500 രൂപ; വെറും അഞ്ഞൂറു രൂപയാണ് കോടിക്കണക്കിനു രൂപ ചെലവിട്ട് പരിപാലിച്ചു പോരുന്ന 100 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ക്ക് തട്ടിപ്പുകാര്‍ ഇട്ട വില! രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയുടെ വെബ്സൈറ്റില്‍ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐ ഡി യും പാസ്വേര്ഡും അവര്‍ വില്‍ക്കുന്നു. ‘ദി ട്രിബ്യൂണി’ന്റെ ലേഖിക രചന ഖൈരയണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ആധാറിന്റെ കേന്ദ്രീകൃത വിവരശേഖരത്തില്‍ (ചീഡൃ) നിന്നുമാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിനെ ഏറ്റവും അപകടകരമാക്കുന്നത്. ഇതിനോടകം 1 ലക്ഷം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ആധാര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകൂടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
210 ഗവണ്മെന്റ് വെബ്സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഗവണ്മെന്റ് സമ്മതിക്കുകയുണ്ടായി. റിലയന്‍സ് ജിയോയുടെ കണക്ഷന് എടുത്തവരുടെ ആധാര്‍ വിവരങ്ങള്‍ <ാമഴശരമുസ.രീാ> എന്ന വെബ്സൈറ്റില്‍ ലഭ്യമായിരുന്നു. ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ലഭ്യമാക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ച് പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്ത ഒരു ഐ ഐ ടി ക്കാരനെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ആധാര്‍ ഓപ്പറേറ്റര്‍മാരുടെ വിരലടയാളങ്ങള്‍ കൃത്രിമമായി നിര്‍മിച്ച്, നിയമവിരുദ്ധമായി സമാന്തര ആധാര്‍ കേന്ദ്രങ്ങള്‍ നടത്തി വന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ആര്‍ക്കൊക്കെ ഏതൊക്കെ പേരില്‍ ഏതൊക്കെ വിവരങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നല്‍കിയിട്ടുണ്ട് എന്നത് ആര്‍ക്കുമറിയില്ല. ഇന്നലെ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന്റെ കൈവശവും ഉണ്ടായിരുന്നു ‘ഒറിജിനല്‍’ ആധാര്‍.
100 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആധാര്‍ പദ്ധതി ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമാണ്. സൈബര്‍ സുരക്ഷ സംബന്ധിച്ച വ്യക്തമായ നയപരിപാടികളൊന്നും ഇന്ത്യക്കില്ലെങ്കിലും പൊതുവില്‍ ലോകം അംഗീകരിച്ച സൈബര്‍ സുരക്ഷയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഇവയാണ്: (1) വികേന്ദ്രീകരണവും (2) ആനുപാതികത (3)സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍.
(1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്കുവാന്.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്.
(2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്‍കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര് പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (ശൃധ്) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്.
ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ”യെസ്/നോ” എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ”യെസ്/നോ” സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന് ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.
(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍: പദ്ധതി രൂപകല്പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍… അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു.
ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്.
