മൗനത്തിന് ഒരു രാഷ്ട്രീയമുണ്ട്; ഭയത്തിന്റെ രാഷ്ട്രീയം, സംവാദങ്ങളെ റദ്ദു ചെയ്യുന്ന രാഷ്ട്രീയം. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന അധികാര തന്ത്രമാണത്. ഇത് ഏകാധിപത്യത്തിന്റെയും ഫാഷിസത്തിന്റെയും സ്വഭാവമാണ്.
വര്‍ഷങ്ങളായി ആധാര്‍ അഥോറിറ്റി (UIDAI) ചെയ്യുന്നതും ഇതു തന്നെ. വിമര്‍ശനങ്ങളെ, ആശങ്കകളെ, ആകുലതകളെ കണ്ടില്ലെന്നു നടിക്കുക. പകരം വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങളിലൂടെ വീഴ്ച്കള്‍ മറച്ചു വയ്ക്കുക. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ആധാര്‍ എടുപ്പിക്കുക. പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പീഢിപ്പിക്കുക. കോടതിയില്‍ പോലും ഇതേ നയമാണ് അനുവര്‍ത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും പുറത്ത് വന്ന് ജനങ്ങളെ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അവസാന തിയതി നീട്ടിയെന്ന ന്യായം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടു പോകുന്നു. ഒടുവില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും ആധാര്‍ ഇല്ലാത്തതുമൂലം ആര്‍ക്കും ഒരാനുകൂല്യവും നിഷേധിക്കരുതെന്നും, 6 പദ്ധതികള്‍ക്കൊഴിച്ച് ഒന്നിനും ആധാര്‍ ഉപയോഗിക്കുകപോലും ചെയ്യരുത് എന്നും കോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയപ്പോള്‍, ‘സ്വകാര്യത’ മൗലീകവകാശമല്ല എന്ന ഭീതീദമായ നിലപാട് സ്വീകരിച്ചുകൊണ്ട് പിന്നെയും കേസ് വൈകിപ്പിച്ചു, രണ്ടു വര്‍ഷത്തിലേറെ. കാരണം ആധാര്‍ അഥോറിറ്റിയ്ക്കറിയാം കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ മൗനത്തിന്റെ മതിലുകള്‍ കൊണ്ടതിനെ പ്രതിരോധിക്കാനാകില്ലെന്ന്. അതുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച്ച കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ പോലും വാദങ്ങള്‍ ഉന്നയിക്കാനുള്ള സമയം ക്ലിപ്തപ്പെടുത്തണം എന്ന വിചിത്ര വാദം അവരുന്നയിച്ചത്.പക്ഷേ ഈ തന്ത്രമിനി അധികനാള്‍ നീട്ടിക്കൊണ്ടു പോകാനാകില്ല. മൗനം കൊണ്ടു മറയ്ക്കനാകാത്ത കോടതി മുറിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് വിമര്‍ശകരെ ചില രഷ്ട്രീയ-സാമൂഹ്യ കളങ്ങളിലേക്ക് ഒതുക്കുവാനുള്ള ശ്രമം നടക്കുന്നത്. പണവും, അധികാരവും, പദവിയും ഉപയോഗിച്ച് ആധാര്‍ പ്രചാരണ വാര്‍ത്തകളും പരസ്യങ്ങളും കൊണ്ട് പത്ര-മാധ്യമങ്ങള്‍ നിറച്ച കഴിഞ്ഞ വാരം പദ്ധതിക്കെതിരെ ‘ആസൂത്രികമായ ഗൂഢാലോചനയും പ്രചാരണവും’ നടക്കുന്നു എന്ന വാദവുമായി അതോറിറ്റിയും നന്ദന്‍ നിലെകനിയുംരംഗത്തെത്തിയത് അതുകൊണ്ടാണ്.
