വിധി സമർത്ഥിക്കുന്നു. ഇതിനായി കോടതി സ്വീകരിച്ച മാർഗം സൂക്ഷമപരിശോധനയ്ക്ക് വിധേയമക്കേണ്ടതുണ്ട്.

ആധാർ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് ‘ അനന്യതയെ ‘ ക്കുറിച്ചുള്ള മനോഹരവിചാരങ്ങളുമായാണ്.

“It is better to be unique than the best. Because, being the best makes you the number one, but being unique makes you the only one. “ മുൻപ് ഇതേ വാചകം ഒരു പൂവും പൂക്കൂടയുമൊക്കെയായി ഒരു വാട്സ് ആപ്പ് സന്ദേശമായി ലഭിച്ചപ്പോൾ തോന്നിയ വികാരമല്ല പക്ഷെ, സുപ്രീം കോടതി വിധി വായിച്ചപ്പോൾ തോന്നിയത്. അനന്യത എന്നത് ഒരു ദാർശനികമായ സങ്കൽപ്പമാണ്. ഒരാൾ മറ്റാരെയും പോലെ അല്ലാതിരിക്കുക, അത് ശരിയുമാണ് പക്ഷെ, ഈ വ്യതിരിക്തതയെ നിർണയിക്കുന്ന ഘടകമെന്താണ്. ഒരു മനുഷ്യന്റെ വ്യക്തിത്വം, സാംസ്കാരിക പശ്ചാത്തലം, സാമൂഹിക സാഹചര്യങ്ങൾ, തൊഴിൽ, ആകാരഭംഗി, ബൗദ്ധീക നിലവാരം, ദാർശനിക ബോധ്യങ്ങൾ അങ്ങനെ എന്തൊക്കെയാണ് വ്യതിരിക്തതയെ നിർണയിക്കുന്ന ഘടകങ്ങൾ? ഒരാളുടെ വിരലടയാളമാണോ അത് നിർണയിക്കുന്നത്? അതോ ഒരു നമ്പറോ?  

ഒരു മനുഷ്യന്റെ വിരലടയാളമാണ് അയാളുടെ വ്യതിരിക്തതയെ നിർവചിക്കുന്നത് എന്ന ഉറച്ച ബോധ്യത്തിലാണ് ഭൂരിപക്ഷ വിധി ആരംഭിക്കുന്നത്. ഇത് അബദ്ധജടിലമായ ധാരണയാണ് എന്ന നാം ഇതിനോടകം മനസിലാക്കിക്കഴിഞ്ഞു. ശാസ്ത്രീയമായും നൈതീകമായും ധാര്മീകമായും നിലനിൽക്കുന്ന വസ്തുതയല്ല അത്. ഇതിനോടകം തന്നെ 6 കോടിയിലധികം ഡ്യൂപ്ലിക്കേറ്റുകൾ ആധാർ ശേഖരത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്ന്  യു.ഐ,ഡി.എ.ഐ. യുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ വിധിയ്ക്ക് ആധാരമായ പ്രാഥമികാനുമാനം തന്നെ തെറ്റാണെന്നു വരുന്നു. അങ്ങനെയെങ്കിൽ അതിന്റെ അടിസ്ഥാനത്തി എത്തിച്ചേർന്ന നിഗമനങ്ങളും തെറ്റാണ്.