ട്രിബ്യൂണ്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവര്‍ നല്കുന്ന വിശദീകരണവും അപഹാസ്യമാണ്. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കിട്ടും എന്നു വ്യക്തമായപ്പോഴും കേന്ദ്രീകൃത വിവരസഞ്ചയം സുരക്ഷിതമെന്ന വാദം ആവര്‍ത്തിക്കുകയണ് അഥോറിറ്റി. ആധാറിലെ പരാതി പരിഹാര സംവിധാനം വഴി ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുകയാണുണ്ടായിട്ടുള്ളതെന്നും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നും ആണ് അവരുടെ വാദം. എന്നാല്‍ 100 കോടി മനുഷ്യരുടെ വിവരങ്ങള്‍ പരസ്യമായി എന്നതാണ് യഥാര്‍ത്ഥ്യം. ഇനി അവരെ ട്രാക്ക് ചെയ്തതുകൊണ്ടെന്ത്? മാത്രമല്ല ഒരു പത്ര പ്രവര്‍ത്തക സംഗതി വെളിച്ചത്തു കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് ഇത് അഥോറിറ്റി അറിഞ്ഞത്. എത്രയോ നാളുകളായി ആളുകളുടെ വിവരങ്ങള്‍ ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. രചനി ഖൈര ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇനിയും എത്ര നാള് ഇതു തുടരുമായിരുന്നു? ഇത് കണ്ടെത്തിയത് ഗവണ്മെന്റോ അഥോറിറ്റിയോ അല്ല എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ മാസങ്ങള്‍ കഴിഞ്ഞാലും അത് കണ്ടെത്താന്‍ ഇവര്‍ക്കു കഴിയില്ല എന്നതാണതിനര്‍ത്ഥം. ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാണ് അതുകൊണ്ട് കുഴപ്പമില്ല എന്നു പറയുന്നത് അസംബന്ധമാണ്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളും പ്രധാനപ്പെട്ട വ്യക്തി വിവരങ്ങളാണ്. ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പങ്കു വച്ചാല്‍ 3 വര്‍ഷം തടവു ശിക്ഷ വേണമെന്നു വ്യവസ്ഥ ചെയ്തതും ഇതേ അഥോറിറ്റി തന്നെയാണെന്നോര്‍ക്കണം.
കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന് കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്വെയര് ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്കിമ്മറുകള് പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്കിമ്മറുകള് ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്.
ഇതിനൊക്കെയെതിരെ നമ്മെ സംരക്ഷിക്കേണ്ട ആധാര്‍ നിയമമാകട്ടെ പല്ലു തല്ലിക്കൊഴിച്ചു കളഞ്ഞ ഒരു സിംഹമാണ്. നിയമമനുസരിച്ച് ഈ ആക്ടിനു കീഴില്‍ ചെയ്യുന്ന ഒരു കാര്യത്തിനും ഗവണ്മെന്റിനെയോ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയെയോ ഉദ്യോഗസ്ഥരേയൊ ശിക്ഷിക്കാനാകില്ല. ഒരു പ്രശ്നമുണ്ടായാല്‍ കോടതിയേപ്പോലും സമീപിക്കാന്‍ നമ്മള് പൗരര്‍ക്ക് കഴിയില്ല. നടപടി ആരംഭിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയ്ക്കു മാത്രമേ സാധിക്കുകയൊള്ളൂ. സ്വയം പ്രതിയാകാന്‍ ആരാണ് തയ്യാറാകുക. സ്വകാര്യത നിയമങ്ങളില്ലാത്ത നാട്ടില്‍, സ്വകാര്യത മൗലീകാവകാശമല്ലെന്നു വാദിച്ച നാട്ടില്‍, ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.
ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 50,000 എന്റോള്‍മെന്റ് കേന്ദ്രങ്ങളെ യു.ഐ.ഡി.എ.ഐ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ ഓപ്പറേറ്റര്‍മാര്‍ ചേര്‍ത്തിട്ടുള്ള ആധാര്‍ വിവരങ്ങളില്‍ എത്ര മാത്രം വ്യാജമാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനു പുറമെയാണ് യു പി യില്‍ പിടിയിലായതുപോലെയുള്ള സമാന്തര ഏജന്‍സികള്‍. കൃത്രിമ വിരലടയാളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നല്‍കിയിട്ടുള്ള ആധാര്‍ നമ്പറുകള്‍. ഇതൊക്കെ കണ്ടെത്താന്‍ പ്രായോഗികമായ മാര്‍ഗങ്ങളില്ലെന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കോടിക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകളെ നേരിട്ട് പോയി കണ്ടെത്തി പരിശോധിച്ചുറപ്പു വരുത്തേണ്ടി വരും. നിലവില്‍ യാതൊരു വിധ പരിശോധനകളുമില്ലാതെ നല്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ഇന്ത്യന്‍ പൗരനെന്നല്ല, ഇവിടെ വരുന്ന ഏതു വൈദേശികകര്‍ക്കും ശ്രമിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന വിലാസത്തില്‍ ‘ഒറിജിനല്‍’ ആധാര്‍ ലഭിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
റിസര് ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (ഈഡ്ബ്ബ്ട്) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ”ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന് പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും”.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.
This article was published in Mangalam Daily on 08/01/2018