ആധാർ നമ്പർ വിശ്വാസ്യയോഗ്യമല്ലെന്ന, അന്താരാഷ്‌ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവസ്റ്റർ സർവീസസിന്റെ റിപ്പോർട്ട് ഇന്ത്യാഗവണ്മെന്റിന്റെ ‘ഏകസത്യശ്രോതസ്സായ ‘ തിരിച്ചറിയൽ പദ്ധതിയെക്കുറിച്ച് കാതലായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇന്ത്യയെപ്പോലെ ചൂടും, അന്തരീക്ഷത്തിൽ ഈർപ്പമുള്ള ഒരു ഭൂപ്രദേശത്ത് ബയോമെട്രിക്ക് തിരിച്ചറിയൽ സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കുകയില്ല എന്നാണ് മൂഡീസിന്റെ നിഗമനം. മാത്രവുമല്ല രാജ്യത്തു ബഹുഭൂരിപക്ഷം ജനങ്ങളും കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർ ആയിരിക്കേ, ഗുണനിലവാരമുള്ള വിരലടയാളങ്ങൾ ദീർഘ കാലത്തേക്ക് നിലനിർത്താനും കഴിയുകയില്ല. അതും കൂടാതെ പരിമിതമായ ഇന്റർനെറ്റ് കണക്ടിവിറ്റിയും വെദ്യുതി ലഭ്യതയുമെല്ലാം കാര്യങ്ങൾ വഷളാക്കുന്നു. അങ്ങനെ കൂടുതൽ ജനങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുവാൻ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി ആളുകൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലേക്കാണ് നയിക്കുന്നത്.
കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഉയർത്തുന്ന സുരക്ഷാ/സ്വകാര്യതാ പ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. കേന്ദ്രീകൃത സംവിധാനങ്ങൾ സൈബർ കുറ്റവാളികൾക്ക് അവസരമൊരുക്കുകയാണ് ചെയ്യുന്നത്. പൗരരുടെ ഇത്രയധികം വിവരങ്ങൾ ഒരൊറ്റ ഏജൻസിയ്ക്ക് കീഴിൽ വരുന്നത് സ്വകാര്യതാ ലംഘനത്തിനും വഴി വയ്ക്കും. ആഭ്യന്തരമോ ബാഹ്യമോ ആയ പ്രൊഫൈലിംഗിന് സൗകര്യമൊരുക്കും. ആധാർ-വോട്ടർ പട്ടിക ബാന്ധവം കൂടി നടക്കുന്ന ഇക്കാലത്ത് വലിയ ഇത് ഭീഷണിയാണ്.
വികേന്ദ്രീകൃതമായ ഐ.ഡി. സംവിധാനങ്ങളാണ് സുരക്ഷിതമെന്ന് ഏജൻസി പറയുന്നു. ലോകം മുഴുവൻ വികേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് സ്വന്തം വിവരങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം സാധ്യമാക്കുന്ന, ബ്ലോക്ക് ചെയിൻ സങ്കേതങ്ങളിൽ അധിഷ്ഠിതമായ, ഡി.ഐ.ഡി.(ഡീസെൻട്റലൈസ്ഡ് ഐഡി) സംവിധാനങ്ങളാണ് സുരക്ഷിതം. ഇത് ലോകമാകെ അംഗീകരിച്ചിട്ടുള്ള വിവരസുരക്ഷാ തത്വമാണ്. യാഥാർത്‌ഥത്തിൽ, വിവരസുരക്ഷയുടെ എല്ലാ അടിസ്ഥാന തത്വങ്ങളെയും ലംഘിക്കുന്നതാണ് ആധാർ പദ്ധതിയെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഈ വിഷയം മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ആരെയും മൂഡീസിന്റെ റിപ്പോർട്ട് അത്ഭുതപ്പെടുത്തില്ല.
2011-മുതലെങ്കിലും ആധാർ പദ്ധതിക്കെതിരെ നിശിതമായ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഈ ലേഖകന്റെ ‘Addhaar; How a Nation is Deceived’ എന്ന പഠനഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രസ്താവിച്ചത് “ആധാർ പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. പട്ടാള ഭരണകൂടങ്ങൾക്ക് മാത്രമാണ് ഇത്തരം പദ്ധതികൾ ആവശ്യം വരിക” എന്നാണ്. കാരണം ആധാർ കേവലം ഒരു തിരിച്ചറിയൽ പദ്ധതിയല്ല, പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്. ഡോ. ഉഷാ രാമനാഥന്റെ നേതൃത്വത്തിൽ, നിയമ, വൈജ്ഞാനിക മേഖലകളിൽ നിന്ന് ശക്തമായ വിയോജിപ്പുകൾ ഉയർന്നു വന്നിരുന്നു. ആധാറിനെതിരെയുള്ള കോടതി വ്യവഹാരത്തിനു നേതൃത്വം നൽകിയത് മുൻ കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. പുട്ടസ്വാമിയാണ്. ഇടതു രാഷ്ട്രീയ കക്ഷികളും ബി.ജെ.പിയും പദ്ധതിക്ക് എതിരായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും ഇതിനെതിരെ രംഗത്തു വന്നിരുന്നു. അധികാരത്തിലേറിയപ്പോൾ പക്ഷേ, യു.പി.എ. ഗവണ്മെന്റിനേക്കാൾ ശക്തമായി പദ്ധതിയുമായി മുന്നോട്ടു പോവൂകയാണുണ്ടായത്.