എന്നാല്‍ ഇക്കാര്യങ്ങള്‍ക്കുപ്പടെ പഴുതടച്ച മറുപടി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയില്‍ പരാതിക്കാര്‍ തങ്ങളുടെ വാദമുഖങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ആശങ്കളുയര്‍ത്തിയിട്ടുള്ളവരെല്ലാം സമൂഹത്തില്‍ ആദരവ് നേടിയ വ്യക്തിത്വങ്ങളാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രധാന പരാതിക്കാരന്‍ പട്ടുസ്വാമി മുന്‍ ഹൈക്കോടതി ജഡ്ജിയാണ്, സുധീഷ് വോമ്പാട്കരേ 35 വര്‍ഷം സൈനീക സേവനം നടത്തിയ വ്യക്തിയാണ്, അരുണ റൊയ് മുന്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥയും സമൂഹ്യ പ്രവര്‍ത്തകയുമാണ്, ബെസ്വാദ വില്‍സണ്‍ സഫായി കര്‍മചാരി അന്ദോളന് നേതൃത്വം നല്കുന്നു, കേണല്‍ മാത്യൂ തോമസ്, ഡോ. കല്യാണി സെന്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധന്‍ ആനന്ദ് വെങ്കട്ട്, ഐ ഐ ടി പ്രഫസര്‍ റീതിക ഖേര, സാമ്പത്തിക വിദഗ്ദ്ധന്‍ ജീന്‍ ഡ്രീസ് എനിങ്ങനെ മുഖ്യ പരാതിയുടെ ഭാഗമായവരെല്ലാം പ്രമുഖരാണ്. ഉന്നയിക്കുന്ന വിഷയങ്ങളാകട്ടെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും.
ഭരണകൂടവും നമ്മള്‍ പൗരന്മാരും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായി പരിവര്‍ത്തനപ്പെടുത്തുന്ന ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പദ്ധതിയാണ് ആധാര്‍. ഒരോ ഇന്ത്യന്‍ പൗരന്റെയും ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, മൂച്വല്‍ ഫണ്ട് നിക്ഷേപം, പി എഫ്, ഇന്‍ഷുറന്‍സ്, ചികിത്സ, റേഷന്‍, സബ്‌സിഡി, മരുന്ന്, പെന്‍ഷന്‍ എന്നു വേണ്ട ചിലയിടങ്ങളില്‍ ശ്മശാനങ്ങളില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. ഇത് ആധാറിനെ ഒരു ‘കില്ലര്‍ സ്വിച്ച്’ പോലെയാക്കുന്നു. ആധാര്‍ റദ്ദു ചെയ്യപ്പെട്ടാല്‍ (UIDAI യ്ക്ക് അത് ചെയ്യാനുള്ള അധികാരം ഉണ്ട്), വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍, ഈ സംഗതികളെല്ലാം അയാള്‍ക്ക് നഷ്ടപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം അത് മരണതുല്യമാണ്.
കൂടാതെ ഒരോരുത്തരുടെയും ദിവസേനയുള്ള ഓരോ ചലനങ്ങളും സാങ്കേതികമായി അടയാളപ്പെടുത്തപ്പെടുന്നതുകൊണ്ട് നമ്മളൊരോരുത്തരുടെയും കഴുത്തിലണിഞ്ഞ ഇലക്ട്രോണിക്ക് ചങ്ങല ആധാര്‍ മാറുന്നു. രാഷ്ട്രീയ സമൂഹ്യ ചലനങ്ങളെ ഇല്ലാതാക്കി ജനാധിപത്യത്തെ ദുര്‍ബലമാക്കി, രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നു. ഇത് ഭരണ ഘടന അനുവദിക്കുന്നതല്ല. കാരണം ഭരണഘടന ഉറപ്പു നല്‍കുന്നതും ‘സ്വകാര്യത വിധിയില്‍’ പ്രത്യേകം പരാര്‍ശിക്കപ്പെട്ടിട്ടുള്ളതുമായ പൗരനു സ്വന്തം ശരീരത്തിനുമേലുള്ള അവകാശത്തേയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തേയും ഇത് ഇല്ലാതാക്കുന്നു.