സ്വാകാര്യതയും സർവെയിലൻസും അനുബന്ധ പ്രശ്നങ്ങളുമെല്ലാം പരിശോധിക്കുമ്പോഴും ഇതുപോലെയുള്ള വസ്തുതാപരമായ പിശകുകൾ വിധിയിലുടനീളം ആവർത്തിക്കപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ ഹർജിക്കാർ പോലും ആധാറിന്റെ വിവര ശേഖരണത്തെ എതിര്ക്കുന്നില്ല. വിവരസഞ്ചയത്തിന്റെ സുരക്ഷയും ഉപയോഗവും സംബന്ധിച്ച മാത്രമാണ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള കാര്യങ്ങൾ എന്ന് പറയുന്നു. ഈ പ്രസ്താവനയും വസ്തുതാപരമല്ല. ആധാർ വിവര ശേഖരണം ഉൾപ്പെടെയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റൊരു കാര്യം ആധാറിന് പകരം വയ്ക്കാൻ മറ്റു മാർഗങ്ങളില്ല എന്ന വാദമാണ്. ഹർജിക്കാർക്കുപോലും ഒരു ബദൽ മാർഗം ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നു.  രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത് ഒന്ന്, ബദൽ മാര്ഗങ്ങള് ഇല്ല എന്ന് ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത ഗവണ്മെന്റിനോ അതോ ഹര്ജിക്കാര്ക്കോ എന്നതാണ്. രണ്ട്‌, പദ്ധതിയ്ക്ക് ബദലുകൾ-സ്മാർട്ട് കാർഡുകളും, വിതരണശ്രുംഖലകളുടെ പരിഷ്കരണവുമെല്ലാം- ഹർജിക്കാർ കോടതിയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നുവെന്നും ഓപ്പൺ കോർട്ടിൽ വാദിക്കുകയും ചെയ്തിരുന്നുവെന്നതുമാണ്. വീണ്ടും ഇവിടെ വസ്തുതാപരമായ പിഴവ് വരുത്തിയിരിക്കുന്നു സുപ്രീംകോടതി.

നിയമവ്യാഖ്യാനങ്ങളിൽ ഏറെക്കുറെ സമാനമായ രീതികളാണ് ഭരണഘടനാബഞ്ചിലെ  അഞ്ചു ജഡ്ജിമാരും അവലംബിച്ചത്. ആധാർ സ്വകാര്യത ഉൾപ്പടെയുള്ള മൗലീകാവകാശങ്ങളെ ബാധിക്കുന്നുണ്ട് എന്ന കാര്യത്തിലും ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ അത് ഭരണഘടനാപരമായി ന്യായീകരിക്കത്തക്കതാണോ എന്ന കാര്യത്തിൽ മാത്രമാണ് വിരുദ്ധാഭിപ്രായം. ഈ വിരുദ്ധാഭിപ്രായത്തിനു നിദാനം ഭൂരിപക്ഷ വിധിയെഴുതിയ ന്യായാധിപരും വിയോജന വിധിന്യായമെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡ്ഉം പരിഗണിച്ച വസ്തുതകളിലെ വ്യാത്യാസങ്ങളാണ്. ഉദാഹരണത്തിന് ഭൂരിപക്ഷവിധിയിലെ ഖണ്ഡിക 72 ശ്രദ്ധിക്കുക. “തൊഴിലുറപ്പു പദ്ധതി, പൊതുവിതരണ സംവിധാനം, എൽ.പി.ജി. സബ്‌സിഡി തുടങ്ങിയ പദ്ധതികളിൽ ആധാർ നടപ്പിലാക്കിയതുമൂലം  ഒരുലക്ഷം കോടി രൂപയുടെ ലാഭമുണ്ടായിട്ടുണ്ട് എന്ന ഗവൺമെന്റിന്റെ കണക്കുകൾ തെറ്റാണ് എന്ന തരത്തിലുള്ള വാദങ്ങൾ നമ്മളെ തടയരുത്. നിയമത്തിന്റെ പ്രായോഗിക തലത്തിൽ ഹർജിക്കാർ ഉയർത്തിക്കൊണ്ടു വന്ന അത്തരം നിഷേധങ്ങൾക്ക് പ്രസക്തിയുണ്ടാകാം, പക്ഷെ നിയമം റദ്ദ് ചെയ്യാൻ അതോന്നും മതിയായ കാരണമല്ല.” ഇവിടെ നിഷേധ ക്ങ്ങൾ വെറുതയെ ഹർജിക്കാർ ഉയർത്തിയതല്ല ഇന്ത്യയുടെ സി.എ.ജി. തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് എന്നു നാം കണ്ടു. എന്നിട്ടും അതൊന്നും പരിഗണിക്കാതിരിക്കുന്നതിന്റെ യുക്തിയെന്താണ്? വിയോജന വിധിന്യായമെഴുതിയ ന്യായാധിപന് ഇക്കാര്യങ്ങൾ ബോധ്യപ്പെടുന്നുമുണ്ട്.