വ്യക്തിപരമായ എതിർപ്പുകളും പൗരാവകാശ സംഘടനകളുടെ നിലാപാടും മാത്രമല്ല, പദ്ധതിയെക്കുറിച്ചു പഠിച്ച ഇന്ത്യൻ പാർലമെന്റിന്റെ ഉപസമിതിയും, ആധാർ അനാവശ്യവും അപകടകരവുമാണെന്നു വിധിയെഴുതിയിരുന്നു. പാർലമെന്റിന്റെ അനുമതിയോ, നിയമമോ ഒന്നും കൂടാതെയാണ് 2009-ൽ ആധാർ ആരംഭിക്കുന്നത്. തുടർന്ന് 2011-ൽ പദ്ധതിയ്ക്ക് നിയമസാധുത നൽകുന്നതിനായി ‘നാഷണൽ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ” ബില്ല് കൊണ്ടുവന്നു. ബില്ല് രാജ്യസഭയിൽ ചർച്ച ചെയ്തപ്പോൾ ഒരു പാർലമെന്ററി സമതിയ്ക്ക് വിടാൻ തീരുമാനമായി. പ്രസ്തുത സമിതി, ബില്ലിനെക്കുറിച്ചും, ആധാർ പദ്ധതിയെയും കുറിച്ചും പഠിച്ചു. 2011-ൽ സമർപ്പിച്ച റിപ്പോർട്ട് ആധാറിന് എതിരായിരുന്നു. പദ്ധതിയ്ക്ക് സാമ്പത്തികമായും സാങ്കേതികമായും ശാസ്ത്രീയമായും നിലനിൽപ്പില്ലെന്നും, ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കുമെന്നും ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് സമിതി കണ്ടെത്തിയത്. അങ്ങനെ ബില്ല് രാജ്യസഭ പാസാക്കാതെ തിരിച്ചയച്ചു. പിന്നീടാണ്, 2016-ൽ എൻ.ഡി.എ. ഗവണ്മെന്റ് എല്ലാ പാർലമെന്ററി മര്യാദകളും ലംഘിച്ചുകൊണ്ട്, ഒരു ‘ധന ബില്ലാ’യി ആധാർ നിയമം പാസാക്കിയെടുത്തത്.
ഡിജിറ്റൽ യുഗത്തിൽ ലോകത്ത് ഏറ്റവും വികലമതിപ്പുള്ള ചരക്ക് ഡാറ്റ അഥവാ വിവരങ്ങളാണ്. പ്രത്യേകിച്ചും ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്. ശതകോടികളുടെ കച്ചവടം നടത്തുവാനുള്ള മാർക്കറ്റാണ് ഇന്ത്യയുടെ ഗ്രാമാന്തരങ്ങൾ; ആഗോള വിവരച്ചന്തയുടെ ഭാഗമായി ഇനിയും മാറിയിട്ടില്ലാത്ത പ്രദേശങ്ങൾ. കുത്തകകൾക്ക്പ്രത്യേകിച്ചും ഫിൻ-ടെക്ക് കമ്പനികൾക്ക് സാധ്യതകളുടെ വലിയ എണ്ണപ്പാടങ്ങളാണ് ഇന്ത്യയുടെ അചുംബിത-ഗ്രാമങ്ങൾ എന്ന് നിലേകാനി തന്റെ ‘ഇമാജിനിംഗ് ഇന്ത്യ ‘ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിവര കൈമാറ്റത്തിനായി നാഷണൽ ഇൻഫോർമേഷൻ യൂട്ടിലിറ്റീസ് സ്ഥാപിക്കുന്നതിനെക്കുറിച്ചൊക്കെ സ്വപ്നം കണ്ട ആളാണ്. വിവരങ്ങളെ ചരക്കാക്കി മാറ്റുന്ന ആഗോളമൂലധന പാഠങ്ങളുടെ മൂല്യബോധത്തിൽ, ആധാർ പെട്ടെന്ന് നടപ്പിലാക്കാൻ നിലേകാനി കണ്ടെത്തിയ ‘ബിസിനസ് മോഡൽ’ ആണ് ആധാറിന്റെ അടിസ്ഥാനം. അതിനപ്പുറത്തേക്കുള്ള അവകാശവാദങ്ങളെല്ലാം പദ്ധതിയെ മാർക്കറ്റ് ചെയ്യാനുള്ള മധുരം പുരട്ടലുകൾ മാത്രമാണ്.