ആധാറിന്റെ രൂപഘടന അടിസ്ഥനപരമായി തെറ്റാണ് എന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചത്. 2009-ല്‍ ഒരു നിയമ പിന്‍ബലവും ഇല്ലാതെ, പ്ലാനിംഗ് കമ്മീഷന്റെ ഒരു ഉത്തരവ് വഴിയാണ് ആധാര്‍ ആരംഭിച്ചത്. പ്രായോഗികതാ പഠനമോ ശാസ്ത്രീയ പഠനമോ ഉണ്ടായിരുന്നില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള അവകാശം ജനങ്ങളോടോ ഭരണകൂടത്തിനോടോ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത സ്വകാര്യ ഏജന്‍സികള്‍ക്ക് നല്കുകയായിരുന്നു. ജനങ്ങളുമായി നിയമപരമായ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മറ്റു സ്ഥപനങ്ങളുമായി വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുപോലെയല്ല പൊതുജനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ആധാര്‍ ഏജന്‍സികള്‍. ആധാര്‍ അഥോറിറ്റിയുമായി ഉള്ള ധാരണാ പത്രത്തിലാകട്ടെ രജിസ്ട്രാര്‍മാര്‍ക്ക് ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്. ഇതൊടൊപ്പം ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവരമോഷണങ്ങളുമാകുമ്പോള്‍ ആധാര്‍ ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയായി മാറുന്നു. കാണ്‍പൂരില്‍ ആധാര്‍ മാഫിയ ഓപ്പറേറ്റര്‍മാരുടേ കൃത്രിമ വിരലടയാളങ്ങള്‍ പേപ്പറിലും റെസിനിലും ഉണ്ടാക്കി സമാന്തര എന്റോള്‍മെന്റ് സെന്ററുകള്‍ നടത്തുകയും പലരുടേയും ബയോമെട്രിക് വിവരങ്ങള്‍ കൂട്ടിക്കലര്‍ത്തി വ്യാജ ആധാറുകള്‍ നല്കുകയും ചെയ്ത വാര്‍ത്തയും പരാമര്‍ശിക്കപ്പെട്ടു.
ആധാര്‍ പദ്ധതി സാമ്പത്തികമായും, സാങ്കേതികമായും നിയമപരമായും നിലനില്ക്കുന്നതല്ലെന്നു ചൂണ്ടിക്കാണിച്ച 2011-ലെ പാര്‍ലമെന്റിന്റെ സ്റ്റന്‍ഡിംഗ് കമ്മറ്റിയുടെ റിപ്പോര്‍ട്ടും. പിന്നീട് 2016-ല്‍ എങ്ങനെയാണ് പാര്‍ലമെന്ററി മര്യാദകളെയും രാജ്യസഭയേയും മറികടന്ന് ആധാര്‍ ആക്ട് ഒരു മണി ബില്ല് ആയി പാസാക്കിയെടുത്തതും ചര്‍ച്ചയായി.