വിധിന്യായത്തിന്റെ ഖണ്ഡിക 317 നോക്കുക:

“ബയോമെട്രിക്ക് സംവിധാനത്തിന്റെ കൃത്യത 97.76 % ആണെന്ന് ആധാർ അതോറിറ്റി അവകാശപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി വേണ്ടെന്നു വച്ചാൽ  97.76 % ഗുണഭോക്താക്കളെ അത് ബാധിക്കും. ഇത് അവരെ ഒഴിവാക്കുന്നതിലേക്ക് നയിക്കില്ലേ?”

എന്തൊരു യുക്തിയാണിത്? ആധാർ നിർത്തലാക്കിയാൽ നിലവിൽ ഉള്ള 97.76 % ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും അല്ലെങ്കിൽ അവർ ഒഴിവാക്കപ്പെടും എന്നാണോ അർത്ഥം ? ആധാർ ഇല്ലാതായതുകൊണ്ട് അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് ഒരു കുറവും സംഭവിക്കില്ല. മറിച് ആധാർ വന്നതുമൂലം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട മനുഷ്യർക്കുകൂടി അത് ലഭിക്കുകയാണ് ചെയ്യുക. വളരെ ചെറിയൊരു വിഭാഗത്തിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന പേരിൽ ഒരു നിയമം റദ്ദാക്കാൻ ആകില്ല എന്ന ഭൂരിപക്ഷ ബെഞ്ചിന്റെ വാദം ഐ.പി.സി. സെക്ഷൻ 377 റദ്ദാക്കിക്കൊണ്ടുള്ള വിധിയിലും സ്വകാര്യത മൗലീകാവകാശമാണെന്നു വിധിച്ച 9-അംഗ ബെഞ്ചിന്റെ വിധിയിലും നിരാകരിക്കപ്പെട്ടിട്ടുള്ള വാദമാണ്. ഇതുപോലുള്ള യുക്തി വൈരുധ്യങ്ങൾ ആധാർ മൗലീകാവകാശലംഘനമാണോ എന്ന് നടത്തിയ ഭരണഘടനാപരമായ പരിശോധനയിലും വ്യക്തമാണ്. സ്വകാര്യതയെ ബാധിക്കുന്ന നിയമമായതിനാൽ ആധാർ ആക്ട്, 2017-ലെ സ്വകാര്യത വിധിയിൽ നിഷ്കർഷിക്കുന്ന ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