ഇക്കാര്യങ്ങളെല്ലാം ചർച്ചയായെങ്കിലും, നമ്മുടെ സുപ്രീംകോടതി 2018-ൽ, ആധാർ നിയമം ഭരണഘടനാപരമാണെന്നു വിധയെഴുതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മാത്രം വിയോജിച്ചു. ആധാറിന്റെ സാങ്കേതിക അടിത്തറ, സ്വകാര്യതാ നിർദേശകങ്ങൾക്ക് എതിരായ ഡിസൈൻ, അന്തർലീനമായ അനീതി, അവകാശലംഘനം, സുരക്ഷാ ഭീഷണി, ആധാർ മൂലം ഉണ്ടായി എന്ന് പറയുന്ന ലാഭത്തിന്റെ പൊള്ളത്തരങ്ങൾ, എന്നിവയെല്ലാം കോടതിയിൽ തുറന്നു കാണിക്കുവാൻ വിമർശകർക്ക് കഴിഞ്ഞിരുന്നു. എന്നാൽ എല്ലാത്തരം യുക്തികളെയും തകിടം മറിക്കുന്ന ന്യായവാദങ്ങളിലൂടെ കോടതി പദ്ധതിക്ക് അംഗീകാരം നൽകി. പിന്നീട് ആധാര്‍ പുനഃപരിശോധനാ ഹർജികള്‍ ചേംബറില്‍ പരിഗണനക്കെടുത്തു തള്ളി. ഇന്ത്യന്‍ നിയമ വൈജ്ഞാനിക ചരിത്രത്തില്‍ എ.ഡി.എം. ജബല്‍പ്പൂരിനോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ആധാര്‍ കേസിലെ സുപ്രീംകോടതി വിധി. വിധിയിലുടനീളം നിയമപരമായ വൈരുദ്ധ്യങ്ങളും വസ്തുതാപരമായ പിശകുകളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ആധാർ കേസിൽ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിയോജന വിധിന്യായം കാലഘട്ടത്തെ അതിജീവിക്കുന്ന ഒരു പ്രകാശഗോപുരമാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആധാറിന് സമാനമായ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതികളുടെ നിയമ സാധുത പരിശോധിച്ച ലോകത്തിലൂടെ വിവിധ രാജ്യങ്ങളിലെ ഭരണഘടനാകോടതികൾ മുഖവിലയ്‌ക്കെടുത്തതും ഈ വിയോജന വിധിന്യായം ആയിരുന്നു. കെനിയൻ കോടതിയും, ജമൈക്കൻ കോടതിയും ചന്ദ്രചൂഡിന്റെ യുക്തിയെയാണ് പിന്തുടർന്നത്. ഫ്രഞ്ച് കോടതി നേരത്തെ തന്നെ ഇത്തരം പദ്ധതികൾ ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജർമനിയിൽ, വിവരശേഖരങ്ങൾ നാസികൾ വംശഹത്യക്ക് ഉപയോഗിച്ചത് എങ്ങനെയെന്ന ചരിത്രപാഠം ഉൾക്കൊണ്ടുകൊണ്ട്, കേന്ദ്രീകൃത വിവരസഞ്ചയങ്ങൾ ഭരണാഘടനാപരമായി നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യ, ആധാർ പദ്ധതിയുടെ ആലോചനാഘട്ടത്തിൽ മാതൃകയാക്കിയിരുന്ന യു. കെ.. ഐ. ഡി പ്രോജക്ട് 2010-ൽ ബ്രിട്ടീഷ് പാർലമെൻറ് പിൻവലിക്കുകയും അതിനായി ശേഖരിച്ച വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് നശിപ്പിച്ചു കളയുകയും ചെയ്തതാണ്. വിവരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള ഏക മാർഗം അതാണെന്നായിരുന്നു ബ്രിട്ടീഷ് നിലപാട്. കേന്ദ്രീകൃത തരിച്ചറിയൽ പദ്ധതികളുടെ അപകടം മനസിലാക്കിയ ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികൾ ഇല്ല. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വികസ്വര രാജ്യങ്ങളാണ് ആഗോള ബയോമെട്രിക്ക് കമ്പനികളുടെ മാർക്കറ്റുകളായി മാറുന്നത്. ഇന്ത്യയാകട്ടെ ഡിജിറ്റൽ യുഗത്തിന്റെ അടയാളമായിട്ടാണ് ആധാർ പദ്ധതിയെ അവതരിപ്പിക്കുന്നത്. വിമർശനങ്ങളെ കനത്ത അസഹിഷ്ണുതയോടെയാണ് ഭരണകൂടം കാണുന്നത്. എന്നാൽ 2012 മുതലുള്ള അനുഭവങ്ങൾ വിമർശനങ്ങളെ സാധൂകരിക്കുന്നതാണ്,