ഇതോടൊപ്പം വിരലടയാളം ഉപയോഗിച്ച് ആളെ തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതിക വിദ്യയുടെ അടിസ്ഥാനപരമായ പരിമിതിയും കോടതിയുടെ പരിഗണനയ്ക്കു വന്നു. പാസ്‌വേര്‍ഡോ പിന്‍ നമ്പറോ സ്മാര്‍ട്ട് കാര്‍ഡോ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുന്നതുപോലെ 100 ശതമാനം കൃത്യത കാണിക്കുന്ന സംവിധാനമല്ല ബയോമെട്രിക്‌സ്. കേന്ദ്രീകൃതവിവരശേഖരത്തില്‍സൂക്ഷിച്ചിരിക്കുന്ന വിരലടയാളവുമായി നമ്മള്‍ പിന്നീട് നല്കുന്ന വിരളടയാളം താരതമ്യം ചെയ്തു നോക്കിയാണ് ആളെ തിരിച്ചറിയുക. വിരലടയാളം സൂക്ഷിക്കപ്പെടുന്നത് അളവുകളായാണ്. രേഖകള്‍ തമ്മിലുള്ള അകലം സംഗമസ്ഥലങ്ങള്‍ എങ്ങനെ വിവിധങ്ങളായ 100 വിവരങ്ങള്‍. ഇത് 100 ശതമാനവും ഒത്തു വരുന്ന തരത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി വിരലടയാളം നല്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം നമ്മള്‍ വിരലടയാള യന്ത്രത്തില്‍ വിരല്‍ പതിപ്പിക്കുന്ന രീതി, നല്കുന്ന ബലം, അന്തരീക്ഷത്തിലെ ഈര്‍പ്പം, യന്ത്രത്തിന്റെ ബ്രാന്‍ഡ് അങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. അതുകൊണ്ട് ഒരു ടോളറന്‍സ് പരിധി സൊഫ്റ്റ്‌വെയറില്‍ എപ്പോഴും കാണും. ഉദാഹരണത്തിന് 100-ല്‍ 95 അല്ലെങ്കില്‍ 90 എന്നിങ്ങനെ. ഈ പരിധി ഒരു പാട് കുറച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഉള്ള മനുഷ്യര്‍ തിറിച്ചറിയപ്പെടാതിരിക്കാനും പരിധി കൂട്ടിയാല്‍ തെറ്റായ മനുഷ്യര്‍ തിരിച്ചറിയപ്പെടാന്മുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് ഈ പിഴവ് പൂര്‍ണമായും ഒഴിവാക്കാനാകില്ല. അതായത് ബയോമെറ്റ്രിക് സംവിധാനത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള പിഴവുകള്‍ക്ക് സാധ്യതയുണ്ട് എന്നു സാരം. ആന്ധ്രയിലും മറ്റും റേഷന്‍ കടകളില്‍ വിരലടയാള പരിശോധന ഏര്‍പ്പെടുത്തിയപ്പോള്‍ ശരിയായ വ്യക്തികള്‍ക്ക് റേഷന്‍ നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ 20 ശതമാനം വരെ ആയിരുന്നു. 20% പേര്‍ക്ക് അവരുടെ മൗലീകാവകാശം നിഷേധിക്കപ്പെട്ടു എന്നു സാരം. അങ്ങനെ സങ്കേതിക സംവിധനങ്ങളുടെ സാധ്യതകള്‍ക്ക് വിട്ടുകൊടുത്ത് നിഷേധിക്കാന്‍ കഴിയുന്നതാണോ അവകാശങ്ങള്‍എന്ന അടിസ്ഥാനപരമായ ചോദ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഇനിയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടാനുണ്ട്. പൊതു സമൂഹത്തിനു നേരെ ഉയര്‍ത്തിയിരുന്ന മൗനത്തിന്റെ മതില്‍കൊണ്ട് കോടതിയില്‍ പ്രതിരോധമുയര്‍ത്താന്‍ കഴിയില്ല. ചോദ്യങ്ങള്‍ ഉന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിശബ്ദരാക്കാന്‍ ശ്രമിച്ചതുപോലെ അഭിഭാഷകരെ ഒതുക്കാനാകില്ല. നിഷേധത്തിന്റെ, ധാര്‍ഷ്ട്യത്തിന്റെ, അധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ വിള്ളല്‍ വീണ് തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലൂടെ രാജ്യവും പരമോന്നത നീതിപീഠവും കടന്നുപോകുമ്പോള്‍ ആധാര്‍ ഒരു അഗ്നി പരീക്ഷയാണ്. സമാനമായ കേസുകള്‍ ഉയര്‍ന്നു വന്ന വിദേശ രാജ്യങ്ങളിലൊക്കെയും നീതിപീഠം ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഭരണകൂടത്തിന്റെ മൗലീക സ്വഭാവത്തെ പുനര്‍നിര്‍ണയിക്കാന്‍ പോന്ന ഈ പ്രശ്‌നത്തില്‍ നീതി ഇന്ത്യന്‍ പീഠം ജനങ്ങള്‍ക്കൊപ്പം നില്ക്കുമോ? നമുക്ക് കാത്തിരിക്കാം.
This article was published in Mangalam Daily