ആദ്യ ചോദ്യം ആധാർ സർവെയിലന്സിന് കരണമാകുന്നുണ്ടോ എന്നതാണ്. ആധാറിൽ വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നോള്ളൂ. അതിന്റെ ഒഥന്റിക്കേഷൻ വിവരങ്ങൾ ശേഖരിക്കുമ്പോൾ എന്തിനു വേണ്ടിയാണ് ആധാർ ഉപയോഗിച്ചിരിക്കുന്നത് എന്നൊന്നും രേഖപ്പെടുത്തപ്പെടുന്നില്ല. ജാതി മതം തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിവരങ്ങൾ ശേഖരിക്കുന്നില്ല അതുകൊണ്ട് ആധാർ സർവെയിലന്സിന് കാരണമാകില്ല എന്നാണ് ഭൂരിപക്ഷ ബഞ്ചിന്റെ നിഗമനം. എന്നാൽ ആധാറിനോട് അനുബന്ധമായി കേരളം ഉളപ്പടെയുള്ള സംസ്ഥാനങ്ങൾ ശേഖരിക്കുന്ന കെ.വൈ.ആർ.പ്ലസ് എന്ന അപേക്ഷാഫോറത്തിൽ ഇത്തരം വിവരങ്ങൾ ഒക്കെ ഉണ്ട് എന്ന കാര്യം കോടതി കണ്ടില്ല. സ്റ്റേറ്റ് റസിഡൻഷ്യൻ ഡാറ്റാ ഹബ്ബ് (എസ.ആർ.ഡി.എച് ) എന്ന പേരിൽ സംസ്ഥാന തലത്തിൽ ആധാറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള ഇവ ലക്‌ഷ്യം വയ്ക്കുന്നത് 365 ഡിഗ്രി സരർവേയിലാന്സ് തന്നെയാണ്. ഇതൊന്നും ഇല്ലാതെ തന്നെ ആധാറുമായി ബന്ധിപ്പിച്ച വിവിധ ഡാറ്റ സിലോകൾ കൂട്ടിയോജിപ്പിച്ച് സര്വേയിലാന്സ് സആദ്യമാണ് എന്ന ജസ്റ്റിസ് ചന്ദ്രചൂടിന്റെ വിയോജന വിധിയിൽ ഉദാഹരണ സഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ആധാർ സ്വകാര്യത ലംഘിക്കുന്നില്ല എന്ന നിഗമനത്തിലേക്കെത്താൻ ഭൂരിപക്ഷ ബഞ്ച് സ്വീകരിച്ചത് അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലെ ന്യായമായും സ്വകാര്യത പ്രതീക്ഷിക്കുന്ന വിവരങ്ങൾ എന്ന സങ്കൽപ്പമാണ്. പേര് വിലാസം തുടങ്ങി ആധാറിലെ വിവരങ്ങൾ പല കാര്യങ്ങൾക്കായി ജനങ്ങൾ പലയിടങ്ങളിൽ കൊടുക്കുന്നതാണ. അതുകൊണ്ട് അതിൽ സ്വകാര്യത പ്രതീക്ഷിക്കപ്പെടുന്നില്ല. വിരലടയാളവും മറ്റുമാകട്ടെ പരിമിതമായ വിവരശേഖരണത്തിന്റെ പരിധിയിൽ വരുന്നതുമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ ‘ന്യായമായും സ്വകാര്യത പ്രതീക്ഷിക്കുന്ന വിവരങ്ങൾ’ എന്ന മാനദണ്ഡം  അമേരിക്കയിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. സ്വകാര്യത വിധിയിൽ ഈയൊരു മാനദണ്ഡം നമുക്ക് അനുഗുണമാകില്ല എന്ന് പറയുന്നുമുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്ന വിവരങ്ങൾ ഏതൊക്കെ എന്ന ചോദ്യമാണ് പ്രസക്തം. സ്വാകാര്യത ബഞ്ചിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂടിന് ഇക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു. ആധാർ സ്വാകാര്യതയുടെ ലംഘനമാന് എന്ന അദ്ദേഹം വിധിയെഴുതി. നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങൾ പരിമിതമായ വിവരശേഖരണത്തിന്റെ പരിധിയിൽ വരുന്നതെങ്ങനെയാണ് എന്നായിരുന്നു ചോദ്യം.

നിയമം ആനുപാതികമാണോ എന്നതാണ് അടുത്ത പ്രശ്നം. പ്രപോർഷണാലിറ്റി ടെസ്റ്റിന് അഞ്ചു ഘടകങ്ങൾ ഉണ്ട്, അഞ്ചു ചോദ്യങ്ങൾ.

  1. ഒരു നിയമം ഉണ്ടോ?
  2. ന്യായയുക്തമായ ഒരു ഉദ്ദേശ്യം ഉണ്ടോ?
  3. നിയമത്തിന്റെ ഉദ്ദേശ്യവും മൗലീകാവകാശ ലംഘനവും തമ്മിൽ യുക്തിപൂർവമായ ബന്ധമുണ്ടോ ?
  4. ഇതേ ലക്‌ഷ്യം കൈവരിക്കാൻ ഇതര മാര്ഗങ്ങള് ഉണ്ടോ ?
  5. പൊതുതാത്പര്യവും മൗലീകാവകാശലംഘനവും തമ്മിൽ തുലനം ചെയ്യാനാകുന്നുണ്ടോ?