യാതൊരു രേഖയുമില്ലാത്ത ആളുകൾക്ക് കൂടി ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും എന്ന വാഗ്ദ്ധാനത്തോടുകൂടി ആരംഭിച്ച പദ്ധതി, ഫലത്തിൽ ആളുകൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നതായാണ് അനുഭവം. ജാർഖണ്ഡിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ള നിരവധി പഠനങ്ങൾ ഇതിനു സാക്ഷ്യമാണ്. ബയോമെട്രിക്ക് തിരിച്ചറിയൽ സംവിധാനങ്ങൾ പ്രവർത്തിക്കാത്തത് മുതൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും അഭാവം വരെ നിരവധി കാരണങ്ങൾ ഇതിനുണ്ട്. ആധാർ അധിഷ്ഠിത പണമിടപാടുകളിലൂടെ ലക്ഷക്കണക്കിന് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കൂലി ലഭ്യമാക്കുന്നതിന് വരെ ആധാർ തടസമായി മാറുന്നുണ്ട്. നിരവധി പേരുടെ പണം തങ്ങൾപോലും അറിയാതെ ആരംഭിച്ച എയർടെൽ പേയ്മെന്റ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതിനെത്തുടർന്ന് എയര്ടെല്ലിനെതിരെ നടപടിയും ഉണ്ടായിരുന്നു. റേഷൻ നിഷേധിക്കപ്പെട്ടത്തിനെത്തുടര്ന്ന് പട്ടിണി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മാങ്ങയുടെയും, ഹനുമാന്റെയും, പട്ടിയുടെയും പേരിൽ മുതൽ കാശ്മീരിൽ അറസ്റ്റിലായ ഭീകരവാദിയുടെ പേരിൽ വരെ ആധാർ ഉണ്ടാവുകയും, ഗ്യാസ് കണക്ഷൻ അതുപയോഗിച്ച് എടുക്കുകയും ചെയ്ത അനുഭവങ്ങളും ഉണ്ട്. ആയിരക്കണക്കിന് മനുഷ്യരുടെ വിരലടയാളങ്ങളും റെറ്റിനാ സ്കാനും കൃത്രിമമായി ഉണ്ടാക്കി ആധാർ തട്ടിപ്പുകൾ നടത്തുന്ന നിരവധി സംഘങ്ങൾ ഇതൊനോടകം പിടിയിലായിട്ടുണ്ട്. ഒരാൾ തന്നെ, പല ബയോമെട്രിക് വിവരങ്ങൾ കലർത്തി നൽകി, 12 ആധാർ നമ്പറുകൾ സമ്പാദിച്ച്, അതുകൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുത്ത് തട്ടിപ്പ് നടത്തിയതായി വാർത്തയുണ്ട്. ടെലഗ്രാഫ് പത്രത്തിന് വേണ്ടി രചന ഖൈര പുറത്തുകൊണ്ടുവന്ന 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ലഭിക്കുന്ന സംഭവം ഉൾപ്പെടെ അനേകം വിവര ചോർച്ചകൾ ഉണ്ടായിട്ടുണ്ട്. ഈ അവസരങ്ങളിലെല്ലാം നിഷേധാത്മക പ്രതികരണങ്ങൾ ആയിരുന്നു ഗവണ്മെന്റിന്റെയും ആധാർ അതോറിറ്റിയുടെയും. മൂഡീസിന്റെ റിപ്പോർട്ട് ഈ സമീപനത്തിൽ പെട്ടെന്ന് എന്തെങ്കിലും മാറ്റം കൊണ്ടുവരും എന്ന് കരുതുന്നില്ല, പക്ഷേ കുറേ നാളുകൾക്ക് ശേഷം ആധാർ പദ്ധതിയുടെ അപകടങ്ങൾ വീണ്ടും ചർച്ചയാകാൻ ഇത് കാരണമായേക്കും. പദ്ധതിയെ നല്ലൊരു യാഥാർത്ഥ്യബോധത്തോടെ കാണാൻ പൊതുസമൂഹത്തെയും ഇത് പ്രേരിപ്പിച്ചേക്കാം. ആധുനിക സാങ്കേതികയുഗം ഉയർത്തുന്ന സാധ്യതകൾക്കൊപ്പം വെല്ലുവിളികളെയും വിശദമായി മനസിലാക്കാനും പ്രതിരോധിക്കാനും കഴിഞ്ഞില്ലെങ്കിൽ നമുക്ക് നിലനിൽക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ, ഫലം വിനാശകരമായിരിക്കും.
Published in Suprabhatham Daily on 25/11/2023