ഇതിൽ ആദ്യ മൂന്നു ചോദ്യങ്ങൾക്ക് ന്യായമായും ഉണ്ട് എന്ന ഉത്തരം പ്രതീക്ഷിക്കാം. എന്നാൽ അടുത്ത ചോദ്യങ്ങൾ അവധാനത ആവശ്യപ്പെടുന്നുണ്ട്. ഇവ പരിശോധിക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ചിന്തകനായ പ്രഫസർ ഡേവിഡ് ബിൽഷിറ്സിന്റെ മാർഗമാണ് ഭൂരിപക്ഷ ബഞ്ച് അനുപാതികതാ പരിശോധനയ്ക്ക് സ്വീകരിച്ചത്. അത് വസ്തുതാന്വേഷണങ്ങളുടെ ഒരു സങ്കേതമാണ്. പരിശോധനയുടെ നാലാം ഘട്ടത്തിലാണ് ഇത് വരിക. ഇതിൽ ആദ്യം ബദലുകൾ ഉണ്ടോ എന്ന അന്വേഷണമാണ്. രണ്ട്, ബദലുകളുണ്ടെങ്കിൽ അവയോരോനിന്റെയും യഥാർത്ഥ കാര്യക്ഷമത പ്രത്യേകം പ്രത്യേകം പരിശോധിക്കുക. മൂന്ന്, ഓരോ മാര്ഗങ്ങളും മൗലീകാവകാശങ്ങളിൽ എത്രമാത്രം കടന്നുകയറുന്നുണ്ട് എന്ന് പരിശോധിക്കുക. ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഏതുമാർഗമാണ് അഭികാമ്യമെന്ന് തിരയുക. ഡേവിഡ് ബിൽഷിറ്സിന്റെ വിശകലന സങ്കേതം തന്നെ സ്വീകരിക്കാൻ ബെഞ്ചിനെ പ്രേരിപ്പിച്ചത് ഒരു പക്ഷെ ഇതുപ്രകാരം ഏറ്റവും പരീതമായ തോതിൽ മൗലീകാവകാശങ്ങളെ ഹനിക്കുന്ന മാർഗം തന്നെ തെരഞ്ഞെടുക്കണം എന്ന നിബന്ധന ഇല്ലാത്തതുകൊണ്ടായിരിക്കാം. മറ്റു പല സങ്കേതങ്ങളിലും അത്തരം ഒരു നിബന്ധന ഉണ്ട്.

വിധി പഠിക്കുമ്പോൾ, ഭൂരിപക്ഷ ബഞ്ച് സ്വയം നിശ്ചയിച്ച ഈ വിശകലന സങ്കേതം പോലും കേസിന്റെ വിശകലനത്തിൽ പ്രയോഗവത്‌കരിച്ചിട്ടില്ല എന്ന് കാണാം. ബദലുകൾ ഉണ്ടോ എന്ന അന്വേഷണമേ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ ബദലുകൾ തേടുക എന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഹര്ജിക്കാരനിൽ ചാരാൻ ശ്രമിച്ച കോടതി, ഹർജിക്കാർ ബദലുകളൊന്നും നിർദ്ദേശിച്ചില്ല എന്ന അവാസ്തവ പ്രസ്താവനയും നടത്തിയിരിക്കുന്നു. ബദലുകൾ അന്വേഷിക്കാതെ സ്ഥിതിയ്ക്ക് വിവിധ മാര്ഗങ്ങള് തമ്മിലുള്ള താരതമ്യ പഠനവും നടത്തിയിട്ടില്ല. സ്വയം സ്വീകരിച്ച മാനദണ്ഡങ്ങൾ വച്ചുപോലും നേരാംവണ്ണം അളന്നിരുന്നെങ്കിൽ ആധാർ നില നിൽക്കില്ലായിരുന്നുവെന്നു സാരം. അവകാശങ്ങൾ തമ്മിലുള്ള തുലനം വിധിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സ്വാകാര്യതയും ജീവിക്കാനുള്ള (ഭഷണം, തുടങ്ങിയ  ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ) അവകാശവും തമ്മിലുള്ള വ്യാജദ്വന്ദത്തിലാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത് നാം കണ്ടതുപോലെ ആധാർ ആർക്കും ആനുകൂല്യങ്ങൾ ഉറപ്പു നൽകുന്ന ഒരു പദ്ധതിയല്ല. ആധാർ കാരണം റേഷനും ചികിത്സയും കിട്ടാതെ മരിയ്ക്കുന്നവരുടെ ജീവിക്കാനുള്ള അവകാശവും ആധാറും തമ്മിലായിരുന്നു യഥാർത്ഥ ത്തിൽ താരതമ്യം ചെയ്യപ്പെടേണ്ടത്.

വിധി പൂർണമായും നിരാശാജനകമാണ് എന്നല്ല അതിന്റെ അർത്ഥം. സുപ്രീംകോടതി ആധാറിനെ പലതരത്തിലും പരിമിതപ്പെടുത്തി. സ്വാകാര്യ കമ്പനികള്ക്കും സ്ഥാപനങ്ങള്ക്കും ആധാറുപയോഗിക്കാനുള്ള അധികാരം റദ്ദാക്കി. ഒരു ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയുടെ അന്വേഷണ ഏജൻസികൾക്ക് ആധാർ വിവരങ്ങൾ നൽകാനാകും എന്ന വ്യവസ്ഥ നിലനിൽക്കില്ല എന്ന് പറഞ്ഞു. ആധാർ വിവര ചോരണമോ മാറ്റ് പ്രശ്നങ്ങൾ കൊണ്ടോ നഷ്ടങ്ങളുണ്ടായാൽ കോടതിയെ സമീപിക്കാൻ ആധാർ അഥോറിറ്റിയ്ക്കല്ലാതെ മറ്റാർക്കും അവകാശമില്ല എന്ന നിബന്ധന എടുത്തുമാറ്റി. അങ്ങനെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

പ്രതീക്ഷകൾ ബാക്കിയാക്കുന്നതാണ് ജസ്റ്റിസ്. ഡി വൈ ചന്ദ്രചൂഡിന്റെ ഗംഭീര വിയോജന വിധിന്യായം; ഈ നൂറ്റാണ്ടിന്റെ വിയോജനക്കുറിപ്പ്. വിയോജന വിധിന്യായത്തിലെ കണ്ടെത്തലുകള്‍ ശ്രദ്ധിക്കാം:

  1. ആധാര്‍ നിയമം ധന ബില്‍ ആയി പാസ്സാക്കാന്‍ അനുവദിച്ച സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്. ഇക്കാര്യം കൊണ്ട് തന്നെ ആധാര്‍ ഭരണഘടനാവിരുദ്ധമാണ്.
  2. വിരലടയാളം പോലുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ ഒരിക്കല്‍ നഷ്ട്ടപ്പെട്ടുപോയാല്‍ പിന്നെ തിരിച്ചെടുക്കാനോ മാറ്റാനോ കഴിയാത്തതാണ് അതുകൊണ്ടുതന്നെ അവ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണ്.
  3. ഭരണഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ഏതെങ്കിലും അല്‍ഗോരിതത്തിന്റെ, സോഫ്റ്റ്‌വെയറിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാകില്ല.
  4. ആധാര്‍ ആക്ടില്‍ പറഞ്ഞിരിക്കുന്നതും ഗവണ്മെന്റ് അറിയിച്ചതുമായ സുരക്ഷാക്രമങ്ങളും മുന്‍കരുതലുകളും അപര്യാപ്തമാണ്
  5. ആധാര്‍ ഉപയോഗിച്ചുള്ള സര്‍വെയിലന്‍സിന്റെ സാധ്യതകള്‍ തള്ളക്കളയാനാകില്ല
  6. സ്വകാര്യ വിദേശ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍കൊണ്ട് രാജ്യസുരക്ഷയും പൗരന്റെ മൗലീകാവകാശങ്ങളും സംരക്ഷിക്കാനാകില്ല.
  7. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയല്ല.
  8. അതുകൊണ്ടുതന്നെ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 7 ഭരണഘടനാവിരുദ്ധമാണ്.
  9. 2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതിയ്ക്ക് ഒരു നിയമം ഉണ്ടാകുന്നത് 2016 -ല്‍ ആണ്. ഉദ്ഘാടന ഘട്ടം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആധാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപരത നല്‍കുന്ന സെക്ഷന്‍ 59 നിലനില്‍ക്കുന്നതല്ല.
  10. 2009 -ലെ നോട്ടിഫിക്കേഷന്‍ പോലും സത്യത്തില്‍ ബയോമെട്രിക്ക് വിവരങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.
  11. ബാങ്ക് -ടെലികോം മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കിയ പി.എം.എല്‍. ചട്ടങ്ങള്‍ നിയമവിരുദ്ധമാണ്. ബാങ്കുകളും ടെലിക്കോം കമ്പനികളും ഇതിനോടകം ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയണം.
  12. 2009-ല്‍ ആരംഭിച്ച ആധാര്‍ പദ്ധതി പൂര്‍ണമായിത്തന്നെ ഭരണഘടനാവിരുദ്ധമാണ്.
  13. ഗവണ്‍മെന്റിന് ഒരു വര്‍ഷം സാവകാശം അനുവദിക്കാം, അതിനുളില്‍ ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയുകയോ അല്ലെങ്കില്‍ പുതിയ നിയമം കൊണ്ടുവരികയോ ചെയ്യേണ്ടതാണ്

ചരിത്രം നമ്മെ ചിലത് ഓര്‍മിപ്പിക്കുന്നുണ്ട്. അടിയന്തരാവസ്ഥാക്കാലം, ഗവണ്മെന്റ് യാതൊരു തത്വദീക്ഷയുമില്ലാതെ ആളുകളെ അറസ്റ്റു ചെയ്ത കരുതല്‍ തടങ്കലുകളില്‍ പാര്‍പ്പിക്കുന്നു. ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായം പറയാനും എല്ലാമുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ആളുകള്‍ രാജ്യത്തെ പല ഹൈക്കോടതികളെയും സമീപിക്കുന്നു. കരുതല്‍ തടങ്കല്‍ അന്യായമാണെന്നും വിധി വരുന്നു. കേസ് സ്പ്രീംകോടതിയിലേക്ക്

പി.എന്‍ ഭഗവത് ഉള്‍പ്പടെയുള്ള മഹാരഥന്മാര്‍ അടങ്ങുന്ന 5 അംഗ ഭരണഘടനാ ബെഞ്ച് ഗവണ്മെന്റ് നടപടികളെ ശരിവയ്ക്കുന്നു. ജനങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള (ജീവിക്കാനുള്ള അവകാശം) സംരക്ഷണത്തിനുപോലും അവകാശമില്ല എന്ന് 4 ജഡ്ജിമാര്‍ വിധി പറയുന്നു. ഒരു ജഡ്ജി ജയിലുകളില്‍ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ള ‘സുഖ സൗകര്യങ്ങളെക്കുറിച്ചു’ വാചാലനാകുന്നു. പക്ഷേ, ഒരാള്‍ മാത്രം നട്ടെല്ലുയര്‍ത്തി നിവര്‍ന്നു നിന്ന് രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിസ്. എച്ച് ആര്‍ ഖന്ന. അതുകാരണം അദ്ദേഹത്തിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാന്‍ കഴിഞ്ഞില്ല. ഗവണ്മെന്റ് അദ്ദേഹത്തെ തഴഞ്ഞു. പിന്നീട് അദ്ദേഹം രാജിവെച്ചു. ഇന്ത്യയുടെ നിയമ ചരിത്രം പഠിക്കുന്നവര്‍ക്ക് പക്ഷെ അദ്ദേഹം ഒരു പ്രകാശഗോപുരമാണ്. ഇന്നത്തെ ആധാര്‍ വിധി വായിക്കുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം നാം കാണുന്നു. 4 പേര് ഗവണ്മെന്റിനൊപ്പം. ഒരാള്‍, ഒരേയൊരാള്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ഭരണഘടനാ ധാര്‍മികതയ്ക്കൊപ്പം നിലകൊണ്ടു. ഹേബിയസ് കോര്‍പ്പസ് കേസില്‍ എച്ച്.ആര്‍ ഖന്നയായിരുന്നു ശരി എന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ മനസിലാക്കാന്‍ നാം ഇനിയും എത്രകാലമെടുക്കും? 2022-ല്‍ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയേക്കും എന്ന വസ്തുത കൗതുകകരമാണ്.

ഈ ലേഖനത്തിന്റെ സംഗൃഹീത രൂപം 2018 ഒക്ടോബർ22-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here